മാർക്കറ്റുകൾ അടയുമ്പോൾ, തൊഴിലാളികൾ പിന്മാറുമ്പോൾ, ഗതാഗത സൗകര്യങ്ങൾ നിലയ്ക്കുമ്പോൾ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിൽ ഇന്ത്യ നീങ്ങുന്നത് ഭക്ഷ്യ ക്ഷാമത്തിലേക്കോ? ഈ ചോദ്യത്തിന് ഒരുപക്ഷെ അതേ എന്ന ഉത്തരം പറയേണ്ടി വന്നേക്കാം, ഈ മേഖലകളിൽ വേണ്ട ചുവടുകൾ സ്വീകരിക്കാതെ വന്നാൽ. നിലവിൽ രാജ്യത്തിന് ആവശ്യമായതിലധികം ഭക്ഷ്യവിഭവങ്ങൾ സംഭരണത്തിലുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

എന്നാൽ ജനങ്ങളിലേക്ക്, അവരുടെ പാത്രങ്ങളിലേക്ക് ഈ ഭക്ഷണം എത്തുന്നതിന് നിരവധി തടസങ്ങളാണ് നിലവിൽ രാജ്യത്തുള്ളത്. പ്രധാനമായും അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി അടച്ചതും അന്തർ സംസ്ഥാന ചരക്കു ഗതാഗതം തടസപ്പെട്ടതുമാണ് ഇതിന് കാരണം. ഇത് എത്രയും വേഗം പരിഹരിക്കുന്നു എന്നതിൽ ആശ്രയിച്ചിരിക്കും രാജ്യം നേരിടാൻ പോകുന്ന ദുരന്തത്തിന്റെ വ്യാപ്തി.

ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഒരു പ്രശ്‌നമാകരുത്. മാർച്ച് ഒന്നിന്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) യുടെ ശേഖരത്തിലുള്ള അരി, ഗോതമ്പ് ധാന്യങ്ങളുടെ അളവ് 77.6 ദശലക്ഷം ടൺ (എംടി) ആയിരുന്നു. ഏപ്രിൽ ഒന്ന് വരെ ഉണ്ടാകേണ്ട 21.04 മെട്രിക് ടൺ മിനിമം ഓപ്പറേഷൻ ബഫർ-കം-സ്ട്രാറ്റജിക് സ്റ്റോക്കിന്റെ മൂന്നര ഇരട്ടിയിലധികമാണിത്.

തൊഴിലാളി ക്ഷാമം

ആവശ്യത്തിലധികം റാബി വിളകളുടെ വിളവെടുപ്പ് പൂർത്തിയായിരിക്കുന്നു. എന്നാൽ വിളവെടുപ്പിന് പാകമയ വിളകൾക്ക് വെല്ലുവിളിയാകുന്നത് അതിഥി തൊഴിലാളികളുടെ കൂട്ടപാലായനമാണ്. വിളവെടുപ്പ് നടന്നാൽ തന്നെ അത് മാർക്കറ്റിലേക്കും അവിടെ നിന്ന് ജനങ്ങളിലേക്കും എത്തിക്കേണ്ടതുണ്ട്. അതിന് ഡ്രൈവർമരുൾപ്പടെ കൂടുതൽ തൊഴിലാളികളുടെ ലഭ്യത ആവശ്യമാണ്.

അടഞ്ഞു കിടക്കുന്ന അതിർത്തികൾ

പല സംസ്ഥാനങ്ങളും അതിർത്തികൾ പൂർണമായും അടച്ചിട്ടിരിക്കുന്നത് ചരക്ക് നീക്കാത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. കേരളത്തെ സംബന്ധിച്ചടുത്തോളം കർണാടകയുടെ ധിക്കാരപരമായ നടപടി സംസ്ഥാനത്തേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതുപോലെ അതിർത്തി ജില്ലകളിലെ ആരോഗ്യ പ്രവർത്തനങ്ങളെയും ബാധിക്കുന്നു.

അവശ്യസാധനങ്ങളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും അതാത് സംസ്ഥാനങ്ങൾ അതിർത്തി അടയ്ക്കാൻ തീരുമാനിച്ചതാണ് നിലവിലുള്ള പ്രധാന പ്രശ്നങ്ങളിലൊന്ന്. ഇത് പ്രാദേശികമായ കലഹങ്ങളിലേക്കും നീങ്ങിയേക്കാം. അതാത് സംസ്ഥാനങ്ങളിലെ പൊലീസിന്റെ പെരുമാറ്റവും ഇതിനെ സ്വാധീനിക്കുന്നു.

പരിഹാരം

എത്രയും വേഗം തന്നെ വിതരണ ശൃംഖല ശക്തമായാൽ മാത്രമേ വലിയ ദുരന്തത്തിൽ നിന്നും പ്രത്യാഘാതത്തിൽ നിന്നും രാജ്യത്തിന് ഒഴിവാകാൻ സാധിക്കൂ. ഇതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വ്യക്തവും കൃത്യവുമായ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് തൊഴിലാളികകളുടെ കാര്യത്തിലും ഗതാഗത സംവിധാനങ്ങളുടെ കാര്യത്തിലും. രാജ്യത്താകമാനം ഒരൊറ്റ ഉത്തരവ് അതിന് സഹായകമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook