/indian-express-malayalam/media/media_files/uploads/2020/12/Cannabis.jpg)
ഏറ്റവും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തില്‍നിന്ന് കഞ്ചാവിനെ നീക്കം ചെയ്യുന്ന പ്രമേയം യുഎന്‍ മയക്കുമരുന്ന് കമ്മിഷന്‍ (സിഎന്‍ഡി) പാസാക്കിയിരിക്കുകയാണ്. മയക്കുമരുന്നുകള്‍ സംബന്ധിച്ച 1961 ലെ സിംഗിള്‍ കണ്‍വെന്‍ഷന്റെ നാലാം പട്ടികയില്‍നിന്ന് കഞ്ചാവിനെയും കഞ്ചാവ് ലേഹ്യത്തെയും നീക്കം ചെയ്യുന്നതിനുവേണ്ടിയുള്ളതാണ് ഈ പ്രമേയം.
പതിറ്റാണ്ടുകള്‍ക്കുശേഷമാണു നാലാം പട്ടികയില്‍നിന്ന് കഞ്ചാവിനെ ഒഴിവാക്കുന്നത്. മരുന്നിനുവേണ്ടിയുള്ള കഞ്ചാവിന്റെ ആഗോള ഉപയോഗത്തെ സ്വാധീനിക്കുന്നതാവും ഈ തീരുമാനം.
കഞ്ചാവിനെ ഏറ്റവും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തില്‍നിന്ന് നീക്കം ചെയ്യാന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 2019ല്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇതിന് അംഗീകാരം നല്‍കിക്കൊണ്ടാണ് സിഎന്‍ഡിയുടെ 63-ാം സെഷന്‍ പ്രമേയം പാസാക്കിയത്.
53 അംഗ സിഎന്‍ഡിയിലെ ഇന്ത്യയും അമേരിക്കയും മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഉൾപ്പെടെ 27 അംഗരാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. റഷ്യ, ചൈന, പാകിസ്ഥാന്‍ ഉൾപ്പെടെ 25 അംഗങ്ങള്‍ എതിര്‍ത്തപ്പോള്‍ ഉക്രെയ്ന്‍ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
1985ലെ നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയപ്രകാരം ഏതെങ്കിലും തരത്തിലുള്ള രണ്ട് കഞ്ചാവ് രൂപങ്ങളുടെ (ചരസ്, കഞ്ചാവ്) നിഷ്പക്ഷ വസ്തുക്കള്‍ അടങ്ങിയതോ അല്ലാതെയോ ഉള്ള മിശ്രിതം, ചരസ്, കഞ്ചാവ് എന്നിവയില്‍നിന്നു തയാറാക്കിയ പാനീയം എന്നിവ ഇന്ത്യയില്‍ നിയമവിരുദ്ധമാണ്.
കഞ്ചാവ് ചെടി
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ കന്നാബിസ് സാറ്റിവ (കഞ്ചാവ് ചെടി)യില്‍നിന്നുള്ള നിരവധി മായികലഹരിയുണ്ടാക്കുന്ന വസ്തുക്കളെ (psychoactive preparations) സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പൊതു പദമാണ് കഞ്ചാവ് എന്നത്. ഡെല്‍റ്റ -9 ടെട്രാഹൈഡ്രോകന്നാബിനോള്‍ (ടിഎച്ച്‌സി) ആണ് കഞ്ചാവിന്റെ പ്രധാന സൈക്കോ ആക്റ്റീവ് ഘടകം. കഞ്ചാവിന്റെ ഇലകളെയോ മറ്റ് അസംസ്‌കൃത സസ്യ വസ്തുക്കളോ സൂചിപ്പിക്കുന്നതിന് പല രാജ്യങ്ങളിലും 'മരിജുവാന' എന്ന മെക്‌സിക്കന്‍ നാമം പതിവായി ഉപയോഗിക്കുന്നു.
ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഡയോസിയസ് സസ്യങ്ങളാണ് (ആണ്‍- പെണ്‍ വര്‍ഗങ്ങള്‍ പൂക്കുമെങ്കിലും ഇവ തിരിച്ചറിയാന്‍ കഴിയും)
മിക്ക കഞ്ചാവ് ഇനങ്ങളും. പരപരാഗണം നടത്താത്ത പെണ്‍സസ്യങ്ങളെ ഹാഷിഷ് എന്ന് വിളിക്കുന്നു. കന്നാബിനോയിഡുകളുടെ സത്താണ് കഞ്ചാവ് ഓയില്‍ അഥവാ ഹാഷിഷ് ഓയില്‍. ലോകത്ത് ഏറ്റവും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നതും കടത്തുന്നതും ദുരുപയോഗം ചെയ്യുന്നതുമായ മയക്കുമരുന്നാണ് കഞ്ചാവ് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
യുഎന്‍ മയക്കുമരുന്ന് കമ്മിഷന്‍
ആഗോള മയക്കുമരുന്ന് നിയന്ത്രണ കണ്‍വെന്‍ഷനുകളുടെ പട്ടികകളില്‍ ഉള്‍പ്പെടുത്തി ലഹരിവസ്തുക്കളുടെ നിയന്ത്രണ വ്യാപ്തി തീരുമാനിക്കുന്ന യുഎന്‍ ഏജന്‍സിയാണ് സിഎന്‍ഡി. 1946 ല്‍ സ്ഥാപിതമായ സിഎന്‍ഡി വിയന്ന ആസ്ഥാനമായാണു പ്രവര്‍ത്തിക്കുന്നത്.
മയക്കുമരുന്ന് മരുന്നുകളെക്കുറിച്ചുള്ള 1961 ലെ സിംഗിള്‍ കണ്‍വെന്‍ഷന്റെ നാലാം പട്ടികയായ ഏറ്റവും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തിലാണ് ഇതുവരെ കഞ്ചാവുണ്ടായിരുന്നത്. അതേസമയം, ആദ്യം പട്ടികയില്‍ ഉള്‍പ്പെടുത്തിയതുമുതല്‍ കഞ്ചാവിനോടുള്ള ആഗോള മനോഭാവത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ട്.
സിഎന്‍ഡിയുടെ നാലാം പട്ടികയില്‍ തുടരുമ്പോഴും വിനോദത്തിനോ മരുന്നിനോ അല്ലെങ്കില്‍ രണ്ടിനുമായോ കഞ്ചാവ് ഉപയോഗിക്കാന്‍ പല അധികാരപരിധികളും അനുവദിക്കുന്നു. നിലവില്‍, അന്‍പതിലധികം രാജ്യങ്ങള്‍ മരുന്നു സംബന്ധമായ കഞ്ചാവ് പദ്ധതികള്‍ അനുവദിക്കുന്നു. കാനഡ, ഉറുഗ്വേ എന്നീ രാജ്യങ്ങളും യുഎസിലെ 15 സംസ്ഥാനങ്ങളും കഞ്ചാവിന്റെ അതിന്റെ വിനോദ ഉപയോഗം നിയമവിധേയമാക്കിയതായി യുഎന്‍ ന്യൂസ് പറയുന്നു.
സിഎന്‍ഡി വോട്ട്
യുഎന്‍ കരാറുകളില്‍ കഞ്ചാവ് ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന 2019ൽ ആറ് ശിപാര്‍ശകള്‍ നല്‍കിയിരുന്നു. മാര്‍ച്ചിലെ സിഎന്‍ഡി സെഷനു മുന്നില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടതായിരുന്നു. എന്നാല്‍ വിഷയത്തില്‍ അധിക സമയം അഭ്യര്‍ഥിച്ച്, വോട്ടിങ് മാറ്റിവയ്ക്കാന്‍ അംഗരാജ്യങ്ങള്‍ വോട്ട് ചെയ്തു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സെഷനില്‍ ആറ് നിര്‍ദേശങ്ങളില്‍ അഞ്ചെണ്ണം നിരസിക്കപ്പെട്ടു. എന്നാല്‍ കഞ്ചാവിനെയും കഞ്ചാവ് ലേഹ്യത്തെയും നാലാം പട്ടികയില്‍നിന്ന് നീക്കണമെന്ന പ്രധാന നിര്‍ദേശം അംഗീകരിക്കുയായിരുന്നു. അതേസമയം, ഇരു ലഹരിവസ്തുക്കളും ഏറ്റവും അപകടം കുറഞ്ഞ വിഭാഗമായ ഒന്നാം പട്ടികയില്‍ തുടരും.
1961 ലെ കണ്‍വെന്‍ഷന്റെ ഒന്നാം പട്ടികയില്‍നിന്ന് കഞ്ചാവ് സത്തും ദ്രാവകവും നീക്കം ചെയ്യുക, മൂന്നാം പട്ടികയിലേക്ക് ഡ്രോണാബിനോള്‍ ലഹരിവസ്തുക്കള്‍ ചേര്‍ക്കുക എന്നിവ സിഎന്‍ഡി ബുധനാഴ്ച നിരസിച്ച നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
കഞ്ചാവ് വ്യവസായത്തിന് ഇത് നല്‍കുന്ന സന്ദേശമെന്താണ്?
കഞ്ചാവ് സംബന്ധിച്ച യുഎന്‍ ഏജന്‍സിയുടെ പുനര്‍വിജ്ഞാപനം പ്രാധാന്യമര്‍ഹിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രതിഫലനം, രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ തുടരുന്നിടത്തോളം കാലം ലോകമെമ്പാടും വരാന്‍ സാധ്യതയില്ല. അതേസമയം, ബുധനാഴ്ചത്തെ വോട്ട് ഈ പ്രക്രിയയെ സ്വാധീനിച്ചേക്കാം. കാരണം പല രാജ്യങ്ങളും നിയമനിര്‍മാണ വേളയില്‍ അന്താരാഷ്ട്ര പ്രോട്ടോകോളുകള്‍ പിന്തുടരുന്നു.
മയക്കുമരുന്ന് നയ വിദഗ്ധരുടെ അഭിപ്രായത്തില്‍, സിഎന്‍ഡി തീരുമാനം കഞ്ചാവിന്റെ ഉപയോഗം ഏറ്റവും പരിമിതപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ നിയപരമായ വിലക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടും. മറ്റുള്ള രാജ്യങ്ങളില്‍ ലഹരിവസ്തുക്കള്‍ കൂടുതല്‍ നിയമവിധേയമാകും. കഞ്ചാവില്‍നിന്നുള്ള ഔഷധങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണങ്ങളും വളരുമെന്ന് പ്രതീക്ഷിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.