വിമാനയാത്രാ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ക്കിടയിലും സി-ബാന്‍ഡ് 5 ജി സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുകയാണ് അമേരിക്ക. പുതിയ സാങ്കേതിക വിദ്യ നടപ്പാക്കിയ സാഹചര്യത്തില്‍ കുറഞ്ഞ ദൃശ്യപരതയില്‍ പോലും കൂടുതല്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാൻ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അനുമതി നല്‍കിയുണ്ടായി. ഇതേത്തുടര്‍ന്ന് ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കുള്ള വിമാനങ്ങള്‍ ഇന്നലെ പുനരാരംഭിച്ചിരുന്നു.
പ്രഖ്യാപനത്തെത്തുടര്‍ന്ന്, എയര്‍ ഇന്ത്യ ഇന്ത്യയില്‍നിന്ന് യുഎസിലേക്കുള്ള വിമാനങ്ങള്‍ പുനരാരംഭിച്ചു. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ഇന്നലെ രാവിലെ പുറപ്പെട്ടു.
എടി ആന്‍ഡ് ടി എന്ന കമ്പനി, അനുവദിക്കപ്പെട്ട 3.7-3.98 ജിഗാഹെര്‍ട്സ് ബാന്‍ഡില്‍ 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നത് റഡാര്‍ ആള്‍ട്ടിമീറ്ററുകള്‍ പോലുള്ള വിമാന ഉപകരണങ്ങള്‍ക്കു പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് എഫ്എഎ 14-നു മുന്നറിയിപ്പ് നല്‍കിയിരുന്നു. 5ജി അവതരണം ആസൂത്രണം ചെയ്തതുപോലെ മുന്നോട്ടുപോയാല്‍ വരാനിരിക്കുന്ന ‘വിനാശകരമായ’ വ്യോമയാന പ്രതിസന്ധിയെക്കുറിച്ച് വാണിജ്യ പാസഞ്ചര്‍, കാര്‍ഗോ എയര്‍ലൈനുകളും മുന്നറിയിപ്പ് നല്‍കി.
‘യുഎസില്‍ 5ജി ആശയവിനിമയത്തിന്റെ വിന്യാസം കാരണം’ ബുധനാഴ്ച ഡല്‍ഹി-ന്യൂയോര്‍ക്ക്, ഡല്‍ഹി-ഷിക്കാഗോ, ഡല്‍ഹി-സാന്‍ ഫ്രാന്‍സിസ്‌കോ സെക്ടറുകളില്‍ എട്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടു സര്‍വിസ് നടത്തുന്ന യുഎസ് ആസ്ഥാനമായുള്ള അമേരിക്കന്‍ എയര്‍ലൈന്‍സും ഡെല്‍റ്റ എയര്‍ലൈന്‍സും ബുധനാഴ്ച വിമാനങ്ങള്‍ റദ്ദാക്കി.
യുഎസിലെ ഏറ്റവും വലിയ വയര്‍ലെസ് കമ്യൂണിക്കേഷന്‍ സേവന ദാതാക്കളായ എ.ടി ആന്‍ഡ് ടി, വെരിസണ്‍ എന്നിവര്‍ 5ജി വിന്യാസം നടത്തുന്നത് വിമാനക്കമ്പനികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ടെലികോം കമ്പനികള്‍ ഉപയോഗിക്കുന്ന ഫ്രീക്വന്‍സികള്‍ വിമാന ഉപകരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഫ്രീക്വന്‍സികള്‍ക്കു വളരെ അടുത്തുനില്‍ക്കുന്നതാണെന്ന് വിമാനക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. 4.2-4.4 ജിഗാഹെട്‌സ് റേഞ്ചിലാണ് റഡാര്‍ ആള്‍ട്ടിമീറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഫ്‌ളൈറ്റ് റഡാര്‍ ആള്‍ട്ടിമീറ്ററുകള്‍ എങ്ങനെയാണ് സുരക്ഷിതമായ പറക്കലിനെ സഹായിക്കുന്നത്?
വിമാനം, ബഹിരാകാശ വാഹനം, മിസൈല്‍ എന്നിങ്ങനെ വായുവിലൂടെ സഞ്ചരിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും ഉയരവും ദൂരവും അളക്കാന്‍ ആള്‍ട്ടിമീറ്റര്‍ നിര്‍ണായകമാണ്.
ബാരോമെട്രിക്, ലേസര്‍, റേഡിയോ അല്ലെങ്കില്‍ റഡാര്‍ ആള്‍ട്ടിമീറ്ററുകള്‍ എന്നിങ്ങനെ ആള്‍ട്ടിമീറ്ററുകള്‍ പ്രധാനമായും മൂന്ന് തരത്തിലാണ്.
ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റ(ജിപിഎസ്)വും ഈ ആള്‍ട്ടിമീറ്ററുകളും സംയോജിപ്പിച്ചാണ് മിക്ക വാണിജ്യ യാത്രാ, ചരക്കു വിമാനങ്ങളും അവയുടെ പാത നിര്‍ണയിക്കുന്നത്. അതുപോലെ പറക്കുന്ന സമയത്ത് സമുദ്രനിരപ്പിനു മുകളിലുള്ള ഉയരം, ഉയര്‍ന്ന കെട്ടിടങ്ങളുടെ സാന്നിധ്യം, പര്‍വതങ്ങള്‍, മറ്റ് തടസങ്ങള്‍ എന്നിവ തിരിച്ചറിയാനും ഇവ ഉപയോഗിക്കുന്നു.
റേഡിയോ അല്ലെങ്കില്‍ റഡാര്‍ ആള്‍ട്ടിമീറ്റര്‍ 4.2-4.4 ജിഗാഹെട്‌സ് ഫ്രീക്വന്‍സി മൈക്രോവേവ് സി-ബാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വളരെ ചെറിയ, ലോ-പവര്‍ റഡാര്‍ സംവിധാനമാണ്. ഈ ആള്‍ട്ടിമീറ്ററുകളുടെ ഉയര്‍ന്ന ഫ്രീക്വന്‍സി വിമാന നിര്‍മാതാക്കളെ വേഗത്തിലും കൃത്യമായും റിലേ ചെയ്യാവുന്ന ശക്തമായ സിഗ്‌നലുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചെറിയ ആന്റിനകള്‍ സ്ഥാപിക്കാന്‍ പ്രാപ്തരാക്കുന്നു.
യുഎസിലെ റഡാര്‍ ആള്‍ട്ടിമീറ്റര്‍ തടസം സംബന്ധിച്ച ആശങ്ക എന്തുകൊണ്ട്?
ടെലികോം സേവനദാതാക്കള്‍ 5ജി പുറത്തിറക്കുന്നത് എല്ലായിടത്തും വ്യോമയാനത്തിന് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, യുഎസിലെ സ്ഥിതി നിര്‍ണായകമാണ്. 2021-ല്‍ സി-ബാന്‍ഡ് സ്‌പെക്ട്രം ശ്രേണിയില്‍ 3.7-3.98 ജിഗാഹെട്‌സ് 5ജി ബാന്‍ഡ് വിഡ്ത്ത് ലേലം ചെയ്തു. ഈ ബാന്‍ഡ് റേഡിയോ, റഡാര്‍ ആള്‍ട്ടിമീറ്ററുകള്‍ പ്രവര്‍ത്തിക്കുന്ന 4.2-4.4 ജിഗാഹെട്‌സ് ശ്രേണിക്ക് വളരെ അടുത്താണെന്ന് വിമാനക്കമ്പനികള്‍ പരാതിപ്പെട്ടു.
വ്യവസായവിദഗ്ധരുടെ അഭിപ്രായത്തില്‍, 5ജിയുടെ മുഴുവന്‍ മൂല്യവും സ്വന്തമാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനും പ്രവര്‍ത്തനങ്ങള്‍ സാധ്യമായ ഏറ്റവും ഉയര്‍ന്ന ബാന്‍ഡിലേക്ക് എത്തിക്കുന്നതിനും ടെലികോം സേവന ഓപ്പറേറ്റര്‍മാര്‍ എന്ന നിലയില്‍ ഇരു ബാന്‍ഡുകളുടെയും കൈകടത്തല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാധ്യമായ ഏറ്റവും കൃത്യമായ റീഡിങ്ങുകള്‍ ലഭിക്കാന്‍ ആള്‍ട്ടിമീറ്ററുകള്‍ ഉയര്‍ന്ന ആവൃത്തികളില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ഇന്ത്യയിലെ സ്ഥിതി എന്താണ്?
ഇന്ത്യയില്‍, ഇതുവരെ 5ജി അവതരിപ്പിച്ചിട്ടില്ല. 5ജി ടെലികോം പ്രവര്‍ത്തനങ്ങളുടെ ഫ്രീക്വന്‍സി ശ്രേണി ഏകദേശം 3.3-3.68 ജിഗാഹെട്‌സ് ആണ്. അടുത്തടുത്തുള്ള ഫ്രീക്വന്‍സികള്‍ സംബന്ധിച്ച് പൈലറ്റുമാരുടെ സംഘടന ടെലികമ്യൂണിക്കേഷന്‍സ് വകുപ്പുമായുള്ള യോഗങ്ങളില്‍
ആശങ്ക പ്രകടിപ്പിച്ചതായാണ് അറിയുന്നത്.
എന്നാല്‍, വാണിജ്യ 5ജി സേവനങ്ങള്‍ക്കുള്ള ഫ്രീക്വന്‍സികള്‍ ആള്‍ട്ടിമീറ്ററുകള്‍ക്ക് ഉപയോഗിക്കുന്നതില്‍നിന്ന് കുറഞ്ഞത് 530 മെഗാഹെട്‌സ് അകലെയായതിനാല്‍ യാതൊരു തടസവുമുണ്ടാകില്ലെന്നാണ് ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് പൈലറ്റുമാര്‍ക്കു നല്‍കിയിരിക്കുന്ന ഉറപ്പ്.
Also Read: കോവിഡ് വ്യാപനം: ജില്ലകളെ മൂന്ന് വിഭാഗമായി തിരിച്ചുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ