കേരളത്തിലും രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലും പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) സ്ഥിരീകരിക്കുകയും മഹാരാഷ്ട്രയിൽ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ കാക്കകളും ദേശാടനക്കിളികളും ഉൾപ്പെടെയുള്ള പക്ഷികളുടെ മരണം റിപ്പോർട്ട് ചെയ്തു. നിരവധി സംസ്ഥാനങ്ങൾ വൈറസ് ബാധയുണ്ടോ എന്നറിയാൻ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
രോഗത്തിന്റെ ആശങ്ക വർധിക്കുമ്പോൾ കോഴികൃഷിക്കും അനുബന്ധ വ്യവസായ വാപാര രംഗങ്ങളിലും പുതിയ തിരിച്ചടി ഉണ്ടാകുമെന്ന ഭയം ഉണ്ട്. ആളുകൾ കോഴിയും മുട്ടയും ഉപേക്ഷിക്കുന്നതായും അവയ്ക്ക് വില കുറയാൻ തുടങ്ങുന്നതായും റിപ്പോർട്ടുകൾ വരുന്നുമുണ്ട്.
രോഗബാധ
പക്ഷിപ്പനി അല്ലെങ്കിൽ ഏവിയൻ ഇൻഫ്ലുവൻസ എന്നത് ഒരു വൈറൽ അണുബാധയാണ്, ഇത് പക്ഷികളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു, പക്ഷേ മനുഷ്യരെയും മറ്റ് മൃഗങ്ങളെയും ബാധിക്കാനുള്ള കഴിവുണ്ട്. പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന വൈറസിന്റെ ഏറ്റവും സാധാരണമായ ഇനം എച്ച്5എൻ1 (H5N1) ആണ്; എച്ച് 7, എച്ച് 8 തുടങ്ങിയ മറ്റ് ഇനങ്ങളും അണുബാധയ്ക്ക് കാരണമാകുന്നു.
Read more: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1996 ലാണ് ചൈനയിൽ അരയന്നങ്ങളിലാണ് വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം ലോകമെമ്പാടും പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2006 ൽ മഹാരാഷ്ട്രയിലെ നന്ദുർബറിലാണ് ഇന്ത്യയിൽ ആദ്യമായി ഈ വൈറസ് ബാധ സ്ഥിരീകരിച്ചത്. അന്ന് വൈറസ് ബാധയെത്തുടർന്ന് പക്ഷികളെ വലിയ തോതിൽ കൊല്ലുകയും ചെയ്തിരുന്നു.
കേരളത്തിൽ നിന്നും രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമുള്ള സാമ്പിളുകൾ പരിശോധിച്ചപ്പോൾ എച്ച് 5 എൻ 8 വൈറസിന്റെ സാന്നിദ്ധ്യമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹിമാചൽ പ്രദേശിൽ നിന്നുള്ള സാമ്പിളുകളിൽ എച്ച് 5 എൻ 1 സാന്നിധ്യവും കണ്ടെത്തി.
മനുഷ്യനിലേക്കുള്ള വ്യാപനം
എച്ച് 5 എൻ 1 വൈറസിന് ഒരു ജീവി വർഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് പകരാൻ കഴിയും. ഇതിനാൽ രോഗം ബാധിച്ച പക്ഷിയിൽ നിന്ന് മനുഷ്യരിലേക്ക് പകരാം. മനുഷ്യരിൽ എച്ച് 5 എൻ 1 അണുബാധയുടെ ആദ്യ കേസ് 1997 ൽ ഹോങ്കോങ്ങിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു കോഴി വളർത്തൽ കേന്ദ്രത്തിലെ തൊഴിലാളിക്ക് രോഗം ബാധിച്ച പക്ഷികളിൽ നിന്ന് അണുബാധ പകരുകയായിരുന്നു.
മനുഷ്യരിൽ ഈ രോഗം ബാധിക്കുന്ന സാഹചര്യങ്ങളിൽ ഉയർന്ന മരണനിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏകദേശം 60 ശതമാനത്തോളമാണ് മരണ നിരക്ക്. പക്ഷിപ്പനി പടരുന്നതിനെക്കുറിച്ചുള്ള ആശങ്കയുടെ പ്രധാന കാരണവും ഈ ഉയർന്ന മരണ നിരക്കാണ്. നിലവിലെ രൂപത്തിൽ, മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കുള്ള അണുബാധയെക്കുറിച്ച് അറിവില്ല. രോഗബാധയുള്ള പക്ഷികളെയോ അവയുടെ മൃതദേഹങ്ങളെയോ കൈകാര്യം ചെയ്ത ആളുകൾക്കിടയിൽ മാത്രമാണ് മനുഷ്യരിലെ അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇത് എത്രത്തോളം സാധാരണമാണ്?
2006 നും 2018 ഡിസംബർ 31 നും ഇടയിൽ 225 പക്ഷിപ്പനി പ്രഭവ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 83.49 ലക്ഷം പക്ഷികളെ ഇതിനെത്തുടർന്ന് കൊന്നൊടുക്കി. കർഷകർക്ക് 26.37 കോടി രൂപ ഈ ഇനത്തിൽ നഷ്ടപരിഹാരം നൽകുകയും ചെയ്തു.

മഹാരാഷ്ട്രയിലാണ് ആദ്യമായി ഈ അണുബാധ റിപ്പോർട്ട് ചെയ്തതെങ്കിലും 2006 ന് ശേഷം സംസ്ഥാനത്ത് പിന്നീട് ഈ രോഗം പൊട്ടിപ്പുറപ്പെട്ടിട്ടില്ല. ഒഡീഷ, ത്രിപുര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ വളർത്തു പക്ഷികളിലും കാട്ടുപക്ഷികളിലും ആവർത്തിച്ച് അണുബാധയുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇത്തവണ മിക്ക അണുബാധകളും കാട്ടുപക്ഷികളിലോ കാക്കകളിലോ ദേശാടന പക്ഷികളിലോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ബോംബെ വെറ്ററിനറി കോളേജ് ഡീൻ ഡോ. എ എസ് റാണഡെ പറഞ്ഞു. 2006 മുതൽ കോഴി വ്യവസായത്തിന്റെ ഭാഗമായി ഫാമുകളുമായി ബന്ധപ്പെട്ട് ബയോ സേഫ്റ്റി സോണുകൾ വികസിപ്പിച്ചെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് വാണിജ്യപരമായി വളർത്തുന്ന പക്ഷികൾ പുറത്തുനിന്നുള്ള മറ്റു പക്ഷികളുമായോ വസ്തുക്കളുമായോ സമ്പർക്കത്തിൽ വരുന്നതിനെ തടയാറുണ്ടെന്നും റാണഡെ പറഞ്ഞു. .
കോഴി ഇറച്ചി, മുട്ട
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് എച്ച് 5 എൻ 1 വൈറസ് മനുഷ്യരെ ബാധിക്കാനുള്ള സാധ്യത ഇന്ത്യയിൽ കുറവാണെന്ന് ഡോ. റാണഡെ ചൂണ്ടിക്കാട്ടി. പ്രധാനമായും പാചക ശീലങ്ങളിലെ വ്യത്യാസമാണ് അതിന് കാരണമായി പറയുന്നത്.
Read more: പക്ഷിപ്പനി: കോഴിയിറച്ചിയും മുട്ടയും കഴിക്കാമോ? ലോകാരോഗ്യ സംഘടന പറയുന്നത് എന്ത്?
70 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ എത്തിയാൽ വൈറസ് ഉടൻ നശിക്കും. “തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിൽ മാംസവും മുട്ടയും നന്നായി വേവിച്ചാണ് പാകം ചെയ്യുന്നു. ഇത് 100 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടാക്കും. അതിനാൽ കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നതിൽ നിന്ന് മനുഷ്യർക്ക് വൈറസ് പിടിപെടാനുള്ള സാധ്യത വിരളമാണ്,” അദ്ദേഹം പറഞ്ഞു.
ഇന്ത്യ പ്രതിമാസം ശരാശരി 30 കോടി കോഴികളെ ഇറച്ചിക്കായി ഉപയോഗിക്കുന്നുണ്ട്. 900 കോടി മുട്ടയും ഉപയോഗിക്കുന്നു.
കോവിഡ് -19 വ്യാപനത്തിന്റെ തുടക്കത്തിൽ, കോഴി വ്യവസായത്തിൽ കനത്ത ഇടിവുണ്ടായിരുന്നു. രോഗത്തിൻറെ വ്യാപനത്തെ കോഴി, മുട്ട എന്നിവയുടെ ഉപഭോഗവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ പ്രചരിച്ചതിനെത്തുടർന്നായിരുന്നു അത്. ആളുകൾ മുട്ട, കോഴി ഇറച്ചി എന്നിവ ഒഴിവാക്കാൻ തുടങ്ങിയതോടെ അന്ന് രണ്ട് മാസത്തിനിടെ ഈ വ്യവസായ രംഗത്ത് ഒരു ബില്യൺ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. നിലവിൽ ഈ രംഗം തിരിച്ചുവരവിലാണെങ്കിലും ഉൽപാദനം കുറവാണ്.