ദശാബ്ദത്തിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധാഗ്നിയില്‍ പൊള്ളുകയാണ് ശ്രീലങ്ക. പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും സഹോദരനും പ്രസിഡന്റുമായ ഗോതബയ രാജപക്സെയും സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകളായി പ്രതിഷേധം തുടരുകയാണ്. ഒടുവില്‍ മഹിന്ദ രാജിവച്ചിരിക്കുകയാണ്.
പ്രതിഷേധക്കാര്‍ക്കുനേരെ സര്‍ക്കാര്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് കൊളംബോയില്‍ സായുധ സേനയെ വിന്യസിച്ച സാഹചര്യത്തിലാണ് താന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയ്ക്ക് രാജി സമര്‍പ്പിച്ചതെന്ന് മഹിന്ദ രാജപക്സെ ട്വിറ്ററില്‍ പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് സേനാ വിന്യാസം.കഴിഞ്ഞയാഴ്ച പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച വരെ രാജ്യവ്യാപകമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ശ്രീലങ്കയിലെ പ്രതിസന്ധി സംബന്ധിച്ച ഏറ്റവും പ്രധാന 10 കാര്യങ്ങള്‍
1. പ്രസിഡന്റ് ഗോതബായയുടെ ഓഫീസിനു പുറത്ത് ഭരണവിരുദ്ധ പ്രക്ഷോഭകരെ അദ്ദേഹത്തിന്റെ അനുയായികള്‍ ആക്രമിക്കുകയും 173 പേര്‍ക്ക് പരുക്കേല്‍ക്കുകയും രാജപക്സെ അനുകൂല നേതാക്കള്ക്കതിനെ വ്യാപകമായ അക്രമത്തിന് കാരണമാവുകയും ചെയ്തു മണിക്കൂറുകള്‍ക്കു ശേഷമാണ് മഹിന്ദയുടെ രാജി. പരുക്കേറ്റതോ കണ്ണീര് വാതകം ശ്വസിച്ചതോ ആയ കുറഞ്ഞത് ഒമ്പത് പേരെ ചികിത്സയ്ക്കായി കൊളംബോയിലെ നാഷണല്‍ ഹോസ്പിറ്റലില്‍ എത്തിച്ചതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആശുപത്രി ഉദ്യോഗസ്ഥന് പറഞ്ഞു. ഇന്നലെയുണ്ടായ സംഭവങ്ങളില്‍ ഇരുന്നൂറോളം പേര്‍ക്ക് പരുക്കേറ്റു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ ഭരണകക്ഷി എംപി അമരകീര്‍ത്തി അതുകോരലെ ഉള്‍പ്പെടെ അഞ്ചുപേരെങ്കിലും കൊല്ലപ്പെട്ടിരുന്നു.
2. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു പുറത്ത് ആഴ്ചകളായി പ്രതിഷേധിച്ചവര്‍ക്കെതിരെ തിങ്കളാഴ്ച മഹീന്ദ രാജപക്സെയുടെ അനുയായികള്‍ മര, ഇരുമ്പ് വടികള്‍ ഉപയോഗിച്ച് മര്‍ദിച്ചു. തുടര്‍ന്ന് അവര്‍ പ്രസിഡന്റിന്റെ ഓഫീസിലേക്കു മാര്‍ച്ച് ചെയ്യുകയും അവിടെ പ്രതിഷേധക്കാരെ ആക്രമിക്കുകയും ക്യാമ്പുകള്‍ക്ക് തീയിടുകയും ചെയ്തു. പൊലീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെമ്പിള്‍ ട്രീസിന്റെ പിന് കവാടത്തിനു സമീപം തീപിടിത്തമുണ്ടായതായി ശ്രീലങ്കന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തു.
3. കൊളംബോയില്‍നിന്ന് ഏകദേശം 30 കിലോമീറ്റര്‍ (20 മൈല്‍) വടക്ക് നിട്ടംബുവയിലാണ് എംപി അമരകീര്‍ത്തി അതുകോരലെയും അംഗരക്ഷകനും കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രോഷാകുലരായ ജനക്കൂട്ടം തടഞ്ഞതിനെതുടര്‍ന്നാണ് സംഭവമെന്നു പൊലീസ് വക്താവ് പറഞ്ഞു. അതുകോരലെയോ അല്ലെങ്കില്‍ അംഗരക്ഷകനോ പ്രതിഷേധകര്‍ക്കു നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് പ്രതിഷേധകര്‍ പിന്തുടര്‍ന്നതോടെ ഇരുവരും ഒരു കെട്ടിടത്തില്‍ കുടുങ്ങി. മണിക്കൂറുകള്‍ക്കുശേഷം ഈ കെട്ടിടത്തില്‍നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തതായി വക്താവ് പറഞ്ഞു. എംപിയുടെ വാഹനത്തില്‍നിന്ന് വെടിയേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
4. മഹിന്ദയുടെ രാജിക്കു മണിക്കൂറുകള്‍ക്കു ശേഷം, ഹംബന്‍ടോട്ടയിലെ അദ്ദേഹത്തിന്റെ തറവാട്ടു വസതിയ്ക്കു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ തീവച്ചു. ഹംബന്‍ടോട്ട നഗരത്തിലെ മെഡമുലനയിലുള്ള മഹിന്ദ രാജപക്സെയുടെയും അദ്ദേഹത്തിന്റെ ഇളയ സഹോദരനും പ്രസിഡന്റുമായ ഗോതബയ രാജപക്സെയുടെ വീടുമുഴുവന്‍ പ്രതിഷേധക്കാര്‍ തീവയ്ക്കുയും ആര്‍ത്തുവിളിക്കുകയും ചെയ്യുന്നതായി വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുന്നതായി ഡെയ്ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
5. ഭരണസഖ്യത്തിലെ മന്ത്രിമാരുടെയും പാര്‍ലമെന്റ് അംഗങ്ങളുടെയും നിരവധി സ്വത്തുക്കളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. ബദുള്ള ജില്ലാ പാര്‍ലമെന്റംഗം ടിസ്സ കുട്ടിയാരാച്ചിന്റെ വീടും പ്രതിഷേധക്കാര്‍ ആക്രമിക്കുകയും പിന്നീട് തീയിടുകയും ചെയ്തു. പുട്ടലംഎംപി ശാന്ത നിശാന്തയുടെ വീട് തീവയ്പില്‍ പൂര്‍ണമായും നശിച്ചു. മുന്‍ മന്ത്രി ജോണ്‍സ്റ്റണ്‍ ഫെര്‍ണാണ്ടോയുടെ കുരുനേഗലയിലെയും ലില്ലി സ്ട്രീറ്റിലെയും ഓഫീസുകള്‍ ജനക്കൂട്ടം ആക്രമിച്ചു. ഇയാളുടെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലയ്ക്കു തീവച്ചു.
6. മുന്‍ മന്ത്രി നിമല്‍ ലാന്സയുടെ നെഗൊമ്പോയിലെ വീട്, മേയര്‍ സമന് ലാല്‍ ഫെര്‍ണാണ്ടോയുടെ മൊറാട്ടുവയിലെ വസതി, പാര്‍ലമെന്റ് അംഗം അരുന്ദിക ഫെര്‍ണാണ്ടോയുടെ കൊച്ചിക്കാടെയിലെ വീട്, എംപി ടി കുട്ടിയാരാച്ചിയുടെ ബണ്ഡാരവേലയിലെ ചില്ലറ വില്‍പ്പന ശാല, എംപി മഹിപാല ഹെറാത്തിന്റെ കെഗലെയിലെ വസതി എന്നിവയ്്ക്കും ജനക്കൂട്ടം തീയിട്ടു. ഭരണകക്ഷിയുടെ നേതാവ് മഹിന്ദ കഹന്ദഗമഗെയുടെ കൊളംബോയിലെ വോക്സ്ഹാള്‍ സ്ട്രീറ്റിലുള്ള വസതിക്കഒ നേരെയും ജനക്കൂട്ടം ആക്രമണം നടത്തി.
7. വീരകെട്ടിയ പ്രാദേശീയ സഭാ ചെയര്‍മാന്റെ വസതിക്കു സമീപമുണ്ടായ വെടിവയ്പില്‍ രണ്ടു പേര് കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
8. അക്രമത്തെ അപലപിച്ച യുഎസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ചു. വിയോജിപ്പിനെ നിയന്ത്രിക്കാന്‍ അടിയന്തരാവസ്ഥ ഉപയോഗിച്ചേക്കുമെന്ന് യുഎസ് അഭിപ്രായപ്പെട്ടു.
”ദീര്‍ഘകാല സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും വൈദ്യുതി, ഭക്ഷണം, മരുന്ന് എന്നിവയുടെ ദൗര്‍ലഭ്യം ഉള്‍പ്പെടെയുള്ള വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള ജനതയുടെ അതൃപ്തി പരിഹരിക്കുന്നതിനും പരിഹാരങ്ങള്‍ കണ്ടെത്തി നടപ്പിലാക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു,” വിദേശകാര്യ വകുപ്പ് വക്താവ് നെഡ് പ്രൈസ് വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികള്‍ക്കു ദീര്‍ഘകാല പരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രീലങ്കക്കാരോട് അമേരിക്ക അഭ്യര്‍ത്ഥിച്ചു.
9. യൂറോപ്യന്‍ യൂണിയനും വിംബിള്‍ഡണിലെ ബ്രിട്ടീഷ് മന്ത്രി ലോര്‍ഡ് താരിഖ് അഹമ്മദും തിങ്കളാഴ്ചത്തെ അക്രമത്തെ അപലപിക്കുകയും അക്രമത്തിനു പ്രേരിപ്പിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
10. ശ്രീലങ്കയില്‍ പാല് മുതല്‍ ഇന്ധനം വരെയുള്ള എല്ലാറ്റിന്റെയും ഇറക്കുമതി കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇതു കടുത്ത ഭക്ഷ്യക്ഷാമത്തിനും പവര്‍ കട്ടിനും കാരണമായി. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ മണിക്കൂറുകളോളം വരിയില്‍ നില്‍ക്കേണ്ട അവസ്ഥയിലാണ്. ആശുപത്രികളില്‍ ജീവന് രക്ഷാ മരുന്നുകളുടെ ക്ഷാമം രൂക്ഷമാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കി. അതേസമയം, ശ്രീലങ്ക ഈ വര്‍ഷം മാത്രം നല്‍കേണ്ട 700 കോടി ഡോളര്‍ വിദേശ കടത്തിന്റെ പേയ്മെന്റുകള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
Also Read: പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ ശ്രീലങ്കയിൽ കലാപം; നേതാക്കളുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ, കർഫ്യു തുടരുന്നു