ഡസൽഡോർഫ് പേഷ്യന്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ജർമനിയിൽനിന്നുള്ള അൻപത്തിമൂന്നുകാരൻ എച്ച് ഐ വി ഭേദമായ മൂന്നാമത്തെയാളായി മാറിയിരിക്കുകയാണ്. മരുന്ന് നിർത്തി നാലു വർഷം കഴിഞ്ഞിട്ടും ശരീരത്തിൽ വൈറസ് കണ്ടെത്താനാൻ കഴിഞ്ഞില്ല. പ്രത്യേക എച്ച് ഐ വി പ്രതിരോധശേഷിയുള്ള ജനിതക വ്യതിയാനം വഹിക്കുന്നവരിൽനിന്നുള്ള മജ്ജ മാറ്റിവയ്ക്കല്ലിലൂടെയാണ് ഇതു സാധ്യമായത്. എന്താണ് ഈ ജനിതകമാറ്റം, ഇതിന് എച്ച് ഐ വിയെ ഇല്ലാതാക്കാൻ കഴിയുമോ?
എച്ച് ഐ വി മുക്തരായവർ ആരൊക്ക?
ബെർലിൻ പേഷ്യന്റ് എന്ന് വിളിക്കപ്പെടുന്ന തിമോത്തി റേ ബ്രൗണാണ് എച്ച് ഐ വി ഭേദമായ ആദ്യ വ്യക്തി. രക്താർബുദത്തെ ചികിത്സയുടെ ഭാഗമായി 2007 ലും 2008 ലും രണ്ടു സ്റ്റെം സെൽ ട്രാൻസ്പ്ലാൻറുകൾക്കു വിധേയനായതിനുശേഷമാണു തിമോത്തി എച്ച് ഐ വിയെ തോൽപ്പിച്ചത്. എച്ച് ഐ വി ബാധിതനായയതിനാൽ സിസിആർ 5-ഡെൽറ്റ 32 ജനിതക വ്യതിയാനത്തിന്റെ (വാഹകരെ എച്ച് ഐ വിയിൽനിന്നു പ്രതിരോധിക്കാൻ കഴിയുന്ന വ്യതിയാനം) രണ്ടു പകർപ്പുകൾ വഹിക്കുന്ന ഒരു ദാതാവിനെയാണ് അദ്ദേഹത്തിന്റെ ഡോക്ടർമാർ തിരഞ്ഞെടുത്തത്. 2020-ൽ കാൻസർ ബാധിച്ച് മരിക്കുന്നതുവരെ അദ്ദേഹം എച്ച് ഐ വി രഹിതനായിരുന്നു.
വർഷങ്ങൾക്കു ശേഷം, 2019ൽ ഗവേഷകർ ലണ്ടൻ പേഷ്യന്റായ ആദം കാസ്റ്റില്ലെജോയിൽ സമാനമായ ഫലങ്ങൾ കണ്ടതായി പറഞ്ഞു. ചികിത്സ ആദ്യമായി ആവർത്തിച്ചു. രക്താർബുദത്തിനുള്ള ട്രാൻസ്പ്ലാൻറിനു വിധേയനായ ഡസൽഡോർഫ് പേഷ്യന്റ് ശരീരത്തിലെ വൈറസിന്റെ അളവ് നിയന്ത്രിക്കുന്ന ആന്റി റിട്രോവൈറൽ കഴിക്കുന്നതു നിർത്തി നാലു വർഷത്തിനുശേഷം എച്ച് ഐ വി മുക്തനായി.
‘ദി സിറ്റി ഓഫ് ഹോപ് പേഷ്യന്റ്’,’ന്യൂയോർക്ക് പേഷ്യന്റ്’എന്നിങ്ങനെ മറ്റു രണ്ട് കേസുകളും 2022ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ന്യൂയോർക്ക് രോഗിയുടെ ട്രാൻസ്പ്ലാൻറ് ഒരു ഡ്യുവൽ സ്റ്റെം സെൽ തെറാപ്പി ഉപയോഗിച്ചാണു നടത്തിയത്. ഒരു നവജാത ശിശുവിന്റെ പൊക്കിൾക്കൊടിയിൽനിന്നുള്ള സ്റ്റെം സെല്ലുകളും പ്രായപൂർത്തിയായവരിൽനിന്നുള്ള സ്റ്റെം സെല്ലുകളും ഉപയോഗിച്ചാണ് ഇതു നടത്തിയത്. ഇതിനു കുറഞ്ഞതോതിൽ നിയന്ത്രിതമായ എച്ച് എൽ എ ആവശ്യമാണ്. വ്യത്യസ്‌ത വംശങ്ങളിൽ നിന്നുള്ള ആളുകളെ സി സി ആർ5-ഡെൽറ്റ 32 മ്യൂട്ടേഷൻ ഉപയോഗിച്ച് ട്രാൻസ്പ്ലാൻറ് ചെയ്യാൻ ഇത് സഹായിച്ചേക്കാമെന്നതിനാൽ ഇതു പ്രധാനമാണ്, സ്വാഭാവികമായും ഇത് യൂറോപ്യന്മാരിൽ കൂടുതലാണ്.
എന്താണ് സി സി ആർ5 മ്യൂട്ടേഷൻ? അത് എച്ച് ഐ വിയെ എങ്ങനെ ചെറുക്കുന്നു?
എച്ച് ഐ വി (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്) പ്രധാനമായും മനുഷ്യ ശരീരത്തിലെ സിഡി4 രോഗപ്രതിരോധ കോശങ്ങളെ ആക്രമിക്കുന്നു. അതുവഴി സെക്കൻഡറിയായി സംഭവിക്കുന്ന അണുബാധകളെ ചെറുക്കാനുള്ള ഒരു വ്യക്തിയുടെ കഴിവ് കുറയ്ക്കുന്നു. സിഡി4 രോഗപ്രതിരോധ കോശങ്ങളുടെ ഉപരിതലത്തിലുള്ള സിസിആർ5 റിസപ്റ്ററുകൾ എച്ച് ഐ വി വൈറസിന്റെ ഒരു വാതിലായി പ്രവർത്തിക്കുന്നു. എങ്കിലും, സി സി ആർ5-ഡെൽറ്റ 32 മ്യൂട്ടേഷൻ, എച്ച് ഐ വി വൈറസ് ഉപയോഗിക്കുന്ന ഈ റിസപ്റ്ററുകൾ ഉപരിതലത്തിൽ രൂപപ്പെടുന്നതിൽനിന്നു തടഞ്ഞ് ഫലപ്രദമായി ഈ മാർഗം നീക്കം ചെയ്യുന്നു.
ലോകത്തിലെ ഒരു ശതമാനം ആളുകൾ മാത്രമേ സി സി ആർ5-ഡെൽറ്റ 32 മ്യൂട്ടേഷന്റെ രണ്ടു പകർപ്പുകൾ വഹിക്കുന്നുള്ളൂ. അതവർക്കു മാതാപിതാക്കളിൽനിന്നു ലഭിക്കുന്നതാണ്. മറ്റൊരു 20 ശതമാനം ആളുകൾ മ്യൂട്ടേഷന്റെ ഒരു പകർപ്പ് വഹിക്കുന്നു, പ്രധാനമായും യൂറോപ്യൻ വംശജരുടേത്. മ്യൂട്ടേഷൻ ഉള്ളവർ അണുബാധയിൽനിന്ന് മിക്കവാറും പ്രതിരോധശേഷിയുള്ളവരാണെങ്കിലും ചില കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം ട്രാൻസ്പ്ലാൻറുകൾക്ക് എച്ച് ഐ വി പ്രതിസന്ധി പരിഹരിക്കാൻ കഴിയുമോ?
ലോകമെമ്പാടുമുള്ള വളരെ കുറച്ച് ആളുകളിലാണ് ഈ മ്യൂട്ടേഷനുള്ളത്. ഏകദേശം 38.4 ദശലക്ഷം ആളുകൾ എച്ച് ഐ വി ബാധിതരാണ്. അതിൽ ബാധിതർക്കു യോജിക്കുന്ന ദാതാവിനെ കണ്ടെത്തുന്നതു വളരെ ബുദ്ധിമുട്ടാണ്. മ്യൂട്ടേഷൻ പ്രധാനമായും കൊക്കേഷ്യ (യൂറോപ്യൻ ഒറിജിൻ ആളുകൾ) ക്കാർക്കിടയിലാണു സംഭവിക്കുന്നത്. പ്രത്യേകിച്ച് ഉയർന്ന എച്ച് ഐ വി ബാധിതരായ രാജ്യങ്ങളിൽനിന്നുള്ളവർക്കു ദാതാക്കളുടെ എണ്ണം കൂടുതൽ ചുരുങ്ങുന്നു.
ദാതാക്കൾ ലഭ്യമാകുകയാണെങ്കിൽപ്പോലും, എച്ച് ഐ വി ബാധിതരായ എല്ലാവർക്കും മജ്ജ മാറ്റിവയ്ക്കൽ നടത്താനുള്ള സാധ്യത വളരെ കുറവാണെന്നു വിദഗ്ധർ വിശ്വസിക്കുന്നു. കാരണം, ഇത് ഉയർന്ന അപകടസാധ്യതകളുള്ള പ്രധാന നടപടിക്രമമാണ്. പ്രത്യേകിച്ച് ദാനം ചെയ്ത മജ്ജ ശരീരം നിരസിക്കാനുള്ള സാധ്യതയുണ്ട് എന്നതിനാൽ. ഇത്തരക്കാരിൽ മറ്റു സംവിധാനങ്ങൾ വഴി വൈറസിനു ജനിതകമാറ്റം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്.
എന്തുകൊണ്ടാണ് ഈ ജീൻ എഡിറ്റ് ചെയ്ത ചൈനീസ് ഗവേഷകന് തിരിച്ചടി നേരിട്ടത്?
2018 ൽ ഹീ ജിയാൻക്വി എന്ന ചൈനീസ് ശാസ്ത്രജ്ഞൻ, ഇരട്ടകളായ ലുലുവിന്റെയും നാനയുടെയും ജീനോമുകൾ എഡിറ്റ് ചെയ്‌ത് എച്ച് ഐ വി ബാധിതരെ പ്രതിരോധിക്കുന്നതിനായി ഈ സി സി ആർ5 ജീൻ നീക്കം ചെയ്തു. അവരുടെ അച്ഛൻ എച്ച് ഐ വി ബാധിതനായിരുന്നു.
2018 ഒക്ടോബറിൽ ആദ്യത്തെ കുഞ്ഞുങ്ങൾ ജനിച്ച് ഒരു മാസത്തിനുശേഷം, ജനിതകമാറ്റം വരുത്തിയ ആദ്യത്തെ കുഞ്ഞുങ്ങളെ താൻ സൃഷ്ടിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹത്തിനു ശാസ്ത്ര സമൂഹത്തിൽനിന്നും നിയമ നടപടികളിൽനിന്നും ഉടനടി ശക്തമായ പ്രതികരണം നേരിടേണ്ടി വന്നു. കാരണം, ജനിതക എഡിറ്റിങ്ങിനായുള്ള മാർഗനിർദേശങ്ങൾ ജെം-ലൈൻ എഡിറ്റിങ്ങിനെ നിരോധിക്കുന്നു. ഒരു തലമുറയിൽനിന്ന് മറ്റൊന്നിലേക്കു കൈമാറാൻ കഴിയുന്ന ഒരു ജീനോം എഡിറ്റിങ്ങാണിത്. എഡിറ്റിങ് ടെക്നിക്കുകൾ കൃത്യമല്ലാത്തതിനാൽ അത്തരം അതിന്റെ ദീർഘകാല അനന്തരഫലങ്ങൾ അജ്ഞാതമാണ്. കൂടാതെ, ആന്റി റിട്രോവൈറൽ തെറാപ്പി അമ്മയിൽനിന്ന് കുട്ടിയിലേക്ക് എച്ച് ഐ വി പകരുന്നതു തടയാമായിരുന്നു.
എച്ച് ഐ വിക്കു നിലവിലുള്ള ചികിത്സകൾ എന്തൊക്കെയാണ്?
അണുബാധയ്ക്കു നിലവിൽ ചികിത്സകളൊന്നുമില്ലെങ്കിലും ആന്റി റിട്രോവൈറൽ തെറാപ്പി ഉപയോഗിച്ച് രോഗം നിയന്ത്രിക്കാനാകും. ഈ മരുന്നുകൾ ശരീരത്തിനുള്ളിലെ വൈറസിന്റെ പുനർനിർമാണത്തെ അടിച്ചമർത്തി സിഡി4 പ്രതിരോധ കോശങ്ങളുടെ എണ്ണം തിരിച്ചുവരാൻ അനുവദിക്കുന്നു. നേരത്തെ സർക്കാർ പദ്ധതി പ്രകാരം സിഡി 4 കൗണ്ട് കുറവുള്ളവർക്കു മാത്രമാണു മരുന്നുകൾ നൽകിയിരുന്നതെങ്കിലും ഇപ്പോൾ എച്ച് ഐ വി ബാധിതർക്ക് ഈ മരുന്നുകൾ ലഭിക്കുന്നുണ്ട്.
ശരീരത്തിലുടനീളമുള്ള സംഭരണശാലകളിൽ വൈറസ് തുടരുന്നതിനാൽ മരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കേണ്ടതുണ്ട്. മരുന്നുകൾ നിർത്തിയാൽ, വൈറസ് വീണ്ടും പകർപ്പുകൾ ഉണ്ടാക്കി പടരാനും തുടങ്ങും. വൈറൽ അളവ് കുറയുമ്പോൾ അണുബാധ പകരാനുള്ള സാധ്യതയും കുറവാണ്.
ചികിത്സിച്ചില്ലെങ്കിൽ, വൈറസ് ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തെ നശിപ്പിക്കുന്നു. അവർ അക്വയേർഡ് ഇമ്യൂണോ ഡിഫിഷ്യൻസി സിൻഡ്രോം (എയ്ഡ്സ്) ഘട്ടത്തിലാണെന്നു പറയപ്പെടുന്നു. അവിടെ അവർക്കു നിരവധി മറ്റു അണുബാധകളുണ്ടാകുന്നു. അതു മരണത്തിലേക്കു നയിച്ചേക്കാം. എച്ച് ഐ വിക്കു വാക്‌സിൻ ഇല്ലെങ്കിലും അണുബാധ പിടിപെടാനുള്ള സാധ്യത കൂടുതലുള്ള ആളുകൾക്കു കഴിക്കാവുന്ന പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്‌സിസ് (അല്ലെങ്കിൽ PrEP) മരുന്നുകളുണ്ട്. PrEP ലൈംഗികതയിൽ നിന്ന് എച്ച്ഐവി വരാനുള്ള സാധ്യത ഏകദേശം 99 ശതമാനം കുറയ്ക്കുന്നു.