അയോധ്യയിലെ രാമ ക്ഷേത്ര വിഷയവുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന രാഷ്ട്രീയ കരിയര്‍ ഗ്രാഫാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്. ബിജെപി 1990-ല്‍ ആരംഭിച്ച രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ആദ്യ സാരഥിയെ സഹായിച്ചത് മുതല്‍ ആ പദ്ധതിയുടെ പൂര്‍ത്തീകരണം വരെ നീളുന്നു ഈ വിഷയത്തില്‍ മോദിയുടെ പങ്ക്.
എല്‍കെ അദ്വാനിയുടെ രാമ രഥ യാത്ര 1990 സെപ്തംബറില്‍ ഗുജറാത്തിലെത്തിയപ്പോള്‍ ആ യാത്രയുടെ സംഘാടകനെന്ന നിലയില്‍ മോദിയുടെ പങ്ക് അന്നാരും ശ്രദ്ധിക്കാതെ പോയി. ആ രഥ യാത്ര തുടക്കം കുറിച്ച പ്രസ്ഥാനത്തിന്റെ വിജയകരമായ പൂര്‍ത്തീകരണം 30 വര്‍ഷങ്ങള്‍ക്ക് ശേഷം മോദി ക്ഷേത്ര നിര്‍മ്മാണത്തിന് ശിലയിട്ടപ്പോള്‍ നടത്തി.
ക്ഷേത്ര വിഷയത്തില്‍ അകലം പാലിച്ച് മോദി
ഗുജറാത്തില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചപ്പോള്‍ രാമ ക്ഷേത്രമെന്ന ആശയവുമായി ചേര്‍ത്ത് തന്നെ വായിക്കുന്നതിനോട് താല്പര്യം പ്രകടിപ്പിച്ച് കണ്ടിരുന്നില്ല.

2014, 2019 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തര്‍ക്ക ഭൂമി സന്ദര്‍ശിക്കുന്നതില്‍ നിന്നും മോദി ഒഴിഞ്ഞു നിന്നു. ബിജെപി ഉത്തര്‍പ്രദേശില്‍ നിന്നും പരമാവധി രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ച 2014-ല്‍ അയോധ്യയ്ക്ക് സമീപം ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പ്രസംഗിച്ചുവെങ്കിലും രാമ ജന്മഭൂമി സ്ഥലത്തേക്ക് പോയില്ല.
Read Also: റാം തന്നെ ധാരാളം, ‘ജയ് ശ്രീറാം’ വിജയഭേരി ആവശ്യമില്ല
വീണ്ടും തെരഞ്ഞെടുപ്പ് നേരിട്ട 2019-ല്‍ അയോധ്യയില്‍ നിന്നും 27 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗോസായിന്ഗഞ്ചില് മെയ് ഒന്നിന് മോദി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുവെങ്കിലും തര്‍ക്ക ഭൂമിയില്‍ സന്ദര്‍ശനം നടത്തിയില്ല. പ്രധാനമന്ത്രിയായ ആദ്യ കാലയളവില്‍ മോദി അയോധ്യ അല്ലെങ്കില്‍ രാമ ക്ഷേത്രം എന്നിവയെ കുറിച്ച് പരാമര്‍ശിച്ചിട്ടേയില്ല.
എങ്കിലും കഴിഞ്ഞ വര്‍ഷം, നവംബര്‍ 9-ന് ക്ഷേത്ര നിര്‍മ്മാണത്തിനുള്ള തടസ്സങ്ങള്‍ സുപ്രീംകോടതി നീക്കിയശേഷം അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് പിന്നിലെ ശക്തി താനാണെന്ന് അറിയപ്പെടാനുള്ള ആഗ്രഹം പ്രധാനമന്ത്രി വ്യക്തമാക്കി.
ഈ വര്‍ഷം ഫെബ്രുവരി അഞ്ചിന് അസാധാരണമായൊരു നീക്കത്തില്‍ അദ്ദേഹം അയോധ്യയില്‍ രാമ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ട്രസ്റ്റ് രൂപീകരണത്തിനുള്ള മന്ത്രിസഭ തീരുമാനം ലോകസഭയില്‍ പ്രഖ്യാപിച്ചു. “പ്രധാനപ്പെട്ടതും ചരിത്രപരവുമായ തീരുമാനം” എന്ന പരാമര്‍ശം അദ്ദേഹം പ്രഖ്യാപിച്ചത് നിര്‍ണായകമാണ്. ബിജെപിയുടെ അടിസ്ഥാന ആശയ അജണ്ട പൂര്‍ത്തീകരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നിയമനിര്‍മ്മാണ നീക്കങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷായാണ് നേതൃത്വം നല്‍കിയിരുന്നു. ഭരണഘടനയില്‍ ജമ്മു കശ്മീരിന് സവിശേഷ അധികാരം നല്കുന്ന 370-ാം വകുപ്പ് റദ്ദാക്കിയപ്പോഴും പൗരത്വ നിയമ ഭേദഗതി പാസാക്കിയപ്പോഴും സര്‍ക്കാരിന്റെ മുഖവും ശബ്ദവുമായിരുന്നത് മോദിയല്ല. ഷാ ആയിരുന്നു.
“ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് സ്ഥാപിക്കാന്‍ എന്റെ സര്‍ക്കാര്‍ തീരുമാനിച്ചു. രാമക്ഷേത്ര നിര്‍മ്മാണത്തിലും അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കും,” ലോകസഭയില്‍ പ്രധാനമന്ത്രി പറഞ്ഞു. വിദ്വേഷമില്ലാത്ത ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്താന്‍ അദ്ദേഹം രാജ്യത്തെ പ്രേരിപ്പിക്കുകയും ചെയ്തു.
രാമ ജന്മഭൂമി പ്രസ്ഥാനവുമായി ചേര്‍ന്ന് ഒരിക്കലും മോദി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ഒരു ബിജെപി ഭാരവാഹി പറഞ്ഞു. “മുരളി മനോഹര്‍ ജോഷിയുടെ എക്താ യാത്രയില്‍ (1991-ല്‍ കന്യാകുമാരിയില്‍ നിന്നും കശ്മീരിലേക്ക് നടത്തിയ ദേശീയ ഏകീകരണ യാത്ര) മോദി പിന്നില്‍ നിന്നത് പോലെ രഥ യാത്രയില്‍ അദ്വാനിജിയുടെ പിന്നില്‍ നിന്നിരുന്നത് പ്രമോദ് മഹാജനാണ്. കൂടാതെ, ദേശീയ തലത്തില്‍ എത്തിയശേഷം അയോധ്യ പ്രസ്ഥാനവുമായി തന്നെ ചേര്‍ത്ത് നിര്ത്തേണ്ടതില്ലെന്നത് അദ്ദേഹത്തിന്റെ ബോധപൂര്‍വമായ തീരുമാനമായിരുന്നു. കാരണം, ആ വിഷയം കോടതിയുടെ പരിഗണനയിലായിരുന്നു,” നേതാവ് പറഞ്ഞു.
ബിജെപി, ഗുജറാത്ത് കലാപം, മോദി
1984-ല്‍ കേവലം രണ്ട് സീറ്റ് മാത്രം ലഭിച്ച് അമ്പേ പരാജയപ്പെട്ട പ്രകടനത്തിനുശേഷമാണ് ബിജെപിയും ആശയ രക്ഷകര്‍ത്താവുമായ ആര് എസ് എസും ദേശീയമായി അംഗീകാരം ആര്‍ജ്ജിക്കാനും തിരഞ്ഞെടുപ്പ് വളര്‍ച്ച കൈവരിക്കാനും ക്ഷേത്ര വിഷയത്തെ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. അത് ശ്രദ്ധേയമായ നേട്ടം കൊയ്തു. 1989-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 89 സീറ്റുകള്‍ ലഭിച്ചു.
അദ്വാനി രഥ യാത്ര ആരംഭിച്ചപ്പോള്‍ ബിജെപിയുടെ ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ മോദിക്ക് ലഭിച്ച ചുമതല സോമനാഥ് മുതല്‍ മുംബയ് വരെയുള്ള യാത്രയുടെ ഏകോപനമായിരുന്നു. ആ കാലത്ത് ഗുജറാത്തിലെ ബിജെപിയുടെ മഹാരഥന്മാരായ കേശുഭായ് പട്ടേലിനും ശങ്കര്‍സിങ് വഗേലയ്ക്കും കാശിറാം റാണയ്ക്കും പിന്നില്‍
നിഴലിലായിരുന്നു മോദിയുടെ പങ്ക്. പക്ഷേ, 2002-ലെ ഗുജറാത്ത് കലാപം എല്ലാം മാറ്റിമറിച്ചു.
Read Also: ഓഗസ്റ്റ് 5; പുതിയ ജനാധിപത്യത്തിന്റെ തറക്കല്ലിടല്‍

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഏതാനും മാസങ്ങള്‍ക്കകം 2002 ഫെബ്രുവരി 27-ന് അയോധ്യയില്‍ കര്‍സേവ കഴിഞ്ഞ് മടങ്ങുന്നവര്‍ അടക്കം 2000-ല്‍ അധികം യാത്രക്കാരുള്ള ഒരു ട്രെയിന്‍ ഗോധ്രയില്‍ വച്ച് ആക്രമിക്കപ്പെട്ടു. ഈ സംഭവത്തെ തുടര്‍ന്ന് ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. ആയിരത്തില്‍ അധികം പേര് കൊല്ലപ്പെട്ടു. അതില്‍ കൂടുതലും മുസ്ലിങ്ങളായിരുന്നു. കലാപം തടയാന്‍ തന്റെ അധികാരം ഉപയോഗിച്ച് സാധ്യമായതെല്ലാം ചെയ്തുവെന്ന് മോദി നിലപാട് എടുത്തുവെങ്കിലും നിസംഗത പാലിച്ചുവെന്നും കലാപകാരികളെ അക്രമത്തിനും കൊള്ളിവയ്പ്പിനും അനുവദിച്ചുവെന്നും മോദിയുടെ വിമര്‍ശകര്‍ ആരോപിച്ചു.
രാജ്യത്തെ ഹിന്ദുക്കളേയും മുസ്ലിങ്ങളേയും ഗുജറാത്ത് കലാപം ധ്രുവീകരിച്ചു. ഇതും മോദിയുടെ പ്രതിച്ഛായയില്‍ കളങ്കമായി മാറി. രാഷ്ട്രീയ എതിരാളികള്‍ എല്ലാക്കാലത്തും മോദിയെ ആക്രമിക്കുന്നതിന് കലാപത്തെ ഉപയോഗിച്ചു. 2007-ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി മോദിയെ ‘മരണത്തിന്റെ വ്യാപാരി’ (മോത്ത് കാ സര്‍ദാഗര്‍) എന്ന് വിശേഷിപ്പിച്ചു. കുറച്ചു കാലത്തേക്കെങ്കിലും ബിജെപിയുമായി അകലം പാലിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉപയോഗിച്ചതും ഗുജറാത്ത് കലാപത്തെ തന്നെയാണ്.
2004-ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ അടല്‍ ബിഹാരി വാജ്പേയിക്ക് അപ്രതീക്ഷിത തോല്‍വി സംഭവിക്കാന്‍ കാരണം ഗുജറാത്ത് കലാപമായിരുന്നുവെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നുണ്ട്. “ഗുജറാത്ത് കലാപത്തിന്റെ പ്രഭാവം ദേശവ്യാപകമായി ഉണ്ടായിയെന്നും ആ സംഭവത്തിനുശേഷം മോദിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കണമായിരുന്നുവെന്നും,” വാജ്പേയി ഒരു ടിവി ചാനലിനോട് പറഞ്ഞിരുന്നു. അതേസമയം, ഗുജറാത്ത് കലാപത്തിന്റെ പേരിലെ അപകീര്‍ത്തിപ്പെടുത്തലിന്റെ ഇരയാണ് മോദിയെന്ന് അദ്വാനി പറഞ്ഞു.
കല്ലേറുകളെ ചവിട്ടുപടിയാക്കിയുള്ള വളര്‍ച്ച
എന്റെ നേര്‍ക്ക് എറിഞ്ഞ കല്ലുകളെ ഉപയോഗിച്ച് എനിക്ക് കയറാനുള്ള ചവിട്ടുപടികള്‍ പണിതുവെന്ന് മോദി പിന്നീട് പറഞ്ഞു. ഗുജറാത്ത് സംഭവങ്ങളും അദ്ദേഹത്തിനു നേര്‍ക്കുള്ള ആക്രമണങ്ങളും ഹിന്ദുത്വയുടെ ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാവായി ഉയരാന്‍ മോദിയെ സഹായിച്ചു. കൂടാതെ, മോദിയുടെ നേതൃത്വത്തില്‍ ഹിന്ദു വോട്ടുകള്‍ ബിജെപിക്ക് പിന്നില്‍ മുമ്പെങ്ങുമില്ലാത്തവിധം വന്നുചേരുകയും ചെയ്തു.
2014-ലെ തെരഞ്ഞെടുപ്പില്‍ വികസനത്തെ മോദി തന്റെ അജണ്ടയായി തെരഞ്ഞെടുത്തപ്പോള്‍ രാമ ക്ഷേത്ര നിര്‍മ്മാണത്തെ ബിജെപി ‘സാംസ്കാരിക പൈതൃകം’ എന്ന ഉപതലക്കെട്ടിനുള്ളില് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി. “അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഭരണഘടനയ്ക്കുള്ളില്‍ നിന്നു കൊണ്ടുള്ള എല്ലാ വഴികളും തേടും” എന്ന് ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞു.
ഹിന്ദു വികാരത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള ബിജെപിയുടെ ഏറ്റവും മികച്ച വിഷയമായി ക്ഷേത്രം തുടര്‍ന്നു. 2017-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നിഖണ്ടുവില് അയോധ്യ തിരിച്ചെത്തി. ക്ഷേത്രത്തെ ചുറ്റിയുള്ള വികാരം പൊലിപ്പിച്ച് നിര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടികള്‍ എടുക്കുകയും ചെയ്തു.
യുപി തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ജനുവരിയില്‍ രാമ ക്ഷേത്ര നിര്‍മ്മാണത്തിനായി നിയമ നിര്‍മ്മാണം നടത്തണമെന്ന് വി എച്ച് പി ആവശ്യപ്പെട്ടപ്പോള്‍ അയോധ്യയില്‍ രാമായണ മ്യൂസിയം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തര്‍ക്ക ഭൂമിക്ക് ചുറ്റിലുമുള്ള തര്‍ക്കമില്ലാത്ത ഭൂമിയുടെ നിലവിലെ അവസ്ഥ നിലനിര്‍ത്തണമെന്ന ഉത്തരവ് പിന്‍വലിക്കാനും അധിക ഭൂമി യഥാര്‍ത്ഥ ഉടമകള്‍ക്ക് കൈമാറുന്നതിനും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
Read in English: The intertwined journeys of Narendra Modi and the temple in Ayodhya