നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പം അമേരിക്ക സാക്ഷ്യ വഹിച്ച മാസമായിരുന്നു ജൂണ്‍, 9.1 ശതമാനം. കുതിച്ചുയരുന്ന പണപ്പെരുപ്പം തടയുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് രാജ്യം. ഇതിന്റെ ഭാഗമായി ഫെഡറൽ റിസർവ് അല്ലെങ്കിൽ ഫെഡ് (യുഎസിന്റെ സെൻട്രൽ ബാങ്ക്) ഫെഡറൽ ഫണ്ട് നിരക്കിന്റെ (എഫ്എഫ്ആര്‍) ടാര്‍ഗറ്റ് 75 ബേസിസ് പോയിന്റ് കൂടി ഉയർത്താൻ തീരുമാനിച്ചു. മാര്‍ച്ച് മുതല്‍ എഫ്എഫ്ആര്‍ പൂജ്യത്തില്‍ നിന്ന് ഏകദേശം 2.5 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
എന്താണ് ഫെഡറല്‍ ഫണ്ട്സ് റേറ്റ് (എഫ്എഫ്ആര്‍)
അമേരിക്കയിലെ ബാങ്കുകൾ പരസ്പരം കടമെടുക്കുന്നതിന്റെ പലിശ നിരക്കാണ് എഫ്എഫ്ആര്‍. യുഎസ് ഫെഡിന് നേരിട്ട് എഫ്എഫ്ആർ നിയന്ത്രിക്കാന്‍ കഴിയില്ല. പക്ഷേ പണത്തിന്റെ വിതരണം നിയന്ത്രിച്ചുകൊണ്ടുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിൽ നിലവിലുള്ള പലിശനിരക്ക് ഉയർത്തുമ്പോള്‍, അത് പണത്തിന്റെ വിതരണം കുറയ്ക്കുന്നു. അതിനാല്‍ കടം കൊടുക്കുന്നയാളുകള്‍ ഉയർന്ന പലിശ നിരക്ക് ഈടാക്കാൻ നിർബന്ധിതരാകുന്നു. ബാങ്കുകൾ വായ്പകൾക്കായി പരസ്പരം വായ്പ നൽകുന്നതിന് ഉയർന്ന നിരക്ക് ഈടാക്കുന്നതോടെയാണ് പ്രക്രിയ ആരംഭിക്കുന്നത്.
എന്തുകൊണ്ടാണ് പണവിതരണം നിയന്ത്രിക്കുന്നത്
ഇതിനെ മോണിറ്ററി ടൈറ്റനിങ് എന്നാണ് വിളിക്കുന്നത്. സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണിത്. പണത്തിന്റെ അളവ് കുറയ്ക്കുന്നതിലൂടെയും പലിശ നിരക്ക് ഉയർത്തുന്നതിലൂടെയും മൊത്തത്തിലുള്ള ആവശ്യം കുറയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും ആവശ്യം കുറയുന്നത് പണപ്പെരുപ്പം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പണത്തിന്റെ വിതരണം നിയന്ത്രിക്കുന്നതുകൊണ്ടുള്ള അപകടങ്ങള്‍
അമേരിക്കയിലെ നടപടികളില്‍ ചെറിയ കാലയളവിനുള്ളില്‍ തന്നെ പലിശ നിരക്കുകള്‍ കുത്തനെ ഉയരും. ഇത് സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകളാണ് തുറക്കുന്നത്. സാമ്പദവ്യവസ്ഥയുടെ സോഫ്റ്റ് ലാന്‍ഡിങ്ങിനെതിരായ ഹാര്‍ഡ് ലാന്‍ഡിങ്ങെന്നാണ് ഇതിനെ പറയുന്നത്. ഇത് മാന്ദ്യത്തിലേക്ക് നയിക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്താണ് മാന്ദ്യം?
രാജ്യത്തിന്റെ ജിഡിപി തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ ചുരുങ്ങിയാല്‍ അത് മാന്ദ്യത്തിലേക്ക് നയിച്ചേക്കാം. ഈ സാഹചര്യം തൊഴിലില്ലായ്മയിലേക്കും ഉപഭോഗവും വരുമാനവും കുറയുന്നതിനും കാരണമാകും.
അമേരിക്ക മാന്ദ്യത്തിലാണോ
2022 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ (ഏപ്രിൽ, മെയ്, ജൂൺ) ജിഡിപി വളർച്ചാ നിരക്ക് സംബന്ധിച്ചുള്ള വിവരങ്ങള്‍ അമേരിക്ക പുറത്ത് വിടുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകും. ആദ്യ പാദത്തില്‍ അമേരിക്കയുടെ ജിഡിപി 1.6 ശതമാനമാണ് ചുരുങ്ങിയത്. അതുകൊണ്ട് തന്നെ രണ്ടാം പാദത്തിലെ വിവരങ്ങള്‍ വരുന്നതോടെ അമേരിക്കയുടെ സാമ്പത്തിക സ്ഥിതഗതികള്‍ സംബന്ധിച്ച് പൂര്‍ണ ചിത്രം ലഭിക്കും.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ സ്ഥിതി എന്താണ്?
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ കൗതുകകരമായ ഘട്ടത്തിലൂടെയാണ് കടന്നത്. ഒരു വശത്ത്, പണപ്പെരുപ്പം നാല് പതിറ്റാണ്ടിന്റെ ഉയർന്ന നിരക്കിലാണ്. മറുവശത്ത് തൊഴിലില്ലായ്മ നിരക്ക് അഞ്ച് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കിലും.
എന്നിരുന്നാലും ഇപ്പോള്‍ രാജ്യത്ത് പ്രകടമാകുന്ന തരത്തിലുള്ള സ്ഥിതിഗതികള്‍ മാന്ദ്യത്തിലേക്ക് വൈകാതെ തന്നെ നയിച്ചേക്കാം. അമേരിക്കയില്‍ പണപ്പെരുപ്പത്തിന്റെ നിരക്ക് ഒന്‍പത് ശതമാനത്തില്‍ കൂടുതലാണ്. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ പണപ്പെരുപ്പം തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ എക്കാലത്തും മാന്ദ്യത്തിലേക്കാണ് നയിച്ചിട്ടുള്ളത്.

ഇന്ത്യയെ എപ്രകാരം ഇത് ബാധിക്കും
വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ വളർച്ച ഘടന അന്താരാഷ്ട്ര മോണിറ്ററി ഫണ്ട് (ഐഎംഎഫ്) തരംതാഴ്ത്തിയിരിക്കുകയാണ്. ചൈനയ്ക്കും അമേരിക്കയ്ക്കും അതുപോലെ ഇന്ത്യയ്ക്കും വേണ്ടിയുള്ള തരംതാഴ്ത്തലുകൾ 2022-23 കാലയളവിലെ ആഗോള വളർച്ചയിലേക്കുള്ള പരിഷ്കരണങ്ങളെ നയിക്കുന്നു.
ആഗോള മാന്ദ്യം മൂലം ഇന്ത്യയ്ക്ക് അനുകൂലമായി ഒന്നും തന്നെ സംഭവിക്കാനുള്ള സാധ്യതയില്ല, ക്രൂഡ് ഓയില്‍ വില സംബന്ധിച്ചായിരിക്കും അല്‍പ്പമെങ്കിലും ആശ്വാസം ലഭിക്കുക.