scorecardresearch

സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജി: സുപ്രീം കോടതി പരിശോധിക്കുന്ന മൂന്ന് പ്രധാന ചോദ്യങ്ങൾ

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) യു യു ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഭേദഗതിയുടെ സാധുത ഉറപ്പാക്കാൻ മൂന്ന് പ്രധാന ചോദ്യങ്ങൾ പരിശോധിക്കാൻ കഴിഞ്ഞ ആഴ്ച തീരുമാനിച്ചത്

Explained, EWS, Supreme Court

സർക്കാർ ജോലികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങലിലേക്കുമുള്ള പ്രവേശനത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങൾക്ക് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടന (103-ാം ഭേദഗതി) നിയമം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നുണ്ടോയെന്ന് സുപ്രീം കോടതി പരിശോധിക്കും.

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) യു യു ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഭേദഗതിയുടെ സാധുത ഉറപ്പാക്കാൻ മൂന്ന് പ്രധാന ചോദ്യങ്ങൾ പരിശോധിക്കാൻ കഴിഞ്ഞ ആഴ്ച തീരുമാനിച്ചത്. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ദിനേശ് മഹേശ്വരി, എസ് ബി പർദിവാല, ബേല ത്രിവേദി എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

ഇഡബ്ല്യുഎസ് ക്വാട്ട: സുപ്രീം കോടതി പരിശോധിക്കുന്ന ചോദ്യങ്ങൾ എന്തൊക്കെയാണ്?

അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ നാല് വിഷയങ്ങളാണ് ബെഞ്ചിന്റെ പരിഗണനയ്ക്കായി തയാറാക്കിയത്. അവയിൽ മൂന്നെണ്ണം പരിഗണിക്കാന്‍ സെപ്തംബര്‍ എട്ടിന് കോടതി തീരുമാനിച്ചു.

  • 103-ാം ഭരണഘടനാ ഭേദഗതി സാമ്പത്തിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി സംവരണം ഉൾപ്പെടെയുള്ള പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ സംസ്ഥാനത്തിന് അനുമതി നൽകുന്നതിലൂടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതായി പറയാമോ?
  • സ്വകാര്യ അൺ എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ ഭരണകൂടത്തെ അനുവദിച്ചുകൊണ്ട്, അത് (ഭേദഗതി) അടിസ്ഥാന ഘടനയെ ലംഘിക്കുന്നതായി പറയാമോ?
  • ഇഡബ്ല്യുഎസ് സംവരണത്തിന്റെ പരിധിയിൽ നിന്ന് എസ്ഇബിസി (സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ)/ ഒബിസി (മറ്റ് പിന്നാക്ക വിഭാഗങ്ങൾ) / എസ് സി (പട്ടികജാതി) / എസ് ടി (പട്ടികവർഗം) എന്നിവരെ ഒഴിവാക്കിയാല്‍ അടിസ്ഥാന ഘടന ലംഘിക്കപ്പെടുമോ?

എന്താണ് 103-ാം ഭേദഗതി?

103-ാം ഭേദഗതി ഭരണഘടനയിൽ ആർട്ടിക്കിൾ 15(6), 16(6) ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ ഒഴികെയുള്ള ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലെ പ്രാരംഭ റിക്രൂട്ട്‌മെന്റിലും 10 ശതമാനം വരെ സംവരണം നൽകുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്നതാണ് ഭേദഗതി.

ആർട്ടിക്കിൾ 15 മതം, വംശം, ജാതി, ലിംഗം, അല്ലെങ്കിൽ ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഒഴിവാക്കുന്നു. ആർട്ടിക്കിൾ 16 പൊതു തൊഴിലിന്റെ കാര്യങ്ങളിൽ തുല്യ അവസരം ഉറപ്പുനൽകുന്നു. എസ്‌സി, എസ്ടി, ഒബിസി എന്നിവരെപ്പോലെ ഇഡബ്ല്യുഎസിനും പ്രത്യേക നിയമങ്ങൾ നിർമ്മിക്കാനുള്ള അധികാരം അധിക വ്യവസ്ഥകൾ പാർലമെന്റിന് നൽകി.

മേജർ ജനറൽ (റിട്ട) എസ് ആർ സിൻഹോയുടെ നേതൃത്വത്തിലുള്ള കമ്മിഷൻ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഇഡബ്ല്യുഎസ് സംവരണം അനുവദിച്ചത്. 2005 മാർച്ചിൽ യുപിഎ സർക്കാർ രൂപീകരിച്ച കമ്മീഷൻ 2010 ജൂലൈയിൽ റിപ്പോർട്ട് സമർപ്പിച്ചു.

കാലാകാലങ്ങളിൽ വിജ്ഞാപനം ചെയ്യുന്ന പൊതുവിഭാഗത്തിലെ (ജനറല്‍) എല്ലാ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) കുടുംബങ്ങളേയും കൂടാതെ വാർഷിക കുടുംബ വരുമാനം നികുതി പരിധിക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളെയും ഇബിസി വിഭാഗത്തില്‍ (സാമ്പത്തികമായി പിന്നോക്ക വിഭാഗങ്ങൾ) പരിഗണിക്കണമെന്ന് സിൻഹോ കമ്മിഷൻ ശുപാർശ ചെയ്തു.

നിയമപ്രകാരം ഇഡബ്ല്യുഎസ് സ്റ്റാറ്റസ് എങ്ങനെയാണ് നിർണയിക്കുന്നത്?

തൊഴിലിനും പ്രവേശനത്തിനുമുള്ള ഇഡബ്ല്യുഎശ് മാനദണ്ഡം 103-ാം ഭേദഗതിയെ അടിസ്ഥാനമാക്കി 2019 ജനുവരി 31-ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് (ഡിഒപിടി) വിജ്ഞാപനം ചെയ്തു.

2019 ലെ വിജ്ഞാപനമനുസരിച്ച്, എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണ പദ്ധതിയിൽ ഉൾപ്പെടാത്തവരും കുടുംബത്തിന്റെ മൊത്ത വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ താഴെയുള്ളതുമായ ഒരു വ്യക്തിയെ സംവരണത്തിന്റെ ആനുകൂല്യത്തിനായി ഇഡബ്ല്യുഎസിന്റെ പരിധിയില്‍ കണക്കാക്കാം. വിജ്ഞാപനത്തിൽ “വരുമാനം” എന്താണെന്ന് വ്യക്തമാക്കുകയും ചില വ്യക്തികളുടെ കുടുംബങ്ങൾക്ക് ചില നിർദ്ദിഷ്ട ആസ്തികൾ ഉണ്ടെങ്കിൽ ഇഡബ്ല്യുഎസ് വിഭാഗത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.

2021 ഒക്‌ടോബറിൽ, പിജി മെഡിക്കൽ കോഴ്‌സുകൾക്കുള്ള അഖിലേന്ത്യാ ക്വാട്ടയിൽ ഇഡബ്ല്യുഎസിനുള്ള സംവരണം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെ എട്ട് ലക്ഷം രൂപയുടെ പരിധി എങ്ങനെ എത്തിയെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. വരുമാന മാനദണ്ഡം പുനഃപരിശോധിക്കുമെന്നും ഇതിനായി മൂന്നംഗ സമിതിയെ രൂപീകരിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ഈ വർഷം ജനുവരിയിൽ, സമിതിയുടെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ കുടുംബവാർഷിക വരുമാനത്തിന്റെ എട്ട് ലക്ഷം രൂപയുടെ പരിധി ഇഡബ്ല്യുഎസ് നിർണയിക്കുന്നതിന് ന്യായമാണെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും കുടുംബത്തിന് അഞ്ച് ഏക്കറും അതിൽ കൂടുതലും കൃഷിഭൂമിയുള്ള വ്യക്തിയെ ഇഡബ്ല്യുഎസ് പരിധിയില്‍ നിന്ന് ഒഴിവാക്കാമെന്നും കമ്മിറ്റി വ്യക്തമാക്കി.

ഭേദഗതിക്കെതിരായ ഹര്‍ജിക്ക് പിന്നിലെ അടിസ്ഥാനം എന്താണ്?

ഒരു നിയമം ചോദ്യം ചെയ്യപ്പെടുമ്പോൾ, അത് ഭരണഘടനാ വിരുദ്ധമാണെന്ന് തെളിയിക്കേണ്ട ബാധ്യത ഹർജിക്കാരുടെ മേലാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതാണ് ഭേദഗതിയെന്നതാണ് ഈ കേസിലെ പ്രാഥമിക വാദം. അടിസ്ഥാന ഘടനയെക്കുറിച്ച് വ്യക്തമായ നിർവചനം ഇല്ലെങ്കിലും, അത് ലംഘിക്കുന്ന ഏതൊരു നിയമവും ഭരണഘടനാ വിരുദ്ധമാണ്.

സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക പരിരക്ഷ ഉറപ്പുനൽകുന്നത് അടിസ്ഥാന ഘടനയുടെ ഭാഗമാണെന്നും സാമ്പത്തിക നിലയുടെ മാത്രം അടിസ്ഥാനത്തിൽ പ്രത്യേക പരിരക്ഷ വാഗ്ദാനം ചെയ്തുകൊണ്ട് 103-ാം ഭേദഗതി ഇതിൽ നിന്ന് വ്യതിചലിക്കുന്നു എന്ന വീക്ഷണത്തിൽ നിന്നാണ് ഈ കേസിലെ വാദം.

മണ്ഡല് റിപ്പോർട്ട് ഉയർത്തിപ്പിടിച്ച് 50 ശതമാനം സംവരണം ഏർപ്പെടുത്തിയ ഇന്ദ്ര സാഹ്‌നി ആൻഡ് ഓർസ് വി യൂണിയൻ ഓഫ് ഇന്ത്യയിലെ 1992 ലെ സുപ്രീം കോടതിയുടെ വിധി ലംഘിക്കുന്നുവെന്നും ഹര്‍ജിക്കാർ പറയുന്നു. പിന്നാക്ക വിഭാഗത്തെ തിരിച്ചറിയുന്നതിന് സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം മാനദണ്ഡമാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Supreme courts three question test for validity of 10 ews quota explained

Best of Express