സിഎച്ച്-47 ചിനൂക്ക് ഹെലികോപ്റ്ററുകള്‍ പറത്തുന്നതു നിര്‍ത്തിവച്ചിരിക്കുകയാണ് യുഎസ് കരസേന. എന്‍ജിനു തീപിടിക്കാന്‍ സാധ്യതയുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ചിനൂക്ക് ഹെലികോപ്റ്ററുകളുടെ ഒരു വ്യൂഹം ഇന്ത്യന്‍ വ്യോമസേനയ്ക്കുമുണ്ട്. ഹെലികോപ്റ്ററിന്റെ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്, പുതിയ സംഭവവികാസം ഇന്ത്യന്‍ വ്യോമസേനയ്ക്ക് എന്ത് പ്രത്യാഘാതങ്ങളാണു സൃഷ്ടിക്കന്നത്? വിശദമായി പരിശോധിക്കാം.
എന്തിനാണു യു എസ് സൈന്യം ചിനൂക്ക് ഹെലികോപ്റ്ററുകള്‍ നിലത്തിറക്കിയത്?
ഏതാണ്ട് നാനൂറോളം ചിനൂക്ക് ഹെലികോപ്റ്ററുകളാണു യു എസ് കരസേന പ്രവര്‍ത്തിപ്പിക്കുന്നത്. ബോയിങ് കമ്പനി നിര്‍മിക്കുന്ന ഈ മീഡിയം ലിഫ്റ്റ്, മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍ കരസേനാ ഓപ്പറേഷനുകളെ പിന്തുണയ്ക്കുന്നതിനായി വിവിധതരത്തിലുള്ള ജോലികള്‍ ചെയ്യുന്നു.
ചില ഹെലികോപ്റ്ററുകളില്‍ എന്‍ജിനില്‍ തീപിടുത്തമുണ്ടായതായി സംശയിക്കുന്നതിനാല്‍ ചിനൂക്ക് വ്യൂഹത്തെ യു എസ് സൈന്യം നിലത്തിറക്കിയതായാണു ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീപിടിത്തത്തില്‍ ആളപായമുണ്ടായിട്ടില്ലെങ്കിലും മുന്‍കരുതല്‍ നടപടിയായി ഹെലികോപ്റ്ററുകള്‍ നിലത്തിറക്കാന്‍ തീരുമാനമെടുത്തതായാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ എത്ര ഹെലികോപ്റ്ററുകളുടെ എന്‍ജിനില്‍ തീപിടിത്തമുണ്ടായെന്നു വ്യക്തമല്ല.
എന്താണു സംഭവത്തോടുള്ള നിര്‍മാതാക്കളുടെ പ്രതികരണം?
വിഷയത്തില്‍ ചിനൂക്ക് നിര്‍മാതാക്കളായ ബോയിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഹണിവെല്‍ ഇന്റര്‍നാഷണല്‍ ഇന്‍കോര്‍പ്പറേഷന്‍ നിര്‍മിച്ച എന്‍ജിനാണ് പ്രശ്നമെന്നാണു ദി വാള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നത്. എന്‍ജിന്റെ ഒ-റിങ്‌സ് എന്നറിയപ്പെടുന്ന ചില ഘടകങ്ങള്‍ ഡിസൈന്‍ സ്‌പെസിഫിക്കേഷനുകള്‍ അനുസരിച്ചല്ലെന്നു കമ്പനി വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം ഇന്ത്യയ്ക്ക് എന്ത് പ്രത്യാഘാതങ്ങളാണു സൃഷ്ടിക്കുക?
ഇന്ത്യന്‍ വ്യോമസേന 15 ചിനൂക്ക് ഹെലികോപ്റ്ററുകളുടെ ഒരു വ്യൂഹം പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇവ പറത്തുന്നതു നിര്‍ത്തിയിട്ടില്ല. യുഎസിലെ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണു വ്യോമസേന.
ഹെലികോപ്റ്ററുകള്‍ പറത്തുന്നതു നിര്‍ത്തിവച്ചതിനെക്കുറിച്ച് വ്യോമസേന യു എസില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ തേടിയതായാണ് അറിയുന്നത്. 2019ലാണു ചിനൂക്ക് ഹെലികോപ്റ്ററുകളെ ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയത്. ചണ്ഡീഗഡിലായിരുന്നു ഉള്‍പ്പെടുത്തല്‍ ചടങ്ങ്.
ചിനൂക്ക് ഹെലികോപ്റ്ററുകളുടെ ഒരു യൂണിറ്റ് ചണ്ഡിഗഡിലും മറ്റൊന്ന് അസമിലെ മോഹന്‍ബാരി വ്യോമതാവളത്തിലാണു പ്രവര്‍ത്തിക്കുന്നത്.