1932ൽ ഇന്ത്യയിലെത്തുമ്പോൾ, ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ് കമ്പനി ഒരു പരമാധികാര പ്രക്ഷേപകരായിരുന്നു. അതിന്റെ വിദേശ ഇടപെടലുകളും ആ സ്വത്വവുമായി ബന്ധപ്പെട്ടായിരുന്നു. എന്നാൽ, ഇന്ത്യയ്ക്കു സ്വാതന്ത്യം കിട്ടിയശേഷം, ബി ബി സി (ഇപ്പോൾ ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ് കോർപ്പറേഷൻ) ഒരു സ്വതന്ത്ര വിദേശ പ്രക്ഷേപകരായി സ്വയം മാറുന്നതിനു പ്രവർത്തിച്ചു.
1970നും 1972നും ഇടയിൽ രണ്ടു തവണ ബി ബി സിക്ക് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തേണ്ടിവന്നു. ഇന്ത്യയെ മോശമായി ചിത്രീകരിച്ച രണ്ടു ഡോക്യുമെന്ററികൾ സംപ്രേക്ഷണം ചെയ്തതിനായിരുന്നു ഇത്. പിന്നെ 1975ൽ അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പുറത്താക്കിയപ്പോഴും ഇത് ആവർത്തിച്ചു.
2017ഏപ്രിലിൽ, രാജ്യത്തെ ദേശീയ പാർക്കുകളിലും വന്യജീവി സങ്കേതങ്ങളിലും ചിത്രീകരണം നടത്തുന്നതിൽനിന്നു സർക്കാർ ബി ബി സിയെ വിലക്കി. “ഇന്ത്യയുടെ യശസ്സിനു നികത്താനാവാത്ത കോട്ടം വരുത്തിയതിന്” ആയിരുന്നു ഈ നടപടി. ബി ബി സി ഡോക്യുമെന്ററികൾക്കും വാർത്താ റിപ്പോർട്ടുകൾക്കും വേണ്ടിയുള്ള ചിത്രീകരണത്തിന് അഞ്ച് വർഷത്തെ വിലക്കാണ് ഏർപ്പെടുത്തിയത്.
”തീർത്തും വ്യാജമായ ” റിപ്പോർട്ടിങ്ങിന്റെ പേരിൽ ദേശീയ കടുവ സംരക്ഷണ അതോറിറ്റി ബി ബി സിയെ വിമർശിക്കുകയും ദക്ഷിണേഷ്യൻ ലേഖകൻ ജസ്റ്റിൻ റൗലറ്റിനെ കരിമ്പട്ടികയിൽ പെടുത്താൻ ശിപാർശ ചെയ്യുകയും ചെയ്തിരുന്നു. അസമിലെ കാസിരംഗ കടുവാ സങ്കേതത്തിനായുള്ള സർക്കാരിന്റെ ”ക്രൂരമായ വേട്ടയാടൽ വിരുദ്ധ തന്ത്രത്തെ” എടുത്തുകാട്ടുന്ന ഒരു ഡോക്യുമെന്ററിയുടെ പേരിലായിരുന്നു ഇത്.
ഇപ്പോൾ, 2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചു പറയുന്ന രണ്ടു ഡോക്യുമെന്ററികൾ സംപ്രേഷണം ചെയ്തശേഷം കേന്ദസർക്കാരുമായുള്ള പ്രശ്നം ബി ബി സിയെ സംബന്ധിച്ച് അസാധാരണമായ ഒന്നല്ല. ചൊവ്വാഴ്ച ആദായനികുതി അധികൃതർ ബി ബി സി ഇന്ത്യയുടെ ഓഫീസുകളിൽ ‘സർവേ’ നടത്തി.
1932ൽ ഇംഗ്ലീഷ് ഭാഷാ റേഡിയോ സേവനത്തോടെ പ്രവർത്തനം ആരംഭിച്ച ബി ബി സി രാജ്യത്ത് അതിന്റെ നിലനിൽപ്പിന്റെ ദശാബ്ദങ്ങളിൽ, ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമല്ല, നിരവധി പ്രാദേശിക ഭാഷകളിലും ഉള്ളടക്കം പ്രദാനം ചെയ്യുന്ന സമ്പൂർണ വാർത്താ പ്രക്ഷേപകരായി മാറി. ബംഗാളി, നേപ്പാളി, തമിഴ്, ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുങ്ക് ഭാഷകൾ അതിൽ ഉൾപ്പെടുന്നു.
“ഇന്ത്യൻ സാമ്രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നതിന്” ഒരു കേന്ദ്രീകൃത സംപ്രേക്ഷണ സംവിധാനം ഇന്ത്യയിൽ വേണമെന്നു ബ്രിട്ടീഷ് സർക്കാരിന്റെ ഇന്ത്യാ ഓഫീസിനോട് ബി ബി സിയുടെ ജനറൽ മാനേജർ ജോൺ റീത്ത് 1924ൽ നിർദേശിച്ചതായി അതിന്റെ വെബ്‌സൈറ്റിൽ പറയുന്നു.
ബി ബി സിയുടെ ഡൽഹി ബ്യൂറോ വിദേശത്തെ വലിയ ബ്യൂറോകളിൽ ഒന്നാണ്. അവിടെ രാജ്യത്തെ മാത്രമല്ല ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൊത്തം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. 1970-കളിൽ മാർക്ക് ടുള്ളി ഡൽഹി ബ്യൂറോയുടെ ചുമതല ഏറ്റെടുത്തതോടെയാണു ബിബിസിയുടെ ഇന്ത്യൻ റിപ്പോർട്ടുകൾ കൂടുതൽ അറിയപ്പെടുകയും വിപുലമാവുകയും ചെയ്തത്.
അമൃത്‌സർ സുവർണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെയും തുടർസംഭവങ്ങളുടെയും കവറേജ് സതീഷ് ജേക്കബുമായി ചേർന്നാണു മാർക്ക് ടുള്ളി നടത്തിയത്. ഇത് ഇരുവരെയുടെയും പേര് ആളുകൾക്കിടയിൽ സുപരിചിതമാക്കി. അവരുടെ റിപ്പോർട്ടുകൾ തുടർന്നുള്ള വർഷങ്ങളിൽ റഫറൻസായും മാറി.