ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സ മാലദ്വീപില്‍നിന്ന് സിംഗപ്പൂരിലേക്കു പുറപ്പെട്ടതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ എസ് വി 788 വിമാനത്തിലാണ് അദ്ദേഹം പുറപ്പെട്ടിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് ഒരു ഇടക്കാല താവളമെന്ന നിലയില്‍ പോലും അദ്ദേഹം സിംഗപ്പൂരിലുണ്ടാകും.
ഗോട്ടബയ സിംഗപ്പൂരിലേക്കുള്ള സൗദി വിമാനത്തില്‍ മാലദ്വീപില്‍നിന്നു പുറപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത മാലദ്വീപ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി ഉച്ചയ്ക്കു റിപ്പോര്‍ട്ട് ചെയ്തു. അര്‍ധരാത്രിയില്‍ ശ്രീലങ്കയില്‍നിന്ന് സൈനിക വിമാനത്തില്‍ രക്ഷപ്പെട്ട ഗോട്ടബയയും ഭാര്യയും ബുധനാഴ്ച പുലര്‍ച്ചൊയാണു മാലദ്വീപില്‍ എത്തിയത്.
ഗോട്ടബയയെയും ഭാര്യയെയും സ്വീകരിച്ച മാലദ്വീപ് അധികൃതര്‍ ഇരുവരെയും സ്വകാര്യ റിസോര്‍ട്ടിലേക്ക് കൊണ്ടുപോയത്. ഒരു ദിവസത്തിനുശേഷം മാലദ്വീപ് വിട്ട ഇരുവരുടെയും അവസാന ലക്ഷ്യസ്ഥാനമാകുമോ സിംഗപ്പൂരെന്ന് നിലവില്‍ വ്യക്തമല്ല. ഇരുവരും അവിടെനിന്നു സൗദി അബ്യേയിലെ ജിദ്ദയിലേക്കു പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്തുകൊണ്ടാണ് ഗോട്ടബയ സിംഗപ്പൂര്‍ തിരഞ്ഞെടുത്തത്?
രാജി ആവശ്യമുയര്‍ത്തി വന്‍ പ്രതിഷേധമുയര്‍ന്നതോടെയാണു ഗോട്ടബയ ശ്രീലങ്ക വിട്ട് മാലദ്വീപിലെത്തിയത്. എന്നാല്‍ അദ്ദേഹത്തിന് അഭയം നല്‍കിയതിനെതിരെ മാലെദ്വീപില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
ഗോട്ടബയ മാലദ്വീപ് വിട്ട് സിംഗപ്പൂര്‍ തിരഞ്ഞെടുക്കാനുള്ള കൃത്യമായ കാരണങ്ങള്‍ ഇതുവരെ അറിവായിട്ടില്ല. എന്നാല്‍ ഒരു ഇടത്താവളമെന്ന നിലയിലാണെങ്കില്‍ പോലും രാജപക്സ സിംഗപ്പൂരിലുണ്ടാകുമെന്നതില്‍ സംശയമില്ല. രാജപക്സ കുടുംബത്തിനു സിംഗപ്പൂരില്‍ ശക്തമായ ബന്ധമുണ്ട്. സഹോദരങ്ങളായ മഹിന്ദ രാജപക്‌സയും ഗോട്ടബയ രാജപക്‌സയും ചികിത്സാ ആവശ്യങ്ങള്‍ക്കായി സിംഗപ്പൂരിലേക്കു പതിവായി യാത്ര ചെയ്യാറുണ്ട്.
ഗോട്ടബയ 2019 മേയില്‍ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പിറ്റലില്‍ പ്രസിഡന്റ് ഹൃദയ ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്കു വിജയിച്ച തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു ഇത്. മൗണ്ട് എലിസബത്ത് ഹോസ്പിറ്റലില്‍ ഗോട്ടബയയെ ചികിത്സിക്കുന്ന ഡോക്ടര്‍ ശ്രീലങ്കന്‍ തമിഴനാണെന്നാണ് റിപ്പോര്‍ട്ട്.
2021 ഡിസംബറില്‍, അദ്ദേഹം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം നാലാഴ്ചത്തേക്കു നിര്‍ത്തിവയ്ക്കുകയും ആരോഗ്യപരിശോധനയ്ക്കായി വീണ്ടും സിംഗപ്പൂരിലേക്കു പോവുകയും ചെയ്തിരുന്നു.
സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സയും സിംഗപ്പൂരില്‍ ചികിത്സ തേടിയിരുന്നു.