ക്രൂഡ് ഓയില്‍ വില ചൊവ്വാഴ്ച 100 ഡോളറിനു താഴെ എത്തിയിരിക്കുകയാണ്. 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 139 ഡോളറിലെത്തിയ വില രണ്ടാഴ്ചയ്ക്കുശേഷമാണ് കുറഞ്ഞിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് വില ഇന്ന് ബാരലിന് 102.7 ഡോളറിലെത്തി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ബാരലിനു 78.11 ഡോളറായിരുന്ന വിലയേക്കാള്‍ 32 ശതമാനം ഉയര്‍ന്നതാണിത്.
എന്തുകൊണ്ടാണ് ബ്രെന്റ് ക്രൂഡ് വില കുറയുന്നത്?
റഷ്യ-ഉക്രെയ്ന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ക്രമാനുഗതമായി ഉയരുന്ന എണ്ണ വില കുറയാന്‍ സഹായിച്ചതിന് ഒന്നിലേറെ കാരണങ്ങളുണ്ട്. ക്രൂഡ് ഓയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന ചൈനയിലെ കോവിഡ് -19 കേസുകളുടെ വര്‍ധനവും ഇറാനുമായുള്ള ആണവ കരാര്‍ ആഗോള ക്രൂഡ് ഓയില്‍ വിതരണം വര്‍ധിപ്പിക്കുമെന്നതിന്റെ സൂചനകളും കാരണങ്ങളായി.
കോവിഡ് -19 കേസുകള്‍ രണ്ടു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ സാഹചര്യത്തില്‍ വ്യാപനം തടയുന്നതിനായി ചൈന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ചൈനയിലെ പുതിയ കോവിഡ് തരംഗം ക്രൂഡ് ഓയില്‍ ഡിമാന്‍ഡിലുണ്ടാക്കുന്ന പ്രതിഫലനം സംബന്ധിച്ച ആശങ്കകള്‍ ക്രൂഡ് ഓയില്‍ വില കുറയാന്‍ സഹായിച്ചു.
2015 ലെ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ യുഎസും റഷ്യയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും ആഗോള വിപണിയിലെ എണ്ണ വിതരണ ആശങ്കകള്‍ക്ക് അയവ് വരുത്തി. എണ്ണ കയറ്റുമതിയെ നിയന്ത്രിക്കുന്ന സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവുകള്‍ നല്‍കുന്നതിനു പകരമായി 2015 ലെ കരാര്‍ പ്രകാരം തങ്ങളുടെ ആണവ പരിപാടി പരിമിതപ്പെടുത്താന്‍ ഇറാന്‍ സമ്മതിച്ചിരുന്നു.
രാജ്യത്തിനുമേലുള്ള പാശ്ചാത്യ ഉപരോധം, ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെ ബാധിക്കില്ലെന്ന് ഉറപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ട് റഷ്യയുമായുള്ള ചര്‍ച്ചകള്‍ സ്തംഭിച്ചിരുന്നു. എങ്കിലും കരാര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ തുടരാന്‍ അനുവദിക്കുമെന്ന് റഷ്യയ്ക്കു രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ചൊവ്വാഴ്ച പറഞ്ഞു. എണ്ണ കയറ്റുമതി ഉപരോധം നീക്കിയാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇറാന് അസംസ്‌കൃത എണ്ണ ഉല്‍പ്പാദനം പ്രതിദിനം 1.5 ദശലക്ഷം ബാരലായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ എങ്ങനെ പ്രതിഫലിക്കും?
ഇന്ത്യ അതിന്റെ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില സാധാരണയായി പമ്പിലെ പെട്രോളിന്റെയും ഡീസലിന്റെയും ഉയര്‍ന്ന വിലയായി പ്രതിഫലിക്കുന്നു. അതേസമയം, അസംസ്‌കൃത എണ്ണ വില ഏകദേശം 27 ശതമാനം വര്‍ധിച്ചിട്ടും എണ്ണ വിപണന കമ്പനികള്‍ നവംബര്‍ നാലു മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ നിലനിര്‍ത്തി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അന്താരാഷ്ട്ര വിലയ്ക്ക് അനുസൃതമായി, എണ്ണ വിപണണ കമ്പനികള്‍ ഉടന്‍ തന്നെ പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്താന്‍ തുടങ്ങുമെന്ന് വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
ക്രൂഡ് ഓയില്‍ സംഭരിക്കുന്നതിനഒ സര്‍ക്കാര്‍ റഷ്യയുമായി ചര്‍ച്ച നടത്തിവരികയാണെന്നു കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ”ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എത്ര എണ്ണ ലഭിക്കും എന്നതുപോലുള്ള നിരവധി വിഷയങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്,” മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.
സ്വിഫ്റ്റ് സാമ്പത്തിക ഇടപാട് സന്ദേശമയയ്ക്കല്‍ സംവിധാനത്തില്‍നിന്ന് ഏഴ് റഷ്യന്‍ ബാങ്കുകളെ വിലക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് റഷ്യ ഇന്ത്യയ്ക്കു കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ നടപടിയെത്തുടര്‍ന്ന് റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് ഉപഭോക്താക്കളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്.
Also Read: ചൈനയിലും യുഎസിലും കേസുകൾ കൂടുന്നു; പുതിയ കോവിഡ് തരംഗത്തിൽനിന്ന് മനസിലാക്കേണ്ടത് എന്ത്?