scorecardresearch
Latest News

കോവിഡിന്റെ ഉറവിടം; യുഎസ് അന്വേഷണത്തിലെ നിഗമനങ്ങൾ ഇവയാണ്

വൈറസിന്റെ ആദ്യ ഉറവിടത്തെക്കുറിച്ച് യുഎസ് ഏജൻസികൾ വ്യത്യസ്ത വാദങ്ങളാണ് മുന്നോട്ടുവച്ചത്

coronavirus, NIH Covid-19 test, Covid-19 test, RT-PCR covid testing, coronavirus news, കോവിഡ്, ആർടിപിസിആർ, കോവിഡ് പരിശോധനാ ഫലം, malayalam news, ie malayalam

കോവിഡ് രോഗബാധയുടെ ഉറവിടത്തെക്കുറിച്ചുള്ള റിപ്പോർട്ടിന്റെ സംഗ്രഹം യുഎസ് നാഷനൽ ഇന്റലിജൻസ് ഡയരക്ടർ ഈ വെള്ളിയാഴ്ചയാണ് പുറത്തിറക്കിയത്.

2019 നവംബറിനോ അതിന് മുൻപോ ആരംഭിച്ച ചെറിയ തോതിലുള്ള വ്യാപനത്തിലൂടെ കോവിഡ് രോഗവ്യാപനം തുടങ്ങിയിട്ടുണ്ടാവാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ വ്യാപനത്തെത്തുടർന്ന് 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ അറിയപ്പെടുന്ന ആദ്യ കോവിഡ് ക്ലസ്റ്റർ ഉയർന്നുവന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തോട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടതിന്റെ ഫലമാണ് ഈ വിലയിരുത്തൽ. റിപ്പോർട്ട് സംബന്ധിച്ച തുടർ പ്രവർത്തനങ്ങൾക്ക് ബൈഡൻ സർക്കർ 90 ദിവസത്തെ കാലയളവ് അനുവദിച്ചിട്ടുണ്ട്.

വിലയിരുത്തലിൽ പറയുന്നത്

കഴിഞ്ഞ 90 ദിവസങ്ങളിൽ വൈറസിന്റെ ഉത്ഭവം അന്വേഷിക്കുന്നതിനുള്ള പ്രക്രിയയിൽ പല യുഎസ് രഹസ്യാന്വേഷണ ഏജൻസികളും പങ്കാളികളായിരുന്നു. വൈറസിന്റെ ആദ്യ ഉത്ഭവത്തെക്കുറിച്ചുള്ള നിഗമനങ്ങളിൽ അവർ ഭിന്നാഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിരുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും, വൈറസ് ഒരു ജൈവായുധമായി വികസിപ്പിച്ചതല്ലെന്ന് വിലയിരുത്തൽ നിർണ്ണായകമായി പറഞ്ഞിട്ടുണ്ട്. കൂടാതെ, മിക്ക ഏജൻസികളും “സാർസ്-കോവി-2 ജനിതകപരമായി രൂപകൽപ്പന ചെയ്യപ്പെടാൻ സാധ്യതയില്ല” എന്ന് ആത്മവിശ്വാസത്തോടെയല്ലെങ്കിലും അഭിപ്രായപ്പെട്ടതായും വിലയിരുത്തലിൽ പറയുന്നു.

“… എന്നിരുന്നാലും, ഒരു വിലയിരുത്തൽ നടത്താൻ മതിയായ തെളിവുകൾ ഇല്ലെന്ന് രണ്ട് ഏജൻസികൾ വിശ്വസിക്കുന്നു,” എന്നും റിപ്പോർട്ടിൽ പറയുന്നു. 2019 ൽ രോഗം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ചൈനീസ് ഉദ്യോഗസ്ഥർക്ക് വൈറസിനെക്കുറിച്ച് മുൻകൂർ അറിവില്ലായിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ നിഗമനം ചെയ്തതായും വിലയിരുത്തലിൽ പറയുന്നു.

“സാർസ്-കോവി-2 വൈറസിന്റെ ആദ്യ മനുഷ്യ അണുബാധ മിക്കവാറും ലബോറട്ടറിയുമായി ബന്ധപ്പെട്ട സംഭവത്തിന്റെ ഫലമായിരിക്കാം,” എന്ന് ഇന്റലിജൻസ് ഏജൻസികളിൽ ഒന്ന് മിതമായ ആത്മവിശ്വാസത്തോടെ പറയുന്നുണ്ട്. ഒരുപക്ഷേ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പരീക്ഷണം വഴിയാവാം ഇതെന്നും മൃഗങ്ങളെ കൈകാര്യം ചെയ്യുന്ന പരീക്ഷണങ്ങളിൽ നിന്നാവാം അത് സംഭവിച്ചതെന്നും ഏജൻസി അനുമാനിക്കുന്നു. ഈ വിശകലന വിദഗ്ധർ കൊറോണ വൈറസുകൾക്ക് ആദ്യമേയുള്ള അപകടസാധ്യതയുള്ള സ്വഭാവത്തിന് പ്രാധാന്യം നൽകുന്നുവെന്നും വിലയിരുത്തൽ കുറിപ്പിൽ പറയുന്നു.

വൈറസിന്റെ ഉത്ഭവം കണ്ടെത്താൻ നടത്തുന്ന ആഗോള അന്വേഷണങ്ങളെ ചൈന “തടയുന്നത്” തുടരുകയാണെന്നും റിപ്പോർട്ട് പറയുന്നു. “കോവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ച് ഒരു നിർണായക വിലയിരുത്തലിൽ എത്താൻ ചൈനയുടെ സഹകരണം മിക്കവാറും ആവശ്യമാവും. എന്നിരുന്നാലും, ബീജിംഗ് ആഗോള അന്വേഷണത്തെ തടസ്സപ്പെടുത്തുകയും വിവരങ്ങൾ പങ്കിടുന്നത് ചെറുക്കുകയും അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു,” വിലയിരുത്തൽ പറയുന്നു.

വൈറസ് ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ശ്രമങ്ങൾ

ഈ വർഷം ആദ്യം, ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള ഒരു സംഘം കോവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സൂചനകൾ കണ്ടെത്താൻ ചൈന സന്ദർശിച്ചിരുന്നു. എന്നാൽ അവരുടെ ഫീൽഡ് സന്ദർശനത്തിലെ ഫലങ്ങൾ ഏറെക്കുറെ വ്യക്തമല്ലാത്തതിനാൽ ദൗത്യത്തിന്റെ കണ്ടെത്തലുകളെ ചൈന അഭിനന്ദിച്ചപ്പോഴും മറ്റുമറ്റു രാജ്യങ്ങൾ വിമർശിച്ചു.

എന്നിരുന്നാലും, സാർസ്-കോവി-2 വൈറസ് ഒരു ചൈനീസ് ലബോറട്ടറിയിൽ നിന്ന് ഉത്ഭവിച്ചു എന്നത് “അങ്ങേയറ്റം സാധ്യതയില്ലാത്ത” കാര്യമാണ് എന്നാണ് ദൗത്യത്തിന്റെ നിഗമനം. ലാബ് ചോർച്ച സിദ്ധാന്തം മുൻ ട്രംപ് ഭരണകൂടം പലതവണ ഊന്നിപ്പറഞ്ഞിരുന്നു.

വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് വസ്തുനിഷ്ഠമായ ഒരു വീക്ഷണം സമാന സാഹചര്യങ്ങൾ വീണ്ടും ഉണ്ടാകുന്നത് തടയാൻ പ്രധാനമാണ്.

എന്നാൽ ഈ വിലയിരുത്തൽ നടത്താൻ കൂടുതൽ സമയമെടുക്കുമ്പോൾ, വിവരങ്ങൾ കുറവായിരിക്കുമെന്നതിനാൽ അത്തരം അന്വേഷണങ്ങൾ അധികം വൈകാതെ ചെയ്യേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ ആശങ്കപ്പെടുന്നുണ്ട്.

മാർച്ചിൽ പ്രസിദ്ധീകരിച്ച ഡബ്ല്യുഎച്ച്ഒ റിപ്പോർട്ടിന്റെ രചയിതാക്കൾ ഈ ആഴ്ച നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു അഭിപ്രായത്തിൽ എഴുതിയത് ഈ അന്വേഷണം നടത്താനുള്ള അവസരത്തിന്റെ വാതിൽ അടയുകയാണ് എന്നാണ്. കൂടുതൽ സമയം കഴിയുന്തോറും ചില പഠനങ്ങൾ ജീവശാസ്ത്രപരമായി അസാധ്യമാകും എന്നതാണ് അതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്.

വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ചൈനയുടെ നിലപാട്

ചൈന പ്രതിരോധത്തിലാണ്, മറ്റിടങ്ങളിൽ നിന്ന് രാജ്യത്തേക്ക് വൈറസ് ഇറക്കുമതി ചെയ്തതായി രാജ്യത്തെ മാധ്യമങ്ങൾ സൂചിപ്പിക്കുക വരെ ചെയ്തിട്ടുണ്ട്. ഒരുപക്ഷേ ശീതീകരിച്ച ഭക്ഷണ പാക്കേജുകളിലൂടെയാവാം അവ എത്തിച്ചേർന്നതെന്നും അവർ പറയുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി ലോകാരോഗ്യ സംഘടനയെ ക്ഷണിക്കുന്നതിന് ഏഴ് കാരണങ്ങൾ യുഎസിന് മുൻപാകെ വയ്ക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാധ്യമമായ ഗ്ലോബൽ ടൈംസ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

കോവിഡ് -19 ന് സമാനമായ രോഗലക്ഷണങ്ങളുള്ള, 2019ലെ ഇ-സിഗരറ്റുമായി ബന്ധപ്പെട്ട ശ്വാസകോശരോഗ രോഗികളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് റിപ്പോർട്ട് പറയുന്നു. “2019 ഡിസംബറിൽ അഞ്ച് സംസ്ഥാനങ്ങളിൽ അണുബാധയുടെ തെളിവുകളുണ്ടെന്നും 12 രാജ്യങ്ങൾ അവരുടെ ആദ്യ കോവിഡ് രോഗി യുഎസിൽ നിന്ന് വന്നതാണെന്ന് പറയുന്നുണ്ടെന്നും,” റിപ്പോർട്ടിൽ പറയുന്നു.

വെള്ളിയാഴ്ച ഗ്ലോബൽ ടൈംസിൽ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ട് പറയുന്നത്, ഒരു പ്രത്യേക ഉത്ഭവ സിദ്ധാന്തം നിഗമനം ചെയ്യുന്നതിൽ യുഎസ് ഇന്റലിജൻസ് പരാജയപ്പെട്ടത് “ആശ്ചര്യകരമല്ല” എന്നാണ്. ലാബ് ലീക്ക് സിദ്ധാന്തത്തിന്റെ ഉറവിടം ഇന്ത്യയിലെ പശ്ചിമബംഗാളിൽ നിന്നുള്ള ശാസ്ത്ര പ്രേമികളിൽ നിന്നാണെന്നും അവർ ഇന്റർനെറ്റിൽ സെർച്ച് ചെയ്തും സോഫ്റ്റ്വെയർ ഉപയോഗിച്ച് വിവർത്തനം ചെയ്തുമാണ് ആ സിദ്ധാന്തങ്ങളിലേക്ക് എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Us assessment covid 19 origins results china