കര, നാവിക, വ്യോമ സേനകളിലേക്കു സൈനികരെ റിക്രൂട്ട് ചെയ്യാന്‍ അഗ്‌നിപഥ് എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണു കേന്ദ്ര സര്‍ക്കാര്‍. സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയുടെ അനുമതി ലഭിച്ച പ്രതിരോധ റിക്രൂട്ട്മെന്റ് പരിഷ്‌കാരം ഉടന്‍ പ്രാബല്യത്തില്‍ വരും. അഗ്‌നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യുന്ന സൈനികരെ അഗ്‌നിവീര്‍ എന്ന പേരിലാണ് അറിയപ്പെടുക.
എന്താണ് അഗ്‌നിപഥ് പദ്ധതി?
പുതിയ പദ്ധതിക്കു കീഴില്‍, പ്രതിവര്‍ഷം 45,000 മുതല്‍ 50,000 വരെ സൈനികരെയാണു റിക്രൂട്ട് ചെയ്യുക. നാല് വര്‍ഷമാണു സേവന കാലയളവ്. മൊത്തം റിക്രൂട്ട്മെന്റില്‍ 25 ശതമാനം പേരെ മാത്രമേ നാലു വര്‍ഷത്തിനുശേഷം സ്ഥിരം കമ്മിഷനായി 15 വര്‍ഷത്തേക്കു കൂടി തുടരാന്‍ അനുവദിക്കൂ. പുതിയ നയം രാജ്യത്തെ 13 ലക്ഷത്തിലധികം അംഗങ്ങളുള്ള സായുധ സേനയിലെ സ്ഥിരം സൈനികരുടെ എണ്ണം വലിയതോതില്‍ കുറയ്ക്കും. ഇത്, വര്‍ഷങ്ങളായി സര്‍ക്കാരുകളുടെ പ്രധാന ആശങ്കയായ പ്രതിരോധ പെന്‍ഷന്‍ തുക ഗണ്യമായി കുറയ്ക്കും.
അഗ്നിവീര്‍ ആകാനുള്ള യോഗ്യത എന്ത്?
ഓഫീസര്‍ റാങ്കിനു താഴെയുള്ള ഉദ്യോഗസ്ഥരെ (കമ്മിഷന്‍ഡ് ഓഫീസര്‍മാരായി സേനയില്‍ ചേരാത്തവര്‍) മാത്രം ഉദ്ദേശിച്ചുള്ളതാണു പുതിയ സംവിധാനം.
പതിനേഴരയ്ക്കും 21നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അഗ്നവീര്‍ ആയി തിരഞ്ഞെടുക്കുന്നതിന് അപേക്ഷിക്കാനുള്ള അര്‍ഹത. നിലവിലെ റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങള്‍ അതേപടി തുടരും. റാലികള്‍ മുഖേനെ വര്‍ഷത്തില്‍ രണ്ടുതവണ റിക്രൂട്ട്മെന്റ് നടത്തും.
റിക്രൂട്ട്‌മെന്റിനുശേഷം എന്ത് സംഭവിക്കും?
തിരഞ്ഞെടുക്കപ്പെട്ടാല്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറ് മാസത്തെ പരിശീലനം നല്‍കും. തുടര്‍ന്നു മൂന്നര വര്‍ഷത്തേക്കാണു നിയമനം.
ഈ കാലയളവിന്റെ തുടക്കത്തില്‍ 30,000 രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. നാലുവര്‍ഷത്തെ സേവനത്തിന്റെ അവസാനത്തോടെ ശമ്പളം 40,000 രൂപയായി ഉയരും.
ഓരോ മാസവും ജവാന്മാരുടെ ശമ്പളത്തിന്റെ 30 ശതമാനം സേവാ നിധി പ്രോഗാമിലേക്കു മാറ്റും. തത്തുല്യമായ തുക സര്‍ക്കാരും നീക്കിവയ്ക്കും. ഈ തുകയ്ക്കു പലിശ ലഭിക്കും.
നാല് വര്‍ഷത്തെ സേവനം അവസാനിക്കുമ്പോള്‍, ഓരോ സൈനികനും 11.71 ലക്ഷം രൂപ ഒറ്റത്തവണയായി ലഭിക്കും. ഇത് നികുതി രഹിതമായിരിക്കും. കൂടാതെ നാല് വര്‍ഷത്തേക്ക് 48 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും. സേവനത്തിനിടെ മരിച്ചാല്‍, ശേഷിക്കുന്ന കാലയളവിലേക്കുള്ള ശമ്പളം ഉള്‍പ്പെടെ ഒരു കോടി രൂപയിലധികം ലഭിക്കും.
നാല് വര്‍ഷത്തിനുശേഷം 25 ശതമാനം പേരെ മാത്രമേ സ്ഥിരം കമ്മിഷനായി 15 വര്‍ഷം കൂടി തുടരാന്‍ അനുവദിക്കൂ. ഇങ്ങനെ വീണ്ടും നിയമിക്കപ്പെടുന്നവര്‍ക്കു വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ പ്രാരംഭ നാല് വര്‍ഷത്തെ സേവനകാലയളവ് പരിഗണിക്കില്ല.
എപ്പോഴാണ് റിക്രൂട്ട്‌മെന്റ് ആരംഭിക്കുക?
‘ഓള്‍ ഇന്ത്യ, ഓള്‍ ക്ലാസ്’ റിക്രൂട്ട്മെന്റ് സേവനങ്ങളിലേക്കുള്ള പദ്ധതി പ്രകാരം 90 ദിവസത്തിനുള്ളില്‍ റിക്രൂട്ട്മെന്റ് ആരംഭിക്കും. പ്രദേശം, ജാതി എന്നിവ അടിസ്ഥാനമായുള്ള റെജിമെന്റ് സമ്പ്രദായമുള്ള കരസേനയ്ക്കു പുതിയ റിക്രൂട്ട്‌മെന്റ് സംവിധാനം പ്രധാനമാണ്.
സേനയ്ക്കും സൈനികര്‍ക്കും പദ്ധതി എങ്ങനെ ഗുണകരമാവും?
നിലവില്‍, സേനയിലെ ശരാശരി പ്രായം 32 ആണ്. ഇത് ആറ് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 26 ആയി കുറയാന്‍ ലക്ഷ്യമിടുന്നതാണു പദ്ധതി. ഇത് ഭാവിയില്‍ പ്രയോജനം ചെയ്യുന്ന സൈനികരെ സൃഷ്ടിക്കുമെന്ന് സൈനിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു.
സായുധസേനയുടെ പ്രൊഫൈല്‍ വിശാലമായ ഇന്ത്യന്‍ ജനസംഖ്യയെപ്പോലെ യുവത്വമുള്ളതായിരിക്കണമെന്നു പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പുതിയ സാങ്കേതികവിദ്യകള്‍ എളുപ്പത്തില്‍ പരിശീലിപ്പിക്കാന്‍ യുവത്വമുള്ള സായുധ സേന ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
അഗ്‌നിപഥ് പദ്ധതി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും നാലുവര്‍ഷത്തെ സേവനത്തിനിടയില്‍ നേടിയ നൈപുണ്യവും അനുഭവപരിചയവും കാരണം സൈനികര്‍ക്കു വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ”ഇത് സമ്പദ് വ്യവസ്ഥയിലേക്ക് ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ലഭ്യതയിലേക്കു നയിക്കും. ഇത് ഉല്‍പ്പാദനക്ഷമതയിലും മൊത്തത്തിലുള്ള ജിഡിപി വളര്‍ച്ചയിലും സഹായകമാകും,” മന്ത്രി പറഞ്ഞു.
നാല് വര്‍ഷത്തിനുശേഷം സര്‍വീസില്‍നിന്ന് വിരമിക്കുന്ന സൈനികരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്ന് ലെഫ്റ്റനന്റ് ജനറല്‍ പുരി പറഞ്ഞു. അവര്‍ക്ക് സ്‌കില്‍ സര്‍ട്ടിഫിക്കറ്റുകളും ബ്രിഡ്ജ് കോഴ്‌സുകളും നല്‍കും. സംരംഭകരെ സൃഷ്ടിക്കുന്നതിനു പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.