മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ തീവ്രവാദക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചതോടെ പാക്കിസ്ഥാനില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുകയാണ്. ഇമ്രാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അദ്ദേഹത്തെ അറസ്റ്റ് ചെയ്താൽ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇമ്രാന്റെ അറസ്റ്റ് തടയുന്നതിനായി നൂറ് കണക്കിന് പ്രവര്‍ത്തകരാണ് അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയത്. ഇസ്ലാമാബാദ് ഹൈക്കോടതി ഓഗസ്റ്റ് 25 വരെ ഇമ്രാന്റെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.
പ്രതിസന്ധിയിലേക്ക് നയിച്ചതെന്ത്
ഇമ്രാന്‍ പക്ഷത്തിലെ സുപ്രധാനിയായ ഷെഹബാസ് ഗില്‍ ടിവിയില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. രാജ്യത്തെ മീഡിയ റെഗുലേറ്ററായ പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ഇതിനെ രാജ്യദ്രോഹപരമാണെന്നും സായുധസേനയെ കലാപത്തിലേക്ക് പ്രേരിപ്പിക്കുന്നതിന് തുല്യമാണെന്നും വിശേഷിപ്പിച്ചു.
ഗിൽ കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്നും പിടിഐ അവകാശപ്പെട്ടു. ശനിയാഴ്ച നടന്ന തന്റെ റാലിയിൽ ഗില്ലിനെ 48 മണിക്കൂർ റിമാൻഡിന് വിട്ട ജഡ്ജിയെ വിമര്‍ശിക്കുകയും ഇസ്ലാമാബാദ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഇതിന് പിന്നാലെയായിരുന്നു ഇമ്രാനെതിരെ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ (തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ശിക്ഷ) സെക്ഷൻ 7 പ്രകാരം കേസെടുത്തത്.
ഇമ്രാന്‍ ഖാന് എന്താണ് വേണ്ടത്
ഇപ്പോഴത്തെ മുന്നേറ്റം തനിക്കനുകൂലമാക്കുന്നതിനായി തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള ശ്രമങ്ങളാണ് ഇമ്രാന്‍ നടത്തുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടുമെന്ന സാഹചര്യം അന്ന് ഇമ്രാന്റെ ജനപ്രീതി ഇടിയുന്നതിന് കാരണമായിരുന്നു. എന്നാല്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ട് രേഖപ്പെടുത്തുകയും സംഭവവികാസങ്ങള്‍ ആസൂത്രിതമാണെന്ന് തെളിയിക്കാനും ഇമ്രാന് കഴിഞ്ഞു.
ഒരു സ്വതന്ത്ര വിദേശനയം പിന്തുടരുന്നതിനാൽ തന്നെ പുറത്താക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട ഇമ്രാന് പിന്തുണ ഇടിയുകയായിരുന്നു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പിഎംഎൽ-എൻ-പിപിപി ഭരണത്തെ പിന്തുണയ്ക്കുന്ന “നിഷ്പക്ഷവാദികൾ” എന്ന് പറയപ്പെടുന്നവരെ ചോദ്യം ചെയ്യാൻ ഇമ്രാന്‍ ഇതേ വാദം തന്നെയാണ് ഉപയോഗിക്കുന്നത്.
അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ഒഴിവാക്കി “നയാ പാകിസ്ഥാൻ” (പുതിയ പാക്കിസ്ഥാന്‍) കെട്ടിപ്പടുക്കുമെന്ന് ഇമ്രാന്‍ തന്റെ പ്രസംഗത്തിലൂടെ വ്യക്തമാക്കി. ഷരീഫിന്റെ സ്വന്തം തട്ടകമായ പഞ്ചാബിലെ പാകിസ്ഥാൻ പ്രവിശ്യയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പിടിഐ ഉജ്ജ്വല വിജയം നേടി. ഇത് ഇമ്രാന്റെ എതിരാളികള്‍ക്ക് കനത്ത പ്രഹരമാണ് നല്‍കിയത്.
തുടര്‍ച്ചയായി റാലികളിലൂടെയും മാര്‍ച്ചുകളിലൂടെയും മുന്നേറ്റം നടത്തുകയും തനിക്ക് പകരമെത്തിയ ഭരണകൂടത്തെ താഴെയിറക്കുകയും മാത്രമല്ല ഇമ്രാന്റെ ലക്ഷ്യം. സമ്മര്‍ദ്ദത്തിലൂടെ അസംബ്ലി തിരഞ്ഞെടുപ്പുകള്‍ നേരത്തെയാക്കാന്‍ കഴിയുമെന്നുമാണ് ഇമ്രാന്‍ പ്രതീക്ഷിക്കുന്നത്.
പാക്കിസ്ഥാന്‍ ആര്‍മിയുടെ നിലപാട്
വിവാദമായ പരാമര്‍ശത്തില്‍ സൈന്യത്തിന്റെ താഴേത്തട്ടിലുള്ളവരും മധ്യവിഭാഗവും അവരുടെ കുടുംബങ്ങളും ഇമ്രാന് പിന്തുണ നല്‍കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അത് സര്‍ക്കാരിനെ ചൊടിപ്പിച്ചതായും ഗില്‍ കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്‍ സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണ പിടിഐ പ്രതീക്ഷിക്കുന്നുമുണ്ട്.
അധികാരം നഷ്‌ടപ്പെടുന്നതിന് മുമ്പ്, അന്നത്തെ ഐഎസ്‌ഐ തലവൻ ലഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദിനെ അടുത്ത സൈനിക മേധാവിയാക്കാനുള്ള നീക്കങ്ങൾ ഇമ്രാന്‍ നടത്തിയിരുന്നതായാണ് വിവരം. 2018 ൽ പിടിഐയെ അധികാരത്തിലെത്തിച്ച പാകിസ്ഥാൻ സൈന്യത്തിന്റെ “ഹൈബ്രിഡ്” ഭരണകൂട പരീക്ഷണം സംരക്ഷിക്കാൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ-ഫായിസ്-ഇമ്രാൻ ത്രയം ഒരുമിച്ച് പ്രവർത്തിക്കുന്നതായി കണക്കാക്കപ്പെട്ടിരുന്നു.
എന്നാൽ അവസാനം, സൈന്യത്തിൽ തനിക്ക് വിശ്വസ്തതയുള്ള ഒരു ശക്തികേന്ദ്രം സൃഷ്ടിക്കാനുള്ള ഇമ്രാന്റെ ശ്രമം അദ്ദേഹത്തിന്റെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകുന്നതിന് വരെ കാരണമായി. നിലവില്‍ ഇമ്രാന് ചില സൈനിക കേന്ദ്രങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പിടിഐയുടെ വിജയം സൈന്യം ആഗ്രഹിക്കുന്നില്ലെന്നും സൂചനയുണ്ട്.