ചൊവ്വാഴ്ചയാണ് ഉത്തർപ്രദേശിലെ 341 കിലോമീറ്റർ പൂർവാഞ്ചൽ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. 2012-17 കാലത്ത് സംസ്ഥാനം ഭരിച്ച തന്റെ സർക്കാരിന്റെ നേട്ടങ്ങൾ തങ്ങളുടേതാണെന്ന് ബിജെപി അവകാശപ്പെടുന്നുവെന്ന് ഇതിന് പിറകെ യുപി മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് പരിഹസിച്ചു.
“റിബൺ വന്നത് ലഖ്‌നൗവിൽ നിന്നും കത്രിക ഡൽഹിയിൽ നിന്നുമാണ്, എസ്പി ചെയ്ത ജോലിയുടെ ക്രെഡിറ്റ് എടുക്കാൻ തർക്കമുണ്ട്,” അഖിലേഷ് ട്വിറ്ററിൽ കുറിച്ചു.
2016ൽ എക്‌സ്പ്രസ് വേയുടെ തറക്കല്ലിടൽ ചടങ്ങിൽ നിന്നുള്ള തന്റെ ചിത്രം അഖിലേഷ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. “ചരിത്രത്തിന്റെ താളുകളിൽ നിന്നുള്ള ചിത്രം: സോഷ്യലിസ്റ്റുകൾ പൂർവാഞ്ചലിന്റെ ആധുനിക ഭാവിക്ക് അടിത്തറ പാകിയപ്പോൾ,” എന്ന അടിക്കുറിപ്പോട് കൂടിയായിരുന്നു അദ്ദേഹം ചിത്രം പങ്കുവച്ചത്.
Also Read: ക്ഷേത്രത്തിന്റെ ദൈനംദിന അനുഷ്ഠാനങ്ങളിൽ ഇടപെടാനാകില്ല: സുപ്രീം കോടതി
സംസ്ഥാനത്തിന്റെ കിഴക്കേ അറ്റത്തുള്ള ഗാസിപൂരിനെ തലസ്ഥാന നഗരമായ ലക്നോവുമായി ബന്ധിപ്പിക്കുന്നതാണ് പൂർവാഞ്ചൽ എക്സ്പ്രസ് വേ. ഗ്രേറ്റർ നോയിഡ-ആഗ്ര, ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേകൾ കൂടി ചേർന്ന് കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് 800 കിലോമീറ്റർ ലോകോത്തര ഹൈവേയാണ് യുപിയിൽ ഇപ്പോൾ ഉള്ളത്.
സമാജ്‌വാദി പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേ
ലഖ്‌നൗവിൽ നിന്ന് ബല്ലിയയിലേക്ക് 353 കിലോമീറ്റർ
2016 ഡിസംബർ 22-ന് ലഖ്‌നൗവിൽ അന്നത്തെ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് തറക്കല്ലിട്ടു.
302 കിലോമീറ്റർ ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് വേ നിർമ്മിച്ച അഖിലേഷ് സർക്കാർ, കിഴക്കൻ യുപിയിൽ മറ്റൊരു എക്‌സ്‌പ്രസ് വേ വിഭാവനം ചെയ്തു. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ ജില്ലയും ലോക്‌സഭാ മണ്ഡലവുമായ, ബീഹാറിനോട് അതിർത്തി പങ്കിടുന്ന ബല്ലിയയുമായി ലഖ്‌നൗവിനെ ബന്ധിപ്പിക്കുന്ന പാതയായിരുന്നു അത്. തന്റെ സർക്കാരിന് അധികാരം നഷ്‌ടപ്പെടുന്നതിന് മൂന്ന് മാസം തികയും മുമ്പ് അഖിലേഷ് തന്റെ മന്ത്രിമാർക്കൊപ്പം “സമാജ്‌വാദി പൂർവാഞ്ചൽ എക്സ്പ്രസ് വേ” എന്ന ആ പാതയുടെ തറക്കല്ലിട്ടു. തെരഞ്ഞെടുപ്പിനോട് അടുത്ത സമയത്ത് പദ്ധതിയുടെ പേരിൽ ‘സമാജ്‌വാദി’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷം വിമർശനമുന്നയിച്ചിരുന്നു.
നിർദിഷ്ട 353 കിലോമീറ്റർ എക്‌സ്‌പ്രസ്‌വേ ആറ് റീച്ചുകളിലായി നിർമ്മിക്കുന്നതിനായി ടെൻഡർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, പ്രധാന പാതയ്ക്ക് ആവശ്യമായ ഭൂമിയുടെ പകുതിയിൽ താഴെ മാത്രമേ അപ്പോഴേക്കും ഏറ്റെടുത്തിരുന്നുള്ളൂ. ഉടൻ തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ പദ്ധതിയുടെ ജോലികൾ ആരംഭിക്കാൻ അഖിലേഷ് സർക്കാരിന് കഴിഞ്ഞില്ല.
പുർവാഞ്ചൽ എക്സ്പ്രസ് വേ
ലഖ്‌നൗവിൽ നിന്ന് ഗാസിപൂരിലേക്ക് 341 കിലോമീറ്റർ
2018 ജൂലൈയിൽ അസംഗഢിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. അന്ന് മുലായം സിങ് യാദവും ഇപ്പോൾ അഖിലേഷും പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലമാണ് അസംഗഢ്.
അധികാരത്തിൽ വന്ന് ഏകദേശം ഒരു വർഷത്തിനുശേഷം, യോഗി ആദിത്യനാഥ് സർക്കാർ മുൻ ടെൻഡറുകൾ റദ്ദാക്കുകയും നിർദിഷ്ട എക്‌സ്പ്രസ് വേയുടെ അലൈൻമെന്റിൽ മാറ്റം വരുത്തി പുതിയവ പുറപ്പെടുവിക്കുകയും ചെയ്തു. ലഖ്‌നൗവിൽ നിന്ന് ബല്ലിയയ്ക്ക് പകരം ഗാസിപൂരിലേക്ക് എത്തുന്നതും അയോധ്യയുമായി ബന്ധിപ്പിക്കുന്നതുമായിരുന്നു ആ അലൈമെന്റ്.
Also Read: 20 വര്‍ഷത്തിനിടെ രാജ്യത്ത് 1,888 കസ്റ്റഡി മരണം; ശിക്ഷിക്കപ്പെട്ടത് 26 പൊലീസുകാര്‍ മാത്രം
341 കിലോമീറ്റർ ഗ്രീൻഫീൽഡ് പദ്ധതി ബാരാബങ്കി, അമേഠി, അയോധ്യ, സുൽത്താൻപൂർ, അംബേദ്കർ നഗർ, അസംഗഡ്, മൗ എന്നിവയിലൂടെ കടന്നുപോകുന്ന തരത്തിലായിരുന്നു ക്രമീകരണം. 2018 ഒക്ടോബറിൽ, മോദി തറക്കല്ലിട്ടതിന് ഏതാനും മാസങ്ങൾക്ക് ശേഷം നിർമ്മാണം ആരംഭിച്ചു.
ആദിത്യനാഥ് സർക്കാരിന്റെ കാലത്താണ് പദ്ധതിക്കായി 50 ശതമാനത്തിലധികം ഭൂമി ഏറ്റെടുത്തത് എന്നതിനാൽ, 2016 ലെ തറക്കല്ലിടൽ ചടങ്ങ് “വഞ്ചന” ആയിരുന്നുവെന്ന് ബിജെപി വാദിക്കുന്നു. കൂടാതെ, യുപൂർവാഞ്ചൽ എക്‌സ്‌പ്രസ് വേയ്ക്ക് വ്യത്യസ്തമായ ഒരു അലൈൻമെന്റ് ഉണ്ടെന്നും, അതിനാൽ, ഭൂമി ഏറ്റെടുക്കലും ടെൻഡർ ഫ്ലോട്ടിംഗും ഉൾപ്പെടെ ആദ്യം മുതൽ ഏറ്റെടുത്ത ഒരു പുതിയ പദ്ധതിയാണിതെന്നും യുപി സർക്കാർ പറയുന്നു.