scorecardresearch

‘ഗ്രേറ്റസ്റ്റ് ഓഫ്‍ ഓള്‍ ടൈം’; ഫെഡററിന്റെ കരിയറും ചരിത്ര നിമിഷങ്ങളും

കഠിനാധ്വാനി, ആവേശവും ആത്മിവിശ്വാസവും, ഒപ്പം അല്‍പ്പം തമാശയും. ഇതായിരുന്നു തന്റെ പ്രതാപകാലത്തെ ഫെഡറര്‍. അസാധ്യമെന്ന് തോന്നിക്കുന്ന ഷോട്ടുകള്‍ പോലും ഫെഡറര്‍ക്ക് അനായാസമായിരുന്നു

‘ഗ്രേറ്റസ്റ്റ് ഓഫ്‍ ഓള്‍ ടൈം’; ഫെഡററിന്റെ കരിയറും ചരിത്ര നിമിഷങ്ങളും

അടുത്ത വാരം നടക്കാനിരിക്കുന്ന ലേവര്‍ കപ്പോടെ ടെന്നിസില്‍ നിന്ന് വിടവാങ്ങാനൊരുങ്ങുകയാണ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍. എനിക്ക് 41 വയസായി, 24 വർഷമായി ഞാൻ 1,500 ലധികം മത്സരങ്ങൾ കളിച്ചു. എന്റെ മത്സര ജീവിതം അവസാനിപ്പിക്കേണ്ട സമയം എപ്പോഴാണെന്ന് ഞാൻ തിരിച്ചറിയേണ്ടതായി വന്നിരിക്കുന്നു,” ഫെഡറര്‍ വിരമിക്കല്‍ കുറിപ്പില്‍ പറയുന്നു.

നാല്‍പ്പത്തിയൊന്നുകാരനായ ഫെഡറര്‍ 2021 വിംബിള്‍ഡണ് ശേഷം ടെന്നിസ് കോര്‍ട്ടിലെത്തിയിട്ടില്ല. കാല്‍മുട്ടിന് വീണ്ടും പരിക്കേറ്റതോടെ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കരിയറില്‍ മൂന്നാമത്തെ തവണയൊണ് കാല്‍മുട്ടിന് ശസ്ത്രക്രിയ ചെയ്യുന്നത്.

തന്റെ ശരീരത്തിന്റെ പരിമിധികളെ ഫെഡറര്‍ ചൂണ്ടിക്കാണിക്കുമ്പോഴും താരം കളത്തിലേക്ക് മടങ്ങിയെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ആരാധകര്‍. ടെന്നീസ് മാത്രമല്ല, ഒരു ടെന്നീസ് താരം എന്നതിന്റെ അർത്ഥമെന്താണെന്ന് ഫെഡറർ തന്റെ കരിയറിലൂടെ തെളിയിച്ചു. കളി മികവുകൊണ്ടും നര്‍മ്മ ബോധത്താലും ഫെഡറര്‍ കീഴടക്കിയ ആരാധക ഹൃദയങ്ങള്‍ ഏറെയാണ്.

കഠിനാധ്വാനി, ആവേശവും ആത്മിവിശ്വാസവും, ഒപ്പം അല്‍പ്പം തമാശയും. ഇതായിരുന്നു തന്റെ പ്രതാപകാലത്തെ ഫെഡറര്‍. അസാധ്യമെന്ന് തോന്നിക്കുന്ന ഷോട്ടുകള്‍ പോലും ഫെഡറര്‍ക്ക് അനായാസമായിരുന്നു.

അവസാനമില്ലാത്ത നേട്ടങ്ങള്‍

പലര്‍ക്കും മറികടക്കാന്‍ പോലും സാധിക്കാത്തത്ര നേട്ടങ്ങള്‍ സ്വസ് ഇതിഹാസത്തിന്റെ പേരിലുണ്ട്. ആദ്യമായി 20 ഗ്രാന്‍ഡ് സ്ലാമുകള്‍ നേടുന്ന താരം. നൊവാക് ജോക്കോവിച്ചിന് ശേഷം ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ലോക ഒന്നാം നമ്പര്‍ പദവിയില്‍ ഇരുന്നവന്‍.

310 ആഴ്ചകളാണ് ഫെഡറര്‍ ഒന്നാം നമ്പര്‍ പദവിയിലിരുന്നിട്ടുള്ളത്. ഇതില്‍ 237 ആഴ്ചകള്‍ തുടര്‍ച്ചയായാണ്. ലോക ഒന്നാം നമ്പര്‍ പദവിയിലെത്തുന്ന പ്രായം കൂടിയ താരവും ഫെഡറര്‍ തന്നെയാണ്. 36-ാം വയസിലായിരുന്നു നേട്ടം.

2004 ല്‍ ഒന്നാം നമ്പറിലെത്തിയ താരം 2008 വരെ സ്ഥാനത്ത് തുടര്‍ന്നു. 31 മേജര്‍ കിരീടങ്ങളാണ് ഫെഡററുടെ പേരിലുള്ളത്. ഇതില്‍ 10 കിരീടങ്ങള്‍ തുടര്‍ച്ചയായും നേടി.

സ്‌പോർട്‌സ്മാൻഷിപ്പ് അവാർഡ് റെക്കോർഡ് 13 തവണ ലഭിച്ചു, കൂടാതെ 17 വർഷം തുടർച്ചയായി ATP ആരാധകരുടെ പ്രിയപ്പെട്ട താരത്തിനുള്ള പുരസ്‌കാരം നേടി. അഞ്ച് തവണ എടിപി പ്ലെയർ ഓഫ് ദ ഇയർ ആയും ഐടിഎഫ് വേൾഡ് ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം 2005 മുതൽ 2008 വരെ തുടർച്ചയായി നാല് അവാർഡുകൾ ഉൾപ്പെടെ അഞ്ച് തവണ ലോറസ് വേൾഡ് സ്‌പോർട്‌സ്മാൻ ഓഫ് ദ ഇയർ അവാർഡ് നേടിയിട്ടുണ്ട്. ബിബിസി ഓവർസീസ് സ്‌പോർട്‌സ് പേഴ്‌സണാലിറ്റി ഓഫ് ദ ഇയർ അവാർഡ് സ്വന്തമാക്കിയത് നാല് തവണ.

തന്റെ സമപ്രായക്കാരുള്‍പ്പടെ ടെന്നിസ് ചരിത്രത്തിലെ ഇതിഹാസങ്ങള്‍ക്കൊപ്പം കളിക്കാന്‍ ഫെഡറര്‍ക്കായി. പീറ്റ് സാംപ്രസ്, ആന്ദ്രെ അഗസി, ആന്‍ഡി റോഡിക്, റഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നിവരാണ് പട്ടികയിലെ പ്രമുഖര്‍.

ആറ് തവണ ഓസ്‌ട്രേലിയൻ ഓപ്പൺ, ഒരു തവണ ഫ്രഞ്ച് ഓപ്പൺ, അഞ്ച് തവണ യുഎസ് ഓപ്പൺ, കൂടാതെ തന്റെ പ്രിയപ്പെട്ട ടൂർണമെന്റായ വിംബിൾഡണ്‍ കിരീടം എട്ട് തവണയും ഫെഡററുടെ കൈകളിലെത്തി. 2004, 2006, 2007 വര്‍ഷങ്ങളില്‍ മൂന്ന് വീതം ഗ്രാന്‍ഡ് സ്ലാമുകള്‍ നേടി.

ഏറ്റവും പൂര്‍ണതയുള്ള കളിക്കാരനായി അദ്ദേഹം പരിഗണിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കളിമണ്‍ കോര്‍ട്ടില്‍ ഫെഡറര്‍ക്ക് തിളങ്ങാനായിട്ടില്ല. റോളണ്ട് ഗാരോസിൽ തന്റെ പ്രതാപ കാലത്തു പോലും ഫെഡററെ നദാല്‍ മറികടന്നു. ആദ്യ റൗണ്ടുകളിൽ തന്നെ നദാല്‍ പരാജയപ്പെട്ടപ്പോള്‍ മാത്രമാണ് ഫെഡറർക്ക് തന്റെ ഏക ഫ്രഞ്ച് ഓപ്പൺ കിരീടം നേടാൻ കഴിഞ്ഞത്.

ശാരീരിക ക്ഷമതയുടെ കാര്യത്തില്‍ ഫെഡററേക്കാള്‍ മുന്നിലായിരുന്നു ജോക്കോവിച്ചും നദാലും. അതുകൊണ്ട് തന്നെ ഫെ‍ഡറര്‍ക്ക് ഇരുവരേയും നേരിടാന്‍ പുതിയ വഴികള്‍ സ്വീകരിക്കേണ്ടതായി വന്നു. 2001 ല്‍ വിംബിള്‍ഡണില്‍ സാംപ്രസിന്റെ 31 തുടര്‍ വിജയങ്ങള്‍ക്ക് അവസാനം കുറിച്ചതും സ്വിസ് താരമായിരുന്നു. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ തുടര്‍ന്ന ലെയ്തണ്‍ ഹിവിറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫെഡറര്‍ കീഴടക്കി. നാല് മണിക്കൂറിലധികം നീണ്ടു നിന്ന പോരാട്ടത്തില്‍ റോഡിക്കിനെ 2009 വിംബിള്‍ഡണ്‍ ഫൈനലില്‍ മറികടന്നതും ഫെഡറര്‍ നിമിഷങ്ങളില്‍ ഒന്നാണ്.

ഏറ്റവും മികച്ച പോരാട്ടങ്ങളുടെ ഭാഗം

ടെന്നിസ് ചരിത്രത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് അടക്കിവാണ ത്രിമൂര്‍ത്തികളാണ് ഫെഡറര്‍, നദാല്‍, ജോക്കോവിച്ച് എന്നിവര്‍. മൂവരും തമ്മിലുള്ള പോരാട്ടവും കടുത്തതായിരുന്നു. നദാല്‍ 22 തവണ ഗ്രാന്‍‍ഡ് സ്ലാം കിരീടം നേടി. ജോക്കോവിച്ച് 21 തവണയും.

2010 കളില്‍ ഏറ്റവുമധികം തവണ ഫെഡറര്‍ ഏറ്റുമുട്ടിയത് ജോക്കോവിച്ചിനോടായിരുന്നു, 35 പ്രാവശ്യം. 22 മത്സരങ്ങളില്‍ ഫെഡറര്‍ പരാജയപ്പെട്ടു. ഇതില്‍ 12 എണ്ണവും ടൂര്‍ണമെന്റ് ഫൈനലുകളിലായിരുന്നു. ഒരു ദശാബ്ദത്തില്‍ ഏറ്റവുമധികം തോല്‍വി ഒരു താരത്തിനോട് വഴങ്ങിയെന്ന റെക്കോര്‍ഡും ഇതിഹാസത്തിന്റെ പേരിലാണ്. ഈ കാലയളവില്‍ നദാലിനോട് 11 മത്സരങ്ങളില്‍ അടിയറവ് പറഞ്ഞു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: The remarkable career of roger federer a short history

Best of Express