കേരള രാഷ്ട്രീയത്തിൽ പകരക്കാരനില്ലാത്ത നേതാവാണ് പി.കെ.കുഞ്ഞാലിക്കുട്ടി. ഒരു ഇടവേളയ്‌ക്ക് ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുകയാണ് കുഞ്ഞാലിക്കുട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ലോക്‌സഭാ എംപി സ്ഥാനം രാജിവച്ചാണ് കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നത്.
മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി ഇന്നലെയാണ് ഡൽഹിയിലെത്തി ലോക്‌സഭാ എംപി സ്ഥാനം രാജിവച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന, ദേശീയ നേതൃത്വങ്ങളുമായുള്ള ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് എംപി സ്ഥാനം രാജിവയ്‌ക്കാൻ കുഞ്ഞാലിക്കുട്ടി തീരുമാനിച്ചത്. ആസന്നമായിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗിനെ നയിക്കാൻ വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഒഴിഞ്ഞത്. ഏപ്രിൽ-മേയ് മാസങ്ങളിലായാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കും.
Read Also: കര്‍ഷക പ്രക്ഷോഭത്തിനെതിരായ നടപടികള്‍ ഭരണഘടനാ ലംഘനം
ലീഗിൽ മാത്രമല്ല യുഡിഎഫിനുള്ളിലും വ്യക്തമായ സ്വാധീനമുള്ള നേതാവാണ് 69 കാരനായ കുഞ്ഞാലിക്കുട്ടി. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ മുസ്‌ലിം ലീഗ് ഫെഡറേഷനിലൂടെയാണ് കുഞ്ഞാലിക്കുട്ടി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. അമ്പത് വർഷത്തിലേറെ പഴക്കമുള്ള രാഷ്ട്രീയ ജീവിതത്തിൽ ഏഴ് തവണ എംഎൽഎയും രണ്ട് തവണ ലോക്‌സഭാ എംപിയുമായി. കെ.കരുണാകരൻ, എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി എന്നീ മുഖ്യമന്ത്രിമാരുടെ മന്ത്രിസഭയിൽ അംഗമായിരുന്നു കുഞ്ഞാലിക്കുട്ടി.
അതിഗംഭീര പ്രാസംഗികനല്ല കുഞ്ഞാലിക്കുട്ടി. എന്നാൽ, വളരെ ശാന്തമായി സംസാരിക്കുന്നതും സംഘാടന മികവും കുഞ്ഞാലിക്കുട്ടിയെ വ്യത്യസ്‌തനാക്കുന്നു. മുസ്‌ലിം ലീഗിനെ കേരള രാഷ്ട്രീയത്തിൽ സജീവമായി നിലനിർത്തുന്നതിൽ കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രാഭവം എടുത്തുപറയേണ്ടതാണ്. പലപ്പോഴും മുന്നണിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഒത്തുതീർപ്പുകളുണ്ടാക്കാനും യുഡിഎഫ് നേതാക്കൾ ആശ്രയിക്കുന്നത് കുഞ്ഞാലിക്കുട്ടിയെയാണ്.
പാണക്കാട് കുടുംബവുമായി അടുത്ത വ്യക്തിബന്ധമുള്ള നേതാവാണ് കുഞ്ഞാലിക്കുട്ടി. കോൺഗ്രസിലെ എ,ഐ ഗ്രൂപ്പുകളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കാനും കുഞ്ഞാലിക്കുട്ടിക്ക് കാലങ്ങളായി കഴിയുന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ഒരുപോലെ സൗഹൃദം പുലർത്തുന്നുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷവും കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായിരുന്നു. മലപ്പുറം എംപിയായിരുന്ന ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്നാണ് 2017 ലെ ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി ലീഗ് സ്ഥാനാർഥിയായത്. ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുകയായിരുന്നു പിന്നീട് കുഞ്ഞാലിക്കുട്ടി. ഒന്നര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മലപ്പുറം മണ്ഡലത്തിൽ നിന്ന് കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലെത്തിയത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി വിജയം ആവർത്തിച്ചു. 2019 ൽ യുപിഎ സർക്കാർ അധികാരത്തിലെത്തിയാൽ കേന്ദ്രമന്ത്രിയാകാമെന്ന് പ്രതീക്ഷിച്ചാണ് കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് വീണ്ടും മത്സരിച്ചതെന്നാണ് സിപിഎം അന്ന് ആരോപിച്ചത്.
വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമാകാൻ കുഞ്ഞാലിക്കുട്ടി ആഗ്രഹിക്കുന്നത് മറ്റ് പല ലക്ഷ്യങ്ങളും ഉള്ളതുകൊണ്ടാണെന്ന് എൽഡിഎഫ് ആരോപിക്കുന്നു. ബിജെപിയും കുഞ്ഞാലിക്കുട്ടിയെ രാഷ്ട്രീയമായി ആക്രമിക്കുന്നു. മലപ്പുറം ലോക്‌സഭാ സീറ്റിൽ വീണ്ടും അനാവശ്യ തിരഞ്ഞെടുപ്പ് നടക്കാൻ വഴിയൊരുക്കുകയാണ് കുഞ്ഞാലിക്കുട്ടിയെന്ന് സിപിഎമ്മും ബിജെപിയും ആരോപിക്കുന്നു. കുഞ്ഞാലിക്കുട്ടി വ്യക്തിഗത നേട്ടങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്ന് എതിർ പാട്ടികൾ വിമർശിക്കുന്നു. സിപിഎം ഒരു കടമ്പ കൂടി കടന്ന് മൂർച്ചയേറിയ വിമർശനമാണ് നടത്തുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കുകയാണ് കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യമെന്നാണ് സിപിഎം പ്രധാനമായും ആരോപിക്കുന്നത്. ഇങ്ങനെയൊരു അവസ്ഥയുണ്ടായാൽ കോൺഗ്രസ് ലീഗിനെ സേവിക്കേണ്ടി വരുമെന്നും സിപിഎം പറയുന്നു.
Read Also: ഗ്രേറ്റ തൻബർഗിനെതിരെ ഡൽഹി പൊലീസിന്റെ എഫ്ഐആർ; ഇപ്പോഴും കർഷക സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് ഗ്രേറ്റ
ലോക്‌സഭാ അംഗത്വം രാജിവച്ച് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നത് പാർട്ടിയ്‌ക്ക് ദോഷം ചെയ്യുമെന്ന് ലീഗിനുള്ളിലെ തന്നെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ചില പ്രാദേശിക നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവച്ചത് ഈ പ്രതിഷേധത്തിന്റെ ഭാഗമായാണ്. എന്നാൽ, കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നും യുഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും ലീഗ് നേതൃത്വം ന്യായീകരിക്കുന്നു.
കുഞ്ഞാലിക്കുട്ടിയുടെ വരവ് കോൺഗ്രസും സ്വാഗതം ചെയ്യുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുഞ്ഞാലിക്കുട്ടിയുടെ നേതൃശേഷി യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് പറയുന്നത്. ലീഗിന് മികച്ച വേരോട്ടമുള്ള മലബാർ മേഖലയിൽ യുഡിഎഫിന് കൂടുതൽ ജയസാധ്യതയുണ്ടെന്ന് കോൺഗ്രസും വിലയിരുത്തുന്നു.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗിന്റെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതായിരുന്നു. യുഡിഎഫിന് അധികാരം നഷ്ടപ്പെട്ടപ്പോൾ കോൺഗ്രസിന് വൻ തിരിച്ചടിയാണ് നേരിട്ടത്. കോൺഗ്രസും ലീഗും തമ്മിലുള്ള സീറ്റ് വ്യത്യാസം വളരെ നേരിയതായിരുന്നു. 2016 ൽ 87 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ജയിക്കാൻ സാധിച്ചത് വെറും 22 സീറ്റിൽ. എന്നാൽ, 24 സീറ്റിൽ മത്സരിച്ച മുസ്‌ലിം ലീഗ് 18 സീറ്റിലും വിജയിച്ചു. 2011 ൽ 24 സീറ്റിൽ മത്സരിച്ച ലീഗ് 20 സീറ്റിൽ വിജയിച്ചിരുന്നു. യുഡിഎഫിൽ ലീഗിന് വ്യക്തമായ സ്ഥാനമുണ്ടെന്ന് ഈ കണക്കുകളിൽ നിന്ന് വ്യക്തം.
മാത്രമല്ല, ഇപ്പോൾ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറത്തും തങ്ങൾക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലും ലീഗ് മികച്ച വിജയം സ്വന്തമാക്കിയിരുന്നു. തങ്ങളുടെ സ്വാധീന മേഖലകളിൽ കോൺഗ്രസിന് അടിപതറിയപ്പോഴാണ് ലീഗ് പിടിച്ചുനിന്നത്. ലീഗ് 20 ലേറെ സീറ്റ് നേടിയാൽ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അധികാരത്തിലെത്താൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.