scorecardresearch
Latest News

52 വർഷമായി ആർ എസ് എസ് ആസ്ഥാനത്ത് ത്രിവർണ പതാക ഉയർത്താതിരുന്നത് എന്തുകൊണ്ട്?

52 വർഷമായി ആർഎസ്എസ് ആസ്ഥാനത്ത് ത്രിവർണ പതാക ഉയർത്താത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഓഗസ്റ്റ് മൂന്നിന് ചോദിച്ചിരുന്നു

national falg, india, ie malayalam

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ വീട്ടിലും ദേശീയ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ക്യാംപെയിനാണ് ‘ഹര്‍ ഘര്‍ തിരംഗ’. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്താനാണ് നിര്‍ദേശം. ബിജെപിയുടെ പുതിയ പ്രചാരണം പാർട്ടിയുടെ പ്രത്യയശാസ്ത്ര രക്ഷിതാവായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) ദേശീയ പതാകയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.

52 വർഷമായി ആർഎസ്എസ് ആസ്ഥാനത്ത് ത്രിവർണ പതാക ഉയർത്താതിരുന്നത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഓഗസ്റ്റ് മൂന്നിന് ചോദിച്ചിരുന്നു. “ആർഎസ്എസ് സ്വതന്ത്ര ഇന്ത്യയെയും ഇന്ത്യൻ പതാകയെയും തള്ളിക്കളഞ്ഞു” എന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ഓഗസ്റ്റ് നാലിനു ട്വീറ്റ് ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷങ്ങൾ രാഷ്ട്രീയവത്കരിക്കരുതെന്നും ആർഎസ്‌എസിന്റെ ഓരോ നൂലിഴകളും രാജ്യസ്‌നേഹം നിറഞ്ഞതാണെന്നും പറഞ്ഞുകൊണ്ടാണ് ആർഎസ്എസും ബിജെപിയും പുതിയ വിവാദങ്ങളെ നേരിട്ടത്.

എന്താണ് ഏറ്റവും പുതിയ വിവാദം, എന്തുകൊണ്ടാണ് ആർഎസ്എസ് 50 വർഷമായി നാഗ്പൂർ ആസ്ഥാനത്ത് ത്രിവർണ പതാക ഉയർത്താതിരുന്നത്, രണ്ടാമത്തെ ആർഎസ്എസ് സർസംഘചാലക് എം എസ് ഗോൾവാൾക്കർ എന്തുകൊണ്ടാണ് ത്രിവർണ പതാക സ്വീകരിക്കുന്നു? ഞങ്ങൾ വിശദീകരിക്കുന്നു.

ആർഎസ്എസ്-തിരംഗ തർക്കം എന്തിനെക്കുറിച്ചാണ്?

ജനങ്ങളോട് അവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്താനും, ആ ചിത്രം അവരുടെ സോഷ്യൽ മീഡിയ ഡിപി ആയി ഉപയോഗിക്കാനുമാണ് ‘ഹർ ഘർ തിരംഗ’ ക്യാംപെയിനിലൂടെ ബിജെപി സർക്കാർ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നിരവധി മുതിർന്ന ബിജെപി നേതാക്കളും മന്ത്രിമാരും തങ്ങളുടെ ട്വിറ്റർ ഡിപികൾ ത്രിവർണ പതാകയിലേക്ക് മാറ്റിയെങ്കിലും ആർഎസ്എസ് ഇതുവരെ അത് ചെയ്തിട്ടില്ല. ഇതാണ് സംഘടനയുടെ ഉദ്ദേശശുദ്ധിയെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചത്.

“കൈയിൽ ത്രിവർണ പതാകയോടു കൂടിയ ഞങ്ങളുടെ നേതാവായ നെഹ്‌റുവിന്റെ ചിത്രം ഞങ്ങൾ ഡിപിയാക്കുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദേശം അദ്ദേഹത്തിന്റെ കുടുംബത്തിൽ എത്തിയിട്ടില്ലെന്ന് തോന്നുന്നു. 52 വർഷം നാഗ്പൂരിലെ ആസ്ഥാനത്ത് പതാക ഉയർത്താത്തവർ പ്രധാനമന്ത്രിയെ അനുസരിക്കുമോ?,” കോൺഗ്രസ് എംപി ജയറാം രമേശ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

നിലവിലെ കാവി പതാകയിൽ ന്ന് ത്രിവർണ പതാകയിലേക്ക് ഡിപി മാറ്റുമോ എന്ന് ആർഎസ്എസ് പറഞ്ഞിട്ടില്ല, എന്നാൽ ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ രാഷ്ട്രീയവൽക്കരണത്തിനെതിരെയാണ് സംസാരിച്ചത്.

“ആസാദി കാ അമൃത് മഹോത്സവം ഒരു ദേശീയ ഉത്സവമാണ്, രാജ്യം മുഴുവൻ ഒരുമിച്ച് ആഘോഷിക്കണം. ജൂലൈ ഒൻപതിന് കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ മറ്റ് സംഘടനകളോ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും ആർഎസ്എസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിലുള്ള എല്ലാ പരിപാടികളിലും ആവേശത്തോടെ പങ്കെടുക്കാൻ ആർഎസ്എസ് എല്ലാ പ്രവർത്തകരോടും ആഹ്വാനം ചെയ്തിട്ടുണ്ട്. ആസാദി കാ അമൃത് മഹോത്സവത്തിൽ രാഷ്ട്രീയം പാടില്ല. എല്ലാവരും രാഷ്ട്രീയം വെടിഞ്ഞ് ഉത്സവം ആഘോഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, ” ആർഎസ്എസിന്റെ സുനിൽ അംബേക്കർ അടുത്തിടെ പറഞ്ഞു.

52 വർഷമായി നാഗ്പൂർ ആർഎസ്എസ് ആസ്ഥാനത്ത് ത്രിവർണ പതാകയില്ല

ആർഎസ്എസ് ശാഖകൾ ഭഗവ ധ്വജ് അല്ലെങ്കിൽ കാവി പതാകകൾ ഉയർത്താറുണ്ട്. 1947 ഓഗസ്റ്റ് 15 നും 1950 ജനുവരി 26 നും നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി. അതിനുശേഷം അഞ്ച് പതിറ്റാണ്ടിന്റെ ഇടവേളയുണ്ടായി.പിന്നീട് 2002 ജനുവരി 26 നാണ് പതാക ഉയർത്തിയത്. 2002-ന് മുമ്പ് ഇന്ത്യയുടെ ഫ്ലാഗ് കോഡ് സ്വകാര്യ സംഘടനകൾ ദേശീയ പതാക ഉയർത്തുന്നത് നിയന്ത്രിച്ചതിനാലാണ് ഇത് സംഭവിച്ചതെന്നാണ് ചില ആർഎസ്എസ് അംഗങ്ങൾ അവകാശപ്പെട്ടത്.

2001 ജനുവരി 26-ന് നാഗ്പൂരിലെ ആർഎസ്എസ് സ്മൃതി ഭവനിൽ രാഷ്ട്രപ്രേമി യുവദളിന്റെ മൂന്ന് അംഗങ്ങൾ ബലമായി ത്രിവർണ പതാക ഉയർത്തിയിരുന്നു. ”സ്മൃതി ഭവന്റെ ചുമതലയുള്ള സുനിൽ കാത്‌ലെ ആദ്യം അവരെ പരിസരത്തേക്ക് കടക്കുന്നത് തടയാൻ ശ്രമിച്ചു. പിന്നീട് ത്രിവർണ പതാക ഉയർത്തുന്നതിൽനിന്ന് തടയാൻ ശ്രമിച്ചു. മൂന്ന് പേർക്കെതിരെയും കേസെടുത്തെങ്കിലും തെളിവുകളുടെ അഭാവത്തിൽ 2013-ൽ വിട്ടയച്ചു,” 2013 ഓഗസ്റ്റ് 14 ലെ പി ടി ഐ റിപ്പോർട്ടിൽ പറയുന്നു.

ത്രിവർണ പതാകയും ആർഎസ്എസ് നേതാക്കളും

“എന്തുകൊണ്ടാണ് ശാഖയിൽ ഭഗവാധ്വജ് പാറുന്നു, ദേശീയ പതാകയില്ല എന്ന ചോദ്യം ഉയർന്നുവരുന്നു. സംഘത്തിന്റെ ജനനം മുതൽ ത്രിവർണ പതാകയുമായി അടുത്ത ബന്ധമുണ്ട്…” 2018-ൽ ആർഎസ്എസ് സർസംഘചാലക് ഡോ മോഹൻ ഭഗവത് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു. “മറ്റ് നിറങ്ങൾ വർഗീയ ചിന്തയെ പ്രതിനിധീകരിക്കുന്നതിനാൽ ദേശീയ പതാകയിൽ കാവി മാത്രമായിരിക്കണം,” 2015ൽ ചെന്നൈയിൽ നടന്ന ഒരു സെമിനാറിൽ ആർഎസ്എസ് പറഞ്ഞു.

”ഞങ്ങളുടെ നേതാക്കൾ നമ്മുടെ രാജ്യത്തിനായി ഒരു പുതിയ പതാക സ്ഥാപിച്ചു. എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്? അനുകരിക്കൽ മാത്രമാണ്. എങ്ങനെയാണ് ഈ പതാക ഉണ്ടായത്? ഫ്രഞ്ച് വിപ്ലവകാലത്ത്, ‘സമത്വം’, ‘സാഹോദര്യം’, ‘സ്വാതന്ത്ര്യം’ എന്നീ മൂന്ന് ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനായി ഫ്രഞ്ചുകാർ അവരുടെ പതാകയിൽ മൂന്ന് വരകൾ സ്ഥാപിച്ചു. സമാനമായ തത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അമേരിക്കൻ വിപ്ലവം ചില മാറ്റങ്ങളോടെ അതിനെ ഏറ്റെടുത്തു. ഈ മൂന്ന് വരകൾ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾക്കും ഒരുതരം ആകർഷണീയതയായിരുന്നു. അങ്ങനെ അത് കോൺഗ്രസ് ഏറ്റെടുത്തു,” വിചാരധാര എന്ന പുസ്തകത്തിൽ എംഎസ് ഗോൾവാൾക്കർ എഴുതി.

ഗോൾവാൾക്കറുടെ ഇനിപ്പറയുന്ന വരികളിൽ മൂന്ന് നിറങ്ങൾ ‘വർഗീയം’ എന്ന ആശയം കാണാം. ”പിന്നീട് ഇത് വിവിധ സമുദായങ്ങളുടെ ഐക്യത്തെ ചിത്രീകരിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു-ഹിന്ദുവിന് കാവി നിറം, മുസ്‌ലിമിന് പച്ച, മറ്റെല്ലാ സമുദായങ്ങൾക്കും വെള്ള. ഹിന്ദു ഇതര സമുദായങ്ങളിൽ നിന്ന്, മുസ്‌ലിം എന്ന് പ്രത്യേകം പേരിട്ടത്, ആ പ്രമുഖ നേതാക്കളിൽ മിക്കവരുടെയും മനസ്സിൽ, മുസ്‌ലിം പ്രബലനായിരുന്നു, അവന്റെ പേര് പറയാതെ നമ്മുടെ ദേശീയത പൂർണമാകുമെന്ന് അവർ കരുതിയിരുന്നില്ല. ഇത് സാമുദായിക സമീപനമാണെന്ന് ചിലർ ചൂണ്ടിക്കാണിച്ചപ്പോൾ, അദ്ദേഹം ‘കുങ്കുമം’ ത്യാഗത്തിനും ‘വെളുപ്പ്’ ശുദ്ധിക്കും ‘പച്ച’ സമാധാനത്തിനും വേണ്ടി നിലകൊള്ളുന്നു എന്നൊരു പുതിയ വിശദീകരണം മുന്നോട്ടുവന്നു”.

1947ൽ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ത്രിവർണപതാകയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രശ്നം കണ്ടെത്തിയിരുന്നു. “ഇന്ത്യൻ നേതാക്കൾ നമ്മുടെ കൈകളിൽ ത്രിവർണ പതാക നൽകാം, പക്ഷേ അതൊരിക്കലും ഹിന്ദുക്കളുടെ ബഹുമാനവും ഉടമസ്ഥതയുമാകില്ല. മൂന്ന് എന്ന വാക്ക് തന്നെ ഒരു തിന്മയാണ്, മൂന്ന് നിറങ്ങളുള്ള ഒരു പതാക തീർച്ചയായും വളരെ മോശമായ മാനസിക സ്വാധീനം ഉണ്ടാക്കും, അത് ഒരു രാജ്യത്തിന് ഹാനികരവുമാണ്,” 1947 ഓഗസ്റ്റ് 14-ന് ഓർഗനൈസർ എഴുതി.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: The rsss relationship with the national flag

Best of Express