/indian-express-malayalam/media/media_files/SWbnjpRFDQ1MNrf0eSR3.jpg)
Photo: Chitral Khambati
തകർന്ന സിൽക്യാര-ബാർകോട്ട് തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ഞായറാഴ്ച വലിയൊരു തിരിച്ചടി നേരിട്ടു - അവശിഷ്ടങ്ങൾക്കിടയിലൂടെ തുരന്ന യന്ത്രത്തിന്റെ ഓഗർ ജോയിന്റ് (ദ്വാരമിടാൻ ഉപയോഗിക്കുന്ന സംവിധാനം) തകർന്നു - രക്ഷാപ്രവർത്തകർ കഴിഞ്ഞ രണ്ട് ദിവസമായി രക്ഷാപ്രവർത്തന പൈപ്പുകൾക്കുള്ളിൽ കുടുങ്ങിയ ഈ ബ്ലേഡ് കഷണം കഷ്ണമായി മുറിച്ച് നീക്കം ചെയ്തു.
വലിയ ലോഹക്കഷണങ്ങൾ യന്ത്രം ഉപയോഗിച്ച് തുളയ്ക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ഓഗർ തകർന്നു പോവുകയും ചെയ്തു. ഇത് തന്നെ ആവർത്തിക്കുമെന്നതിനാൽ രക്ഷാപ്രവർത്തകർ റാറ്റ് ഹോൾ ഖനന രീതി ഉപയോഗിച്ച് ശേഷിക്കുന്ന കുറച്ച് മീറ്ററുകൾ തുരന്നത്.
രക്ഷാപ്രവർത്തനത്തിനായുള്ള പൈപ്പുകളിൽ പ്രവേശിച്ച് തുരങ്കത്തിലേക്കുള്ള പ്രവേശനം തടയുന്ന ശേഷിക്കുന്ന അവശിഷ്ടങ്ങൾ കൈകൊണ്ട് പിടിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് മാറ്റുമെന്ന് രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ സിൽക്യാരയിൽ എത്തിയ റാറ്റ് ഹോൾ ഖനിത്തൊഴിലാളിയായ ഝാൻസി നിവാസിയായ പർസാദി ലോധി തന്റെ പ്രവർത്തന രീതിയെ കുറിച്ച് പറഞ്ഞു,
“ഞാൻ കഴിഞ്ഞ 10 വർഷമായി ഡൽഹിയിലും അഹമ്മദാബാദിലും ഈ ജോലി ചെയ്യുന്നു. പക്ഷേ, കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ജോലി എനിക്ക് ആദ്യമായിട്ടാണ്... ഭയപ്പെടേണ്ട കാര്യമില്ല. ഇത് 800 മില്ലീമീറ്റർ വീതിയുള്ള പൈപ്പാണ്, ഞങ്ങൾ 600 മില്ലീമീറ്റർ ദ്വാരങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏകദേശം 12 മീറ്ററോളം അവശിഷ്ടങ്ങളാണ്. ഇത് വെറും മണ്ണാണെങ്കിൽ, ഏകദേശം 24 മണിക്കൂർ എടുക്കും, എന്നാൽ, അവശിഷ്ടങ്ങളിൽ പാറകൾ ഉണ്ടെങ്കിൽ, അതിന് 32 മണിക്കൂറോ അതിൽ കൂടുതലോ സമയമെടുക്കും, ”അദ്ദേഹം പറഞ്ഞു.
ഝാൻസിയിൽ നിന്നുതന്നെയുള്ള വിപിൻ രാജ്പുത്, കഴിഞ്ഞ 2-3 വർഷമായി താൻ റാറ്റ് ഹോൾ ഖനനം നടത്തുകയാണെന്ന് പറഞ്ഞു.
എന്താണ് റാറ്റ് ഹോൾ ഖനനം
മേഘാലയയിൽ വ്യാപകമായ ഇടുങ്ങിയതും തിരശ്ചീനവുമായ അടരുകളിൽ നിന്ന് കൽക്കരി വേർതിരിച്ചെടുക്കുന്ന ഒരു രീതിയാണ് റാറ്റ് ഹോൾ ഖനനം. "റാറ്റ് ഹോൾ" എന്ന പദം നിലത്തു കുഴിച്ച ഇടുങ്ങിയ കുഴികളെ സൂചിപ്പിക്കുന്നു, സാധാരണയായി ഒരാൾക്ക് ഇറങ്ങാനും കൽക്കരി വേർതിരിച്ചെടുക്കാനും ഇത് മതിയാകും.
കുഴികൾ കുഴിച്ചുകഴിഞ്ഞാൽ, ഖനിത്തൊഴിലാളികൾ കയറോ മുളകൊണ്ടുള്ള ഏണിയോ ഉപയോഗിച്ച് കൽക്കരി തടങ്ങളിൽ എത്തുന്നു. പിക്കാക്സുകൾ, ചട്ടുകങ്ങൾ, കൊട്ടകൾ തുടങ്ങിയ പരമ്പരാഗത ഉപകരണങ്ങൾ ഉപയോഗിച്ച് കൽക്കരി പാളികൾ അടര്‍ത്തിയെടുക്കുന്നു.
റാറ്റ്-ഹോൾ ഖനനം രണ്ട് തരത്തിലാണ് നടത്തുന്നതെന്ന് ഷില്ലോങ്ങിലെ നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്‌സിറ്റിയിലെ (NEHU) പരിസ്ഥിതി പഠന വിഭാഗത്തിലെ പ്രൊഫസറായിരുന്ന ഒ പി സിങ് 2018-ൽ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു, “സൈഡ് കട്ടിംഗ് നടപടിക്രമത്തിൽ, കുന്നിൻ ചരിവുകളിൽ ഇടുങ്ങിയ തുരങ്കങ്ങൾ കുഴിക്കുകയും കൽക്കരി പാളി കണ്ടെത്തുന്നതുവരെ തൊഴിലാളികൾ അകത്തേക്ക് പോകുകയും ചെയ്യുന്നു. മേഘാലയയിലെ കുന്നുകളിലെ കൽക്കരി പാളികൾ വളരെ നേർത്തതാണ്, മിക്കയിടങ്ങളിലും രണ്ട് മീറ്ററിൽ താഴെയായിരിക്കും,” അദ്ദേഹം പറഞ്ഞു.
ബോക്സ് കട്ടിങ് എന്ന് വിളിക്കപ്പെടുന്ന രണ്ടാമത്തെ തരത്തിലുള്ള റാറ്റ്-ഹോൾ ഖനനത്തിൽ, 10 മുതൽ 100 ചതുരശ്ര മീറ്റർ വരെയുള്ള വിവിധ അളവുകളിൽ ചതുരാകൃതിയിലുള്ള തുറസ്സുണ്ടാക്കി, അതിലൂടെ 100 മുതൽ 400 അടി വരെ ആഴത്തിൽ ലംബമായി കുഴി എടുക്കുന്നു. കൽക്കരി പാളി കണ്ടെത്തിക്കഴിഞ്ഞാൽ, എലിമാളത്തിന്റെ വലിപ്പത്തിലുള്ള തുരങ്കങ്ങൾ തിരശ്ചീനമായി കുഴിച്ച്, അതിലൂടെ തൊഴിലാളികൾക്ക് കൽക്കരി വേർതിരിച്ചെടുക്കാൻ കഴിയും.
പരിസ്ഥിതി, സുരക്ഷാ ആശങ്കകൾ
റാറ്റ് ഹോൾ ഖനനം ഗുരുതരമായ സുരക്ഷാ, പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തുന്നു. ഖനികൾ സാധാരണഗതിയിൽ കൃത്യമായ മേൽനോട്ടമോ നിയന്ത്രണങ്ങളോ ഉള്ളവയാകില്ല, ശരിയായ വായു സഞ്ചാരം, ഘടനാപരമായ പിന്തുണ, അല്ലെങ്കിൽ തൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയ സുരക്ഷാ നടപടികൾ ഇല്ല. കൂടാതെ, ഖനന പ്രക്രിയ ഭൂമിയുടെ നശീകരണത്തിനും വനനശീകരണത്തിനും ജലമലിനീകരണത്തിനും കാരണമാകും.
അപകടകരമായ തൊഴിൽ സാഹചര്യങ്ങൾ, പാരിസ്ഥിതിക നാശം, പരിക്കുകളിലേക്കും മരണത്തിലേക്കും നയിക്കുന്ന നിരവധി അപകടങ്ങൾ എന്നിവ കാരണം ഈ ഖനന രീതി കടുത്ത വിമർശനം നേരിട്ടിട്ടുണ്ട്. അത്തരം സമ്പ്രദായങ്ങൾ നിയന്ത്രിക്കാനോ നിരോധിക്കാനോ അധികാരികൾ ശ്രമിച്ചിട്ടും, അവ പലപ്പോഴും നിലനിൽക്കുന്നത് സാമ്പത്തിക ഘടകങ്ങൾ കാരണവും പ്രാദേശിക ജനങ്ങൾക്ക് ബദൽ ഉപജീവനമാർഗങ്ങളുടെ അഭാവവുമാണ്.
എപ്പോഴാണ് ഇത് നിരോധിച്ചത്, എന്തുകൊണ്ട്?
”ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) 2014-ൽ ഈ രീതി നിരോധിക്കുകയും 2015-ൽ നിരോധനം നിലനിർത്തുകയും ചെയ്തു. “മഴക്കാലത്ത് റാറ്റ്ഹോൾ ഖനനത്തിന്റെ ഫലമായി നിരവധി കേസുകൾ ഉണ്ടെന്നും അറിയിക്കുന്നു. ഖനന മേഖലകളിലേക്ക് വെള്ളം കയറി, ജീവനക്കാരും തൊഴിലാളികളും ഉൾപ്പെടെയുള്ള നിരവധി പേരുടെ മരണത്തിന് കാരണമായി... ” ദേശീയ ഹരിത ട്രൈബ്യൂണൽ നിരീക്ഷിച്ചു.
കൽക്കരി ഖനനത്തിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്ന മേഘാലയയുമായി ബന്ധപ്പെട്ടായിരുന്നു ഉത്തരവ്. തുടർന്ന് സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.