/indian-express-malayalam/media/media_files/uploads/2019/11/sabarimala-explained-1.jpg)
ശബരിമല സ്ത്രീപ്രവേശന പുനപരിശോധന ഹര്‍ജി വിധിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മൂന്ന് കേസുകള്‍ പരാമര്‍ശിക്കുന്നുണ്ട്. പുന:പരിശോധനാ ഹര്‍ജിയിലെ വിശ്വാസം സംബന്ധിച്ച കാര്യങ്ങൾ, ഈ മൂസ് കേസുകൾക്കൊപ്പം പരിഗണിക്കാനാണ് ഏഴംഗ വിശാല ബെഞ്ചിനു വിട്ടത്. മൂന്നും സ്ത്രീകളുടെ അവകാശങ്ങളും മതവും ബന്ധപ്പെട്ടിരിക്കുന്ന കേസുകളാണ്. ശബരിമല പുനപരിശോധന ഹര്‍ജി പരിഗണിക്കുമ്പോള്‍ ഈ കേസുകളും ചേര്‍ത്തു വേണം പരിഗണിക്കാന്‍ എന്നാണ് ഭൂരിപക്ഷ വിധി പറയുന്നത്. ഏതൊക്കെയാണ് ഈ മൂന്ന് കേസുകള്‍ എന്നു നോക്കാം.
മുസ്ലീം പള്ളികളിലും ദര്‍ഗകളിലും സ്ത്രീകളുടെ പ്രവേശനം
കഴിഞ്ഞ ഏപ്രിലില്‍ പൂനെ സ്വദേശിനിയായ യസ്മീന്‍ സുബെര്‍ അഹ്മദും ഭര്‍ത്താവ് സുബെര്‍ അഹ്മദും നല്‍കിയ ഹര്‍ജിയാണ് കേസിന് ആധാരം. മുസ്ലീം സ്ത്രീകള്‍ക്ക് പള്ളിയുടെ പ്രധാനകവാടത്തിലൂടെ പ്രവേശിക്കാന്‍ കഴിയുന്നതിന് മുസ്ലീം സംഘടനകള്‍ക്കും സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. പ്രധാന പ്രാര്‍ത്ഥനാ ഇടത്ത് പ്രവേശിക്കാനും കര്‍മങ്ങൾ ചെയ്യാനും അനുമതി വേണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഖുറാനിലും ഹദീസിലും ലിംഗ വേര്‍തിരിവ് ഒരിടത്തു പോലും പറയുന്നില്ലെന്നും പള്ളികളില്‍ പ്രവേശിക്കുന്നതില്‍നിന്നു സ്ത്രീകളെ തടയുന്നത് ഭരണഘടനാ ലംഘനമാണെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇത്തരം സമീപനങ്ങള്‍ സ്ത്രീകളുടെ അഭിമാനത്തിന് മാത്രമല്ല ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ക്കും എതിരെയാണെന്ന് പരാതിയില്‍ പറയുന്നു.
നവംബര്‍ അഞ്ചിനായിരുന്നു പരാതിയില്‍ അവസാനമായി വാദം കേട്ടത്. ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസ് എ അബ്ദുള്‍ നസീര്‍, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ചായിരുന്നു വാദം കേട്ടത്. അന്ന് വാദം കേട്ട ശേഷം കോടതി വാദം കേള്‍ക്കുന്നത് മാറ്റി വയ്ക്കുകയായിരുന്നു.
ദാവൂദി ബോറകള്‍ക്കിടയിലെ സ്ത്രീകളുടെ ചേലാകര്‍മം
2018 സ്‌പെറ്റംബര്‍ 24 ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഖാല്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ കേസ് വിശാല ബെഞ്ചിന് വിട്ടിരുന്നു. സുനിതാ തിവാരിയാണ് കേസിലെ പരാതിക്കാരി. സ്ത്രീകളിലെ ചേലാകര്‍മത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടായിരുന്നു പരാതി. ദാവൂദി ബോറ സമുദായത്തിലെ എല്ലാ പെണ്‍കുട്ടികളും ചേലാകര്‍മത്തിന് വിധേയരാകുന്നുണ്ടെന്ന് പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നു.
യാതൊരു ശാസ്ത്രീയ കാരണവുമില്ലാതെയാണ് ചേലാകര്‍മം നടത്തുന്നതെന്നും മതഗ്രന്ഥങ്ങളിലും ഇത്തരം പ്രവര്‍ത്തിയെക്കുറിച്ച് പറയുന്നില്ലെന്നും പരാതിക്കാരി പറയുന്നു. കുട്ടികളുടെ അവകാശം, മനുഷ്യാവകാശം, ഇന്ത്യയന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം എന്നിവയ്‌ക്കെതിരെയാണ് ഇതെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളിലെ ചേലാകര്‍മം ഇന്ത്യന്‍ ശിക്ഷാനിയമത്തിലൂടെ ക്രിമിനല്‍ കുറ്റമായി കാണണമെന്നും പരാതിയില്‍ പറയുന്നു.
ഇതരമതസ്ഥരെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകള്‍ക്ക് അഗ്യാരിയിലുള്ള വിലക്ക്
2012 ലെ ഗുജറാത്തി ഹൈക്കോടതി വിധിയില്‍നിന്നുമാണ് ഗൂര്‍രുഖ് ഗുപ്ത- ബുര്‍ജുര്‍ പാര്‍ദിവാല കേസ് ആരംഭിക്കുന്നത്. തന്റെ പിതാവിന്റെ മരണാനന്തര ചടങ്ങ് നടത്താനായി ടവര്‍ ഓഫ് സൈലന്‍സിലെത്തിയ പാഴ്‌സി സ്ത്രീയെ തടയാനുള്ള വല്‍സാദ് പാര്‍സി അന്‍ജുമനിന്റെ അവകാശത്തെ അംഗീകരിക്കുന്നതായിരുന്നു വിധി. ഹിന്ദുവിനെ വിവാഹം ചെയ്തതോടെ അവര്‍ പാഴ്‌സി സ്ത്രീയല്ലാതായെന്നും അതിനാല്‍ പ്രവേശനം തടയാന്‍ കഴിയുമെന്നുമായിരുന്നു അന്‍ജുമന്റെ വാദം.
2010 ലാണ് പാരാതിക്കാരിയായ ഗൂര്‍രുഖ് ഗുപ്ത, സമാന അനുഭവമുണ്ടായ സുഹൃത്ത് ദില്‍ബര്‍ വാല്‍വിയോടൊപ്പം ഹൈക്കോടതിയെ സമീപിക്കുന്നത്. വാല്‍വിയുടെ അമ്മയുടെ മരണാനന്തര ചടങ്ങില്‍ നിന്നുമായിരുന്നു തടഞ്ഞത്.
സുപ്രീംകോടതിയില്‍ ഗുര്‍രൂഖിന്റെ അഭിഭാഷകയായ ഇന്ദിര ജയ്‌സിങ് വാദിച്ചത് ഹിന്ദുവിനെ പാഴ്‌സി വിവാഹം കഴിക്കുന്നതോടെ അവരുടെ മതം മാറുമോ എന്നായിരുന്നു. വിഷയം ലിംഗസമത്വമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും ജയ്‌സിങ് പറഞ്ഞു.
2017 ഡിസംബറില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.കെ.സിക്രി, ഖാന്‍വാല്‍ക്കര്‍, ചന്ദ്രചൂഢ്, അശോക് ഭൂഷന്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ച് ''വിവാഹശേഷം ഡിഎന്‍എ ബാഷ്പീകരിച്ച് പോവുകയില്ല' എന്ന് പരാമര്‍ശിക്കുകയുണ്ടായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.