യുക്രൈന് യുദ്ധം അല്ലെങ്കില്‍ കോവിഡ് -19 പോലുള്ള നിര്‍ബന്ധിത സാഹചര്യങ്ങള്‍ കാരണം എംബിബിഎസ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കു ദേശീയ മെഡിക്കല്‍ കമ്മിഷന് (എന്‍എംസി) സുപ്രധാനമായ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ അപേക്ഷിക്കാമെന്നാണ് എന്‍എംസി വ്യക്തമാക്കിയിരിക്കുന്നത്.
യുക്രൈനില്‍നിന്ന് മടങ്ങിയെത്തുന്ന അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് -19 നിയന്ത്രണങ്ങള്‍ കാരണം ചൈനയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഈ തീരുമാനം ആശ്വാസകരമാവും.
എന്താണ് ഇപ്പോഴത്തെ മാറ്റം?
വിദേശ മെഡിക്കല്‍ ബിരുദധാരികളെ ഇന്റേണ്ഷിപ്പുകള്ക്കോ പരീക്ഷകള്‍ക്കോ വേണ്ടി ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളിലേക്കു മാറാന്‍ നിലവിലെ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. എംബിബിഎസ് കോഴ്സും പരിശീലനവും ഇന്റേണ്‍ഷിപ്പും അതേ വിദേശ മെഡിക്കല്‍ സ്ഥാപനത്തില്‍ തന്നെ ചെയ്യണമെന്നാണ് ചട്ടങ്ങള്‍ കര്‍ശനമായി പറയുന്നത്.
Also Read: റഷ്യൻ വ്യോമാതിർത്തി അടച്ചത് ഇന്ത്യയിലേക്കുള്ള വിമാനങ്ങളെ എങ്ങനെ ബാധിച്ചു?
ഉദാഹരണത്തിന്, യുക്രൈനിലെ എംബിബിഎസ് കോഴ്സ് അഞ്ചര വര്‍ഷമാണ്. വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ 12 മാസത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണമെന്ന് ചട്ടം വ്യവസ്ഥ ചെയ്യുന്നു.
ഈ ചട്ടങ്ങളിലാണ് ഇന്റേണ്‍ഷിപ്പുമായി ബന്ധപ്പെട്ട് എന്‍എംസി ഇളവ് വരുത്തിയിരിക്കുന്നത്. യുക്രൈൻ യുദ്ധം കാരണം ഇന്റേണ്‍ഷിപ്പ് മുടങ്ങിയ വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ശേഷിക്കുന്ന ഭാഗം ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
എല്ലാവര്ക്കും ഇന്ത്യയില്‍ അപേക്ഷിക്കാനാകുമോ?
ഇല്ല. ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ അപേക്ഷിക്കുന്നവര്‍ ഫോറിന് മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് എക്സാമിനേഷന് (എഫ്എംജിഇ) പാസായിട്ടുണ്ടെന്ന് സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ ഉറപ്പാക്കണമെന്ന് എന്‍എംസി നിർദേശിക്കുന്നു. ഇന്ത്യയിലെ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് നടത്തുന്ന ലൈസന്‍സ് പരീക്ഷയാണ് എഫ്എംജിഇ.
ഇതിനര്‍ത്ഥം, ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍, അവര്‍ എഫ്എംജിഇ പാസായിട്ടുണ്ടെങ്കില്‍ മാത്രമേ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ക്ക് പ്രോസസ് ചെയ്യാന്‍ കഴിയൂവെന്നാണ്.
മെഡിക്കല്‍ കൗണ്‍സിലുകള്‍ പാലിക്കേണ്ട മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ എന്തൊക്കെ?
ഒന്നാമതായി, എംബിബിഎസ് ബിരുദം ലഭിച്ച രാജ്യത്തിന്റെ അധികാരപരിധിയില്‍ മെഡിസിന് പ്രാക്ടീസ് ചെയ്യാന്‍ മെഡിക്കല്‍ ബിരുദം ഉപയോഗിക്കാമെന്നും ആ രാജ്യത്തെ പൗരനു നല്കുന്ന മെഡിസിന് പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സിനു തുല്യമാണെന്നും സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ ഉറപ്പാക്കണം.
രണ്ടാമതായി, എംബിബിഎസ് സമയത്ത് പ്രത്യക്ഷ പരിശീലനമോ ഇന്റേണ്‍ഷിപ്പോ വിജയകരമായി പൂര്‍ത്തിയാക്കിയതായി സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍ വിദ്യാര്‍ത്ഥിക്കുണ്ടെന്ന് സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ ഉറപ്പാക്കണം.
Also Read: യുക്രൈൻ പ്രഥമ വനിത, വോളോമിഡിർ സെലൻസ്കിയുടെ ഭാര്യ; ആരാണ് ഒലേന സെലൻസ്ക?
മൂന്നാമതായി, നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന് നടത്തുന്ന എഫ്എംജിഇ വിദ്യാര്‍ഥി പാസാക്കിയിരിക്കണം. ”മേല്‍പ്പറഞ്ഞ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന വിദ്യാര്‍ഥിയെ കണ്ടെത്തുകയാണെങ്കില്‍, സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ക്കു 12 മാസത്തെ ഇന്റേണ്‍ഷിപ്പ് അല്ലെങ്കില്‍ ശേഷിക്കുന്ന കാലയളവിനായി പ്രൊവിഷണല്‍ രജിസ്ട്രേഷന് അനുവദിച്ചേക്കാം,” എന്‍എംസി പറഞ്ഞു.
ഇന്റേണ്‍ഷിപ്പ് അനുവദിക്കാന്‍ എന്‍എംസി ക്വാട്ട നിശ്ചയിച്ചിട്ടുണ്ടോ?
ഉണ്ട്. വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇന്റേണ്‍ഷിപ്പ് അനുവദിക്കാനുള്ള പരമാവധി ക്വാട്ട ഒരു മെഡിക്കല്‍ കോളേജിലെ മൊത്തം അനുവദനീയമായ സീറ്റുകളുടെ 7.5 ശതമാനം അധികമായി പരിമിതപ്പെടുത്തണമെന്ന് എന്‍എംസി നിര്‍ദേശിക്കുന്നു. കൂടാതെ, എന്‍എംസി അനുവദിക്കുന്ന മെഡിക്കല്‍ കോളജുകളില്‍ മാത്രമേ ഇന്റേണ്‍ഷിപ്പ് അനുവദിക്കൂ.
വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ അധിക ഫീസ് നല്കേണ്ടിവരുമോ?
ഇല്ല. ഇന്റേണ്‍ഷിപ്പിനായി വിദ്യാര്‍ത്ഥികളില്‍നിന്ന് തുകയോ ഫീസോ ഈടാക്കുന്നില്ലെന്ന് സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ മെഡിക്കല്‍ കോളജില്‍നിന്ന് ഉറപ്പ് വാങ്ങണമെന്ന് എന്‍എംസി നിര്‍ദേശിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കു സ്റ്റൈപ്പന്‍ഡ് നല്‍കുമോ?
നല്‍കും. സര്‍ക്കാര്‍ കോളജുകളില്‍ പരിശീലനം നേടുന്ന ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാരികള്‍ക്കു നല്‍കുന്നതിന് തുല്യമായ സ്റ്റൈപ്പന്റും മറ്റ് സൗകര്യങ്ങളും വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ക്കും നല്‍കണമെന്ന് എന്‍എംസി നിര്‍ദേശിച്ചു.
Also Read: എണ്ണ വിലയില്‍ മാത്രം ഒതുങ്ങില്ല; യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇങ്ങനെ