‘ആധികാരികമാവുക ശ്രദ്ധിക്കപ്പെടുന്നതാവുക സജീവമായിരിക്കുക’ എന്നിവയാണ് ട്വിറ്റർ അക്കൗണ്ടിൽ നീല നിറമുള്ള ടിക്ക് ലഭിക്കുന്നതിനുള്ള അഥവാ വെരിഫിക്കേഷൻ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളായിരുന്നത്. 2017 നവംബറിൽ ഈ വെരിഫിക്കേഷൻ ഫീച്ചർ ട്വിറ്റർ എടുത്തു കളഞ്ഞിരുന്നു. എന്നാൽ ഈ ഫീച്ചർ 2021 ജനുവരി 22 മുതൽ ട്വിറ്റർ പുനരാരംഭിക്കുകയാണ്.

എന്തുകൊണ്ടാണ് ട്വിറ്റർ വെരിഫിക്കേഷൻ നിർത്തിയത്?

2017 നവംബർ 16 നാണ് ട്വിറ്റർ വെരിഫിക്കേഷൻ നിർത്തിയത്. നീല ബാഡ്ജ് അവർക്ക് പ്രശ്‌നമുണ്ടാക്കി എന്ന് ട്വിറ്റർ പ്രസ്താവനയും ഇറക്കിയിരുന്നു. ഇത്തരത്തിൽ നീല ബാഡ്ജ് ലഭിക്കുന്നത് ചില വ്യക്തികൾക്ക് ട്വിറ്റർ നൽകുന്ന അംഗീകാരം എന്ന നിലയിലാണ് പലരും കണ്ടത്. എന്നാൽ അത് ശരിക്കും അങ്ങനെയല്ലായിരുന്നു. ഇത്തരത്തിൽ വ്യാപകമായി തെറ്റിധാരണ വന്നത് ട്വിറ്ററിനെ പ്രശ്നത്തിലാക്കുകയായിരുന്നു.

ഉപയോക്താക്കളെ പരിശോധിക്കുന്നതിനുള്ള പുതിയ പ്രക്രിയ എന്താണ്?

വെരിഫിക്കേഷന് വേണ്ടി വെബിലും അപ്ലിക്കേഷനിലും ലഭ്യമായ ഒരു പുതിയ പ്രൊസസ് ട്വിറ്റർ ആരംഭിക്കും. വെരിഫിക്കേഷൻ ലഭിക്കാൻ ഉപഭോക്താക്കൾക്ക് സ്വയം അപേക്ഷിക്കാൻ കഴിയും. വെരിഫിക്കേഷൻ ലഭിക്കാൻ ഒരു വിഭാഗം തിരഞ്ഞെടുക്കേണ്ടതുണ്ട്. ചില ലിങ്കുകളും മറ്റും പങ്കുവയ്ക്കേണ്ടിയും വരും.

പുതിയ നയത്തിന്റെ ഭാഗമായി, ട്വിറ്റർ “നിഷ്‌ക്രിയവും അപൂർണ്ണവുമായ അക്കൗണ്ടുകളിൽ നിന്ന് വെരിഫിക്കേഷൻ ബാഡ്ജ് നീക്കംചെയ്യാൻ ആരംഭിക്കും,” എന്ന് കമ്പനിയിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഒരു അക്കൗണ്ട് ആധികാരികമാണെന്ന് ട്വിറ്റർ എങ്ങനെ തീരുമാനിക്കും?

“നൽകിയ അക്കൗണ്ടിന്റെ ഫോളോവർമാരുടെ എണ്ണം ഇടപഴകലുകൾ തുടങ്ങിയവയുടെ എണ്ണവും അത് സംബന്ധിച്ച ആധികാരികതയും വിലയിരുത്തും” എന്ന് ട്വിറ്റർ പറയുന്നു. സജീവമായിരിക്കുന്ന അക്കൗണ്ടുകളായിരിക്കണം ഇവയെന്നും ട്വിറ്റർ പറയുന്നു.

അക്കൗണ്ട് സജീവമായിരിക്കുക എന്നാൽ?

ഒരു അക്കൗണ്ട് സജീവവും പൂർ‌ണ്ണവുമായി പരിഗണിക്കുന്നതിന്, ഉപയോക്താവിന് ഒരു പ്രൊഫൈൽ‌ നാമം, ഒരു പ്രൊഫൈൽ‌ ഇമേജ് എന്നത് ഉണ്ടായിരിക്കണം. ഹെഡർ ഇമേജ് വേണമെന്ന പഴയ മാനദണ്ഡം ഇപ്പോൾ ഇല്ലാതാക്കിയിട്ടുണ്ട്.

സ്ഥിരീകരണത്തിന് യോഗ്യത നേടുന്നതിന് ഒരു ഉപയോക്താവ് ആക്ടീവ് യൂസറാവണം. അതിനായി കഴിഞ്ഞ ആറ് മാസത്തിനിടെ യൂസർ അവരുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്തിരിക്കണം. സ്ഥിരീകരിച്ച ഇമെയിൽ വിലാസം അല്ലെങ്കിൽ ഫോൺ നമ്പർ അക്കൗണ്ടുമായി ബന്ധപ്പിച്ചിരിക്കണം.

ആറ് മാസത്തിനിടെ ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിന് 12 മണിക്കൂറോ അല്ലെങ്കിൽ 7 ദിവസമോ ബ്ലോക്ക് ചെയ്യപ്പെട്ടവർക്ക് ബ്ലൂടിക്ക് വെരിഫിക്കേഷൻ നൽകില്ല എന്നും ട്വിറ്റർ വ്യക്തമാക്കിയിട്ടുണ്ട്.

പ്രശസ്തരല്ലാത്തവരുടെ അക്കൗണ്ടിന് വെരിഫിക്കേഷൻ കിട്ടുമോ?

ശ്രദ്ധിക്കപ്പെടുന്ന ഒരാളുടെ അക്കൗണ്ടിനാണ് വെരിഫിക്കേഷൻ നൽകുക എന്ന് ട്വിറ്റർ വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങൾക്ക് ട്വിറ്ററിൽ കാര്യമായ ഫോളോവർമാരില്ലെങ്കിൽ നിങ്ങൾക്ക് ബ്ലൂടിക്ക് വെരിഫിക്കേഷൻ ലഭിക്കില്ല. നിങ്ങൾ ഏതെങ്കിലും മേഖലയിൽ അറിയപ്പെടുന്നയാളോ വൈദഗ്ധ്യമുള്ളയാളോ ആണെങ്കിൽ വെരിഫിക്കേഷൻ ലഭിക്കാൻ നിങ്ങൾ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

ഏത് വിഭാഗത്തിലുള്ള ഉപയോക്താക്കളെയാണ് വെരിഫൈ ചെയ്യുക?

  • രാഷ്ട്ര ഭരണാധികാരികൾ, ജനപ്രതിനിധികൾ, മന്ത്രിമാർ എന്നിവരുൾപ്പെടെ സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർ.
  • അറിയപ്പെടുന്ന കമ്പനികൾ, ബ്രാൻഡുകൾ, സംഘടനകൾ
  • മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും
  • വിനോദ വ്യവസായ രംഗത്തുള്ളവർ
  • കായിക രംഗത്തുള്ളവർ
  • ആക്ടിവിസ്റ്റുകൾ, സംഘടനാ നേതാക്കൾ, സ്വാധീനമുള്ള മറ്റ് വ്യക്തികൾ

“അക്കാദമിക് രംഗത്തുള്ളവർ, ശാസ്ത്രജ്ഞർ, മതനേതാക്കൾ എന്നിവരുൾപ്പെടെയുള്ളവരെ വെരിഫൈ ചെയ്യുന്ന വിഭാഗങ്ങളിൽ ചേർക്കുന്നതിന് ധാരാളം നിർദ്ദേശങ്ങൾ ലഭിച്ചു” എന്നും ഈ കാര്യത്തിൽ പരിശോധിച്ച് തീരുമാനമെടുക്കും എന്നും ട്വിറ്റർ പ്രതിനിധികൾ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

ഇപ്പോൾ, ഈ വ്യക്തികളെ “ആക്ടിവിസ്റ്റുകൾ, സംഘാടനാ നേതാക്കൾ, മറ്റ് സ്വാധീനമുള്ള വ്യക്തികൾ” എന്ന വിഭാഗത്തിന് കീഴിൽ പെടുത്താമെന്നും ട്വിറ്റർസൂചിപ്പിക്കുന്നു.

മാധ്യമപ്രവർത്തകർക്ക് ബ്ലൂടിക്ക് ലഭിക്കുന്നത്

അറിയപ്പെടുന്ന സ്ഥാ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് എല്ലായ്പ്പോഴും വലിയ ഫോളോവേഴ്‌സ് ഇല്ലെങ്കിലും ബ്ലൂ ടിക്ക് വേഗത്തിൽ ലഭിക്കും.

“യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിക്കുന്ന മാധ്യമ സ്ഥാപനങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളും അവിടെ‌ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ വ്യക്തിഗത പബ്ലിക്ക് അക്കൗണ്ടുകളും വെരിഫൈ ചെയ്യും,” എന്ന് ട്വിറ്റർ പറയുന്നു.

സ്വാധീനമുള്ള മറ്റു വ്യക്തികൾക്ക് ബ്ലൂടിക്ക് ലഭിക്കുന്നത്

ഇൻഫ്ലൂവൻസർമാർ എന്ന നിലയിൽ വെരിഫൈ ചെയ്യാൻ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.

“ഒരോ കാര്യങ്ങളിൽ അവബോധം കൊണ്ടുവരുന്നതിനും വിവരങ്ങൾ പങ്കിടുന്നതിനും കമ്മ്യൂണിറ്റി അംഗങ്ങളെ സ്വാധീനിക്കുന്നതിനുമോ സാമൂഹിക സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക മാറ്റം വരുത്തുന്നതിനോ അല്ലെങ്കിൽ സമൂഹത്തെ വളർത്തിയെടുക്കുന്നതിനോ ട്വിറ്റർ ഫലപ്രദമായി ഉപയോഗിക്കുന്ന ആളുകള” നയമനുസരിച്ച് വെരിഫൈ ചെയ്യാം എന്ന് ട്വിറ്റർ വ്യക്തമാക്കുന്നത്.

എന്നാൽ ഈ ആളുകൾ അപേക്ഷിക്കുന്നതിന് കുറഞ്ഞത് ആറുമാസം മുമ്പ് മുതലെങ്കിലും ട്വിറ്റർ സ്ഥിരമായി ഉപയോഗിക്കേണ്ടതാണ്. അവർ ട്വിറ്റർ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ട്വിറ്റർ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഉള്ളടക്കങ്ങൾ പങ്കുവയ്കുകയാണെങ്കിൽ ഇതിനുള്ള യോഗ്യത നഷ്ടപ്പെടുകയും ചെയ്യും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook