കേരളത്തിലെ ആദ്യ സമ്പൂര്‍ണ കോവിഡ് ആശുപത്രി കാസര്‍ഗോട്ട് തുറന്നിരിക്കുകയാണ്. കോവിഡ് രോഗികളുടെ ചികിത്സക്കും പരിചരണത്തിനുമായി ടാറ്റ കാസര്‍ഗോട്ട് നിര്‍മിച്ച ആശുപത്രി സമുച്ചയം ഇന്ന് സംസ്ഥാന സര്‍ക്കാരിനു കൈമാറി. കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
നിരവധി പ്രത്യേകതകളുള്ളതാണ് കാസര്‍ഗോഡ് ചെമ്മനാട് പഞ്ചായത്തില്‍ ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡ് നിര്‍മിച്ച ആശുപത്രി സമുച്ചയം. തെക്കില്‍ വില്ലേജില്‍ സര്‍ക്കാര്‍ അനുവദിച്ച 5.50 ഏക്കറില്‍ 60 കോടി രൂപ ചെലവിട്ടായിരുന്നു നിര്‍മാണം. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയുടെ നിര്‍മാണം നാലു മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
മൂന്ന് സോണ്‍, 128 യൂണിറ്റ്, 551 കിടക്ക
81,000 ചതുരശ്ര അടിയില്‍ മൂന്നു സോണുകളായാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. ഒന്ന്, മൂന്ന് സോണുകളില്‍ ക്വാറന്റൈന് സംവിധാനങ്ങളും രണ്ടില്‍ കോവിഡ് പോസിറ്റീവായവരെ പാര്‍പ്പിക്കാനുള്ള പ്രത്യേക ഐസൊലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
Also Read: മുന്നൂറിന് മുകളിൽ നാല് ജില്ലകൾ; ആശങ്ക വർധിപ്പിച്ച് കോവിഡ് വ്യാപനം
കണ്ടെയ്നുകറുകള് (യൂണിറ്റുകള്‍) ആയാണ് ആശുപത്രിയുടെ നിര്‍മാണം. ഇത്തരം 128 യൂണിറ്റുകളിലായി 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. 40 അടി നീളവും 10 അടി വീതിയുമുള്ളതാണ് ഓരോ യൂണിറ്റും. കണ്ടെയ്നുകള്ക്ക് 30 വര്‍ഷം വരെയാണ് സാധാരണ ആയുസ്. കൃത്യമായി അറ്റകുറ്റപ്പണി നടത്തിയാല്‍ 50 വര്‍ഷം വരെ ഉപയോഗിക്കാം.
ഒന്ന്, മൂന്ന്, സോണുകളിലെ ഒരോ യൂണിറ്റിലും അഞ്ച് കിടക്കകളും ഒരു ശുചിമുറിയും വീതമാണുള്ളത്. ശുചിമുറിയോടു കൂടിയ ഒറ്റ മുറികളാണ് ഐസൊലേഷന്‍ സംവിധാനമുള്ള സോണ്‍ രണ്ടിലെ യൂണിറ്റുകളിലുള്ളത്. യൂണിറ്റുകളില്‍ ആവശ്യാനുസരണം ബെഡ് കൂട്ടാനും കുറയ്ക്കാനും കഴിയും.
Also Read: സംസ്ഥാനത്ത് ഇന്ന് 3402 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 3120 സമ്പർക്ക രോഗികൾ
ആശുപത്രിയിലെ മറ്റു സൗകര്യങ്ങള്‍
രണ്ട് നിരകള്‍ അഭിമുഖമായി വരുന്ന രീതിയിലാണ് ആശുപത്രി നിര്‍മാണം.
ഒരു നിരയില്‍ രണ്ട് യൂണിറ്റാണുള്ളത്. രണ്ട് നിരകള്‍ക്കു നടുവില്‍ മേല്ക്കൂരയോടുകൂടിയ ഇടനാഴിയുണ്ട്. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സഞ്ചരിക്കാന്‍ യൂണിറ്റുകള്‍ക്കിടയില്‍ വഴിയുണ്ട്. യൂണിറ്റുകളില്‍ എസി, ഫാന്‍, വായു ശുദ്ധീകരണ സംവിധാനം എന്നിവയുണ്ട്.
ദേശീയപാതയ്ക്കു സമീപം സ്ഥിതിചെയ്യുന്ന ആശുപത്രിയിലേക്കു മെച്ചപ്പെട്ട റോഡ് സൗകര്യമുണ്ട്. റിസപ്ഷ്ന്‍, ക്യാന്റീന്, ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങിയ സംവിധാനങ്ങളും ആശുപത്രിയിലുണ്ട്.
1.25 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന ടാങ്ക്, ശുചിമുറികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംഭരിച്ച് സംസ്കരിക്കാന്‍ കഴിയുന്ന 63 ബയോ ഡയജസ്റ്റേഴ്സ്, എട്ട് ഓവര്‍ഫ്ളോ ടാങ്കുകള്‍ തുടങ്ങിയവ ആശുപത്രിയുടെ പ്രത്യേകതകളാണ്.
Also Read: കുത്തിവച്ചയാൾക്ക് അജ്ഞാത രോഗം; ഓക്സ്ഫോർഡ് കോവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ചു
ആശുപത്രി നിര്‍മാണം ഇങ്ങനെ
ആശുപത്രിയുടെ മുഴുവന്‍ നിര്‍മാണവും ടാറ്റ ഗ്രൂപ്പ് സൗജന്യമായി ചെയ്തത്. ആശുപത്രിക്കെട്ടിടമായി മാറിയ യൂണിറ്റുകള്‍ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചത്. രണ്ട് സ്റ്റീല്‍ പാളികള്‍ക്കിടയില്‍ തെര്‍മോക്കോള്‍ നിറച്ചായിരുന്നു യൂണിറ്റുകളുടെ നിര്‍മാണം.
ടാറ്റയുടെ ചണ്ഡീഗഡ്, ഗുജറാത്ത്, ഫരീദാബാദ്, ഹൈദരാബാദ്, ഹൗറ എന്നിവടങ്ങളിലെ പ്ലാന്റുകളിലാണ് ഇവ നിര്‍മിച്ചത്. കണ്ടെയ്നര്‍ ലോറികളില്‍ എത്തിച്ച യൂണിറ്റുകള്‍ കോണ്‍ക്രീറ്റ് തറയില്‍ ഉറപ്പിച്ചാണ് ആശുപത്രിയാക്കിയത്.
ആശുപത്രി നിര്‍മാണം: നാള്‍വഴി
കാസര്‍ഗോട്ട് ടാറ്റ ആശുപത്രി നിര്‍മിക്കുമെന്ന് ഏപ്രില്‍ ആറിനാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പിറ്റേദിവസം തെക്കില്‍ വില്ലേജില്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം കലക്ടര്‍ ഡോ ഡി. സജിത് ബാബുകണ്ടെത്തി. എട്ടിന് നിര്‍മാണത്തിനു സര്‍ക്കാര്‍ അനുമതി നല്‍കുകയും പിറ്റേദിവസം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ആരംഭിക്കുകയും ചെയ്തു.
റോഡ് നിര്‍മാണം, സ്ഥലം നിരപ്പാക്കല്‍ എന്നിവ പൂര്‍ത്തിയാക്കി ഏപ്രില്‍ 28നാണ് സ്ഥലം ആശുപത്രി നിര്‍മാണത്തിനു വിട്ടുനല്‍കിയത്. മേയ് 15ന് ആദ്യ പ്രീ ഫാബ് സ്ട്രക്ച്ചര്‍ സ്ഥാപിച്ചു. ജൂലൈ 10ന് അവസാനത്തേതും സ്ഥാപിച്ചു.
സര്‍ക്കാരിന്റെ പങ്ക്
ആശുപത്രി നിര്‍മാണത്തിനാവശ്യമായ സ്ഥലം ലഭ്യമാക്കിയതിനൊപ്പം റോഡ്് സൗകര്യമൊരുക്കല്‍, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവുമാണ് ഒരുക്കിയത്.
ആശുപത്രി നിര്‍മാണം മാത്രമാണു ടാറ്റയുടെ ഉത്തരവാദിത്തം. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കേണ്ടതും കിടക്കകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ ആശുപത്രിയില്‍ മറ്റു സംവിധാനങ്ങളൊരുക്കേണ്ടതും സര്‍ക്കാരാണ്.
ചികിത്സാ രംഗത്ത് കാസര്‍ഗോഡിനു മുന്നേറ്റം
ചികിത്സാരംഗത്ത് സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നില്ക്കുന്ന ജില്ലകളിലൊന്നായിരുന്നു അടുത്തകാലം വരെയും കാസര്‍ഗോഡ്. വന്‍കിട ആശുപത്രികളൊന്നും ഇല്ലാത്ത ജില്ല. കോവിഡ് കാലഘട്ടത്തോടെ ഇൗ സാഹചര്യത്തില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്.
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് അത്യാധുനിക സൗകര്യങ്ങളോടെനാല് ദിവസം കൊണ്ട് കോവിഡ് ആശുപത്രിയായി സര്‍ക്കാര്‍ നേരത്തെ സജ്ജമാക്കിയിരുന്നു. ഇവിടെ 200 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനു പിന്നാലെയാണു ടാറ്റയുടെ ആശുപത്രിയും സജ്ജമായിരിക്കുന്നത്. ടാറ്റ ആശുപത്രി പദ്ധതിയുമായി സമീപിച്ചപ്പോള്‍, പ്രത്യേക സാഹചര്യം പരിഗണിച്ചാണ് കാസര്‍ഗോഡിന്റെ പിന്നാക്കാവസ്ഥ പരിഗണിച്ചാണ് ഇവിടെ തന്നെ ആശുപത്രി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയുമായിരുന്നു ജില്ലയില്ലെ പ്രധാന ചികിത്സാ സൗകര്യങ്ങള്‍. ഇതുമൂലം ജില്ലയിലെ രോഗികള്‍ മംഗലാപുരത്തെ വന്‍കിട സ്വകാര്യ ആശുപത്രികളെയും കണ്ണൂര്‍ ജില്ലയിലെ പരിയാരം മെഡിക്കല്‍ കോളേജിനെയും കോഴിക്കോട് മെഡിക്കല്‍ കോളേജിനെയുമാണ് ആശ്രയിച്ചിരുന്നത്.
ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ മംഗലാപുരത്തെ ആശുപത്രികളിലേക്കുള്ള കാസര്‍ഗോട്ടെ രോഗികളുടെ സഞ്ചാരം അതിര്‍ത്തിയില്‍ വേലികെട്ടി കര്‍ണാടക തടഞ്ഞിരുന്നു. കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയായിരുന്നു കാസര്‍ഗോഡ്.