പാസ്പോർട്ടിൽ ഒറ്റ പേര് (സിംഗിൾ നെയിം) മാത്രമുള്ളവർക്ക് യുഎഇ സന്ദർശക-ടൂറിസ്റ്റ് വിസ ലഭിക്കില്ലെന്ന യുഎഇ നിയമത്തിൽ പുതിയ ഭേദഗതി. ഒരു പേര് മാത്രമുള്ള യാത്രക്കാർക്ക് അവരുടെ പാസ്പോർട്ടിന്റെ രണ്ടാം പേജിൽ പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് പരാമർശിച്ചിട്ടുണ്ടെങ്കിൽ പ്രവേശനം അനുവദിക്കുമെന്ന് ദുബായ് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.
നവംബർ 21 മുതൽ പ്രാബല്യത്തിൽ വന്ന ചട്ടം അനുസരിച്ച്, വിസിറ്റിംഗ് വിസയോ ടൂറിസ്റ്റ് വിസയോ ഉള്ള യാത്രക്കാർ അവരുടെ പാസ്പോർട്ടിൽ ഗിവൺ നെയിമും സർനെയിമും വ്യക്തമായി രേഖപ്പെടുത്തണം. ഈ നിയമം നിരവധി യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
എന്തായിരുന്നു യുഎഇയുടെ പാസ്പോർട്ട് നിയമം ?
സന്ദര്‍ശക-ടൂറിസ്റ്റ് വിസയിലെത്തുന്ന സിംഗിൾ നെയിം മാത്രം രേഖപ്പെടുത്തിയവര്‍ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി നല്‍കില്ലെന്നാണ് അറിയിപ്പ് വന്നത്. ഉദാഹരണത്തിന് ഒരാളുടെ പാസ്പോർട്ടിൽ ഗിവൺ നെയിം (given name) അരുൺ എന്ന് മാത്രമാണ്. സർനെയിം (surname) സ്ഥാനത്ത് യാതൊന്നും എഴുതിയിട്ടില്ലെങ്കിൽ അയാൾക്ക് യുഎഇ സന്ദർശനത്തിന് വിസ അനുവദിക്കില്ല.
അങ്ങനെയുള്ളവരെ ‘അനുവദനീയമല്ലാത്ത യാത്രക്കാരൻ’ (INAD) ആയി കണക്കാക്കും. കൂടാതെ ഇവരെ ഇമിഗ്രേഷനിൽ തടയാനും സാധ്യതയുണ്ട്. ‘അരുൺ’ എന്നത് നൽകിയിരിക്കുന്ന പേരും ‘കുമാർ’ എന്നത് കുടുംബപ്പേരുമായി നൽകാം. ഈ ഫോർമാറ്റുകൾ സ്വീകരിക്കും. പാസ്പോർട്ടിൽ ഗിവൺ നെയിമിനും സർനെയിമിനും അരുൺ കുമാർ എന്നു തന്നെയാണെങ്കിൽ ഇവർക്ക് പ്രവേശിക്കാം. അതൊരു ക്ലേറിക്കൽ മിസ്റ്റേക്കായി കണക്കാകും.
വിസിറ്റിംഗ് വിസ, വിസ ഓൺ അറൈവൽ, താൽക്കാലിക വിസ,എംപ്ലോയ്മെന്റ് വിസ എന്നിവ കൈവശമുള്ള ആളുകൾക്ക് മാത്രമേ ഈ നിയമം ബാധകമാകൂ. യുഎഇ റസിഡന്റ് കാർഡുള്ള ഇന്ത്യൻ പൗരന്മാരെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുതിയ ഭേദഗതികൾ
പുതിയ ഭേദഗതി അനുസരിച്ച്, ഒറ്റപ്പേരുള്ള യാത്രക്കാർക്ക് അവരുടെ പാസ്പോർട്ടിന്റെ രണ്ടാം പേജിൽ അവരുടെ പിതാവിന്റെ / കുടുംബത്തിന്റെ പേര് പരാമർശിച്ചിട്ടുണ്ടെങ്കിൽ പ്രവേശനം അനുവദിക്കും. രണ്ടാമത്തെ പേജിൽ പിതാവിന്റെ പേരോ കുടുംബത്തിന്റെ പേരോ ഉണ്ടെങ്കിൽ യാത്രക്കാർക്ക് വിസ ഓൺ അറൈവൽ (VoA) ലഭിക്കുമെന്നും അതിൽ പറയുന്നു.
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ പറഞ്ഞത്
പുതിയ നിയമം നടപ്പിലാക്കുന്നതിന്, പേര് എഴുതുന്നതിനുള്ള ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) 3.4 ഭാഗത്തെയാണ് യുഎഇ സർക്കാർ ആശ്രയിക്കുന്നത്. ഐസിഎഒ പ്രകാരം, ‘ഉടമയുടെ പേര് സാധാരണയായി രണ്ട് ഭാഗങ്ങളിലായി പ്രതിനിധീകരിക്കുന്നു. ഒന്നാമതായി തിരിച്ചറിയേണ്ട ആൾ, രണ്ടാമതായി തിരിച്ചറിയേണ്ട ആൾ.
ഇഷ്യൂ ചെയ്യുന്ന സംസ്ഥാനമോ ഓർഗനൈസേഷനോ പേരിന്റെ ഏത് ഭാഗമാണ് ഒന്നാമതായി തിരിച്ചറിയേണ്ട ആൾ എന്ന് സ്ഥാപിക്കും. ഇത് കുടുംബപ്പേര്, വിവാഹിതനാമം, പ്രധാന പേര്, കുടുംബപ്പേര്, ചില സന്ദർഭങ്ങളിൽ ഇത് ഉടമയുടെ രണ്ട് ഭാഗങ്ങളായി വിഭജിക്കാൻ കഴിയാത്ത മുഴുവൻ പേരും ആകാം.’
ഇത് നൽകപ്പെട്ടിരിക്കുന്ന ഫീൽഡിൽ എഴുതണം. പേരിനായി ഒരൊറ്റ ഫീൽഡ് ഉപയോഗിക്കുന്നുവെങ്കിൽ, രണ്ടാമതായി തിരിച്ചറിയേണ്ട ആളെ ഒന്നാമതായി തിരിച്ചറിയുന്ന ആളിൽ നിന്ന് കോമ (,) കൊണ്ട് വേർതിരിക്കണമെന്നും പറയുന്നു. ഒന്നിലധികം ഫീൽഡുകൾ ഉപയോഗിച്ചാൽ കോമ ആവശ്യമില്ല.
രാജ്യാന്തര വ്യോമഗതാഗതത്തിലെ സുരക്ഷയും വളർച്ചയും ഉറപ്പാക്കുന്നതിന്, അന്താരാഷ്ട്ര എയർ നാവിഗേഷന്റെ തത്വങ്ങളും സാങ്കേതിക വിദ്യകളും ഏകോപിപ്പിക്കുന്ന ഒരു ഐക്യരാഷ്ട്ര ഏജൻസിയാണ് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ.
പാസ്പോർട്ടിലെ പേര് ?
ഇന്ത്യൻ പാസ്പോർട്ടിൽ സർ നെയിം, ഗിവൺ നെയിം എന്നിങ്ങനെയാകും രേഖപ്പെടുത്തിയിട്ടുണ്ടാകുക. സർനെയിം ആണ് ആദ്യം വരുന്നത്. ഇത് അപേക്ഷകന്റെ അച്ഛന്റെ പേരോ, കുടുംബത്തിന്റെ പേരോ ആകാം.
അല്ലെങ്കിൽ അപേക്ഷകന്റെ പേരിന്റെ രണ്ടാം ഭാഗമാകാം. ഗിവൺ നെയിമിലാണ് നിങ്ങളുടെ പേര് രേഖപ്പെടുത്തുന്നത്. സർനെയിം കോളം/ഫീൽഡ് കാലിയായി കിടക്കുന്നവരാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്.
റെസിഡന്റ് വിസകൾക്ക് ബാധകമാണോ?
റെസിഡന്റ് വിസയിലെത്തുന്നവര്‍ക്ക് നിയമം തൽക്കാലം ബാധകമല്ല. എന്നാൽ അവരും അത് പിന്നീട് മാറ്റേണ്ടതുണ്ട്. യുഎഇ താമസമാക്കിയവർക്ക് പാസ്പോർട്ടിലെ പേര് മാറ്റാനായി അവിടുത്തെ ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ടാൽ മതി. പാസ്പോർട്ടിൽ പേര് മാറ്റിയാൽ റെസിഡന്റ് വിസയിൽ മാറ്റം വരുത്താനാകും.
പേര് മാറ്റുന്നതെങ്ങനെ ?
പാസ്പോർട്ടിൽ പേര് മാറ്റാനായി പാസ്പോർട്ട് ഓഫിസിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഒന്നായി കിടക്കുന്ന പേര് രണ്ടാക്കാൻ ആണെങ്കിലും അപേക്ഷ നൽകണം. ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈൻ ഫോമിൽ പാസ്പോർട്ടിന്റെ റിഇഷ്യുവിനായി അപേക്ഷിക്കുക.
പാസ്പോർട്ട് അപേക്ഷ സ്വീകരിച്ചശേഷം, പുതിയതായി പാസ്പോർട്ട് എടുക്കുമ്പോൾ ഉള്ള അതേ നടപടിക്രമങ്ങൾ ആരംഭിക്കും. അതിനുശേഷം അപേക്ഷകന്റെ പഴയ പാസ്പോർട്ട് കാൻസൽ ചെയ്ത് പുതിയവ അനുവദിക്കും.
ഇതിനായി എത്ര സമയമെടുക്കും ?
സാധാരണഗതിയിൽ പാസ്പോർട്ടിനായി അപേക്ഷിച്ചാൽ 1-2 ആഴ്ചകൾക്ക് ഉള്ളിൽതന്നെ അനുവദിച്ച് കിട്ടും. പോലീസ് വെരിഫിക്കേഷൻ ആവശ്യമുള്ള കേസുകളിൽ, അവിടെ നിന്ന് റിപ്പോർട്ട് വരുന്നതിന്റെ കാലതാമസം ഉണ്ടാകും. ആവശ്യമായ രേഖകളുടെ അഭാവത്തിലാണ് റിപ്പോർട്ട് വൈകാൻ സാധ്യതയുള്ളത്.
ഒറ്റപേരുകാരുടെ പേര് മാറ്റം എങ്ങനെ?
ജനന സർട്ടിഫിക്കറ്റിലും മറ്റു രേഖകളിലും ഒറ്റ പേരാണ് ഉള്ളതെങ്കിൽ പേര് മാറ്റുന്നതിന്റെ നടപടിക്രമങ്ങൾ നടത്തണം. പാസ്പോർട്ടിൽ പേര് മാറ്റാനായി രണ്ട് ഔദ്യോഗിക രേഖകളാണ് വേണ്ടത്. ആധാർ, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ ഉപയോഗിക്കാം. ഇവയുടെ ഫോട്ടോകോപ്പിയും പേര് മാറ്റുന്ന സംബന്ധിച്ച് നൽകിയ അറിയിപ്പും അത് പ്രസിദ്ധീകരിച്ച പത്രറിപ്പോർട്ടുകളുടെ കട്ടിങ്ങും ഒപ്പം നൽകണം.