scorecardresearch

യുഎസ്, ചൈന ചാരപ്രവർത്തനങ്ങൾ: ബലൂണുകൾ നിരീക്ഷണത്തിനായി ഉപയോഗിക്കാൻ കഴിയുമോ?

ബലൂണുകൾ ഉപയോഗിച്ച് ചാരപ്രവർത്തനം നടത്തിയെന്ന് അമേരിക്കയും ചൈനയും പരസ്‌പരം ആരോപിച്ചിരുന്നു. ഏത് ആവശ്യങ്ങൾക്കാണ് ബലൂണുകൾ സാധാരണ അയയ്ക്കുന്നത്? നിരീക്ഷണത്തിന് ബലൂണുകൾ ഉപയോഗപ്രദമാക്കുന്നത് എങ്ങനെ?

Spy balloons, China spy balloons, US China ties, US China balloons,

ബലൂണുകൾ വഴി ചാരവൃത്തി നടത്തിയെന്ന ആരോപണത്തിൽ നിലവിൽ അമേരിക്കയും ചൈനയും അസാധാരണമായ ഒരു തർക്കത്തിലാണ്. കഴിഞ്ഞയാഴ്ച, തങ്ങളുടെ വ്യോമാതിർത്തിയിലും കാനഡയിലും മൂന്ന് അജ്ഞാത ‘വസ്തുക്കളെ’ യു എസ് തകർത്തിരുന്നു. താഴെ വീണ ഇവയുടെ അവശിഷ്ടങ്ങൾ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. അതിനാൽ ഇവ ബലൂണുകൾ തന്നെയാണോയെന്നു വ്യക്തമല്ല.

ഫെബ്രുവരി നാലിനു നടന്ന ആദ്യ സംഭവത്തിലെ ബലൂൺ, ഗവേഷണ ആവശ്യങ്ങൾക്കു വേണ്ടിയുള്ളതാണെന്നും കാറ്റിൽ അത് ആകസ്മികമായി പറന്നുപോയതാണെന്നും ചൈന അവകാശപ്പെട്ടിരുന്നു. നേരത്തെ നാല് തവണയെങ്കിലും ചൈനീസ് ബലൂണുകൾ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചിട്ടുണ്ടെന്നും അക്കാലത്ത് അവ കണ്ടെത്താനായില്ലെന്നും യുഎസ് അവകാശപ്പെട്ടു. കഴിഞ്ഞ വർഷം മുതൽ 10 തവണയെങ്കിലും തങ്ങളുടെ വ്യോമാതിർത്തിയിൽ യുഎസ് നിരീക്ഷണ ബലൂണുകൾ അയച്ചതായി ചൈനയും തിരികെ ആരോപിച്ചു.

ഹൈ ആൾട്ടിട്ട്യൂഡ് ബലൂണുകൾ

പതിറ്റാണ്ടുകളായി ബലൂണുകളുടെ ഉപയോഗം പതിവാണ്. ബലൂണിന്റെ ആദ്യ ഉപയോഗം കുറഞ്ഞത് 200 വർഷമെങ്കിലും പഴക്കമുള്ളതാണ്. അവ പ്രധാനമായും ശാസ്ത്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്. എന്നാൽ വിനോദസഞ്ചാരത്തിനും സവാരികൾക്കും നിരീക്ഷണത്തിനും ദുരന്ത നിവാരണത്തിനും രക്ഷാപ്രവർത്തനത്തിനും ഇവ കൂടുതലായി ഉപയോഗിക്കുന്നു.

വലിയ ബലൂണുകൾ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിന്റെ അത്രയും വലുതായിരിക്കും. ഭൂമിയിൽനിന്ന് 40-50 കിലോമീറ്റർ വരെ ഉയരത്തിൽ പോകുന്ന ഇവ ആയിരക്കണക്കിനു കിലോഗ്രാം ഭാരം വഹിക്കും. ഇവയിൽ ഭൂരിഭാഗവും സാധാരണ പ്ലാസ്റ്റിക് ബാഗുകളിലെ പോലെയുള്ള നേർത്ത പോളിഎത്തിലീൻ ഷീറ്റുകൾ കൊണ്ട് നിർമിച്ചിരിക്കുന്നിവയാണ്. കൂടുതലും ഹീലിയം വാതകം നിറച്ച ഈ ബലൂണുകൾക്ക് ഏതാനും മണിക്കൂറുകൾ മുതൽ കുറച്ചു മാസം വരെ പറക്കാനാകും. ദീർഘനേരം വായുവിൽ തുടരാനും അന്തരീക്ഷത്തിൽ കൂടുതൽ​ ഉയരത്തിൽ പോകാനും കഴിയുന്ന ഈ ബലൂണുകൾ ദൃഢത കൂട്ടുന്നതിനു നൂതന വസ്തുക്കളാൽ നിർമിച്ചതാണ്.

ഉപകരണങ്ങളോ മനുഷ്യരെയോ വഹിക്കുന്ന ഗൊണ്ടോളകളെന്നു വിളിക്കുന്ന കൊട്ട ബലൂണുകളിൽ സാധാരണയായി ഘടിപ്പിച്ചിട്ടുണ്ടാകും. ആളില്ലാ ബലൂൺ യാത്രയിൽ, ഗൊണ്ടോളകൾ പാരച്യൂട്ടുമായി ഘടിപ്പിക്കും. ഉദ്യമം പൂർത്തിയായിക്കഴിഞ്ഞാൽ, ബലൂണുമായുള്ള ബന്ധം വിടുവിക്കാനും അതിന്റെ തുണിയിൽ വിള്ളൽ സൃഷ്ടിക്കാനും ഗൊണ്ടോളയിലെ ഒരു ഉപകരണം പ്രവർത്തിപ്പിക്കുന്നു. തുടർന്ന്, പാരച്യൂട്ടിന്റെ സഹായത്തോടെ, ഗൊണ്ടോളയും പൊട്ടിയ ബലൂണും തിരികെയത്തിക്കും. കാലാവസ്ഥയെ അടിസ്ഥാനമാക്കിയാണു ലാൻഡിങ്ങ് പ്രദേശം തീരുമാനിക്കുക.

ശാസ്ത്രീയ ദൗത്യങ്ങൾ

ബലൂണുകൾ സാധാരണയായി ഉപയോഗിക്കുന്നത് ശാസ്ത്രീയ ഗവേഷണത്തിനുവേണ്ടിയാണ്. ഒരു വിധത്തിൽ പറഞ്ഞാൽ, ബഹിരാകാശ യുഗം ആരംഭിക്കും മുൻപ്, ഒരു ഉപഗ്രഹത്തിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കാൻ ഉപകരണങ്ങൾ ഘടിപ്പിച്ച ബലൂണുകൾക്കു കഴിഞ്ഞിട്ടുണ്ട്. വികസിത ഉപഗ്രഹങ്ങളുടെ കാലഘട്ടത്തിൽ പോലും, ബലൂണുകൾ കൂടുതൽ അനുയോജ്യമെന്നു കരുതുന്ന സാഹചര്യങ്ങളുണ്ട്. വായുവിന്റെ താപനില, മർദം, കാറ്റിന്റെ വേഗത, ദിശ, എയറോസോൾ സാന്ദ്രത എന്നിവ മനസിലാക്കുന്നതിനു കാലാവസ്ഥാ ഏജൻസികൾ പതിവായി ബലൂണുകൾ ഉപയോഗിക്കുന്നു.

ഇന്ന്, ഭീമാകാരമായ ബലൂണുകൾക്കു വളരെ ഉയരത്തിൽ എത്താൻ കഴിയും. അതിനാൽ അവ ജ്യോതിശാസ്ത്രജ്ഞർക്കും ബഹിരാകാശ ഏജൻസികൾക്കും ഉപയോഗപ്രദമാണ്. ഇവ താരതമ്യേന വ്യക്തമായ ഇടങ്ങളിൽ, വിമാനങ്ങൾ പറക്കുന്ന ഉയരത്തിനും വളരെ മുകളിലും ഭൂമിയിൽനിന്നു ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിൽ (ഏകദേശം 200 കിലോമീറ്റർ അകലെയുള്ള) ഉപഗ്രഹങ്ങൾ സ്ഥാപിച്ചിരിക്കുന്നതിനു താഴെയുമായാണ് ഇവ പറത്തുന്നത്. അവ ഭൂമിയുടെ പ്രത്യേക ഭാഗങ്ങൾ നിരീക്ഷിക്കാൻ കഴിയുമമെന്നതും ഉപഗ്രഹങ്ങളേക്കാൾ ആയിരക്കണക്കിനു മടങ്ങ് വിലകുറഞ്ഞതാണെന്നതും ഉദ്ദേശ്യം പൂർത്തിയാക്കിയശേഷം താഴെയിറക്കാൻ സാധിക്കുമെന്നും ബലൂണുകളുടെ സവിശേഷതകളാണ്. ഇതിൽ ഉപയോഗിച്ച ഉപകരണങ്ങൾ വീണ്ടെടുത്ത് പിന്നീട് ഉപയോഗിക്കാനുമാവും.

എല്ലാ വർഷവും നാലോ അഞ്ചോ വിക്ഷേപണങ്ങൾ നടത്തുന്ന ഒരു സമ്പൂർണ ബലൂൺ പ്രോഗ്രാം നാസയ്ക്കുണ്ട്. നിരവധി സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും ഗവേഷണ പ്രവർത്തനങ്ങൾക്കായി ബലൂണുകൾ ഉപയോഗിക്കുന്നു. ബലൂൺ അധിഷ്ഠിത പരീക്ഷണങ്ങൾ 1936, 2006 വർഷങ്ങളിൽ ഭൗതികശാസ്ത്രത്തിനു രണ്ടു നൊബേൽ സമ്മാനങ്ങൾ നേടികൊടുത്തിട്ടുണ്ട്.

നിരീക്ഷണം

ഹൈ ആൾട്ടിട്ട്യൂഡ് ബലൂണുകൾ ഉപയോഗിച്ച് ചാരപ്രവർത്തനങ്ങൾ നടത്താൻ കഴിയുമെങ്കിലും അവയുടെ ഉപയോഗം വളരെ സാധാരണമല്ല. ഇക്കാര്യത്തിൽ ഡ്രോണുകളും ഉപഗ്രഹങ്ങളുമാണു കൂടുതലായി ഉപയോഗിക്കാറുള്ളത്. ഒന്നാം ലോകമഹായുദ്ധം മുതൽ ചാരവിമാനങ്ങളും ഉപയോഗത്തിലുണ്ട്. എന്നാൽ ഇവിടെയും ബലൂണുകൾക്ക് ചില ഗുണങ്ങളുണ്ട്. അവയ്ക്ക് ഒരു പ്രദേശത്ത് ദീർഘനേരം സഞ്ചരിക്കാൻ കഴിയും. വലിയ ബലൂണുകൾക്ക് ആയിരക്കണക്കിനു കിലോഗ്രാം പേലോഡ് വഹിക്കാൻ കഴിയും, അതായത് ചാര ഉപകരണങ്ങൾ ഇവയിൽ ഒളിപ്പിക്കാൻ കഴിയും.

ഏറ്റവും വലിയ നേട്ടം കണ്ടെത്തപ്പെടാതിരിക്കാനുള്ള സാധ്യതയാണ്. താരതമ്യേന മന്ദഗതിയിലുള്ള ചലനം കാരണം, ബലൂണുകളെ പ്രതിരോധ റഡാറുകൾ പക്ഷികളായി അടയാളപ്പെടുത്തുന്നു. അതുവഴി അവ ശ്രദ്ധയിൽനിന്നു രക്ഷപ്പെടുന്നു. സാവധാനം ചലിക്കുന്ന വസ്തുക്കളെ കണ്ടെത്താൻ തങ്ങളുടെ റഡാർ സംവിധാനങ്ങൾ വീണ്ടും കാലിബ്രേറ്റ് ചെയ്യുമെന്ന് യുഎസ് പറഞ്ഞിട്ടുണ്ട്.

ബലൂണുകൾക്കു വിമാനം, ഡ്രോൺ അല്ലെങ്കിൽ ഉപഗ്രഹം എന്നിവയുടെ അത്യാധുനിക നാവിഗേഷൻ സംവിധാനങ്ങൾ ഇല്ല. പ്രധാനമായും കാറ്റിന്റെ വേഗതയും ദിശയും അനുസരിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. എന്നാൽ ഫെബ്രുവരി നാലിനു വെടിവച്ചിട്ട ബലൂണിൽ ഒരു സോളാർ പാനൽ ഘടിപ്പിച്ചിരിക്കുന്നതായി തോന്നി. ഇത് ചലിപ്പിക്കുന്ന ഒരു ഉപകരണത്തിന് ഊർജം പകരാനുള്ള സാധ്യതയ്ക്കു നൽകുന്നു.

ബലൂൺ ഉപയോഗം ഇന്ത്യയിൽ

70 വർഷത്തിലേറെയായി ഇന്ത്യയിൽ ശാസ്ത്രീയ ബലൂണുകൾ ഉപയോഗിക്കുന്നുണ്ട്. 1948ൽ ഹോമി ഭാഭ കോസ്മിക് റേ ഗവേഷണത്തിനായി ഉപയോഗിച്ചതാണ് ആദ്യത്തേത്. മുംബൈ ആസ്ഥാനമായുള്ള ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടി ഐ എഫ് ആർ) 1950കളിൽ ബലൂൺ ഫാബ്രിക്കേഷൻ ജോലികൾ ആരംഭിച്ചു. മുംബൈയിൽനിന്നും ഹൈദരാബാദിൽനിന്നും ബലൂണുകൾ വിക്ഷേപിക്കുന്നത് ആരംഭിച്ചു.

1969ൽ, ടി ഐ എഫ് ആർ ഹൈദരാബാദിൽ ഒരു പൂർണ ബലൂൺ പരീക്ഷണ കേന്ദ്രം തുറന്നു. ഇന്നും ഇന്ത്യയിലെ ഏറ്റവും വലിയ ബലൂൺ സ്ഥാപനമായി അതു തുടരുന്നു. വിവിധ ഗവേഷണ സ്ഥാപനങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞർ ഇതുവരെ അഞ്ഞൂറിലധികം ബലൂൺ യാത്രകൾക്ക് ഇത് ഉപയോഗിച്ചിട്ടുണ്ട്. ഐഎസ്ആർഒയുടെ കീഴിലുള്ള ബഹിരാകാശ സ്ഥാപനങ്ങളും പൂണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി പോലുള്ള കാലാവസ്ഥാ ഗവേഷണ സ്ഥാപനങ്ങളും ഈ കേന്ദ്രം പതിവായി ഉപയോഗിക്കുന്നു.

ബെംഗളുരു ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാല എന്നിവയ്ക്കും ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബലൂൺ പ്രോഗ്രാമുകൾ ഉണ്ട്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Us china trade spying charges can balloons be used for surveillance754204