ഒത്തുകളി ക്രിമിനല്‍ കുറ്റമാക്കി ശ്രീലങ്ക. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്രീലങ്കന്‍ ക്രിക്കറ്റില്‍ തുടരുന്ന വിവാദങ്ങളുടെയും അഴിമതിയുടെയും പശ്ചാത്തലത്തിലാണ് നീക്കം. ഐസിസിയുടെ അഴിമതിവിരുദ്ധ യൂണിറ്റ് നടത്തിയ അന്വേഷണത്തിനു ശേഷമാണ് പ്രസ്തുത തീരുമാനം.

ഇന്നലെയാണ് ഇതുസംബന്ധിച്ച കായിക ബില്‍ ശ്രീലങ്കന്‍ പാര്‍ലമെന്റ് പാസാക്കിയത്. നൂറ് മില്യണ്‍ രൂപ പിഴയും പത്തു വര്‍ഷം തടവും വരെയാണ് ക്രിക്കറ്റിലെ അഴിമതിയ്ക്ക് ലഭിക്കുക. കായിക മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോയാണ് ബില്‍ അവതരിപ്പിച്ചത്. ഇതിഹാസ താരവും 1996 ല്‍ ലോകകപ്പ് നേടിക്കൊടുത്ത നായകനും കാബിനറ്റ് മന്ത്രിയുമായ അര്‍ജുന രണതുംഗ ബില്ലിനെ പിന്തുണച്ചിട്ടുണ്ട്.

നിലവില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമടക്കമുള്ള രാജ്യങ്ങളില്‍ വാതുവയ്പ് ഗുരുതര ക്രിമിനല്‍ കുറ്റമാണ്.

എന്താണ് നിയമം ?

പുതിയ നിയമം പ്രകാരം വാതുവയ്പുമായി നേരിട്ട് ബന്ധപ്പെട്ടുന്ന ഏതൊരാളും, ക്രിക്കറ്റുമായി ബന്ധപ്പെട്ട സുപ്രധാന വിവരം കൈമാറുന്നവര്‍, വാതുവയ്പുകാര്‍ക്ക് അനുകൂലമായി പിച്ച് തയാറാക്കുന്നവര്‍, നിയമങ്ങള്‍ വാതുവയ്പുകാര്‍ക്കായി ഉപയോഗിക്കുന്നവര്‍ തുടങ്ങിയവരെല്ലാം ശിക്ഷ നേരിടേണ്ടി വരും. ഏതെങ്കിലും തരത്തിലുള്ള അഴിമതി ഇടപെടലുകള്‍ ഐസിസിയുടെ അഴിമതിവിരുദ്ധ യൂണിറ്റിനെ അറിയിക്കാതെ ഇരിക്കുന്നതും ശിക്ഷാര്‍ഹമാണ്. നേരത്തെ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെതിരെ ഈ നിയമമാണ് പ്രയോഗിച്ചത്.

ശിക്ഷകള്‍, കുറ്റകൃത്യങ്ങള്‍

പുതിയ നിയമം കുറ്റകൃത്യങ്ങളെയും ശിക്ഷകളെയും മൂന്നായി തരംതിരിച്ചിരിക്കുന്നു.

ഒന്നാമത്തേതില്‍, മാച്ച് ഫിക്‌സിങ്, സ്‌പോട്ട് ഫിക്‌സിങ്, കളിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നത്, സമ്മാനങ്ങള്‍ വാങ്ങുന്നതും നല്‍കുന്നതും, കളിക്കാര്‍ വാതുവയ്ക്കുന്നത് (സ്വയം ഉള്‍പ്പെടുന്ന കളിയില്‍), പണത്തിനോ മറ്റെന്തെങ്കിലും നേട്ടത്തിനായ മാച്ച് ഓഫീഷ്യലുകള്‍ നിയമം വളച്ചൊടിക്കുന്നത്, വാതുവയ്പുകാര്‍ക്ക് അനുകൂലമായി പിച്ചും മറ്റും തയാറാക്കുന്ന ക്യുറേറ്റര്‍മാര്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുന്നത്.

ഈ കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി 10 വര്‍ഷം തടവും 100 മില്യണ്‍ ശ്രീലങ്കന്‍ രൂപ പിഴയുമാണ് ശിക്ഷ.

രണ്ടാമത്തെ വിഭാഗത്തില്‍, അന്വേഷണ സംഘത്തിന് മുന്നില്‍ മതിയായ കാരണമില്ലാതെ ഹാജരാകാതിരിക്കുക, അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാതിരിക്കുക, തെറ്റായ പ്രസ്താവനയോ മൊഴിയോ നല്‍കുന്നത്, അന്വേഷണത്തിന് സഹായകമാകുന്ന തെളിവ് നശിപ്പിക്കുക, അഴിമതി വിവരം അറിയിക്കാതിരിക്കുക എന്നിവയാണ് ഉള്‍പ്പെടുന്നത്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണിത്. 200000 ശ്രീലങ്കന്‍ രൂപ പിഴയുമുണ്ട്.

മൂന്നാമത്തെ വിഭാഗത്തില്‍ അന്വേഷണത്തിന്റെ രഹസ്യസ്വഭാവം നശിപ്പിക്കുന്നവരും അന്വേഷണത്തിന് വേണ്ട വിവരം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാക്കാത്തതുമാണ് ഉള്‍പ്പെടുന്നത്. ഇതിന് 10 വര്‍ഷം വരെ തടവും 500000 രൂപ പിഴയുമാണ് ശിക്ഷ.

എന്തുകൊണ്ട്?

കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രീലങ്കന്‍ ക്രിക്കറ്റ് അഴിമതയിലും വാതുവയ്പിലും വലയുകയാണ്. 2017 മുതല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയുടെ അഴിമതിവിരുദ്ധ യൂണിറ്റിന്റെ നിരീക്ഷണത്തിലാണ്. വാതുവെപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സഹകരിക്കാത്തതിനെത്തുടര്‍ന്ന് ഇതിഹാസ താരം സനത് ജയസൂര്യയ്ക്ക് രണ്ടു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നാലെ വാതുവയ്പില്‍ മുന്‍ പേസര്‍ നുവാന്‍ സോയ്‌സയെ സസ്‌പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ദില്‍ഹാര ലോകുഹെറ്റിഗെയെ ടി20 ലീഗിലെ അഴിമതി കേസിലും സസ്‌പെൻഡ് ചെയ്തിരുന്നു. അഴിമതിയെക്കുറിച്ച് അറിയിച്ചില്ലെന്നതും താരത്തിനെതിരെയുളള കുറ്റമാണ്.

വാതുവെപ്പിനെതിരെ ഇന്ത്യ

ഇന്ത്യയില്‍ വാതുവയ്പ് കുറ്റകൃത്യമാണ്. എന്നാല്‍ ഒരുപാട് രാജ്യങ്ങളില്‍, ഇന്ത്യയില്‍ നടക്കുന്ന കളികളില്‍ ചില പ്രത്യേക തരത്തിലുള്ള വാതുവയ്പുകള്‍ നിയമവിധേയമാണ്. ഇന്ത്യയില്‍ 2018 ല്‍ ജസ്റ്റിസ് ബി.എസ്.ചൗഹാന്‍ അധ്യക്ഷനായുള്ള ബെഞ്ച് കായികരംഗത്തെ വാതുവയ്പും അഴിമതിയും ക്രിമിനല്‍ കുറ്റമാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. കടുത്ത ശിക്ഷയും ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വാതുവയ്പ് നിയമവിധേയമാക്കുന്നതിനെക്കുറിച്ചുള്ള ലോധ കമ്മിറ്റിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സുപ്രീം കോടതിയായിരുന്നു ചൗഹാന്‍ കമ്മിഷനോട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത്.

2013 ലെ ഐപിഎല്‍ വാതുവയ്പ് കേസിനെത്തുടര്‍ന്നാണ് ലോധ കമ്മിറ്റി നിലവില്‍ വരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വേണ്ട മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടായിരുന്നു കമ്മിറ്റി രൂപീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook