193 കിലോമീറ്റർ നീളമുള്ള ജലപാതയായ സൂയസ് കനാലിൽ ഒരു കണ്ടെയ്നർ കപ്പൽ കുടുങ്ങിയത് ആഗോള തലത്തിലുള്ള വ്യാപാരത്തെ ബാധിച്ചിരിക്കുകയാണ്. ഈജിപ്തിൽ സ്ഥിതി ചെയ്യുന്നതും സമുദ്ര നിരപ്പിലുള്ളതുമായ ഈ കൃത്രിമ ജലപാത 1859 നും 1869 നും ഇടയിലാണ് നിർമിക്കപ്പെട്ടത്. മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്നതാണ് ഈ കനാൽ.
അറ്റ്ലാന്റിക് സമുദ്രമേഖലയിൽനിന്ന് ഇന്ത്യൻ, പടിഞ്ഞാറൻ പസഫിക് സമുദ്ര മേഖലകളിലേക്കുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ ജലമാർഗമാണ് സൂയസിലൂടെയുള്ളത്. അതിനാൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതകളിലൊന്നാണ് ഇത്. കനാലിലൂടെയല്ലെങ്കിൽ ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിവേണം ഇന്ത്യൻ മഹാസമുദ്രമേഖലയിൽ ന്നുള്ള കപ്പലുകൾക്ക് അറ്റ്ലാന്റിക്കിലേക്ക് കടക്കാൻ. ഗുഡ് ഹോപ്പ് മുനമ്പ് വഴിയുള്ള പാതയെ അപേക്ഷിച്ച് 7,000 കിലോമീറ്റർ ദൈർഘ്യം കുറവാണ് സൂയസ് വഴിയുള്ള പാത.
കനാൽ ഔപചാരികമായി നിർമിച്ചതു മുതലുള്ള നൂറ്റമ്പതോ അല്ലെങ്കിൽ അതിൽ കൂടുതൽ വർഷങ്ങൾക്കിടെ അതിലൂടെയുള്ള കപ്പൽ ഗതാഗത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും നേരിട്ടിരുന്നില്ല. എന്നാൽ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക പ്രശ്നങ്ങൾ കാരണം കനാൽ അഞ്ചുതവണ അടച്ചിരുന്നു. ഏറ്റവുമൊടുവിൽ, എട്ടുവർഷത്തെ ഒരു അടച്ചുപൂട്ടലിനു ശേഷം 1975 ജൂണിലാണ് കനാൽ വീണ്ടും തുറന്നത്.
സൂയസ് കനാലിന്റെ ചരിത്രം
ഈജിപ്തിലെ ഫറവോ ആയ സേനാസ്രെറ്റ് മൂന്നാമന്റെ ഭരണകാലത്ത് (ബിസി 1887-1849) നിർമാണം ആരംഭിച്ചതുമുതൽ കനാൽ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ നിലവിലുണ്ട്. പിന്നീട് ഭരിച്ച പല രാജാക്കന്മാരും കനാൽ മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തു. യൂറോപ്പും ഏഷ്യയും തമ്മിലുള്ള സമുദ്ര വ്യാപാരം പല സമ്പദ്വ്യവസ്ഥകൾക്കും നിർണായകമായിത്തീർന്നതിനാൽ ഏതാണ്ട് 300 വർഷം മുമ്പ് കനാലിന്റെ നിർമാണം വേഗത്തിലായി.
അളവുകളിലെ കൃത്യതയില്ലാത്തതിനാൽ ശരിയായ കനാൽ നിർമിക്കാനുള്ള നെപ്പോളിയന്റെ ശ്രമങ്ങൾ 1799 ൽ നിലച്ചുപോയിരുന്നു. 1800 കളുടെ മധ്യത്തിൽ ഫ്രഞ്ച് നയതന്ത്രജ്ഞനും എൻജിനീയറുമായ ഫെർഡിനാന്റ് ഡി ലെസെപ്സ്, ഈജിപ്ഷ്യൻ വൈസ്രോയി സെയ്ദ് പാഷയുമായി കനാലിന്റെ നിർമാണത്തെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ ധാരണയിലെത്തി.
1858-ൽ യൂണിവേഴ്സൽ സൂയസ് ഷിപ്പ് കനാൽ കമ്പനിയെ 99 വർഷത്തേക്ക് കനാൽ നിർമിക്കാനും പ്രവർത്തിപ്പിക്കാനും ചുമതലപ്പെടുത്തി. 99 വർഷത്തിനുശേഷം അവകാശങ്ങൾ ഈജിപ്ഷ്യൻ സർക്കാരിന് കൈമാറുമെന്ന ധാരണയിലാണ് കരാർ. സാമ്പത്തിക ബുദ്ധിമുട്ടുകൾ, നിർമാണം നിർത്തലാക്കാനുള്ള ബ്രിട്ടീഷുകാരുടെയും തുർക്കികളുടെയും ശ്രമങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ നേരിട്ടുവെങ്കിലും, 1869 ൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി കനാൽ തുറന്നു.
ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും കനാൽ കമ്പനിയിലെ ഭൂരിഭാഗം ഓഹരികളും കൈവശം വച്ചിരുന്നു. ബ്രിട്ടീഷുകാർ തങ്ങളുടെ സമുദ്ര-കൊളോണിയൽ താൽപ്പര്യങ്ങൾക്കായി ഈ അധികാരം ഉപയോഗിച്ചു. ഇതിന്റെ ഭാഗമായി 1936 ലെ ഉടമ്പടിയുടെ ഭാഗമായി സൂയസ് കനാൽ മേഖലയിൽ പ്രതിരോധ സേനയെ വിന്യസിക്കാനും ബ്രിട്ടനു കഴിഞ്ഞു. എന്നാൽ 1954 ൽ ഈജിപ്ഷ്യൻ ദേശീയവാദികളുടെ സമ്മർദം നേരിട്ട ഇരുരാജ്യങ്ങളും ഏഴ് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. കരാർ വ്യവസ്ഥകൾ കാരണ് ബ്രിട്ടണ് സൈനികരെ പിൻവലിക്കേണ്ടി വന്നു.
സൂയസ് കനാൽ ഈജിപ്തിന്റെ നിയന്ത്രണത്തിലേക്ക്
1956 ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ നാസർ നൈൽ നദിയിൽ ഒരു അണക്കെട്ടിന്റെ നിർമാണത്തിനായി പണം കണ്ടെത്താനായി സൂയസ് കനാൽ ദേശസാൽക്കരിച്ചു. ഇതു കാരണം യുകെ, ഫ്രാൻസ്, ഇസ്രായേൽ എന്നിവർ ഈജിപ്തിനെതിരെ ആക്രമണം നടത്താൻ തീരുമാനിച്ചു. സൂയസ് കനാൽ പ്രതിസന്ധി എന്നാണ് ഈ സാഹചര്യം അറിയപ്പെട്ടത്. ഐക്യരാഷ്ട്രസഭ ഇടപെട്ടശേഷം 1957-ൽ ഈ സംഘർഷം അവസാനിച്ചു. തുടർന്ന് യുഎൻ സമാധാന സേനയെ പ്രദേശത്ത് വിന്യസിച്ചു. ലോകത്താദ്യമായി അന്നാണ് ഒരു പ്രദേശത്ത് യുഎൻ സമാധാന സേനയെ വിന്യസിച്ചത്. പ്രദേശത്തുനിന്ന് അധിനിവേശ സേന തങ്ങളുടെ സൈന്യത്തെ പിൻവലിച്ചപ്പോഴും യുഎൻ സേന സിനായിയിൽ നിലയുറപ്പിച്ചിരുന്നു. ഈജിപ്തും ഇസ്രായേലും തമ്മിലുള്ള സമാധാനം നിലനിർത്താനായിരുന്നു സിനായ് പ്രദേശത്ത് യുഎൻ സേനാ വിന്യാസം തുടർന്നത്.
1967 ൽ നാസർ സമാധാന സേനയെ സിനായിയിൽനിന്ന് പുറത്താക്കാൻ ഉത്തരവിട്ടു. ഇത് ഈജിപ്തും ഇസ്രായേലും തമ്മിലുള്ള പുതിയ സംഘട്ടനത്തിലേക്ക് നയിച്ചു. ഇസ്രായേൽ സിനായി പിടിച്ചടക്കി, മറുപടിയായി ഈജിപ്ത് കനാൽ അടച്ചു. 1975ൽ ഇരുരാജ്യങ്ങളും സേനാപിന്മാറ്റ കരാറിൽ ഒപ്പുവയ്ക്കുന്നത് വരെ കനാൽ അടഞ്ഞുതന്നെ തുടർന്നു. ഈജിപ്തിന്റെയും സിറിയയുടെയും നേതൃത്വത്തിലുള്ള അറബ് സഖ്യവും ഇസ്രായേലും തമ്മിൽ നടന്ന 1973 ലെ അറബ്-ഇസ്രയേൽ യുദ്ധത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു ഈ കനാൽ.
സാമ്പത്തിക ജീവനാഡി
ആഗോള വ്യാപാരത്തിന്റെ 10 ശതമാനം ഓരോ വർഷവും കടന്നുപോകുന്നതിനാൽ പടിഞ്ഞാറും കിഴക്കും തമ്മിലുള്ള എല്ലാ വ്യാപാരത്തിന്റെയും ജിവനാഡിയായി ഈ കനാൽ തുടരുന്നു. പ്രതിദിനം ശരാശരി 50 കപ്പലുകളും അവയിലെ ഏകദേശം 9.5 ബില്യൺ ഡോളർ വിലവരുന്ന ചരക്കുകളും കനാലിലൂടെ കടന്നുപോകുന്നു. ക്രൂഡ് ഓയിൽ മുതൽ പെട്ടെന്ന് നശിക്കുന്ന ഭക്ഷ്യപദാർത്ഥങ്ങൾ വരെ ഈ ചരക്കുകളിൽ ഉൾപ്പെടുന്നു.
സൂയസ് കനാൽ തടസപ്പെട്ടതിന്റെ ആഘാതം
ചൈനയിൽനിന്ന് നെതർലാൻഡിലേക്കുള്ള യാത്രാമധ്യേമാർച്ച് 23 നാണ് എംവി എവർ ഗിവൺ എന്ന ഭീമൻ കണ്ടെയ്നർ കപ്പൽ കനാലിന്റെ ഇടുങ്ങിയ ഭാഗങ്ങളിലൊന്നിൽ കുടുങ്ങിപ്പോയത്. ഇത് കനാലിലൂടെയുള്ള ഗതാഗതം തടസപ്പെടാൻ കാരണമായി. ഇരുന്നൂറോളം കപ്പലുകൾ കനാലിന്റെ ഇരുഭാഗങ്ങളിലുമായി കുടുങ്ങിക്കിടക്കുകയാണ്. ഈ തടസത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ, തടസം എത്രത്തോളം നീണ്ടുനിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും. എന്നാൽ ചില രാജ്യങ്ങളിൽ ഇതിനകം തന്നെ എണ്ണവിലയിൽ വർധനവുണ്ടായിട്ടുണ്ട്.
ഭാവിയിലെ അപകടങ്ങൾ തടയുന്നതിനുള്ള പരിഹാരങ്ങൾ കണ്ടെത്താൻ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച ചർച്ച ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നു വന്നിട്ടുണ്ട്. ഈ ഇടുങ്ങിയ ജലപാതയെ ആഗോള തലത്തിൽ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് എന്തുചെയ്യാമെന്ന ചർച്ചയും ഉയർന്നിട്ടുണ്ട്.