ഫെബ്രുവരി 24ന് റഷ്യ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചശേഷം ആ രാജ്യത്തുനിന്ന് 30 ലക്ഷത്തിലധികം ആളുകള്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അമേരിക്ക വളരെ കുറിച്ച് അഭയാര്‍ത്ഥികള്‍ക്കു മാത്രമേ പ്രവേശനം അനുവദിച്ചിട്ടൂള്ളൂ. ഇത്, ചില വിമര്‍ശകര്‍ യുഎസ് സര്‍ക്കാരിന്റെ നയത്തെ ചോദ്യം ചെയ്യുന്നതിനു കാരണമായിരിക്കുകയാണ്.
എന്തുകൊണ്ടാണ് യുഎസ് കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാത്തത്?
ആവശ്യമെങ്കില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയാറാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥരും പറഞ്ഞത്. എന്നാല്‍ യുക്രൈന്‍ പൗരന്മാരുടെ പ്രാഥമിക ലക്ഷ്യസ്ഥാനം യൂറോപ്പായിരിക്കണമെന്ന ആവര്‍ത്തിച്ചുള്ള സൂചന യുഎസ് ഭരണകൂടം നല്‍കി.
യുക്രൈനിയന്‍ അഭയാര്‍ഥികളെ തങ്ങള്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുമെന്നാണ് മാര്‍ച്ച് 11ന് ബൈഡന്‍ പറഞ്ഞത്. ഫിലാഡല്‍ഫിയയില്‍ ഡെമോക്രാറ്റിക് സഹപ്രവര്‍ത്തകരുടെ യോഗത്തിലാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി എന്നിവരും സമാനമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
യുക്രൈന്‍ അഭയാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും, കുടുംബവും സുഹൃത്തുക്കളും മുന്‍ തൊഴിലുടമകളുമുള്ള അയല്‍ രാജ്യങ്ങളില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് ഭരണകൂടം വിശ്വസിക്കുന്നതായി സാക്കി മാര്‍ച്ച് 10നു പറഞ്ഞു.
അഭയാര്‍ത്ഥികള്‍ക്കു യൂറോപ്പില്‍ സംരക്ഷണമില്ലെങ്കില്‍ അവരെ അമേരിക്കയിലേക്കു കൊണ്ടുവരാന്‍ ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് യുഎസ് വിദേശകാര്യ വകുപ്പ് പറഞ്ഞത്. അമേരിക്കയിലേക്കുള്ള പുനരധിവാസം പെട്ടെന്നുള്ള പ്രക്രിയയല്ലെന്നത് സൂചിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഈ പ്രസ്താവന.
കഴിഞ്ഞ ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് ബൈഡന്‍ ഭരണകൂടം ആ രാജ്യത്തുനിന്നുള്ളവര്‍ക്കുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയെങ്കിലും അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിനു വര്‍ഷങ്ങളെടുക്കും. ആ അനുഭവത്തില്‍ നിന്നുള്ള പാഠങ്ങള്‍ മറ്റ് അഭയാര്‍ത്ഥികളുടെ പുനരധിവാസം വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് മൂന്ന് യുഎസ് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
കൂടുതല്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി ആരാണ് ആവശ്യപ്പെടുന്നത്?
അഭയാര്‍ത്ഥി പ്രവേശനം വര്‍ധിപ്പിക്കാനും അമേരിക്കയില്‍ കുടുംബാംഗങ്ങളുള്ള യുക്രൈന്‍ സ്വദേശികളെ ‘മാനുഷിക പരോള്‍’ എന്നറിയപ്പെടുന്ന താല്‍ക്കാലിക സംവിധാനത്തിലൂടെ വേഗത്തില്‍ പ്രവേശിപ്പിക്കാനും യുഎസ് കോണ്‍ഗ്രസിലെ മൂന്ന് ഡസനിലധികം ഡെമോക്രാറ്റിക് അംഗങ്ങള്‍ മാര്‍ച്ച് 11 ന് അയച്ച കത്തില്‍ ബൈഡനോട് ആവശ്യപ്പെട്ടു.
കത്തെഴുതിയ കോണ്‍ഗ്രഷണല്‍ ഹിസ്പാനിക് കോക്കസിന്റെ ചെയര്‍മാനും എമര്‍ജന്‍സി മെഡിസിനില്‍ പരിശീലനം നേടിയ ഫിസിഷ്യനുമായ റൗള്‍ റൂയിസ്, ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്മാരുടെയും ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഈ മാസം ആദ്യം പോളണ്ട്-യുക്രൈന്‍ അതിര്‍ത്തിയിലേക്കു യാത്ര ചെയ്തിരുന്നു. ”പ്രശ്‌നം നിലവില്‍ നിരവധി യുക്രൈന്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങളെ പ്രതിസന്ധിയിലാക്കും. കൂടാതെ യുദ്ധത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഈ രാജ്യങ്ങളെ സഹായിക്കുന്നതിനുള്ള ശ്രമത്തിന് അമേരിക്ക നേതൃത്വം നല്‍കുകയും വേണം,” അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യാനയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധിയും യുക്രൈനിയന്‍ കുടിയേറ്റക്കാരിയായുമായ വിക്ടോറിയ സ്പാര്‍ട്‌സും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. മാനുഷിക പ്രതികരണം അയല്‍രാജ്യമായ പോളണ്ടിന്റെ മാത്രം പ്രശ്‌നമായിരിക്കില്ലെന്ന് അവര്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
അഭയം തേടുന്ന യുക്രൈനിയന്‍ സ്ത്രീകളെയും കുട്ടികളെയും പിന്തുണയ്ക്കാന്‍ അമേരിക്കന്‍ സ്ത്രീകളോട് ആവശ്യപ്പെടുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ ഭാര്യ ഒലീന സെലെന്‍സ്‌ക, എബിസി ന്യൂസിനോട് പറഞ്ഞു.
രണ്ട് ഡസനിലധികം ജൂത-അമേരിക്കന്‍ സംഘടനകളുടെ സഖ്യവും അഭയാര്‍ത്ഥികളുടെ പ്രവേശനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞയാഴ്ച ബൈഡനില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ”അഭയാര്‍ത്ഥികള്‍ക്കു നേരെ അമേരിക്ക വാതിലുകള്‍ അടയ്ക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് നമ്മുടെ സമൂഹത്തിനു വേദനാജനകമായി അറിയാം,” എന്നാണ് സഖ്യം പറഞ്ഞത്.
കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമോ?
അധിനിവേശത്തിനായുള്ള റഷ്യന്‍ തയാറെടുപ്പിനിടെ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 514 ഉക്രേനിയന്‍ അഭയാര്‍ഥികളെ മാത്രമേ അമേരിക്ക സ്വീകരിച്ചിട്ടുള്ളൂവെന്നാണ് വിദേശകാര്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. യുദ്ധം രൂക്ഷമാകുകയും പലായനം ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയരുകയും ചെയ്ത മാര്‍ച്ച് ഒന്നു മുതല്‍ 16 വരെ അമേരിക്ക അഭയം നല്‍കിയത് ഏഴ് യുക്രൈനിയക്കാര്‍ക്കു മാത്രം.
അമേരിക്കയിലേക്കുള്ള യാത്രയ്ക്കായി അനുമതി ലഭിച്ച നിരവധി യുക്രൈനിയന്‍ അഭയാര്‍ഥികള്‍ അവിടെനിന്ന് പുറപ്പെടാന്‍ സജ്ജരായതായി ഈ വിഷയത്തില്‍ പരിചയമുള്ള ഒരാള്‍ പറഞ്ഞു. എന്നാല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിനാല്‍ അവരുടെ യാത്ര മുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
ബൈഡന്റെ മുന്‍ഗാമിയായ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭയാര്‍ത്ഥി പ്രവേശനം 15,000 ആയി വെട്ടിക്കുറച്ചിരുന്നു. ഇത്, കോവിഡ്-19 മൂലം കാലതാമസത്തിലേക്കു നയിച്ച അഭയാര്‍ത്ഥി പ്രവേശന പദ്ധതികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ ബൈഡന്‍ ഈ വര്‍ഷത്തെ മൊത്തത്തിലുള്ള അഭയാര്‍ത്ഥി പരിധി 1,25,000 ആയി നിശ്ചയിച്ചിരിക്കുകയാണ്. ഇതില്‍ പതിനായിരം സ്ലോട്ടുകള്‍ യുക്രൈന്‍ ഉള്‍പ്പെടുന്ന യൂറോപ്പില്‍നിന്നും മധ്യേഷ്യയില്‍ നിന്നുമുള്ള ആളുകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ആ അലോട്ട്മെന്റ് വിപുലീകരിച്ചേക്കാം. മാത്രമല്ല ചില കേസുകള്‍ വേഗത്തിലാക്കുകയും ചെയ്യുന്നു.
മെക്‌സിക്കോ വഴി അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന യുക്രൈന്‍കാര്‍ക്ക് എന്ത് സംഭവിക്കും?
ആയിരക്കണക്കിന് യുക്രൈന്‍കാരും റഷ്യക്കാരും അഭയം തേടുന്നതിനായി യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലേക്കു യാത്ര ചെയ്യുകയാണ്.
കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളില്‍, തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ യുഎസ് അധികൃതര്‍ ഏകദേശം 1,300 യുക്രൈന്‍ പൗരന്മാരെ തടഞ്ഞു. ഇതില്‍ കൂടുതലും തുറമുഖങ്ങളിലായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 680 ആയിരുന്നു.
മെക്‌സിക്കോയിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ പലപ്പോഴും പുറന്തള്ളപ്പെടുന്ന മറ്റ് രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരില്‍നിന്ന് വ്യത്യസ്തമായി മിക്ക യുക്രൈന്‍കാര്‍ക്കും അമേരിക്കയിലേക്കുള്ള കുടിയേറ്റം ‘ടൈറ്റില്‍ 42’ എന്നറിയപ്പെടുന്ന കോവിഡ് കാലത്തെ ഉത്തരവ് സാധ്യമാക്കു്ന്നു. എങ്കിലും ഈ അടുത്ത ദിവസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്തിയ ഏതാനും യുക്രൈന്‍ സ്വദേശികള്‍ക്കു പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ അനേകം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
കൂടുതല്‍ യുക്രൈന്‍ അഭയാര്‍ഥികളെ സ്വീകരിക്കാതിരിക്കെ, അമേരിക്ക ചെയ്യുന്നത് എന്ത്?
അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ സഹായിക്കാന്‍ യുഎസ് സര്‍ക്കാര്‍ ഗണ്യമായ സാമ്പത്തിക സഹായം വിനിയോഗിക്കുന്നു. പലായനം ചെയ്യുന്ന ആളുകള്‍ക്കുവേണ്ടിയുള്ള ഏകദേശം 400 കോടി ഡോളര്‍ ഉള്‍പ്പെടെ, ഉക്രെയ്നെയും യൂറോപ്യന്‍ സഖ്യകക്ഷികളെയും സഹായിക്കാന്‍ 1360 കോടി ഡോളര്‍ വരുന്ന ചെലവ് ബില്ലില്‍ ബൈഡന്‍ ചൊവ്വാഴ്ച ഒപ്പുവച്ചു.
നിലവില്‍ യുഎസിലുള്ള 75,000 യുക്രൈന്‍കാര്‍ക്കു താല്‍ക്കാലിക പരിരക്ഷിത പദവി ബൈഡന്‍ സര്‍ക്കാര്‍ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇത് അവര്‍ക്ക് 18 മാസത്തേക്കു നാടുകടത്തല്‍ ആശ്വാസവും വര്‍ക്ക് പെര്‍മിറ്റുകളും വാഗ്ദാനം ചെയ്യും. കാലയളവ് അവസാനിക്കുമ്പോള്‍ അത് പുതുക്കാം. എന്നാല്‍ മാര്‍ച്ച് ഒന്നിനുശേഷം എത്തിയവര്‍ക്ക് ഈ വ്യവസ്ഥകള്‍ ബാധകമല്ല.
Also Read: ക്രൂഡ് ഓയില്‍ വിലയിടിവിനു കാരണമെന്ത്, ഇന്ത്യയില്‍ എങ്ങനെ പ്രതിഫലിക്കും?