scorecardresearch

Latest News

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം; തീപ്പിടിത്തവും അപകടസാധ്യതകളും

യുക്രൈനിന്റെ വടക്ക് പടിഞ്ഞാറാന്‍ ഭാഗത്തുള്ള എനഗഡോറിലാണ് സപൊറീഷ്യ. ഹാര്‍കീവിന് സമീപവും കീവിന് 550 കിലോ മീറ്റര്‍ അകലയുമാണ് ആണവനിലയം സ്ഥിതി ചെയ്യുന്നത്

Russia-Ukraine

റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തെതുടര്‍ന്ന് സപൊറീഷ്യയിലെ സ്ഥിതി ചെയ്യുന്ന യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിൽ തീപ്പിടിത്തമുണ്ടായതായി യുക്രെയ്‌നിലെ സ്റ്റേറ്റ് എമർജൻസി സർവീസ് സ്ഥിരീകരിച്ചു. പ്ലാന്റിന്റെ സമീപത്തുള്ള പരിശീലന കെട്ടിടത്തിനാണ് തീപിടിച്ച്, റിയാക്ടറുകളിലേക്ക് തീ പടര്‍ന്നില്ലെന്നും റേഡിയേഷന്റെ അളവ് ഉര്‍ന്നിട്ടില്ലെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആണവനിലയത്തിന് എങ്ങനെ തീപ്പിടിച്ചെന്നും, ഇത് സൃഷ്ടിച്ച അപകടസാധ്യതകളെക്കുറിച്ചും പരിശോധിക്കാം.

എത്രത്തോളം വലുതാണ് സപൊറീഷ്യയിലെ ആണവനിലയം

യുക്രൈനിന്റെ വടക്ക് പടിഞ്ഞാറാന്‍ ഭാഗത്തുള്ള എനഗഡോറിലാണ് സപൊറീഷ്യ. ഹാര്‍കീവിന് സമീപവും കീവിന് 550 കിലോ മീറ്റര്‍ അകലയുമാണ് ആണവനിലയം സ്ഥിതി ചെയ്യുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണിത്. ലോകത്തിലെ തന്നെ വലിയ പത്ത് ആണവനിലയങ്ങളില്‍ ഒന്നും. യുക്രൈനില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അഞ്ചിലൊന്ന് ഇവിടെ നിന്നാണ്. പ്ലാന്റിൽ ആറ് വിവിഇആര്‍-1000 പ്രഷറൈസ്ഡ് ലൈറ്റ് വാട്ടർ ന്യൂക്ലിയർ റിയാക്ടറുകൾ (പിഡബ്ല്യുആര്‍) ഉണ്ട്. ഓരോന്നും 950 മെഗാവാട്ട് ഇലക്ട്രിക് (എംഡബ്യു) ഊര്‍ജം വീതം ഉത്പാദിപ്പിക്കുന്നു. മൊത്തം ഉത്പാദിപ്പിക്കുന്ന ഊര്‍ജം 5,700 എംഡബ്യുവാണ്. 2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവ നിലയത്തേക്കാൾ ഏകദേശം മൂന്നിരട്ടി വലിപ്പമുണ്ടിതിന്.

ആണവനിലയത്തിലെ തീപ്പിടുത്തം

റോയിട്ടേഴ്സ് സ്ഥിരീകരിച്ച് പുറത്തു വിട്ട വീഡിയോയില്‍ ആണവനിലയത്തിന്റെ പരിസരത്തുള്ള കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് വ്യക്തമായിരുന്നു. “യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപൊറീഷ്യയ്ക്ക് നേരെ റഷ്യന്‍ സൈന്യം എല്ലാ വശത്ത് നിന്നും ആക്രമിക്കുകയാണ്. ഇതിനോടകം തന്നെ തീ പടര്‍ന്നു കഴിഞ്ഞു. ആണവനിലയത്തില്‍ പൊട്ടിത്തെറിയുണ്ടായാല്‍ ചേര്‍ണോബില്‍ ദുരന്തത്തിന്റെ പത്തിരട്ടി പ്രത്യാഘാതമായിരിക്കും ഉണ്ടാകുക. റഷ്യന്‍ സൈന്യം ആക്രമണം നിര്‍ത്തണം, അഗ്നിശമന സേനാംഗങ്ങളെ പ്രദേശത്തേക്ക് കടത്തി വിടണം,” യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രൊ കുലേബ ട്വിറ്ററില്‍ കുറിച്ചു.

സപൊറീഷ്യയിലെ ആണവ നിലയത്തില്‍ പ്രധാനപ്പെട്ട ഉപകരണങ്ങളിലേക്ക് തീപ്പിടിത്തം ബാധിച്ചിട്ടില്ലെന്ന് പ്രദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര ആണവ ഊര്‍ജ ഏജന്‍സി (ഐഎഇഎ) അറിയിച്ചു. ആണവനിലയത്തില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രദേശത്ത് നിന്ന് നീക്കം ചെയ്തു. എന്നാല്‍ ആണവ നിലയത്തില്‍ നിന്നുള്ള റേഡിയേഷന്റെ അളവില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് ആണവനിലയത്തിന്റെ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് ആര്‍ഐഎ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അപകട സാധ്യതകള്‍

ആണവനിലയത്തില്‍ തീ പടര്‍ന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായേക്കും. ചേര്‍ണോബിലില്‍ നിന്നുണ്ടായ റേഡിയഷന്റെ അത്രയുമെത്താന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഫുക്കുഷിമ ആണവനിലയത്തിന് മുന്‍പ് ഉള്ളതായതിനാല്‍ തന്നെ സുരക്ഷാ സവിശേഷതകള്‍ കൂടംകുളം പോലെയുള്ള വിവിഇആര്‍ പ്ലാന്റുകളിലേതുപോലെ ശക്തമല്ല.

ഇന്ധന സംഭരണിക്ക് ആഘാതംമേറ്റാലാണ് വലിയ പ്രശ്നമുണ്ടാകുക എന്നാണ് വിദഗ്ധാഭിപ്രായം. ഇത് ആണവനിലയത്തിന്റെ പരിസരത്ത് തന്നെയാണ്. ഇവിടെ ഉപയോഗച്ചതും അല്ലാത്തതുമായ ഇന്ധനം സംഭരിക്കുന്നുണ്ട്. സാധരണയായി ഇന്ധന സംഭരണിയുടെ സുരക്ഷാ സവിശേഷതകള്‍ ആണവ നിലയത്തിന്റേതു പോലെ ശക്തമായിരിക്കണമെന്നില്ല. ഇതെല്ലാം വലിയ അപകടങ്ങളിലേക്ക് നയിക്കാനുള്ള കാരണമാകുന്നു.

ആണവ നിലയം ആക്രമിക്കുന്നത് അവസാനിപ്പിക്കാന്‍ ഐഎഇഎ റഷ്യന്‍ സൈന്യത്തിനോട് ആവശ്യപ്പെട്ടിരുന്നു. സാഹചര്യം സംബന്ധിച്ച് ഐഎഇഎ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി യുക്രൈന്‍ പ്രധാനമന്ത്രി ഡെനിസ് ഷ്മിഗലുമായി സംസാരിച്ചിരുന്നു. സപൊറീഷ്യ ആണവനിലയം റഷ്യ പിടിച്ചെടുത്തതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: എണ്ണ വിലയില്‍ മാത്രം ഒതുങ്ങില്ല; യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇങ്ങനെ

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Ukraines zaporizhzhia nuclear power plant fire incident and risks explained