scorecardresearch

ഇന്ത്യൻ കറൻസിയിലെ ഗാന്ധി ചിത്രം എടുത്തതാര്? ആർദ്ര ഭാവം പകർത്തിയ അജ്ഞാതൻ ഇപ്പോഴും മറയത്ത്

ഗാന്ധിയുടെ പുഞ്ചിരിയുടെ ഏറ്റവും മനോഹരമായ ഭാവം ഉള്ളതിനാലാണ് ഈ ഫൊട്ടോ തിരഞ്ഞെടുത്തത്

ഗാന്ധിയുടെ പുഞ്ചിരിയുടെ ഏറ്റവും മനോഹരമായ ഭാവം ഉള്ളതിനാലാണ് ഈ ഫൊട്ടോ തിരഞ്ഞെടുത്തത്

author-image
Vandana Kalra
അപ്‌ഡേറ്റ് ചെയ്‌തു
New Update
Indian Rupee|Gandhi

ഇന്ത്യൻ കറൻസിയിൽ ഗാന്ധിയുടെ ചിത്രം വന്ന വഴി

ഹെൻറി കാർട്ടിയർ-ബ്രെസ്സൻ, മാർഗരറ്റ് ബർക്ക്-വൈറ്റ്, മാക്സ് ഡെസ്ഫോർ തുടങ്ങിയ നിരവധി പ്രമുഖ ഫൊട്ടോഗ്രാഫർമാർ മഹാത്മാഗാന്ധിയെ അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ കാമറയിൽ പകർത്തിയിരുന്നു. അങ്ങനെയൊക്കെയാണെങ്കിലും ഗാന്ധിജിയുടെ ഏറ്റവും വ്യാപകമായി പ്രചരിച്ച ചിത്രം, ഇന്ത്യയുടെ കറൻസി നോട്ടുകളിലുള്ള അദ്ദേഹത്തിന്റെ ചിത്രമാണ്.

Advertisment

രാഷ്ട്രപിതാവ് എന്ന നിലയിൽ, 1947-ൽ സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തിന് തുടർന്ന് അദ്ദേഹത്തിന്റെ ചിത്രം നമ്മുടെ കറൻസിയിൽ വന്നിരുന്നുവെങ്കിൽ അതൊരു വ്യക്തമായ തിരഞ്ഞെടുപ്പായിരുന്നു എന്ന് മനസ്സിലാക്കാമായിരുന്നു. എന്നാൽ പതിറ്റാണ്ടുകൾക്ക് ശേഷം, 1996-ൽ മാത്രമാണ് അദ്ദേഹത്തിന്റെ ചിത്രം ഇന്ത്യൻ രൂപാ നോട്ടുകളിൽ സ്ഥിരമായത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) പുറപ്പെടുവിക്കുന്ന വിവിധ മൂല്യങ്ങളുള്ള രൂപാ നോട്ടുകളിൽ അദ്ദേഹത്തിന്റെ ചിത്രം വന്നത്.

ഗാന്ധിജിയുടെ ജയന്തി ദിനവുമായി ബന്ധപ്പെട്ട് , ഇന്ത്യൻ രൂപയിലെ ഗാന്ധി ചിത്രം എങ്ങനെ വന്നു, ഏത് ചിഹ്നം മാറ്റിയാണ് ഗാന്ധിയുടെ ചിത്രം വന്നത്, ഇന്ത്യൻ ബാങ്ക് നോട്ടുകളിൽ ഫീച്ചർ ചെയ്യാനുള്ള മറ്റ് നിർദ്ദേശങ്ങൾ എന്നിവയെ കുറിച്ച് കൂടി വായിക്കാം.

ഇന്ത്യൻ കറൻസിയിൽ ഗാന്ധിയുടെ ചിത്രം വന്ന വഴി

നോട്ടുകളിൽ കാണുന്ന ഗാന്ധിയുടെ ചിത്രം കാരിക്കേച്ചർ അല്ല. 1946-ൽ എടുത്ത ഒരു ഫൊട്ടോയുടെ കട്ട് ഔട്ട് ആണ്, ബ്രിട്ടീഷ് രാഷ്ട്രീയക്കാരനായ ലോർഡ് ഫ്രെഡറിക് വില്യം പെത്തിക്ക്-ലോറൻസിനൊപ്പം അദ്ദേഹം നിൽക്കുന്ന ചിത്രമാണ്. ഗാന്ധിയുടെ പുഞ്ചിരിയുടെ ഏറ്റവും മനോഹരമായ ഭാവം ഉള്ളതിനാലാണ് ഈ ഫൊട്ടോ തിരഞ്ഞെടുത്തത് - കട്ട് ഔട്ടിന്റെ ഒരു മിറർ ഇമേജാണ് ഇന്ത്യൻ രൂപകളിൽ കാണുന്ന ഗാന്ധി ചിത്രം.

Advertisment

ഈ ഫൊട്ടോ എടുത്ത ഫോട്ടോഗ്രാഫറുടെയും ആ ഫൊട്ടോ ഇന്ത്യൻ രൂപയുടെ ചിത്രത്തിലേക്കുള്ള ചുരുക്കപ്പട്ടികയിൽ ( ഷോർട്ട്‌ലിസ്റ്റ് ) ഉൾപ്പെടുത്തിയ വ്യക്തിയുടെയും പേരുകൾ ഇന്നും അജ്ഞാതമായി തുടരുന്നു എന്നത് കൗതുകകരമാണ്.

ആർബിഐയുടെ കറൻസി മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ആണ് രൂപ നോട്ടുകളുടെ രൂപകൽപ്പനയുടെ ചുമതലവഹിക്കുന്നത്. കേന്ദ്ര ബാങ്കിൽ (ആർ ബി ഐ) നിന്നും കേന്ദ്ര സർക്കാരിൽ നിന്നും ഡിസൈനുകൾക്ക് അനുമതി ലഭിക്കേണ്ടതുണ്ട്.

1934-ലെ ആർബിഐ നിയമത്തിലെ സെക്ഷൻ 25 അനുസരിച്ച്, 'ബാങ്ക് നോട്ടുകളുടെ രൂപകൽപ്പനയും രൂപവും മെറ്റീരിയലും' സെൻട്രൽ ബോർഡ് നൽകുന്ന ശിപാർശകൾ പരിഗണിച്ച് കേന്ദ്ര സർക്കാർ അംഗീകരിക്കുന്ന തരത്തിലായിരിക്കും.

ഇന്ത്യൻ കറൻസി നോട്ടുകളിൽ ഗാന്ധി ചിത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത് എപ്പോഴാണ്?

ഗാന്ധിജിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് 1969-ൽ ഒരു പ്രത്യേക സീരീസ് കറൻസികൾ പുറത്തിറക്കിയപ്പോഴാണ് ഗാന്ധി ചിത്രം ആദ്യമായി ഇന്ത്യൻ കറൻസിയിൽ പ്രത്യക്ഷപ്പെട്ടത്. ആർ‌ബി‌ഐ ഗവർണർ എൽ‌കെ ഝാ ഒപ്പിട്ടിട്ടുള്ള, ആ നോട്ട് സീരിസിൽ സേവാഗ്രാം ആശ്രമ പശ്ചാത്തലത്തിലാണ് ഗാന്ധി ചിത്രം.

തുടർന്ന്, 1987 ഒക്ടോബറിൽ, ഗാന്ധിജിയെ ചിത്രീകരിച്ച 500 രൂപ കറൻസി നോട്ടുകൾ പുറത്തിറക്കി.

സ്വതന്ത്ര ഇന്ത്യയുടെ കറൻസികൾ

1947 ആഗസ്റ്റ് 15 ന് സ്വതന്ത്ര ഇന്ത്യയുടെ പ്രഖ്യാപനത്തിന് ശേഷം ഏതാനും മാസങ്ങൾ കൂടി, ജോർജ്ജ് ആറാമൻ രാജാവിന്റെ പേരിലുള്ള കൊളോണിയൽ കാലഘട്ടത്തിലെ നോട്ടുകൾ ആർബിഐ വിതരണം ചെയ്തു.

ഇന്ത്യാ ഗവൺമെന്റ് 1949-ൽ ഒരു രൂപ നോട്ടിന്റെ പുതിയ ഡിസൈൻ പുറത്തിറക്കി - വാട്ടർമാർക്ക് വിൻഡോയിൽ, ജോർജ്ജ് രാജാവിന് പകരം സാരാനാഥിലെ സിംഹ ചിഹ്നമുള്ള അശോക സ്തംഭത്തിന്റെ ചിത്രം വച്ചു.

ഈ കാലഘട്ടത്തിലെ ചർച്ചകൾ പങ്കുവെച്ചുകൊണ്ട് ആർബിഐ മ്യൂസിയം വെബ്സൈറ്റിൽ പറയുന്നത് ഇങ്ങനെയാണ്, 'സ്വതന്ത്ര ഇന്ത്യയുടെ ചിഹ്നങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. തുടക്കത്തിൽ, രാജാവിന്റെ ചിത്രത്തിന് പകരം മഹാത്മാഗാന്ധിയുടെ ചിത്രം വരുമെന്ന് തോന്നിയിരുന്നു. അതിനുള്ള രൂപരേഖകൾ തയ്യാറാക്കി. അന്തിമ വിശകലനത്തിൽ, ഗാന്ധി ചിത്രത്തിന് പകരം സാരനാഥിലെ സിംഹസ്തൂപം തിരഞ്ഞെടുത്തു. നോട്ടുകളുടെ പുതിയ രൂപകൽപ്പന ഏറെക്കുറെ മുമ്പത്തെ രീതിയിലായിരുന്നു.'

ഇതിനെ തുടർന്ന്, 1950-ൽ, രണ്ട് , അഞ്ച്, 10, 100 എന്നീ മൂല്യങ്ങളിൽ റിപ്പബ്ലിക് ഓഫ് ഇന്ത്യ ബാങ്ക് നോട്ടുകൾ പുറത്തിറക്കി.

കാലക്രമേണ, ഉയർന്ന മൂല്യങ്ങളുടെ നിയമപരമായ കറൻസികൾ വന്നു, പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന തരത്തിൽ നോട്ടുകളുടെ പിന്നിലെ രൂപങ്ങൾ മാറി - ആദ്യകാലങ്ങളിൽ കടുവ, സാമ്പാർ മാൻ തുടങ്ങിയ രൂപങ്ങൾ മുതൽ കൃഷി, തേയില പറിക്കൽ തുടങ്ങി 1970 കളിലെ കാർഷിക മേഖലയിലെ പ്രവർത്തനങ്ങളെ ചിത്രീകരിക്കുന്ന രൂപങ്ങൾ വരെ വന്നു. 1980-കളിൽ ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങളുടെയും ഇന്ത്യൻ കലാരൂപങ്ങളുടെയും പ്രതീകങ്ങൾക്ക് ഊന്നൽ നൽകി - രണ്ട് രൂപ നോട്ടിൽ അവതരിപ്പിച്ച ആര്യഭട്ട സാറ്റലൈറ്റ്, അഞ്ച് രൂപയിൽ കാർഷിക മേഖലയിലെ യന്ത്രവൽക്കരണം, 20 രൂപയ്ക്ക് കൊണാർക്ക് വീൽ എന്നിങ്ങനെയുള്ള ചിത്രങ്ങൾ വന്നു.

എന്ന് മുതലാണ് ഗാന്ധിയുടെ ചിത്രം നോട്ടുകളിൽ സ്ഥിരമായത്?

ഡിജിറ്റൽ പ്രിന്റിങ്, സ്കാനിങ്, ഫൊട്ടോഗ്രാഫി, സിറോഗ്രാഫി തുടങ്ങിയ റിപ്രോഗ്രാഫിക് ടെക്നിക്കുകളിലെ പുരോഗതി കണക്കിലെടുക്കുമ്പോൾ, 1990-കളോടെ, കറൻസി നോട്ടുകളിലെ പരമ്പരാഗത സുരക്ഷാ സവിശേഷതകൾ അപര്യാപ്തമാണെന്ന് ആർബിഐ തിരിച്ചറിഞ്ഞു. മനുഷ്യ മുഖവുമായി താരതമ്യപ്പെടുത്തുമ്പോൾ നിർജീവ വസ്തുക്കൾ കെട്ടിച്ചമയ്ക്കുന്നത് താരതമ്യേന എളുപ്പമാണെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ ദേശീയതലത്തിലെ ആകർഷകമായ വ്യക്തിത്വത്തെ അടിസ്ഥാനമാക്കി ഗാന്ധിയെ തിരഞ്ഞെടുത്തു, 1996-ൽ, മുൻ അശോക സ്തംഭം അച്ചടിച്ച ബാങ്ക് നോട്ടുകൾക്ക് പകരമായി ആർബിഐ ഒരു പുതിയ 'മഹാത്മാഗാന്ധി സീരീസ്' ആരംഭിച്ചു. സുരക്ഷാ ത്രെഡ്, ഒളിഞ്ഞിരിക്കുന്ന ചിത്രം, കാഴ്ചയില്ലാത്തവർക്കുള്ള ഇൻടാഗ്ലിയോ സവിശേഷതകൾ എന്നിവ ഉൾപ്പെടെ നിരവധി സുരക്ഷാ ഫീച്ചറുകളും ഈ നോട്ടുകളിൽ ഉൾപ്പെടുത്തി.

ആർബിഐ 2016-ൽ 'മഹാത്മാഗാന്ധി പുതിയ സീരീസ്' നോട്ടുകൾ പ്രഖ്യാപിച്ചു. ഇപ്പോഴും ഗാന്ധിയുടെ ചിത്രം തുടരുന്നു, ഇപ്പോൾ അധിക സുരക്ഷാ ഫീച്ചറുകൾ കൂടാതെ നോട്ടുകളുടെ പിൻഭാഗത്ത് സ്വച്ഛ് ഭാരത് അഭിയാൻ ലോഗോയും ചേർത്തിട്ടുണ്ട്.

ഗാന്ധിക്ക് പുറമെ വേറെയും ആളുകളെ നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം

സമീപ വർഷങ്ങളിൽ ഗാന്ധിയെ കൂടാതെ കറൻസി നോട്ടുകളിൽ ഫീച്ചർ ചെയ്യാൻ കഴിയുന്ന മറ്റുള്ളവരെ കുറിച്ച് ചില നിർദ്ദേശങ്ങൾ വന്നു. 2022 ഒക്ടോബറിൽ ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ മൂർദ്ധന്യത്തിലായിരന്നപ്പോഴായിരുന്നു ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ഫോട്ടോകൾ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മുന്നോട്ട് വച്ചത്. ഈ ആവശ്യം അദ്ദേഹം പ്രധാനമന്ത്രിയോടും കേന്ദ്ര സർക്കാരിനോടും ഉന്നയിക്കുകയും ചെയ്തു.

നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിനെയും മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിനെയും ഉൾപ്പെടുത്താൻ 2014ൽ, നിർദ്ദേശങ്ങളുണ്ടായിരുന്നു. നോട്ടുകളിൽ ഗാന്ധിയുടെ ചിത്രം മാറ്റി മറ്റേതെങ്കിലും നേതാവിനെ ഉൾപ്പെടുത്തണമെന്ന നിർദേശം ആർബിഐ നിരസിച്ചതായി അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ലോക്‌സഭയിൽ പറഞ്ഞു.

'മഹാത്മാഗാന്ധിയെക്കാൾ മികച്ച മറ്റൊരു വ്യക്തിത്വത്തിന് ഇന്ത്യയുടെ ധാർമ്മികതയെ പ്രതിനിധീകരിക്കാൻ കഴിയില്ലെന്ന് ആർ ബി ഐ രൂപീകരിച്ച കമ്മിറ്റി തീരുമാനിച്ചു,' എന്നും അദ്ദേഹം വ്യക്തമാക്കി.

അതേ വർഷം തന്നെ, ഇന്ത്യയ്ക്ക് നിരവധി മഹത്തായ വ്യക്തിത്വങ്ങളുണ്ടെന്നും എന്നാൽ ഗാന്ധി മറ്റെല്ലാറ്റിനേക്കാളും ഉയരത്തിലാണെന്ന് അന്നത്തെ ആർബിഐ ഗവർണറായിരുന്ന രഘുറാം രാജൻ അഭിപ്രായപ്പെട്ടു, മറ്റു പലരെയും ഉൾപ്പെടുത്തുന്നത് വിവാദമായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Gandhi Jayanti

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: