ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത് ഏത് രാജ്യത്തു നിന്നാണ്? ഒറ്റച്ചിന്തയില്‍ എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുക അമേരിക്ക എന്നായിരിക്കും. എന്നാല്‍, അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളേക്കാള്‍ കൂടുതല്‍ പേരാണ് അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. 2016 മുതല്‍ 2018 വരെയുള്ള മൂന്ന് വര്‍ഷങ്ങളിലെ കണക്കനുസരിച്ചാണ് ഇത്. ടൂറിസം മന്ത്രാലയം പാര്‍ലമെന്റിലാണ് ഈ കണക്ക് അവതരിപ്പിച്ചത്. ബംഗ്ലാദേശ് കഴിഞ്ഞാൽ യുഎസ്, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത്.
2016 ല്‍ ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലേക്ക് എത്തിയ സഞ്ചാരികളുടെ എണ്ണം 12,80,409 ആണ്. 2017 ലേക്ക് എത്തിയപ്പോള്‍ ഇത് 21,56,557 ലേക്ക് എത്തി. 2018 ല്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. 22,56,675 പേരാണ് ബംഗ്ലാദേശില്‍നിന്ന് 2018 ല്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തിയത്.
Read Also: പാക്കിസ്ഥാനിൽ ആസാദി മാർച്ച്; ഇമ്രാൻ ഖാൻ രാജിവയ്ക്കണമെന്ന് ആവശ്യം
2018 ല്‍ യുഎസില്‍നിന്ന് 14,56,678 പേര് ഇന്ത്യ സന്ദര്‍ശിച്ചു. 10,29,757 പേരാണ് യുകെയില്‍ നിന്ന് 2018 ല്‍ ഇന്ത്യ സന്ദര്‍ശിച്ചത്.
അതേസമയം, പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2018 ല്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ സഞ്ചാരികളുടെ എണ്ണം 41,659 ആണ്. 2016 ല്‍ 1,04,720 പേര് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയിരുന്നു. 2017 ല്‍ ഇത് 44,266 ആയി കുറഞ്ഞിരുന്നു.
ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയം തമിഴ്നാടിനോടാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2018 ല്‍ തമിഴ്നാട്ടിലെത്തിയ സഞ്ചാരികളുടെ എണ്ണം 60,74,345 ആണ്. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയാണുള്ളത്. ഉത്തര്‍പ്രദേശാണ് മൂന്നാം സ്ഥാനത്ത്.