മഹാരാഷ്ട്രയിൽ വിമത നീക്കം നടത്തുകയാണ് മന്ത്രി ഏക്‌നാഥ് ഷിൻഡെ. 40 നിയമസഭാംഗങ്ങൾ തനിക്കൊപ്പമുണ്ടെന്നാണ് ഏക്‌നാഥ് ഷിൻഡെ പറയുന്നത്. 55 അംഗ ശിവസേനയുടെ 33 എംഎൽഎമാരും സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കുന്ന ഏഴ് സ്വതന്ത്രന്മാരും വിമത ഗ്രൂപ്പിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഭരണഘടന പ്രകാരം, കൂറുമാറ്റ നിരോധന നിയമപ്രകാരം ഒരു രാഷ്ട്രീയ പാർട്ടിയിൽനിന്നു നിയമസഭാംഗങ്ങൾ മറ്റു പാർട്ടിയിൽ ലയിക്കുകയോ പ്രത്യേക രാഷ്ട്രീയ പാർട്ടി സംവിധാനമായി മാറുന്നതിനോ ആ പാർട്ടിയുടെ മൊത്തം എംഎൽഎമാരുടെ മൂന്നിൽ രണ്ട് എങ്കിലും അംഗങ്ങളുടെ പിൻബലം ഉണ്ടായിരിക്കണം.
നിലവിലെ 287 അംഗ നിയമസഭയിൽ ബിജെപിക്ക് 106 എംഎൽഎമാരാണുള്ളത്. ഷിൻഡെയുടെ വിമത നീക്കത്തിനു മുൻപ് സേനയ്ക്ക് സഭയിൽ 55 എംഎൽഎമാരുണ്ടായിരുന്നു. എൻസിപിയുടെ 53 ഉം കോൺഗ്രസിന്റെ 44 ഉം എംഎൽഎമാർ ഭരണകക്ഷിയായ മഹാ വികാസ് അഘാഡി സഖ്യത്തിന്റെ അംഗബലം 152 ആയി ഉയർത്തി.
കൂറുമാറ്റ നിരോധന നിയമം എന്താണ്, അതിന്റെ ഉദ്ദേശ്യം എന്താണ്?
കൂറുമാറ്റ നിരോധന നിയമം ഒരു പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിലേക്ക് പോയ വ്യക്തിഗത എംപി/എംഎൽഎമാരെ ശിക്ഷിക്കുന്നു. എന്നാൽ നിയമസഭാ കക്ഷിയുടെ മൂന്നില്‍ രണ്ടുപേര്‍ കൂറുമാറിയാല്‍ അയോഗ്യതയില്‍നിന്നു രക്ഷപ്പെടാം. കൂടാതെ, കൂറുമാറിയ നിയമസഭാംഗങ്ങളെ സ്വീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളെ ശിക്ഷിക്കുന്നില്ല.
1985-ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ, കൂറുമാറ്റ നിരോധന നിയമം സംബന്ധിച്ച് നടത്തിയ 52-ാം ഭരണഘടനാ ഭേദഗതി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും സുപ്രധാന നിയമ ഭേദഗതിയാണ്. പാർട്ടി മാറുന്നതിൽ നിന്ന് നിയമസഭാംഗങ്ങളെ നിരുത്സാഹപ്പെടുത്തി സർക്കാരുകൾക്ക് സ്ഥിരത കൈവരിക്കുക എന്നതായിരുന്നു കൂറുമാറ്റ നിരോധന നിയമത്തിന്റെ ലക്ഷ്യം. 1967-ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം എംഎൽഎമാർ ഒന്നിലധികം സംസ്ഥാന സർക്കാരുകളെ അട്ടിമറിച്ചതിനുള്ള ഫലമായിരുന്നു ഈ നിയമം.
എന്താണ് കൂറുമാറ്റം? ആരാണ് തീരുമാനിക്കുന്ന അധികാരി?
നിയമം മൂന്ന് തരത്തിലുള്ള സാഹചര്യങ്ങൾ പറയുന്നു.
ഒന്ന്, ഒരു രാഷ്ട്രീയ പാർട്ടിയുടെ ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾ ആ പാർട്ടിയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുക അല്ലെങ്കിൽ പാർട്ടിയുടെ തീരുമാനത്തിന് വിരുദ്ധമായി നിയമസഭയിൽ വോട്ട് ചെയ്യുക.
പാർട്ടിയുടെ മൊത്തം സംഖ്യയുടെ 1/3-ൽ താഴെ മാത്രം അല്ലെങ്കിൽ ഒരു നിയമസഭാ കക്ഷിയുടെ 2/3-ൽ താഴെ എംഎൽഎമാർ മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ചേരുന്ന സന്ദർഭങ്ങളിൽ എംഎൽഎമാരെ അയോഗ്യരാക്കുന്നതിനുള്ള വ്യവസ്ഥ പത്താം ഷെഡ്യൂളിൽ ആദ്യം ഉണ്ടായിരുന്നു. 2003-ലെ ഒരു ഭേദഗതിയെത്തുടർന്ന്, മൂന്നിലൊന്ന് വിഭജന വ്യവസ്ഥ ഇല്ലാതാക്കി.
സഭയിലെ സ്വതന്ത്ര അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഒരു എംപി/എംഎൽഎ പിന്നീട് ഒരു പാർട്ടിയിൽ ചേരുമ്പോഴാണ് രണ്ടാമത്തെ സാഹചര്യം ഉണ്ടാകുന്നത്.
മൂന്നാമത്തെ സാഹചര്യം നാമനിർദേശം ചെയ്യപ്പെട്ട നിയമസഭാംഗങ്ങളുമായി ബന്ധപ്പെട്ടതാണ്. സഭയിൽ നിയമിക്കപ്പെട്ട് ആറ് മാസത്തിനുള്ളിൽ അവർക്ക് ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരാമെന്നും ആ സമയത്തിന് ശേഷമല്ലെന്നും നിയമം വ്യക്തമാക്കുന്നു.
ഈ സാഹചര്യങ്ങളിലേതെങ്കിലുമൊരു നിയമലംഘനം ഒരു നിയമസഭാംഗത്തിന് കൂറുമാറ്റത്തിന് ശിക്ഷിക്കപ്പെടുന്നതിലേക്ക് നയിച്ചേക്കാം. നിയമസഭയുടെ പ്രിസൈഡിംഗ് ഓഫീസർമാർ (സ്പീക്കർ, ചെയർമാൻ) ആണ് ഇത്തരം കേസുകളിൽ തീരുമാനിം എടുക്കുന്ന അധികാരികൾ.
കൂറുമാറ്റ നിരോധന നിയമം സർക്കാരുകളുടെ സ്ഥിരത ഉറപ്പാക്കിയിട്ടുണ്ടോ?
തീരെ ഇല്ല. തങ്ങളുടെ എംഎൽഎമാരെ എതിരാളികൾ അല്ലെങ്കിൽ അവരുടെ പാർട്ടിയിലെ എതിർ വിഭാഗത്തിൽ നിന്നുള്ളവർ സ്വാധീനിക്കുന്നത് തടയാൻ പാർട്ടികൾക്ക് പലപ്പോഴും അവരെ റിസോർട്ടുകളിൽ ഒളിപ്പിച്ച് താമസിപ്പിക്കേണ്ടി വരുന്നു. രാജസ്ഥാൻ (2020), മഹാരാഷ്ട്ര (2019), കർണാടക (2019, 2018), തമിഴ്നാട് (2017) എന്നിവയാണ് സമീപകാല ഉദാഹരണങ്ങൾ.
നിലവിലുള്ള കേസിൽ, ഷിൻഡെയുടെ എംഎൽഎമാരെ ആദ്യം ഗുജറാത്തിലേക്കും പിന്നീട് ബിജെപി ഭരിക്കുന്ന അസമിലേക്കും കൊണ്ടുപോയിരുന്നു.
നിയമം മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ?
ചില കമന്റേറ്റർമാർ നിയമം പരാജയപ്പെട്ടുവെന്ന് പറയുകയും നീക്കം ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. അവിശ്വാസ പ്രമേയത്തിൽ സർക്കാരുകളെ രക്ഷിക്കാൻ മാത്രമേ ഇത് ബാധകമാക്കാവൂവെന്ന് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി നിർദേശിച്ചു. കൂറുമാറ്റ ഹർജികൾ രാഷ്ട്രപതിയും ഗവർണർമാരും കേൾക്കണമെന്ന് മറ്റുള്ളവർ വാദിക്കുന്നു. കൂറുമാറ്റക്കേസുകൾ വേഗത്തിലും നിഷ്പക്ഷമായും തീർപ്പാക്കാൻ ഹയർ ജുഡീഷ്യറിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ പാർലമെന്റ് ഒരു സ്വതന്ത്ര ട്രൈബ്യൂണൽ രൂപീകരിക്കണമെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി പറഞ്ഞു.
(ചക്ഷു റോയ്, പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ച്, ഔട്ട്റീച്ച് മേധാവിയാണ്. 2021 ഒക്ടോബറിൽ ദി ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലേഖനത്തിന്റെ പുതുക്കിയ പതിപ്പാണിത്)
Read More: വിമത നീക്കവുമായി ശിവസേന മന്ത്രി, മഹാരാഷ്ട്രയിൽ നിലനിൽപ്പിനായ് മഹാവികാസ് അഘാഡി സർക്കാർ പോരാട്ടം