പതിറ്റാണ്ടുകളായി ശ്രിലങ്കന്‍ തമിഴര്‍ യുദ്ധവും ആഭ്യന്തര പ്രശ്നങ്ങളും മൂലം തമിഴ്നാട്ടിലേക്ക് പലായനം ചെയ്തിട്ടുണ്ട്. മാര്‍ച്ച് 22 ന് 16 ശ്രീലങ്കന്‍ തമിഴരാണ് രാമേശ്വരം തീരത്തെത്തിയത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമുള്ള കഷ്ടതകള്‍ കാരണമാണ് ഇവര്‍ തമിഴ്നാട്ടിലേക്ക് അഭയം തേടിയെത്തിയിരിക്കുന്നത്. ശ്രീലങ്കയില്‍ തൊഴിലില്ലായ്മയും കുതിച്ചുയരുന്ന പണപ്പെരുപ്പവും തുടരുന്ന പശ്ചാത്തലത്തില്‍ അഭയാർഥികളുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജൻസികൾ നല്‍കുന്ന വിവരം.
സ്വാഭാവിക ആശ്രയമായി തമിഴ്നാട്
ആഴം കുറഞ്ഞ പാള്‍ക്ക് കടലിടുക്കിന് കുറുകെ കഷ്ടിച്ച് 30 കിലോമീറ്റർ അകലെയുള്ള തമിഴ്നാട് പ്രത്യേകിച്ച് വടക്കൻ, കിഴക്കൻ ശ്രീലങ്കയിലെ തമിഴർക്ക് ഏറെ അടുത്താണ്. വംശീയമായ അടുപ്പമാണ് തമിഴ്നാട്ടിലേക്ക് ഇവരെ അടുപ്പിക്കുന്നത്. ശ്രീലങ്കയിലെ പതിറ്റാണ്ടുകളായി യുദ്ധത്തിലും രാഷ്ട്രീയ പ്രക്ഷുബ്ധതയിലും വലിയതും സ്വാധീനമുള്ളതുമായ തമിഴരുടെ പങ്കാളിത്തമുണ്ട്.
സമാനമായതും സാംസ്‌കാരികവുമായി ബന്ധവുമുള്ള ശ്രീലങ്കൻ അഭയാർത്ഥികളെ തമിഴ്‌നാട്ടിലെ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും പരമ്പരാഗതമായി സ്വാഗതം ചെയ്യുന്നു. 1970 കളിലും 80 കളിലും ഇന്ത്യ തമിഴ് വിമതരെ പരിശീലിപ്പിക്കുകയും ആയുധാഭ്യാസം നല്‍കുകയും ചെയ്തു. ശ്രീലങ്കയിൽ നിന്നും അനധികൃതമായി കടൽ കടന്ന് എത്തിയവര്‍ രാജ്യത്തിന് ഭീഷണിയൊന്നും ഉയര്‍ത്തിയില്ല. 1991 ൽ എൽടിടിഇ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതിന് ശേഷം ഈ സ്ഥിതിഗതികൾ മാറി.
ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ ചരിത്രം
വടക്കൻ, കിഴക്കൻ ശ്രീലങ്കയിൽ നിന്നുള്ള തമിഴ് വംശജരായ അഭയാർത്ഥികൾ 1980 കൾക്ക് വളരെ മുന്‍പ്തന്നെ ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍ 1983 ന് ശേഷം ഇത് ഗണ്യമായി വര്‍ധിച്ചു. സിംഹള ബുദ്ധിസ്റ്റുകളും ഇന്ത്യന്‍ സായുധ തമിഴ് പുലികളും തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമായിരുന്നു ഇത്
1983 ന് മുന്‍പ് എത്തിയവർ പ്രധാനമായും ഇന്ത്യൻ വംശജരായ തമിഴരായിരുന്നു, അവരുടെ പൂർവ്വികർ തേയിലത്തോട്ടങ്ങളിൽ ജോലിക്കായി ശ്രീലങ്കയിലേക്ക് കുടിയേറിയതാണ്. ശ്രീലങ്കയിലെ ഇന്ത്യൻ വംശജരായ 9,75,000 പേർക്ക് ഇഷ്ടമുള്ള രാജ്യത്തെ പൗരന്മാരാകാൻ പ്രധാനമന്ത്രിമാരായ ലാൽ ബഹാദൂർ ശാസ്ത്രിയും സിരിമാവോ ബണ്ഡാരനായകെയും തമ്മിലുള്ള കരാറാണ് അവരുടെ വരവ് സുഗമമാക്കിയത്.
1983 മുതൽ ശ്രീലങ്കൻ തമിഴർ വലിയ തോതില്‍ എത്തിത്തുടങ്ങി. ഇതിൽ ആദ്യത്തേത് 1983 ജൂലൈക്കും 1987 നും ഇടയിലാണ്. ഇക്കാലയളവില്‍ 1.34 ലക്ഷം ശ്രീലങ്കൻ തമിഴരാണ് ഇന്ത്യയിലെത്തിയത്. എൽടിടിഇ പതിമൂന്ന് ശ്രീലങ്കൻ സൈനികരെ കൊലപ്പെടുത്തിയതിന് പിന്നാലെ ശ്രീലങ്കയിൽ നടന്ന തമിഴ് വിരുദ്ധ കലാപത്തെത്തുടർന്ന് ഇന്ത്യ-ശ്രീലങ്ക ഉടമ്പടി പിൻവലിച്ചു. എന്നിരുന്നാലും 1987 മുതൽ രണ്ട് വർഷത്തിനുള്ളിൽ 25,600 അഭയാർത്ഥികൾ ശ്രീലങ്കയിലേക്ക് മടങ്ങിയതായി ഔദ്യോഗിക രേഖകൾ പറയുന്നു.
1990 ജൂണിൽ രണ്ടാം ഘട്ട അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് എത്തി. യുദ്ധത്തെ തുടര്‍ന്നായിരുന്നു ഇത്. ഏകദേശം 1,22,000 തമിഴർ ദ്വീപിൽ നിന്ന് പലായനം ചെയ്തതായാണ് വിവരം. 1991 നും 1995 നും ഇടയിൽ ഏകദേശം 54,000 അഭയാർത്ഥികളെ ശ്രീലങ്കയിലേക്ക് തിരിച്ചയച്ചു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ശ്രീലങ്കൻ തമിഴർ തമിഴ്നാട്ടിൽ നിന്ന് രോഷം നേരിട്ട കാലഘട്ടം കൂടിയാണിത്.
1995 ലായിരുന്നു മൂന്നാം ഘട്ടം. ഇത് 2002 വരെ നീണ്ടു നിന്നു. വടക്കൻ ശ്രീലങ്കയിൽ തീവ്രമായ പോരാട്ടം കണ്ട നാളുകളായിരുന്നു ഇത്. യുദ്ധത്തിന് അവസാനമായതോടെ 2008-09 കാലഘട്ടത്തില്‍ അഭയാര്‍ത്ഥികളുടെ ഒഴുക്ക് വീണ്ടും വര്‍ധിച്ചു. ഇത് 2013 വരെ തുടര്‍ന്നു.
അഭയാര്‍ത്ഥികളുടെ എണ്ണം
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഏകദേശം 58,822 പേര്‍ തമിഴ്‌നാട്ടിൽ ശ്രീലങ്കൻ തമിഴർക്കായി സ്ഥാപിച്ച 108 അഭയാർത്ഥി ക്യാമ്പുകളിൽ താമസിക്കുന്നു, ഇതില്‍ എട്ട് വയസിന് താഴെയുള്ള 10,000 കുട്ടികളുമുണ്ട്. അഭയാർത്ഥി സർട്ടിഫിക്കറ്റുള്ള 34,087 വ്യക്തികൾ ക്യാമ്പുകൾക്ക് പുറത്ത് താമസിക്കുന്നു.
തമിഴ്നാട്ടിലെ ജീവിതം
ശ്രീലങ്കയിലെ പല തമിഴ് ദേശീയവാദികളും ഡിഎംകെയെ തമിഴരെ വഞ്ചിക്കുന്നവരായാണ് കാണക്കാക്കുന്നത്. ഇതിന് തക്കതായ കാരണവുമുണ്ട്. ശ്രീലങ്കൻ സൈന്യം ആയിരക്കണക്കിന് സാധാരണക്കാരെ കൊലപ്പെടുത്തിയ യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ സഹായിച്ചത് യുപിഎ ഭരണകൂടമായിരുന്നു. എന്നിരുന്നാലും ലങ്കയില്‍ നിന്ന് പലായനം ചെയ്യുന്ന സാധാരണ ജനങ്ങൾ, കഴിഞ്ഞ ഒരു വർഷമായി നിരവധി “അഭയാർത്ഥി അനുകൂല” നടപടികൾ സ്വീകരിച്ച എം കെ സ്റ്റാലിൻ സർക്കാരിനോട് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.
ശ്രീലങ്കൻ തമിഴ് പ്രശ്‌നത്തെക്കുറിച്ച് തമിഴ്‌നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി തുടർച്ചയായ ചർച്ചകൾ നടന്നിട്ടും അഭയാർഥി ക്യാമ്പുകളിലെ ജീവിതനിലവാരം ഉയർത്താൻ കാര്യമായൊന്നും മാറിമാറി വന്ന സര്‍ക്കാരുകള്‍ ചെയ്തിട്ടില്ല. പല ക്യാംപുകളിലും അഭയാര്‍ത്ഥികള്‍ തിങ്ങി നിറഞ്ഞാണ് താമസിക്കുന്നത്. ഹോട്ടലുകളിലും മറ്റ് മേഖലകളിലും ദിവസ വേതന തൊഴിലാളികളായി ജോലി ചെയ്യുന്ന പല അഭയാർത്ഥികളും ക്യൂ ബ്രാഞ്ച്, സ്റ്റേറ്റ് ഇന്റലിജൻസ്, ഇൻവെസ്റ്റിഗേറ്റീവ് യൂണിറ്റ് എന്നിവരുടെ നിരീക്ഷണത്തിലുമാണ്.
സംസ്ഥാനത്തെ പൊതു സാമൂഹ്യക്ഷേമ പദ്ധതികളില്‍ നിന്ന് ഓരോ അഭയാർത്ഥി കുടുംബത്തിലേയും മുതിര്‍ന്ന വ്യക്തിക്ക് കുറഞ്ഞത് 1000 രൂപയും പ്രതിമാസ അലവൻസും ലഭിക്കും. ഭാര്യമാർക്കും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും മറ്റ് സഹായവും ലഭിക്കും. ശ്രീലങ്കൻ അഭയാർത്ഥികൾക്ക് 3,510 വീടുകൾ നിർമ്മിക്കാനും 7,469 വീടുകൾ നവീകരിക്കാനും ഉന്നത വിദ്യാഭ്യാസത്തിനായി അഭയാർത്ഥി വിദ്യാർത്ഥികൾ സാമ്പത്തിക സഹായം നൽകാനും ഡിഎംകെ സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ‘കോണ്‍ഡോര്‍സ്’; അറിയാം നാവികസേനയുടെ പുതിയ പി-81 സ്‌ക്വാഡ്രണിന്റെ വിശേഷങ്ങള്‍