ശിവസേന വിമതര്‍ക്കു കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ഒഴിവാക്കാനാകുമോയെന്ന ചോദ്യം ഉയര്‍ത്തിയിരിക്കുകയാണു മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി.
നിയമവും ഒഴിവാക്കലും
കൂറുമാറ്റ നിരോധന നിയമപ്രകാരം, ഒരു നിയമസഭാ അംഗം തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിച്ചാല്‍ അയോഗ്യമാക്കാവുന്നതാണ്. അംഗത്തിന്റെ പാര്‍ട്ടി (അല്ലെങ്കില്‍ പാര്‍ട്ടി അധികാരപ്പെടുത്തിയ അധികാര കേന്ദ്രമോ വ്യക്തിയോ) പുറപ്പെടുവിച്ച ഏതെങ്കിലും നിര്‍ദേശത്തിനു വിരുദ്ധമായി സഭയില്‍ വോട്ടുചെയ്യുകയോ വോട്ട് ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്താലും അയോഗ്യമാക്കാം.
എന്നാല്‍, അത്തരം നിയമസഭാംഗങ്ങള്‍ക്ക് അയോഗ്യതയില്‍നിന്ന് സംരക്ഷണം നല്‍കുന്ന ഒരു വ്യവസ്ഥയുണ്ട്. മൂന്നില്‍ രണ്ട് അംഗങ്ങളും മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുകയാണെങ്കില്‍ അവരെ അയോഗ്യരാക്കപ്പെടില്ല. 2003ലെ 91-ാം ഭരണഘടനാ ഭേദഗതി അനുസരിച്ച്, മൂന്നിലൊന്ന് അംഗങ്ങള്‍ ഒരു പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ചാല്‍ (ഭേദഗതിക്ക് മുമ്പുള്ള നിയമം) അയോഗ്യതയില്‍നിന്നുള്ള ഒഴിവാക്കുന്നതു നീക്കം ചെയ്തു.
കോടതി വിധികള്‍ പറയുന്നത് എന്ത്?
2019ല്‍ ബി ജെ പിയിലേക്കു കൂറുമാറിയ 10 ഗോവ കോണ്‍ഗ്രസ് എംഎല്‍എമാരെയും രണ്ട് എം ജി പി എംഎല്‍എമാരെയും അയോഗ്യതയില്‍നിന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ ബോംബെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു. കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേര്‍ന്നത്, യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടിയും ബി ജെ പിയുമായുള്ള ലയനമായി കണക്കാക്കാമെന്നു കോടതി വിധിച്ചു. ഗോവ സ്പീക്കറുടെ നടപടി ചോദ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ഗിരീഷ് ചോദങ്കര്‍ സമര്‍പ്പിച്ച കേസിലാണ് ഉത്തരവ്.
രാജേന്ദ്ര സിങ് റാണയും സ്വാമി പ്രസാദ് മൗര്യ (2007) തമ്മിലുള്ള കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ‘ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുക’ എന്ന സംജ്ഞ വ്യാഖ്യാനിച്ചു. പാര്‍ട്ടി അംഗത്വത്തില്‍നിന്നുള്ള രാജി സമര്‍പ്പിച്ചിട്ടില്ലെങ്കിലും അംഗത്വം സ്വമേധയാ ഉപേക്ഷിച്ചതായി ഒരു വ്യക്തിക്കു പറയാവുന്നതാണെന്നും അംഗത്തിന്റെ പെരുമാറ്റത്തില്‍നിന്ന് അനുമാനമെടുക്കാമെന്നും കോടതി വിധിച്ചു.
മൂന്നില്‍ രണ്ട് വ്യവസ്ഥ
നിയമസഭാ സാമാജികരില്‍ മൂന്നില്‍ രണ്ട് പേരും പാര്‍ട്ടിവിട്ടുകയാണെങ്കില്‍ പോലും മറ്റൊരു പാര്‍ട്ടിയുമായി ലയിക്കുകയോ നിയമസഭയില്‍ പ്രത്യേക ഗ്രൂപ്പായി മാറുകയോ ചെയ്താല്‍ മാത്രമേ അയോഗ്യതയില്‍നിന്ന് രക്ഷപ്പെടൂവെന്നാണു ചില നിയമ വിദഗ്ധര്‍ വിശ്വസിക്കുന്നത്.
എം എല്‍ എമാരുടെ വിമത ക്യാമ്പ് മറ്റൊരു പാര്‍ട്ടിയുമായി ലയിക്കുന്നതുവരെ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ബാധകമാകുമെന്നു ശിവസേനയെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് പറഞ്ഞു. രവി നായിക് കേസില്‍(1994) ഉള്‍പ്പെടെ ഈ വീക്ഷണത്തിലുള്ള വിധികള്‍ സുപ്രീം കോടതിയില്‍നിന്ന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂറുമാറ്റ നിരോധന നിയമത്തെക്കുറിച്ച് തര്‍ക്കവിധേയമായ അഭിപ്രായങ്ങളുണ്ടെന്ന് മഹാരാഷ്ട്ര മുന്‍ അഡ്വക്കേറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ ശ്രീഹരി ആനെ പറഞ്ഞു.
”കേസിന്റെ പ്രത്യേക വസ്തുതകള്‍ക്ക് അനുസൃതമായി വിവിധ കോടതികള്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഏകനാഥ് ഷിന്‍ഡെ വിഭാഗം ഇതിനകം മൂന്നില്‍ രണ്ട് അംഗബലം കടന്നുവെന്നതിനാല്‍ അവരെ ഈ നിയമത്തിനു വിധേയമാക്കാന്‍ കഴിയില്ലെന്നും കൂറുമാറ്റ വിരുദ്ധ നടപടികളില്‍നിന്ന് അവര്‍ക്കു സംരക്ഷണം ലഭിക്കുമെന്നുമാണ് ഞാന്‍ കരുതുന്നത്. സഭയില്‍ ഒരു പ്രത്യേക ഗ്രൂപ്പായി അറിയപ്പെടാനും സഭാ നടപടികളില്‍ പങ്കെടുക്കാനും അവര്‍ക്ക് അര്‍ഹതയുണ്ട്,” അദ്ദേഹം പറഞ്ഞു.
അയോഗ്യതാ നോട്ടീസ്
16 വിമത എം എല്‍ എമാര്‍ക്കു നല്‍കിയ അയോഗ്യതാ നോട്ടീസ് നിയമത്തിന്റെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാകുമോയെന്നതാണ് മറ്റൊരു പ്രശ്‌നം. മഹാരാഷ്ട്ര നിയമസഭയുടെ (കൂറുമാറ്റത്തിന്റെ പേരിലുള്ള അയോഗ്യത) ചട്ടങ്ങളും മറ്റു വ്യവസ്ഥകളും അനുസരിച്ച് ഡെപ്യൂട്ടി സ്പീക്കറുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
”എന്റെ അഭിപ്രായത്തില്‍, ചില എം എല്‍ എമാര്‍ക്കു നല്‍കിയ അയോഗ്യതാ നോട്ടീസ് അസാധുവാണ്. ഈ എംഎല്‍എമാര്‍ ഔദ്യോഗിക യോഗത്തില്‍ പങ്കെടുത്തില്ലെന്നും വിപ്പ് പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് നല്‍കിയത്. പക്ഷേ, ഒരു വിപ്പ് നിയമസഭയുടെ കാര്യങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടതാണ്. ഇവിടെ അത് അവരുടെ പ്രസിഡന്റ് ഉദ്ധവ് താക്കറെ വിളിച്ച യോഗത്തിന്റെ കാര്യത്തിലായിരുന്നു,” ശ്രീഹരി ആനെ പറഞ്ഞു.