അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം സംബന്ധിച്ച അനിശ്ചിതത്വത്തിന് ഇനിയും അറുതിയായിട്ടില്ല. പ്രധാന ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യം എങ്ങനെയാണു വോട്ടുകള്‍ കണക്കാക്കുന്നതെന്നും ഫലം വൈകാന്‍ കാരണമെന്തെന്നും പരിശോധിക്കാം.
തിരഞ്ഞെടുപ്പ് നടത്തിപ്പ് എങ്ങനെ?
ഫെഡറല്‍, സ്റ്റേറ്റ്, ലോക്കല്‍ യുഎസില്‍ എന്നിങ്ങനെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളും അതതു സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ നേരിട്ട് നടത്തുന്നതാണ് അമേരിക്കയിലെ രീതി. തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കു യുഎസ് ഭരണഘടനയും നിയമങ്ങളും വിശാലമായ അവകാശം നല്‍കുന്നതായി വൈറ്റ് ഹൗസ് വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഇത് രാജ്യത്തുടനീളം വ്യത്യസ്ത നിയമങ്ങള്‍ക്കു കാരണമാകുന്നു.
Also Read: US Election 2020 Live Updates: ട്രംപിന് നിരാശ; വിജയത്തിനു തൊട്ടരികിൽ ബൈഡൻ
പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തം സ്റ്റേറ്റ് സെക്രട്ടറിക്കാണ്. സ്‌റ്റേറ്റ് സെക്രട്ടറി എന്നത് ചില സംസ്ഥാനങ്ങളില്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയനേതാവും മറ്റുള്ളവയില്‍ സ്‌റ്റേറ്റ് ഗവര്‍ണര്‍ നിയോഗിക്കുന്നയാളുമായിരിക്കും.
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയുമായുള്ള വ്യത്യാസമെന്ത്?
ഇന്ത്യയില്‍, ഭരണഘടനയുടെ 324-ാം അനുച്‌ഛേദം പ്രത്യേക നിയമനിര്‍മാണ പ്രകാരമുള്ള തിരഞ്ഞെടുപ്പ് കമ്മിഷനു വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാരിന്റെ എക്‌സിക്യുട്ടീവില്‍നിന്നും സ്വതന്ത്രമായ സംവിധാനമാണിത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള ഉത്തരവാദിത്തത്തോടെയാണ് ഈ സംവിധാനം 1950 ല്‍ നിലവില്‍ വന്നത്.
ഇന്ത്യയില്‍, ഒരു രാഷ്ട്രീയേതര സംവിധാനമായിട്ടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ രൂപപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സ്ഥാപക നേതാക്കളുടെ പ്രധാന മുന്‍ഗണനയായിരുന്നു ഇത്.
”മുഴുവന്‍ തിരഞ്ഞെടുപ്പ് സംവിധാനവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണത്തിലായിരിക്കണം, റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും പോളിങ് ഓഫീസര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനുള്ള അവകാശം കമ്മിഷനു മാത്രമായിരിക്കണം,”എന്നാണ് 1949 ജൂണ്‍ 15ന് ഭരണഘടനാ അസംബ്ലിയില്‍ അനുച്‌ഛേദം 324 അവതരിപ്പിച്ചുകൊണ്ട് ഡോ. ബാബാ സാഹേബ് അംബേദ്കര്‍ പറഞ്ഞത്.
അതേസമയം വോട്ടെണ്ണല്‍, തപാല്‍ വോട്ടിങ്, മണ്ഡലം നിര്‍ണയം തുടങ്ങിയ പ്രധാന തിരഞ്ഞെടുപ്പ് രീതികളുടെ കാര്യത്തില്‍ യുഎസ് സംസ്ഥാനങ്ങളില്‍ വലിയ വ്യത്യാസമുണ്ട്. പക്ഷപാതപരമായി മണ്ഡലം നിര്‍ണയിക്കുന്നതു പോലുള്ള നടപടികളിലൂടെ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക് പലപ്പോഴും അന്യായമായ നേട്ടം നല്‍കുന്നുവെന്ന് യുഎസ് സംസ്ഥാനങ്ങള്‍ക്കെതിരെ ആരോപണമുണ്ടാവുന്നു.
ജിം ക്രോ കാലഘട്ടത്തില്‍ (പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ), തെക്കെ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ 1965 ലെ വോട്ടവകാശ നിയമത്തിനു തടയിട്ടുകൊണ്ട് കറുത്ത വര്‍ഗക്കാരുടെ അവകാശങ്ങള്‍ വലിയ തോതില്‍ നിഷേധിച്ചു.
എന്തുകൊണ്ടാണ് 2020 ലെ തിരഞ്ഞെടുപ്പ് ഫലം വൈകുന്നത്?
മിക്ക യുഎസ് സംസ്ഥാനങ്ങളും വോട്ടെടുപ്പിന് ഇലക്ട്രോണിക് രീതികള്‍ അനുവദിക്കുമെങ്കിലും പേപ്പര്‍ ബാലറ്റുകള്‍ രാജ്യത്തുടനീളം ഒരു മാനദണ്ഡമാണ്.
ബാലറ്റുകള്‍ എണ്ണുന്നതിന് മുമ്പ് അവ പരിശോധിക്കുന്ന പ്രക്രിയയുണ്ട്. ബാലറ്റിലെ ഒപ്പുകള്‍ പരിശോധിക്കല്‍, ആധാരരേഖകള്‍ ഉറപ്പുവരുത്തല്‍, ബാലറ്റുകള്‍ സ്‌കാന്‍ ചെയ്യല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ നടക്കുന്നത്. വോട്ടുകള്‍ എണ്ണുന്നത് പിന്നീടുള്ള പ്രത്യേക പ്രക്രിയയാണ്.
ഓരോ സംസ്ഥാനത്തിനും നേരിട്ട് അല്ലെങ്കില്‍ തപാല്‍ വഴിയുള്ള വോട്ടിങ് ആരംഭിക്കാന്‍ സ്വന്തമായ തിയതിയുണ്ട്. അതേപോലെ, തപാല്‍ ബാലറ്റുകള്‍ സ്വീകരിക്കുന്നതിനുള്ള അന്തിമപരിധി, ബാലറ്റുകള്‍ പരിശോധിക്കല്‍, വോട്ടെണ്ണല്‍ എന്നിവ സംബന്ധിച്ച തിയതികളും വ്യത്യസ്തമാണ്.
രണ്ട് ഉദാഹരണങ്ങള്‍ എടുക്കാം. അരിസോണയില്‍ ഒക്ടോബര്‍ ഏഴു മുതല്‍ തിരഞ്ഞെടുപ്പ് ദിവസം വരെ തപാല്‍ വോട്ട് സ്വീകരിച്ചു. ഒക്ടോബര്‍ 20 മുതല്‍ വോട്ടെണ്ണല്‍ നടക്കുന്നു. ഒഹിയോയില്‍, ഒക്ടോബര്‍ ആറിനാണു ബാലറ്റ് പരിശോധന ആരംഭിച്ചത്. തപാല്‍ ബാലറ്റുകള്‍ നവംബര്‍ 13 വരെ സ്വീകരിക്കുമെങ്കിലും നവംബര്‍ രണ്ടിനകം അയച്ചതായിരിക്കണം. നവംബര്‍ മൂന്നിനു വോട്ടെണ്ണല്‍ ആരംഭിച്ചു.
US elections are close. But Indian elections win hands down. Better analysis, much better predictions, top class use of technology & a professional & efficient Election Commission.
— Amitabh Kant (@amitabhk87) November 4, 2020
അമേരിക്കയില്‍ വോട്ടെണ്ണല്‍ മൂന്നാം ദിവസത്തിലേക്കു കടന്നപ്പോള്‍, സമൂഹമാധ്യമങ്ങളില്‍ ഇന്ത്യക്കാര്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. ഇരു രാജ്യത്തെയും തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ തികച്ചും വ്യത്യസ്തമാണെങ്കിലും അവ തമ്മില്‍ താരതമ്യപ്പെടുത്താനായിരുന്നു പൊതുവെയുള്ള ശ്രമം.
”2019 ല്‍ 650 പാര്‍ട്ടികള്‍, 8,000 സ്ഥാനാര്‍ത്ഥികള്‍, 60.3 കോടി വോട്ടര്‍മാര്‍ എന്നിവരുടെ മേല്‍നോട്ടം വഹിച്ച നമ്മുടെ തിരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ച് ഇന്ത്യക്കാര്‍ അഭിമാനിക്കണം,” എന്ന് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ ട്വീറ്റ് ചെയ്തു.