ക്രെഡിറ്റ് കാര്‍ഡുകള്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസുമായി (യുപിഐ) ബന്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരിക്കുകയാണ്. തദ്ദേശീയമായ റുപേ ക്രെഡിറ്റ് കാര്‍ഡുകളാണ് ആദ്യം ബന്ധിപ്പിക്കുകയെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്ന് ധനനയ പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ)യാണ് റുപേ നെറ്റ്‌വര്‍ക്കും യുപിഐയും നിയന്ത്രിക്കുന്നത്.
പുതിയ നീക്കത്തിന്റെ പ്രാധാന്യമെന്ത്?
യുപിഐയ്ക്കുള്ള വ്യാപക സ്വീകാര്യത കണക്കിലെടുക്കുമ്പോള്‍, യുപിഐയും ക്രെഡിറ്റ് കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കുന്നതു രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിപ്പിക്കുന്നതിന് സഹായകരമാവുമെന്നാണ് വ്യവസായ വിദഗ്ധര്‍ കരുതുന്നത്. കുറച്ച് വര്‍ഷങ്ങളായി സ്ലൈസ്, യൂണി, വണ്‍ പോലുള്ള നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവന്ന ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡുകളിലൂടെ യുപിഐയില്‍ ക്രെഡിറ്റ് ഉയര്‍ത്തുന്നതിനുള്ള വഴികള്‍ സംയോജനത്തിലൂടെ തുറക്കുന്നു. യുപിഐയുടെ വലിയ ഉപഭോക്തൃ അടിത്തറയില്‍ ബാങ്കിങ് വഴി ദത്തെടുക്കല്‍ വര്‍ധിപ്പിക്കുന്നതിനുള്ള പ്രേരണ കൂടിയാണിത്. നിലവില്‍ ഡെബിറ്റ് കാര്‍ഡുകളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും മാത്രമേ യുപിഐ ലിങ്ക് ചെയ്യാനാകൂ.
”ഇത് ഉപയോക്താക്കള്‍ക്ക് അധിക സൗകര്യം നല്‍കുകയും ഡിജിറ്റല്‍ പേയ്മെന്റുകളുടെ വ്യാപ്തി വര്‍ധിപ്പിക്കുകയും ചെയ്യും,” ആര്‍ ബി ഐ ഗവര്‍ണര്‍ പറഞ്ഞു.
തടസങ്ങള്‍ എന്തൊക്കെ?
ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കുന്നതിനു മുന്‍പ് പരിഹരിക്കപ്പെടേണ്ട ചില നിയന്ത്രണ മേഖലകളുണ്ട്. ഉദാഹരണത്തിന്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന യുപിഐ ഇടപാടുകള്‍ക്കു മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആര്‍) എങ്ങനെ ബാധകമാക്കുമെന്ന് വ്യക്തമല്ല.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ മുഖേന ഉപഭോക്താക്കളില്‍നിന്ന് പേയ്മെന്റുകള്‍ സ്വീകരിക്കുന്നതിനു വ്യാപാരിയില്‍നിന്നു ബാങ്ക് ഈടാക്കുന്ന നിരക്കാണ് എം ഡി ആര്‍. 2020 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വന്ന മാനദണ്ഡമനുസരിച്ച്, യുപിഐയും റുപേയും എം ഡി ആര്‍ രഹിതമാണ്. അതായത് ഈ ഇടപാടുകള്‍ക്ക് നിരക്കുകളൊന്നും ബാധകമല്ല. ഇത് ഉപയോക്താക്കളും വ്യാപാരികളും യു പി ഐ വിപുലമായി ഉപയോഗിക്കാനുള്ള പ്രധാന കാരണം. എന്നിരുന്നാലും, ഈ മാനദണ്ഡം പേയ്മെന്റ് വ്യവസായത്തില്‍നിന്ന് തിരിച്ചടി നേരിടുന്നു. തങ്ങള്‍ രൂപപ്പെടുത്തിയ പേയ്മെന്റ് ഇക്കോസിസ്റ്റത്തിന്റെ ‘ഫിനാന്‍ഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ നിക്ഷേപിക്കാനും പരിപാലിക്കാനുമുള്ള അഗ്രഗേറ്റര്‍മാരുടെ കഴിവിനെ ഇത് പരിമിതപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യു പി ഐയില്‍ സീറോ-എം ഡി ആറിന്റെ പ്രയോഗക്ഷമത വിസ, മാസ്റ്റര്‍കാര്‍ഡ് പോലുള്ള മറ്റ് കാര്‍ഡ് നെറ്റ്വര്‍ക്കുകള്‍ ഇതുവരെ യു പി ഐയില്‍ ഉള്‍പ്പെടുത്താതിരിക്കാനുള്ള ഒരു കാരണമായിരിക്കാം.
എന്താണ് മൊത്തത്തിലുള്ള സ്ഥിതി?
”26 കോടിയിലധികം ഉപയോക്താക്കളും അഞ്ച് കോടി വ്യാപാരികളുമുള്ള ഇന്ത്യയിലെ ഏറ്റവും ഇന്‍ക്ലൂസീവ് പേയ്മെന്റ് മോഡായി യു പി ഐ മാറിയിരിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ യുപിഐയുടെ പുരോഗതി സമാനതകളില്ലാത്തതാണ്. മറ്റു പല രാജ്യങ്ങളും സമാനമായ രീതികള്‍ അവലംബിക്കുന്നതില്‍ ഞങ്ങളുമായി ഏര്‍പ്പെട്ടിട്ടുണ്ട്. രാജ്യങ്ങള്‍,” സമാനമായ രീതികള്‍ സ്വീകരിക്കുന്നതില്‍ മറ്റു പല രാജ്യങ്ങളും നമ്മളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്,” ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
മേയില്‍, 10 ലക്ഷം കോടി രൂപ മൂല്യം വരുന്ന 595 കോടി ഇടപാടുകളാണു യു പി ഐ കൈകാര്യം ചെയ്ത്. 2016-ല്‍ യു പി ്െഎ ആരംഭിച്ചതിനു ശേഷമുള്ള റെക്കോര്‍ഡാണിത്. ഉടന്‍ തന്നെ ദിവസം നൂറ് കോടി ഇടപാടുകള്‍ പ്രോസസ് ചെയ്യാനുള്ള ശ്രമത്തിലാണ് എന്‍ പി സി ഐ. കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ബെഞ്ച്മാര്‍ക്ക് നിരക്കുകള്‍ ആര്‍ ബി ഐ വര്‍ധിപ്പിക്കുന്നതിനിടെയുള്ള ഇത്തരമൊരു നീക്കം രാജ്യത്തെ വായ്പാധിഷ്ഠിത ഉപഭോഗം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ്.
Also Read: വിശ്വാസത്തിൽ ഉലഞ്ഞ് ഇന്ത്യ-ഗൾഫ് ബന്ധം