scorecardresearch
Latest News

പേരറിവാളൻ: നീതിയുടെ വാതിൽ തുറക്കാൻ 31 വർഷത്തെ നിയമ പോരാട്ടം

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളനും അമ്മയും നീതിക്കായി നടത്തിയ നിയമ പോരാട്ടത്തിലെ ചരിത്രവഴികളെക്കുറിച്ച് ഇന്ത്യൻ എക്‌സ്പ്രസ് ലേഖകൻ അരുൺ ജനാർദ്ദൻ എഴുതുന്നു

AG Perarivalan, Arputham Ammal, Rajiv Gandhi assassination

രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് 1991 ജൂൺ 11 ന് അറസ്‌റ്റിലായപ്പോൾ എ ജി പേരറിവാളൻ എന്ന അറിവിന് 19 വയസായിരുന്നു. ആ വർഷം മേയ് 21 ന് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തുന്നതിനായി ബോംബ് സ്ഫോടനത്തിലെ മുഖ്യസൂത്രധാരനായിരുന്ന എൽ ടി ടി ഇ ക്കാരനായ ശിവരശന് ബോംബിൽ ഉപയോഗിക്കുന്നതിനായുള്ള ഒമ്പത് വോൾട്ടുള്ള രണ്ട് ‘ഗോൾഡൻ പവർ’ ബാറ്ററികൾ വാങ്ങി നൽകിയെന്നാരോപിച്ചാണ് അറിവിനെ പ്രതിയാക്കിയത്.   .

മൂന്ന് പതിറ്റാണ്ടായി തമിഴ്‌നാട്ടിലെ വെല്ലൂർ, പുഴൽ സെൻട്രൽ ജയിലുകളിൽനിന്ന് പേരറിവാളൻ നടത്തിയ നിരവധി നിയമ പോരാട്ടങ്ങളിൽ ഒന്നിലാണ്  അദ്ദേഹത്തെ വിട്ടയക്കാൻ സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടത്.

പേരറിവാളനു 1998ലാണ് ടാഡാ കോടതി വധശിക്ഷ വിധിച്ചത്. ഈ വിധിയെ 1999ൽ സുപ്രീം കോടതി ശരിവച്ചു. പതിനഞ്ച് വർഷം നടന്ന നിയമപോരാട്ടത്തെ തുടർന്ന് 2014 ഫെബ്രുവരി 18 ന് വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു.

ഭരണഘടനയുടെ അനുച്ഛേദം 161 പ്രകാരം മോചനം ആവശ്യപ്പെട്ട് പേരറിവാളൻ തമിഴ്‌നാട് ഗവർണർക്ക് സമർപ്പിച്ച 2015 ലെ റെമിഷൻ ഹർജിയുടെ ഭാഗമാണ് നിലവിൽ പരിഗണയിലുണ്ടായിരുന്ന കേസ്.  അപേക്ഷയിൽ ഗവർണർ  മറുപടി നൽകാത്തതിനെ തുടർന്നായിരുന്നു അറിവ്   സുപ്രീം കോടതിയെ സമീപിച്ചത്.

Also Read: രാജീവ് ഗാന്ധി വധക്കേസ്: പ്രതി പേരറിവാളന് 31 വർഷത്തിന് ശേഷം മോചനം

ആദ്യമായി പരോൾ ലഭിക്കുന്നത് 2017 ഓഗസ്റ്റിലാണ്. മുൻ സ്കൂൾ അധ്യാപകനും തമിഴ് കവിയുമായ അച്ഛൻ രോഗബാധിതനായി കിടപ്പായപ്പോഴാണ് പരോൾ ലഭിച്ചത്.

ശിക്ഷിക്കപ്പെട്ട വിവിധ കുറ്റകൃത്യങ്ങൾക്കു ലഭിച്ച ശിക്ഷകൾ പേരറിവാളൻ പൂർത്തിയാക്കിയെന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് (കൊലപാതക കുറ്റത്തിനുള്ള ശിക്ഷ) പ്രകാരം മാത്രമാണ് ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുന്നതെന്നും ആ പരോൾ ഉത്തരവിൽ പറയുന്നു. കുറ്റവാളിയുടെ കേസ് പരിഗണിക്കാൻ ഉചിതമായ അധികാരികൾക്ക് (സംസ്ഥാന സർക്കാർ) അനുമതിയുണ്ടെന്ന്  പരോൾ ഉത്തരവിൽ പറയുന്നു.

perarivalan, Rajiv Gandhi murder case

മോചനത്തിനായുള്ള  തന്റെ ഹർജി തീർപ്പാക്കാനുള്ള കാലതാമസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അപേക്ഷ കേട്ട്, ആ ഹർജിയിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് അവകാശമുണ്ടെന്ന് 2018 സെപ്റ്റംബറിൽ സുപ്രീം കോടതി പറഞ്ഞിരുന്നു. ദിവസങ്ങൾക്കകം അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് മന്ത്രിസഭ കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കാൻ ശിപാർശ ചെയ്തു. എന്നാൽ മന്ത്രിസഭയുടെ ശിപാർശയിൽ ഗവർണർ തീരുമാനമെടുത്തില്ല.

 മദ്രാസ് ഹൈക്കോടതി 2020 ജൂലൈയിൽ ഗവർണറുടെ ഈ നടപടിയുമായി ബന്ധപ്പെട്ട രൂക്ഷമായ പരാമർശം നടത്തി.  ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കാൻ  ഭരണഘടനാ അധികാരി (ഗവർണർ)ക്ക്  സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഗവർണറെ ഓർമിപ്പിച്ചു, “ഭരണഘടനാ പദവിയോടുള്ള  വിശ്വാസവും  ഉത്തരവാദിത്തവും “. “…അത്തരം അധികാരസ്ഥാനങ്ങൾ  ന്യായമായ സമയത്ത് തീരുമാനമെടുക്കുന്നതിൽ പരാജയപ്പെട്ടാൽ, കോടതി ഇടപെടാൻ നിർബന്ധിതരാകുമെന്നും” കോടതി വ്യക്തമാക്കി.

2021 ജനുവരിയിൽ, ഗവർണറുടെ ഭാഗത്തുനിന്നുള്ള നീണ്ട കാലതാമസത്തിൽ സുപ്രീം കോടതിയും അതൃപ്തി പ്രകടിപ്പിക്കുകയും തീരുമാനമെടുക്കാൻ കോടതി നിർബന്ധിതമാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. തീരുമാനം ഇനിയും വൈകില്ലെന്ന് സർക്കാർ അഭിഭാഷകൻ ഉറപ്പ് നൽകി. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗവർണറുടെ ഓഫീസ് 2021 ഫെബ്രുവരിയിൽ തീരുമാനത്തിനായി ഫയൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനു കൈമാറി.

മുതിർന്ന നിയമജ്ഞർ ഗവർണറുടെ നടപടിയെ “നിയമവിരുദ്ധം” എന്ന് വിശേഷിപ്പിച്ചു. അതിനുശേഷം ഒന്നിലധികം വാദം കേൾക്കലുകളിൽ ഈ നീക്കത്തെക്കുറിച്ച് സുപ്രീം കോടതി  ചോദ്യങ്ങൾ ഉന്നയിച്ചു. അതേസമയം, വിഷയം രാഷ്ട്രപതി ഭവനിൽ തങ്ങിനിന്നു.

ഇതിനിടയിൽ, 2021 മേയ് 19-ന് സംസ്ഥാന സർക്കാർ പേരറിവാളന് പരോൾ അനുവദിച്ചു. “ആരോഗ്യപരമായ കാരണങ്ങളാൽ” അദ്ദേഹത്തിന്റെ പരോൾ പിന്നീട് നീട്ടി. 2022 മാർച്ച് ഒമ്പതിന് സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.

പേരറിവാളന് എതിരായ കുറ്റാരോപണങ്ങൾ

“…അതു കൂടാതെ, ഞാൻ രണ്ട് ഒമ്പത് വോൾട്ട് ബാറ്ററി സെല്ലുകൾ (ഗോൾഡൻ പവർ) വാങ്ങി ശിവരശന് നൽകി. ബോംബ് സ്‌ഫോടനം നടത്താൻ ഇതാണ് ഉപയോഗിച്ചത്,” കൊലപാതകം നടത്തിയവരുമായുള്ള  ബന്ധം സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ടാഡ നിയമത്തിലെ 15(1) വകുപ്പ് പ്രകാരമുള്ള പേരറിവാളന്റെ കുറ്റസമ്മത മൊഴിയിൽ പറയുന്നു.

ഈ കുറ്റസമ്മത മൊഴിയാണ് കൊലപാതകത്തെക്കുറിച്ചു പേരറിവാളനുള്ള അറിവും പങ്കും സ്ഥാപിക്കാൻ ഉപയോഗിച്ചതെന്ന്  ടാഡ കോടതിയുടെ വിധി വ്യക്തമാക്കുന്നു. എന്നാൽ 1999-ൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഗവർണർക്കും രാഷ്ട്രപതിക്കും കോടതികൾക്കും മുമ്പാകെയുള്ള ഒന്നിലധികം ഹർജികളിൽ പേരറിവാളൻ നിരപരാധിയാണെന്ന് സ്ഥിരമായി അവകാശപ്പെട്ടു.

perarivalan, Rajiv Gandhi murder case

പേരറിവാളന്റെ വാദങ്ങൾക്കു  നൈതിക പിന്തുണയായി മാറിയത്  വി. ത്യാഗരാജൻ എന്ന ഐ പി എസ് ഉദ്യോഗസ്ഥൻ 2013ൽ  നടത്തിയ വെളിപ്പെടുത്തലായിരുന്നു.  1981 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനായ അദ്ദേഹം പേരറിവാളൻ കസ്റ്റഡയിലായിരിക്കുമ്പോൾ  നൽകിയ മൊഴിയിൽ  മാറ്റം വരുത്തിയതായി 2013ൽ വെളിപ്പെടുത്തി. ബാറ്ററി വാങ്ങിയിരുന്നുവെങ്കിലും അതിന് ഉദ്ദേശ്യമെന്താണ് അറിയില്ലെന്ന് പറഞ്ഞിരുന്നതായി  മുൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

“അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ, അത് എന്നെ പ്രതിസന്ധിയിലാക്കി. ഗൂഢാലോചനയുടെ ഭാഗമാണെന്ന് പേരറിവാളൻ സമ്മതിക്കാതെ അത് ഒരു കുറ്റസമ്മത പ്രസ്താവനയായി മാറുമായിരുന്നില്ല. അവിടെ ഞാൻ അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ഒരു ഭാഗം ഒഴിവാക്കുകയും എന്റെ വ്യാഖ്യാനം ചേർക്കുകയും ചെയ്തു,” ത്യാഗരാജൻ പറഞ്ഞു. ഇതു സംബന്ധിച്ച സത്യവാങ്മൂലവും പിന്നീട് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടു.

പേരറിവാളന്റെ കുറ്റസമ്മതമൊഴി സ്ഥിരീകരിക്കാൻ ഒമ്പത് വോൾട്ട് ബാറ്ററിയുമായി ബന്ധപ്പെട്ട് നാല് സാക്ഷികളെ ടാഡ കോടതി വിസ്തരിച്ചു. ഈ നാല് സാക്ഷികളിൽ മൂന്ന് പേർ ഫൊറൻസിക് വിദഗ്ധരായിരുന്നു, അവർ ബാറ്ററിയെയും ബോംബിനെയും കുറിച്ച് വിദഗ്ധ അഭിപ്രായങ്ങൾ നൽകി. ബാറ്ററി വിറ്റതായി അവകാശപ്പെട്ട ചെന്നൈയിലെ ഒരു കടയിലെ ജീവനക്കാരനായിരുന്നു നാലാമൻ.

Also Read: കോടതി വിധി ആഘോഷമാക്കി കുടുംബം; അമ്മയുടെ 31 വർഷത്തെ പോരാട്ടം ഫലം കണ്ടെന്ന് പേരറിവാളൻ

ഒരാളുടെ കുറ്റസമ്മത മൊഴി മറ്റൊരാൾക്കെതിരെ ഉപയോഗിക്കാനവുമോ എന്ന വലിയൊരു നിയമ ചർച്ചയ്ക്കു പേരറിവാളൻ കേസ് വഴി തുറന്നതായി രാജീവ് ഗാന്ധി വധക്കേസിലെ അന്തിമ ഉത്തരവ് പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചിന്റെ തലവനായ ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു.  2017-ൽ  ഇന്ത്യൻ എക്സ്‌പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പരാമർശിച്ചത്.

“നിലവിലുള്ള തെളിവ് നിയമപ്രകാരം, ഒരു കുറ്റസമ്മതം ഒരു തെളിവായി മാത്രമേ ഉപയോഗിക്കാവൂ. എന്നാൽ എന്റെ ബെഞ്ചിലെ മറ്റ് രണ്ട് ജഡ്ജിമാർ വിസമ്മതിച്ചു. ഇതു പ്രധാന തെളിവായി പരിഗണിക്കണമെന്ന് അവർ നിർബന്ധം പിടിച്ചു.”

” അത്തരമൊരു തെറ്റായ നിയമം സ്ഥാപിക്കുന്നതു തടയാൻ, ഞാൻ അവരെ എന്റെ വീട്ടിലേക്കു വിളിച്ചു. അവിടെ ഞങ്ങൾ നിരവധി തവണ ചർച്ചകൾ നടത്തി, അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാട് ടാഡ (ഭീകരവാദ, വിഘടന പ്രവർത്തനങ്ങൾ (തടയൽ) നിയമം) പ്രകാരമുള്ള കുറ്റസമ്മത പ്രസ്താവന  പ്രധാന തെളിവായി  കണക്കാക്കണമെന്നായിരുന്നു. പിന്നീട്, പല മുതിർന്ന നിയമജ്ഞരും എന്നെ വിളിച്ച് ഭൂരിപക്ഷ ഉത്തരവ് കേസിൽ തെറ്റായ നിയമമുണ്ടാക്കിയെന്ന് പറഞ്ഞു,” അദ്ദേഹം വ്യക്തമാക്കി.

perarivalan, Rajiv Gandhi murder case

പേരറിവാളനു വേണ്ടി നിലകൊണ്ട നിയമജ്ഞർ

നീതി തേടിയുള്ള പേരറിവാളന്റെ നീണ്ട പോരാട്ടത്തെ വീണുപോകാതെ നിലനിർത്തിയ പ്രധാന  ഘടകങ്ങളിൽ ഒന്നായിരുന്നു അദ്ദേഹത്തിന്റെ അമ്മ അർപ്പുതം അമ്മാളിന്റെ നിശ്ചയദാർഢ്യവും പ്രതിബദ്ധതയും. വധശിക്ഷ വിരുദ്ധ പ്രസ്ഥാനത്തിന്റെ മുഖമായി ആ അമ്മ മാറി.  സമൂഹത്തിലെ  എല്ലാ തുറകളിലുമുള്ള ആളുകളും പേരറിവാളവന് അനുതാപവും  സഹാനുഭൂതിയുമായി എത്തി.

 “അറിവിന്റെ പ്രാണൻ വിലപ്പെട്ടതാണ്, അദ്ദേഹത്തിന്റെ മൂല്യങ്ങൾ മഹനീയമാണ്, ജയിൽ ജീവിതം അറിവിനെ ഒരു കുറ്റവാളിയാക്കിയില്ല,” മുൻ സുപ്രീം കോടതി ജഡ്ജിയായിരുന്ന, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ 2006-ൽ എഴുതി. ജസ്റ്റിസ് കൃഷ്ണയ്യർ  മരിക്കുന്നതുവരെ പേരറിവാളനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.

2014ൽ മൂന്ന് പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിലേക്ക് നയിച്ച കേസിൽ 2013ൽ ‘ഡബിൾ ജിയോപാർഡി’ ചോദ്യം ഉന്നയിച്ച ജസ്റ്റിസ് തോമസ്, മഹാമനസ്കത കാണിക്കാൻ സോണിയ ഗാന്ധിയോട് അഭ്യർത്ഥിച്ചു. ഗവർണർക്കു മുമ്പിൽ തീരുമാനമെടുക്കേണ്ട കാര്യം രാഷ്ട്രപതിക്കു കൈമാറിയത് “കേട്ടുകേൾവിയില്ലാത്തും ഭരണഘടനാവിരുദ്ധവുമാണ്” എന്നും  കെ ടി തോമസ് പറഞ്ഞു.

മഹാത്മാഗാന്ധി വധക്കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നാഥുറാം ഗോഡ്‌സെയുടെ സഹോദരൻ ഗോപാൽ ഗോഡ്‌സെയെ 14 വർഷത്തെ ജയിൽവാസത്തിനു ശേഷം മോചിപ്പിക്കാനുള്ള 1964ലെ കേന്ദ്രസർക്കാരിന്റെ തീരുമാനം ഉദ്ധരിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: The story of rajiv gandhi assassination convict a g perarivalan and his mother