രാജ്യതലസ്ഥാനത്ത് പൊലീസും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷം അസാധാരണ സംഭവങ്ങളിലേക്ക് വഴിമാറിയിരിക്കുകയാണ്. പൊലീസുകാര്‍ യുണിഫോമില്‍ തന്നെ സമരമുഖത്തേക്ക് ഇറങ്ങിയതും പൊലീസ് ആസ്ഥാനത്ത് മെഴുകുതിരി കത്തിച്ച് പ്രതിഷേധം അറിയിച്ചതുമെല്ലാം ചരിത്രത്തില്‍ തന്നെ അപൂര്‍വമായ സംഭവമാണ്. ശനിയാഴ്ച തിസ് ഹസാരി കോടതി വളപ്പില്‍ പൊലീസും അഭിഭാഷകരും തമ്മിലുണ്ടായ വാക് തര്‍ക്കമാണ് ഇന്ന് പ്രതിഷേധത്തിലെത്തിനില്‍ക്കുന്നത്.

ഡല്‍ഹി പൊലീസ് കമ്മിഷ്ണര്‍ അമുല്യ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സംഭവവുമായി ബന്ധപ്പെട്ട് 11 പൊലീസുകാരുടെയും ആറ് അഭിഭാഷകരുടെയും മൊഴിയെടുത്തിരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റവരാണ് ഇവര്‍. എന്താണ് നടന്നതെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു മൊഴിയെടുക്കല്‍.

”21 പൊലീസുകാരും ആറ് അഭിഭാഷകരുമാണ് സംഘര്‍ഷത്തിലുണ്ടായിരുന്നത്. 11 പൊലീസുകാരുടെ മൊഴിയെടുത്തു”അന്വേഷണത്തിന് മുന്നോടിയായി മുതിര്‍ന്ന പൊലീസുകാരിലൊരാള്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കുശേഷം, അന്വേഷണസംഘത്തിലെ ഡിസിപി ജോയ് തിര്‍ക്കെയും സംഭവസമയത്ത് തിസ് ഹസാരി കോടതിയിലുണ്ടായിരുന്ന ഡിസിപി മോണിക്ക ഭരദ്വാജും കൂടിക്കാഴ്ച നടത്തിയിരുന്നു.

ശനിയാഴ്ച നടന്നത്

ഒരു ഓഫീസര്‍ പറയുന്നത് പ്രകാരം, ഉച്ചയ്ക്ക് 1.53 ഓടെ, കോടതിയ്ക്ക് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ പ്രദീപ് കുമാര്‍ അവിടെ പാര്‍ക്ക് ചെയ്ത ജീപ്പ് മാറ്റാന്‍ അഭിഭാഷകനായ സാഗര്‍ ശര്‍മയോട് ആവശ്യപ്പെട്ടു.

” ഒരു സുഹൃത്തിന്റെ വാദം കേള്‍ക്കാനായി ഞാനും സാഗറും മറ്റൊരു സുഹൃത്തും ജീപ്പില്‍ നിന്നുമിറങ്ങി വരികയായിരുന്നു. കുമാര്‍ ഞങ്ങളോട് വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടു. ഞങ്ങളുടെ പാര്‍ക്കിങ് സ്റ്റാഫ് മാറ്റുമെന്ന് അദ്ദേഹത്തോട് ഞങ്ങള്‍ പറഞ്ഞു. അഞ്ച് മിനുറ്റേ വേണ്ടുവെന്നും പറഞ്ഞു. ഞങ്ങളുടെ ഫോണ്‍ കയ്യില്‍ വച്ച കൊള്ളാനും പറഞ്ഞുവെങ്കിലും ഞങ്ങളെ പോകാന്‍ അദ്ദേഹം അനുവദിച്ചില്ല” സാഗറിനൊപ്പമുണ്ടായിരുന്ന ലളിത് ശര്‍മ പറഞ്ഞു.

മറ്റൊരു ഓഫീസര്‍ പറയുന്നത് പ്രകാരം, കുമാര്‍ തന്റെ മൊഴിയില്‍ പറയുന്നത് ഇങ്ങനെയാണ്. ”സംസാരം പെട്ടെന്നു തന്നെ തര്‍ക്കമായി മാറി. സാഗര്‍ എന്നെ മര്‍ദിക്കാന്‍ ശ്രമിച്ചു. പക്ഷെ എന്റെ സഹപ്രവര്‍ത്തകരാല്‍ അവന്‍ കീഴടക്കപ്പെട്ടു. അവനെ അവര്‍ ലോക്കപ്പിലേക്ക് കൊണ്ടുപോയി. അവിടെയായിരുന്നു എസിപി ഉണ്ടായിരുന്നത്. അദ്ദേഹം വന്ന് പ്രശ്‌നം പരിഹരിച്ചു. സാഗര്‍ ലോക്കപ്പില്‍നിന്നു പുറത്തിറങ്ങി”. ഓഫീസര്‍ പറയുന്നത്, പിന്നാലെ സാഗറിനെ ലോക്കപ്പിലിട്ട പൊലീസുകാര്‍ക്കായി അഭിഭാഷകര്‍ ബഹളം വയ്ക്കാന്‍ ആരംഭിച്ചുവെന്നാണ്.

അന്വേഷണത്തില്‍നിന്നു മനസിലായത് തിസ് ഹസാരി പൊലീസ് പോസ്റ്റിന്റെ ചുമതലയുണ്ടായിരുന്നു ഓഫീസറോട് പ്രശ്‌നം പരിഹരിക്കാന്‍ പറഞ്ഞ ശേഷം എസിപി അവിടെ നിന്നും പോയെന്നാണ്. ഇതിനായി അദ്ദേഹം ശ്രമിക്കുന്നതിനിടെ അഭിഭാഷകര്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് ഒരു ഓഫീസര്‍ പറയുന്നത്. പിന്നാലെ എഡിജിപി ഹരീന്ദര്‍ സിങ് സ്ഥലത്തെത്തി. ഗേറ്റ് നമ്പര്‍ രണ്ടിലൂടെയായിരുന്നു അദ്ദേഹം വന്നത്. ഒപ്പം കുറച്ച് പൊലീസുകാരുമുണ്ടായിരുന്നു. എന്നാല്‍ ചില അഭിഭാഷകര്‍ അദ്ദേഹത്തെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും ചിലര്‍ സ്റ്റേഷനിലേക്ക് കടന്ന് ആക്രമിച്ചെന്നും മറ്റൊരു പൊലീസുകാരന്‍ പറയുന്നു.

സിസി ടിവി ദൃശ്യങ്ങള്‍ പ്രകാരം, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ റിവോള്‍വര്‍ ഉപയോഗിച്ച് ഗേറ്റിന് നേരെ രണ്ട് റൗണ്ട് വെടിവയ്ക്കുകയായിരുന്നു. ഇതില്‍ ഒരു അഭിഭാഷകന് വെടിയേറ്റു. രക്ഷപ്പെടാനായി ഹരീന്ദര്‍ സിങ് കുറച്ച് പൊലീസുകാര്‍ക്കൊപ്പം സ്വയം ലോക്കപ്പിനുള്ളില്‍ കയറി കുറ്റിയിട്ടു. വെടിവച്ചതോടെ അഭിഭാഷകര്‍ രോക്ഷാകുലരായി. അവര്‍ കല്ലെറിയാന്‍ ആരംഭിച്ചു. മൂന്ന് ബൈക്കുകള്‍ക്ക് തീയിട്ടു. മേഖലയിലെങ്ങും തീയും പുകയും പടര്‍ന്നുവെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറയുന്നു. വൈകിട്ട് 5.25 ഓടെ കൂടുതല്‍ പൊലീസുകാര്‍ എത്തുകയും ലാത്തി വീശുകയും ചെയ്തതോടെയാണ് അകത്തുകുടുങ്ങിയ പൊലീസുകാരെ രക്ഷിക്കുന്നത്.

പൊലീസുകാര്‍ ആവശ്യപ്പെടുന്നത്

പൊലീസുകാര്‍ക്ക് എതിരായ ഹൈക്കോടതി ഉത്തരവിനെതിരെ പൊലീസ് മേധാവി അപ്പീല്‍ നല്‍കണം.

സ്‌പെഷല്‍ സിപി സഞ്ജയ് സിങ്, എഡിജിപി ഹരീന്ദര്‍ സിങ് എന്നിവരെ തിരിച്ചെടുക്കണം.

പൊലീസുകാര്‍ക്കെതിരായ എല്ലാ എഫ്‌ഐആറും റദ്ദാക്കണം.

സാകേത് കോടതിയിലെ സിസിടിവി ദൃശ്യങ്ങള്‍ അഭിഭാഷകരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ഉപയോഗിക്കണം.

താഴ്ന്ന ഉദ്യോഗസ്ഥര്‍ക്കും പോലീസ് പരിഹാര ഫോറം ഉണ്ടാക്കണം.

കോടതി ഇടപെടല്‍

തിസ് ഹസാരി, സാകേത് കോടതികളില്‍ പോലീസും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി. അഭിഭാഷകര്‍ക്കെതിരെ ഒരു നടപടിയും പാടില്ലെന്ന് കോടതി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത നടപടി കോടതി ശരിവച്ചു. സംഘര്‍ഷം സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണം തുടരാനും കോടതി നിര്‍ദേശിച്ചു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പുന:പ്പരിശോധന ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്. സംഭവത്തിന് ഉത്തരവാദികളായ പോലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്നും അഭിഭാഷകര്‍ക്കെതിരെ നടപടി പാടില്ലെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്. ഇക്കാര്യങ്ങളില്‍ പുനപ്പരിശോധന നടത്തണമെന്ന ഹര്‍ജിയിലെ ആവശ്യം കോടതി തള്ളി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook