സാമ്പത്തിക വർഷത്തിലെ ആദ്യപാദ കണക്കുകൾ പുറത്തുവന്നപ്പോൾ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 23.9 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണാണ് സമ്പദ്‌വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കിയത്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ സാമ്പത്തിക വർഷത്തിന്റെ വരും പാദങ്ങളിലും നിലയിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നത്. എന്നാൽ അൺലോക്ക് പ്രക്രിയ നാലാം ഘട്ടത്തിലേക്ക് കടന്നത് ശുഭസൂചനയാണെന്നും വിലയിരുത്തപ്പെടുന്നു.

മുഴുവൻ സാമ്പത്തിക വർഷത്തെയും വളർച്ചാ നിരക്ക് 6.4 ശതമാനമായിരിക്കുമെന്ന് കെയർ റേറ്റിങ്സിലെ മുഖ്യ സാമ്പത്തിക വിദഗ്ധൻ മദൻ സബ്നാവിസ് അഭിപ്രായപ്പെട്ടു. ആദ്യ രണ്ട് പാദങ്ങളിലും വളർച്ചാ നിരക്ക് താഴേക്കു പോയെങ്കിലും മൂന്നാം പദത്തോടെ ഉയരുമെന്നും അവസാന പാദത്തിൽ ഭേദപ്പെട്ട നിലയിലെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Also Read: Explained: മാസ്‌കില്ലെങ്കിൽ സ്വന്തം കാറിലാണെങ്കിലും പിഴ, എന്തുകൊണ്ട്?

എന്നാൽ സാമ്പത്തിക വളർച്ചയുടെ അഥവാ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി നിർണയിക്കാൻ പോകുന്നത് പ്രധാനമായും രണ്ട് അടിസ്ഥാന ഘടകങ്ങളാണ്. ഒന്ന് ‘അൺലോക്കിങ്’ ആണെങ്കിൽ രണ്ടാമത്തേത് സർക്കാരിൽ നിന്നുള്ള നരുജ്ജീവന പാക്കേജിന്റെ സാധ്യതയാണ്.

സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ രാജ്യം ഒന്നടങ്കം ലോക്ക്ഡൗണിലായിരുന്നു. മേയ്, ജൂൺ മാസങ്ങളിലും ഇത് തുടർന്നതാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്കക്ക് തിരിച്ചടിയായത്. ഇതേ മാസങ്ങളിൽ അൺലോക്ക് പ്രക്രിയ ആരംഭിച്ചത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ചലനമുണ്ടാക്കി. സെപ്റ്റംബറിലേക്ക് എത്തുമ്പോൾ ഇന്ത്യ അൺലോക്ക് പ്രക്രിയയുടെ നാലാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. വ്യാവസായിക ഉൽപ്പാദന സൂചിക (ഐ‌ഐ‌പി) പോലുള്ള സ്ഥൂല സാമ്പത്തിക കണക്കുകളിൽ ഇതിന്റെ മാറ്റം വ്യക്തമായിരുന്നു.

Also Read: ഒരൊറ്റ വോട്ടര്‍ പട്ടിക: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിന്റെ ചവിട്ടുപടിയോ?

എന്നാൽ അൺലോക്ക് പ്രക്രിയ പൂർണമായും സാമ്പത്തിക മേഖലയ്ക്ക് ഗുണകരമാകുമെന്ന് കരുതാൻ സാധിക്കില്ല. രാജ്യത്താകമാനം ഇളവുകൾ നിലവിൽ വരുമെങ്കിലും കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഹോട്ട്സ്‌പോട്ടുകളിലും കണ്ടെയ്ന്മെന്റ് സോണുകളിലും നിയന്ത്രണങ്ങൾ തുടരും. ഈ മേഖലകളിലെ അടച്ചിടൽ അടക്കമുള്ള കാര്യങ്ങൾ തിരിച്ചടിയാണ്.

“കേന്ദ്ര സർക്കാർ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഉചിതമായ സമയത്ത് വേണ്ട തീരുമാനങ്ങളെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സാധിക്കും. ഇത് രാജ്യത്തൊട്ടാകെയുള്ള വിതരണ ശൃംഖലകളെ സാരമായി ബാധിക്കുന്നതിനാൽ സാമ്പത്തിക പ്രവർത്തനങ്ങളെയും ബാധിക്കും. പലർക്കും ബിസിനസ് ആരംഭിക്കുന്നതിലും വിപുലികരിക്കുന്നതിലും വിശ്വാസമില്ല,” മദൻ എഴുതുന്നു.

വരും മാസങ്ങളിൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ സാധ്യതകളിൽ ഒരു പങ്ക് വഹിക്കുന്ന രണ്ടാമത്തെ ഘടകം സർക്കാരിൽ നിന്നുള്ള ഒരു പുനരുജ്ജീവന പാക്കേജിന്റെ സാധ്യതയാണ്. ഇത് വളർച്ചാ പാതയുടെ ഗതി നിർണയിക്കുന്നതാകുമെന്ന് സബ്‌നിവാസ് പറയുന്നു.

ദരിദ്രർക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതുപോലെ ഇതുവരെ, സർക്കാരിൽ നിന്നുള്ള പിന്തുണ പരോക്ഷമായ വഴിയിലൂടെയാണ് ലഭിച്ചത്. “നിലവിൽ വളർച്ച ഉയർത്താൻ, ബജറ്റിൽ നൽകിയിട്ടുള്ളതിലും അപ്പുറത്തുള്ള ചില അധിക മൂലധനച്ചെലവുകൾ സർക്കാർ നടത്തണം.” സബ്‌നിവാസ് വ്യക്തമാക്കി.

ആദ്യ പാദത്തിലെ ജിഡിപി സംഖ്യ ഉപഭോഗത്തിലും നിക്ഷേപത്തിലും കുറവുണ്ടായതിനാൽ ഇത് യുക്തിസഹമായ പരിഹാരമാണെന്ന് തോന്നുന്നു. മൂലധനച്ചെലവ് വർധിപ്പിക്കുന്നതിലൂടെ, സർക്കാരിന് സ്വത്തുക്കൾ സൃഷ്ടിക്കാനും തൊഴിൽ നൽകാനും സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook