/indian-express-malayalam/media/media_files/uploads/2022/02/Ukraine-India-Explained.jpg)
'അനിശ്ചിതത്വങ്ങള്‍'ക്കിടയില്‍ തല്‍ക്കാലത്തേക്കു യുക്രൈന്‍ വിടാന്‍ ഇന്ത്യക്കാരോട്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളോട് കീവിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിരിക്കുകയാണ്. യുക്രൈനിലേക്കും രാജ്യത്തിനകത്തുമുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും എംബസി ആവശ്യപ്പെട്ടു.
''നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത്, യുക്രൈനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് താമസം അനിവാര്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കു താല്‍ക്കാലികമായി രാജ്യം വിടുന്നത് പരിഗണിക്കാം. യുക്രൈനിലേക്കും രാജ്യത്തിനുള്ളിലും അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും ഇന്ത്യന്‍ പൗരന്മാരോട് ഉപദേശിക്കുന്നു,'' കീവിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.
''ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമുള്ളിടത്ത് എത്തിച്ചേരാന്‍ എംബസിയെ പ്രാപ്തമാക്കുന്നതിന് യുക്രൈനിലെ തങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. യുക്രൈനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ സേവനങ്ങളും നല്‍കാന്‍ എംബസി സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതു തുടരുന്നു,'' പ്രസ്താവനയില്‍് കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടാണ് ഇന്ത്യന്‍ എംബസി ഈ ഉപദേശം നല്‍കിയത്?
റഷ്യ എപ്പോള്‍ വേണമെങ്കിലും കീവ് ആക്രമിച്ചേക്കുമെന്ന ആശങ്കയിലാണ് ഈ നീക്കം. യുക്രൈന്‍ ആക്രമിക്കാന്‍ തങ്ങള്‍ക്കു പദ്ധതിയില്ലെന്നാണ് റഷ്യ പറയുന്നതെങ്കിലും 1,30,000 സൈനികരെ അവര്‍ യുക്രൈന്‍ അതിര്‍ത്തിക്കു സമീപം സജ്ജമാക്കിയിട്ടുണ്ട്. അതേസമയം യുക്രൈനെതിരെ ആക്രമണം നടത്തിയാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് റഷ്യയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്.
എത്രയാണ് യുക്രൈനിലെ ഇന്ത്യന്‍ ജനസംഖ്യ?
യുക്രൈനില്‍ പതിനെട്ടായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ടെന്നാണ് ഇന്ത്യന്‍ എംബസിയുടെ 2020 മുതലുള്ള കണക്ക്. എന്നാല്‍ യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി കഴിഞ്ഞ മാസം പറഞ്ഞത് 20,000 ആണെന്നാണ്. ഇവരില്‍ ഭൂരിഭാഗവും പഠിക്കുന്നത് യുക്രൈനിലെ മെഡിക്കല്‍ കോളേജുകളിലാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായ ഒരു ജനപ്രിയ സ്ഥലമാണ് യുക്രൈന്‍.
എംബസിയുടെ ഉപദേശം എന്താണ് അര്‍ത്ഥമാക്കുന്നത്?
യുക്രൈനില്‍ തുടരുന്ന അത്യാവശ്യമില്ലാത്തവര്‍ രാജ്യം വിടണമെന്നാണ് എംബസിയുടെ മാര്‍ഗനിര്‍ദേശം ആവശ്യപ്പെടുന്നത്. കീവ് വിമാനത്താവളം ഇപ്പോഴും പ്രവര്‍ത്തനക്ഷമമായതിനാലും യുക്രൈ്‌നില്‍നിന്ന് പതിവ് വാണിജ്യ വിമാനങ്ങള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നതിനാലും ഇന്ത്യന്‍ പൗരന്മാര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നാണ് ഇതിനര്‍ത്ഥം.
ഡച്ച് വിമാനക്കമ്പനിയായ കെഎല്‍എം കീവിലേക്കുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തി. യുക്രൈന്റെ വ്യോമാതിര്‍ത്തിയില്‍ സര്‍വിസ് നടത്തില്ലെന്നു അറിയിച്ച കെഎല്‍എം ഈ തീരുമാനം പ്രഖ്യാപിച്ച ആദ്യത്തെ പ്രധാന വിമാനക്കമ്പനിയാണ്. പുതിയ സാഹചര്യത്തില്‍ യുക്രൈന്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സാധ്യതകള്‍ അതിവേഗം കുറയുന്നതു മനസില്‍ കണ്ടാണ് ഇന്ത്യന്‍ എംബസി ഉപദേശം നല്‍കിയിരിക്കുന്നത്.
പ്രതികൂല സാഹചര്യം നേരിടാന്‍ എംബസി എന്തെങ്കിലും അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ?
നിലവില്‍, യുക്രൈനിലെ ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസി ശേഖരിച്ചുവരികയാണ്. രണ്ടാഴ്ച മുമ്പ് പ്രചരിപ്പിച്ച ഗൂഗിള്‍ ഫോം വഴി ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റൊരു രാജ്യത്ത് ഇന്ത്യന്‍ പൗരന്മാരുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ല. ഇതുമൂലം പലപ്പോഴും ഇന്ത്യന്‍ എംബസി ആ രാജ്യത്തെ ഇന്ത്യക്കാരുടെസാന്നിധ്യത്തെക്കുറിച്ച് അറിയുന്നില്ല. അതിനാല്‍ യുക്രൈനിലെ ഇന്ത്യന്‍ സാന്നിധ്യത്തിന്റെ വ്യാപ്തിയെക്കുറിച്ച് ശരിയായ ധാരണയുണ്ടാക്കാനാണ് എംബസിയുടെ ഇപ്പോഴത്തെ ശ്രമം. ആവശ്യമെങ്കില്‍, ഒഴിപ്പിക്കല്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ വിവരശേഖരണം എംബസിയെ സഹായിക്കും.
മറ്റു രാജ്യങ്ങളും മുന്‍കരുതല്‍ എടുത്തിട്ടുണ്ടോ?
റഷ്യയുടെ അധിനിവേശം ആസന്നമായേക്കാമെന്ന പാശ്ചാത്യ ശക്തികളുടെ മുന്നറിയിപ്പുകള്‍ക്കിടയില്‍ ഒരു ഡസനിലധികം രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് യുക്രൈന്‍ വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ്, യുകെ, ജര്‍മനി, ഓസ്ട്രേലിയ, ഇറ്റലി, ഇസ്രായേല്‍, നെതര്‍ലന്‍ഡ്സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ചില രാജ്യങ്ങള്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിച്ചു.
യുക്രൈനിലെ തങ്ങളുടെ എംബസി പൂട്ടുമെന്നും ജീവനക്കാരെ പോളണ്ട് അതിര്‍ത്തിക്കടുത്തുള്ള നഗരത്തിലേക്കു മാറ്റുമെന്നും യുഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുക്രൈനിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് എംബസി ഒന്നിലധികം സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് പൗരന്മാരോട് ഉടന്‍ യുക്രൈന്‍ വിടാനും തുടരാന്‍ ആഗ്രഹിക്കുന്നവര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാനും യുഎസ് ആവശ്യപ്പെട്ടു.
കീവിലെ എംബസിയിലെ ജീവനക്കാരെ ലിവിവിലേക്കു മാറ്റുമെന്നും അവിടെ അവര്‍ അമേരിക്കക്കാര്‍ക്ക് പരിമിതമായ കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കുമെന്നും യുക്രൈന്‍ സര്‍ക്കാരുമായി ആശയവിനിമയം തുറന്നിടുമെന്നും യുഎസ് പറഞ്ഞു.
Also Read: ചൈനീസ് ആപ്പുകൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തിയത് എന്തിന്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.