വധശിക്ഷ വിധിക്കുന്നതിനുള്ള നടപടിക്രമ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട വിഷയം വിശാല വലിയ ബെഞ്ചിന്റെ പരിഗണനയ്ക്കു സുപ്രീം കോടതി സെപ്റ്റംബര്‍ 19 നു വിട്ടിരിക്കുകയാണ്. വിചാരണക്കോടതികള്‍ വധശിക്ഷ വിധിക്കുന്ന രീതിയിലുള്ള അന്തരം ഒഴിവാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പായി ഈ ഇടപെടല്‍ വിലയിരുത്തപ്പെടുന്നു.
കോടതി പറഞ്ഞത് എന്ത്?
ശിക്ഷാവിധി സംബന്ധിച്ച വാദം എപ്പോള്‍, എങ്ങനെ നടത്തണം എന്നതില്‍ പരസ്പര വിരുദ്ധമായ വിധിന്യായങ്ങളുണ്ടെന്നു വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടുകൊണ്ട് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് പറഞ്ഞു.
”വധശിക്ഷയ്ക്കു വിധിക്കപ്പെട്ടശേഷം, ശിക്ഷയുടെ കാര്യത്തില്‍ പ്രത്യേക വാദം കേള്‍ക്കാന്‍ നിയമപ്രകാരം കോടതി ബാധ്യസ്ഥമാണോ എന്ന ചോദ്യം സംബന്ധിച്ച് വിവിധ വിധിന്യായങ്ങള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസവും സമീപനവും കാരണം ഈ ഉത്തരവ് അനിവാര്യമാണ്,” ഉത്തരവില്‍ പറയുന്നു.
എന്താണ് അഭിപ്രായ വ്യത്യാസം?
കുറ്റക്കാരനെന്നു വിധിച്ചശേഷം ശിക്ഷ ചോദ്യം ചെയ്തുള്ള പ്രതിയുടെ വാദം ജഡ്ജി കേള്‍ക്കണമെന്നും നിയമപ്രകാരം ശിക്ഷ വിധിക്കണമെന്നും ക്രിമിനല്‍ നടപടി ചട്ടം (സി ആര്‍ പി സി) 235-ാം വകുപ്പ് പറയുന്നു.
1980-ല്‍, ബച്ചന്‍ സിങ്ങും പഞ്ചാബ് സര്‍ക്കാരും തമ്മിലുള്ള കേസില്‍ വധശിക്ഷയുടെ ഭരണഘടനാ സാധുത സുപ്രീം കോടതി ശരിവച്ചു. ‘അപൂര്‍വങ്ങളില്‍ അപൂര്‍വമായ’ കേസുകളില്‍ ശിക്ഷ വിധിക്കുമെന്ന വ്യവസ്ഥയോടെയായിരുന്നു ഇത്. ശിക്ഷാവിധി സംബന്ധിച്ച് പ്രത്യേകമായി വാദം കേള്‍ക്കണമെന്നും എന്തുകൊണ്ട് വധശിക്ഷ നല്‍കേണ്ടതില്ലെന്ന് അതില്‍ ജഡ്ജിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും വിധി ഊന്നിപ്പറഞ്ഞു.
മിഥുവും പഞ്ചാബ് സര്‍ക്കാരും ഉള്‍പ്പെടെയുള്ള തുടര്‍ന്നുള്ള നിരവധി വിധികളില്‍ ഈ നിലപാട് ആവര്‍ത്തിച്ചു. ശിക്ഷ വിധിക്കുന്നതിനു മുമ്പ് ഒരു പ്രതിയുടെ വാദം കേള്‍ക്കാനുള്ള അവകാശത്തെ ഹനിക്കുന്നതിനാല്‍ നിര്‍ബന്ധിത വധശിക്ഷ 1982ല്‍ അഞ്ചംഗ ബെഞ്ച്് റദ്ദാക്കി. എന്നാല്‍, ആ പ്രത്യേക വാദം കേള്‍ക്കല്‍ എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ പരസ്പര വിരുദ്ധമായ വിധികളുണ്ട്.
ശിക്ഷാവിധി സംബന്ധിച്ച് പ്രത്യേക വാദം കേള്‍ക്കല്‍ അലംഘനീയമാണെങ്കിലും കുറ്റക്കാരാണെന്നു കണ്ടെത്തുന്ന അതേ ദിവസം തന്നെ ശിക്ഷയുടെ കാര്യത്തില്‍ വാദം കേള്‍ക്കലിന് അനുവാദം നല്‍കുന്ന കുറഞ്ഞത് മൂന്ന് വിധിക ചെറിയ ബെഞ്ചിന്റേതായുണ്ട്. അതേസമയം, കുറ്റക്കാരാണെന്നു കണ്ടെത്തുന്ന അതേദിവസംതന്നെ വധശിക്ഷ വിധിക്കുന്നതു സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്ന മൂന്ന് ജഡ്ജിമാരുടെ സമീപകാല വിധികളുമുണ്ട്.
ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ ക്രിമിനല്‍ റിഫോംസ് അഡ്വക്കസി ഗ്രൂപ്പായ പ്രൊജക്റ്റ് 39 എ നടത്തിയ 2020 ലെ പഠനത്തില്‍, ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ 44 ശതമാനം കേസുകളിലും കുറ്റക്കാരെന്നു വിധിച്ച അതേദിവസം തന്നെ ശിക്ഷാവിധി പ്രഖ്യാപിച്ചതായി കണ്ടെത്തി.
ദത്താറായയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള 2020 ലെ കേസില്‍, ശിക്ഷാവിധി സംബന്ധിച്ച് മതിയായ വാദം കേള്‍ക്കാത്തതിന്റെ അടിസ്ഥാനത്തില്‍ വധശിക്ഷ ജീവപര്യന്തമായി സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് കുറച്ചു.
”ക്രിമിനല്‍ നടപടി ക്രമം 235 (2) വകുപ്പ് പ്രകാരം ഫലപ്രദമായ വാദം കേള്‍ക്കുന്നതിന്, വധശിക്ഷ വിധിക്കാന്‍ കോടതി ഉദ്ദേശിക്കുന്നുവെന്ന കാര്യം പ്രതിയോട് പ്രത്യേകമായി പറയണം. ഇതു വധശിക്ഷയ്ക്കെതിരെ ഫലപ്രദമായ വാദം ഉയര്‍ത്താന്‍ പ്രതിക്ക് അവസരം നല്‍കും. ഇതു നടന്നിട്ടില്ല. പ്രസക്തമായ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ വിചാരണക്കോടതി ശ്രമിച്ചില്ല. അല്ലെങ്കില്‍ ശിക്ഷ ഇളവ് ചെയ്യുന്നതുമായി ബന്ധപ്പെട്ടു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹരജിക്കാരന് വിചാരണക്കോടതി അവസരം നല്‍കിയില്ല. അതിനാല്‍, ഹരജിക്കാരനു ഫലപ്രദമായ വാദം കേള്‍ക്കല്‍ നിഷേധിക്കപ്പെട്ടു,” കോടതി പറഞ്ഞു.
ശിക്ഷാവിധി സംബന്ധിച്ച മതിയായ വാദം കേള്‍ക്കല്‍ എന്താണ്?
ശിക്ഷാവിധി സംബന്ധിച്ച വാദംകേള്‍ക്കലുകളെക്കുറിച്ചുള്ള വിധിന്യായങ്ങള്‍, വധശിക്ഷ വിധിക്കുന്നതിനു മുമ്പ് കുറ്റാരോപിതര്‍ക്ക് ‘അര്‍ഥവത്തായതും യഥാര്‍ത്ഥവും ഫലപ്രദവുമായ വാദം കേള്‍ക്കലിനെ’കുറിച്ച് പറയുന്നു. അതു പ്രതിക്കു ശിക്ഷ ചോദ്യം ചെയ്തുകൊണ്ട് പ്രസക്തമായ വാദം ഉള്‍പ്പെടുത്താനുള്ള അവസരം നല്‍കും.
ഇതു കുറ്റക്കാരെന്നു വിധിച്ച അതേ ദിവസം തന്നെ സംഭവിക്കാന്‍ പാടില്ല. ഇവിടെ, പരമാവധി ശിക്ഷ വിധിക്കാനാവശ്യമായ ഘടകങ്ങള്‍ മാത്രമല്ല, ലഘൂകരിക്കാനുള്ള സാഹചര്യങ്ങളും ജഡ്ജി പരിഗണിക്കേണ്ടതുണ്ട്.
ശിക്ഷ വിധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ കാര്യത്തില്‍ ഏകീകൃത നയം രൂപീകരിക്കാനും അതേ സ്വമേധയായുള്ള ഹര്‍ജിയില്‍ കോടതി ശ്രമിക്കുന്നു. ‘മനഃശാസ്ത്രപരമായ വിലയിരുത്തല്‍ രീതികള്‍ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത, സാഹചര്യങ്ങള്‍ ലഘൂകരിക്കാന്‍ തെളിവുകള്‍ കൂട്ടിച്ചേര്‍ക്കുന്ന ഘട്ടം, ഇക്കാര്യത്തില്‍ സ്ഥാപനപരമായ ശേഷി വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത’ എന്നിവ മുന്‍ ഉത്തരവുകളില്‍ കോടതി സൂചിപ്പിച്ചിരുന്നു.
ഇളവ് ചെയ്യാവുന്ന സാഹചര്യങ്ങള്‍ എന്തൊക്കെ?
മേയില്‍, മധ്യപ്രദേശ് സര്‍ക്കാരിനെതിരായ മനോജ് ഉള്‍പ്പെടെയുള്ള കേസില്‍, വധശിക്ഷ നടപ്പാക്കാനുള്ള നിയമപരമായ ചട്ടക്കൂടിന്റെയോ സ്ഥാപനപരമായ ശേഷിയുടെയോ അഭാവം സുപ്രീം കോടതി അഭിസംബോധന ചെയ്തു. വധശിക്ഷ വിധിക്കുന്നതിലെ ഏകപക്ഷീയതയും ആത്മനിഷ്ഠമായ രീതികളും ജസ്റ്റിസുമാരായ യു യു ലളിത് (ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നതിനു മുമ്പ്), രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റെ വിധിയില്‍ തുറന്നുപറഞ്ഞു. അധഃസ്ഥിതര്‍, ന്യൂനപക്ഷങ്ങള്‍, പട്ടികജാതി-വര്‍ഗക്കാര്‍ എന്നിവര്‍ക്കു വലിയ തോതില്‍ വധശിക്ഷ വിധിക്കപ്പെടുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
2000 മുതല്‍ 2015 വരെ ഡല്‍ഹിയിലെ വിചാരണ കോടതികള്‍ വധശിക്ഷ വിധിച്ച 72 ശതമാനം കേസുകളിലും ‘സമൂഹത്തിന്റെ കൂട്ടായ മനഃസാക്ഷി’യെ സ്വാധീനിക്കുന്ന ഘടകമായി ഉദ്ധരിച്ചതായി പ്രോജക്ട് 39എയുടെ 2020ലെ പഠനത്തില്‍ പറയുന്നു. 112 കേസുകളില്‍ സമൂഹ മനസാക്ഷി കോടതിയുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഘടകമാണെന്നു പഠനം കണ്ടെത്തി. 63 കേസുകളില്‍ മറ്റ് ലഘൂകരണ ഘടകമൊന്നും പരിഗണിച്ചിട്ടില്ലെന്നും പഠനം പറയുന്നു.
സാമൂഹിക ചുറ്റുപാടുകള്‍, പ്രായം, വിദ്യാഭ്യാസ നിലവാരം, കുറ്റവാളിയുടെ ജീവിതത്തില്‍ നേരത്തെ ആഘാതം നേരിട്ടിട്ടുണ്ടോ, കുടുംബ സാഹചര്യങ്ങള്‍, കുറ്റവാളിയുടെ മാനസിക സ്ഥിതി വിലയിരുത്തല്‍, ശിക്ഷാവിധിക്കു ശേഷമുള്ള പെരുമാറ്റം തുടങ്ങിയവ ശിക്ഷാവിധിയില്‍ വാദം കേള്‍ക്കുമ്പോള്‍ പ്രസക്തമായ സാഹചര്യങ്ങളായി പരിഗണിക്കുന്നതാണു വിഷയം വിശാല ബഞ്ചിനു വിട്ടുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ്.
ഇനി എന്ത് സംഭവിക്കും?
ലിസ്റ്റിങ്ങിനുള്ള ഉത്തരവിനായി കേസ് ചീഫ് ജസ്റ്റിസിനു മുമ്പാകെ എത്തും. പല മൂന്നംഗ ബെഞ്ച് വിധികള്‍ക്കിടയിലെ നിയമവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കേണ്ടിവരും. വധശിക്ഷ വിധിക്കുന്ന അതിവേഗ വിചാരണക്കോകാടതികളുടെ അതിവേഗ വാദം കേള്‍ക്കലുകള്‍ നിയമപരമാണോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അഞ്ചംഗ ബഞ്ച് ഫലപ്രദമായ പരിഹാരമുണ്ടാക്കും. വധശിക്ഷ വിധിക്കുന്നതിനുള്ള തടസങ്ങള്‍ കൂടുതല്‍ ഉയര്‍ത്തുന്നതിനുള്ള നിര്‍ണായക ചുവടുവയ്പ് കൂടിയായേക്കും ഈ വിധി.