ചിലർക്ക് ഇത് “ദൈവത്തിന്റെ ദാനമാണ്”, മറ്റു ചിലർ അതിനെ “സന്തോഷത്തിന്റെ ഉറവിടം” അല്ലെങ്കിൽ “വിമോചനം” ആയി കാണുന്നു. എന്തുതന്നെയായാലും, ഭാംഗ് ഇന്ത്യയിലെ സംസ്കാരവും വിശ്വാസവുമായി ഇഴചേർന്നിരിക്കുന്നു.
ഭാംഗ് ആയിരക്കണക്കിന് വർഷങ്ങളായി ഉപയോഗത്തിലുള്ളതായി വേദങ്ങൾ പോലുള്ള പുരാതന ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നതായി,ചില രേഖകളിൽ പറയുന്നു. ആയുർവേദത്തിൽ, ഭാംഗ് ശാരീരികമായ പ്രശ്നങ്ങൾ മാത്രമല്ല, ഉത്കണ്ഠയും സുഖപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിന്റെ വ്യാപകമായ ഉപയോഗം ബ്രിട്ടീഷുകാരെ പോലും ആശ്ചര്യപ്പെടുത്തി. ബിബിസി പറയുന്നതനുസരിച്ച്, 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, അവർ ഭാംഗിന്റെ ഫലങ്ങളെക്കുറിച്ചും സാംസ്കാരിക പ്രാധാന്യത്തെക്കുറിച്ചും ഒരു പഠനത്തിന് നിയോഗിച്ചിരുന്നു.
“അത് അസ്വാസ്ഥ്യങ്ങളിൽ ആശ്വാസം, രോഗത്തിന് ചികിത്സ, ദുഷിച്ച സ്വാധീനങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം എന്നിവ നൽകും, ബിബിസി നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു. ഭൗമശാസ്ത്രജ്ഞനായ ബാർണി വാർഫ്, ‘ഹൈ പോയിന്റ്സ്: ആൻ ഹിസ്റ്റോറിക്കൽ ജിയോഗ്രഫി ഓഫ് കാനബിസ്’ എന്ന തന്റെ ഗവേഷണ പ്രബന്ധത്തിൽ, കഞ്ചാവ് ചെടികളുടെ ഭാഗങ്ങളിൽനിന്നു തയാറാക്കുന്ന ഈ ലഹരി, പരമശിവന്റെ ബഹുമാനാർത്ഥം വിവാഹങ്ങളിലും ഉത്സവങ്ങളിലും ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ഹൈന്ദവ പുരാണമനുസരിച്ച്, അവരെ അനശ്വരമാക്കുകയും ശക്തി വീണ്ടെടുക്കുകയും ചെയ്യാൻ അമൃത് തേടുന്നതിനിടയിൽ, ദേവന്മാർ സമുദ്രം കടഞ്ഞെടുത്തപ്പോഴാണ് കഞ്ചാവ് ലഭിച്ചത്. കടയുന്നതിന്റെ ഇടയിൽ ആകാശത്ത്നിന്ന് ഒരു തുള്ളി അമൃത് വീഴുകയും അത് വീണിടത് ആദ്യത്തെ കഞ്ചാവ് ചെടി മുളക്കുകയും ചെയ്തു. സമുദ്രം കടയുന്നതിനിടെ ഉയർന്നുവന്ന ഹലഹല എന്ന വിഷം കഴിച്ച ശിവൻ കഴുത്ത് ശാന്തമാക്കാൻ ഈ ചെടി കഴിച്ചുവെന്നാണ് വിശ്വാസം.
ഇപ്പോൾ ഹോളി, മഹാശിവരാത്രി ആഘോഷങ്ങളിൽ ഭാംഗ് ഒരു പ്രധാന ഘടകമാണ്. അവിടെ ‘തണ്ടായ്’ ചേർത്താണ് ഇത് സാധാരണ ഉപയോഗിക്കുന്നത്. പാൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന തണുത്ത പാനീയമാണ് ‘തണ്ടായ്’. ബദാം, പെരുംജീരകം, തണ്ണിമത്തൻ സത്ത്, റോസ് ഇതളുകൾ കുരുമുളക്, പോപ്പി വിത്തുകൾ, ഏലം, കുങ്കുമപ്പൂവ് എന്നിവയും ഇതിൽ ചേർക്കാറുണ്ട്.
എന്താണ് ഭാംഗ്?
പൂവിടുന്ന കഞ്ചാവ് ചെടികളുടെ വിത്തുകളിൽനിന്നും ഇലകളിൽനിന്നും നിർമ്മിച്ച പച്ച നിറത്തിലുള്ള പേസ്റ്റാണ് ഭാംഗ്. അവയ്ക്ക് പൂവിടാത്ത കഞ്ചാവ് ചെടികളെക്കാൾ ഉയർന്ന ശക്തിയും ടെട്രാഹൈഡ്രോകനാബിനോൾ (THC) കണ്ടെന്റുമുണ്ട്. ഇവ ഒരുമിച്ച് കുതിർത്ത് പൊടിച്ച് തയാറാക്കിയ പേസ്റ്റ് മിനുസമാർന്ന ഉരുളകളാക്കി മാറ്റുന്നു. ഇത് ഭാംഗ് ഗോലി എന്നറിയപ്പെടുന്നു. ‘തണ്ടായ്ക്ക്’ പുറമെ, ലസ്‌സിയിൽ കലർത്തിയും ഇവ വ്യാപകമായി ഉപയോഗിക്കുന്നു. ഉള്ളി, ഉരുളക്കിഴങ്ങ് അല്ലെങ്കിൽ കോളിഫ്‌ളവർ പോലുള്ള പച്ചക്കറികൾ അടങ്ങിയ എരിവുള്ള പക്കോഡ പോലുള്ള ലഘുഭക്ഷണങ്ങളിലും ചട്‌നികളിലും അച്ചാറുകളിലും ഇത് കലർത്താറുണ്ട്.
ഹോളി ആഘോഷത്തിൽ ഭാംഗ് കഴിക്കുന്ന പാരമ്പര്യം
ഹോളി ആഘോഷത്തിൽ ഭാംഗ് കഴിക്കുന്ന പാരമ്പര്യം ശിവൻ ഉൾപ്പെടുന്ന മറ്റൊരു ഹിന്ദു പുരാണവുമായി ബന്ധപ്പെട്ടിരിക്കുന്നു. തന്റെ ഭാര്യ സതി സ്വയം തീകൊളുത്തിയതിന്റെ ദുഃഖം മറികടക്കാൻ പരമശിവൻ കഠിനമായ തപസിലേക്ക് പോയി എന്ന് ഭക്തർ വിശ്വസിക്കുന്നു. യാഥാർത്ഥ്യത്തിലേക്ക് തിരികെ കൊണ്ടുവരാനും ശിവനെ വിവാഹം കഴിക്കാനും ശ്രമിച്ച പാർവതി, സഹായത്തിനായി കാമദേവന്റെ സഹായം തേടി. ധ്യാനസമയത്ത് പരമശിവനെ ഉണരുന്നതിന്റെ അനന്തരഫലങ്ങൾ അറിയാമായിരുന്നിട്ടും, ഹോളി ദിനത്തിൽ കാമദേവൻ, ഭാംഗ് പുരട്ടിയ അമ്പ് അദ്ദേഹത്തിന് നേരെ എയ്ത് തപസിൽനിന്നു മുക്തനാക്കുകയും ചെയ്തു. കോപിഷ്ഠനായി ശിവൻ, കാമദേവനെ ഭസ്മമാക്കിയെങ്കിലും പിന്നീട് പാർവതിയെ വിവാഹം കഴിച്ചു. അതിനാൽ, ലോകത്തിലേക്കുള്ള ശിവന്റെ തിരിച്ചുവരവ് ആഘോഷിക്കാൻ വിശ്വാസികൾ ഹോളിയിൽ ഭാംഗ് കഴിക്കുന്നു.
ഇന്ത്യയിൽ ഭാംഗ് നിയമപരമാണോ?
1985ൽ നിലവിൽ വന്ന നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (എൻഡിപിഎസ്) ആക്‌ട് പ്രകാരം ഇന്ത്യയിൽ മയക്കുമരുന്നും അവയുടെ കടത്തും കൈകാര്യം ചെയ്യുന്നതും കഞ്ചാവിനെ ഒരു മയക്കുമരുന്നായി നിർവചിക്കുകയും അതിന്റെ കൃഷി, കൈവശം വയ്ക്കൽ, ഉപഭോഗം അല്ലെങ്കിൽ ഗതാഗതം എന്നിവയും നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, കഞ്ചാവ് ചെടിയുടെ ചില ഭാഗങ്ങൾ, അതായത് റെസിൻ (മരക്കറ), “പൂക്കളുള്ള അല്ലെങ്കിൽ കായ്ക്കുന്ന ഭാഗങ്ങൾ” എന്നിവ മാത്രമേ ഈ നിരോധനത്തിന് കീഴിൽ വരുന്നുള്ളൂ. ഭാംഗ് തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഇലകളും വിത്തുകളും നിരോധത്തിൽനിന്നു ഒഴിവാക്കിയിട്ടുണ്ട്. കഞ്ചാവ് കൃഷി രാജ്യത്തുടനീളം ശിക്ഷാർഹമാണെങ്കിലും, സ്വയമേ വളരുന്ന ഇലകൾ വിളവെടുക്കുന്നത് നിയമവിരുധമല്ല.
വർഷങ്ങളായി പല, സംസ്ഥാനങ്ങളും ഭാംഗിന്റെ വിൽപ്പനയും ഉപയോഗവും സംബന്ധിച്ച് അവരുടേതായ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഉത്തർപ്രദേശ് ഭാംഗിന് മദ്യം പോലെ ലൈസൻസ് നൽകുകയും അതിൽനിന്നു നികുതി ഈടാക്കുകയും ചെയ്യുന്നു. ചില സംസ്ഥാനങ്ങൾ ഭാംഗിന്റെ ഉപഭോഗവും വിൽപനയും നിരോധിച്ചിട്ടുണ്ടെങ്കിലും, ഹോളിയുടെ അവസരത്തിൽ അധികാരികൾ അതിന്റെ വിൽപ്പനക്കാരിലും ഉപഭോക്താക്കളിലും നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് കുറവാണെന്ന് ദി വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പറയുന്നു.