scorecardresearch

ആരാണ് സോനം വാങ്‌ചുക്ക്, നിരാഹാരം എന്തിന്?

താൻ വീട്ടുതടങ്കലിലാണെന്ന് അവകാശപ്പെട്ട വാങ്ചുക്ക് ലഡാക്കിലെ ലഫ്റ്റനന്റ് ഗവർണറെയും ഭരണകൂടത്തെയും വിമർശിച്ചു. മേഖലയിലെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന നിലപാടിലാണ് അദ്ദേഹം

Sonam Wangchuck, news, fasting, protest, who is, Ladakh

​​താൻ വീട്ടുതടങ്കലിലാണെന്ന് അവകാശപ്പെട്ടിരിക്കുകയാണു ലഡാക്ക് സ്വദേശിയായ എൻജിനീയറും വിദ്യാഭ്യാസപരിഷ്കർത്താവുമായ സോനം വാങ്ചുക്ക്. ലഡാക്കിൽ കൂടുതൽ സ്വയംഭരണം ആവശ്യപ്പെട്ട് നടത്തിയ തന്റെ അഞ്ച് ദിവസത്തെ നിരാഹാര സമരത്തിന്റെ മൂന്നാം ദിവസമായ ജനുവരി 27നാണ് വാങ്ചുക്ക് ഇക്കാര്യം അറിയിച്ചത്. “സമാധാനമുള്ള ലഡാക്കിൽ തീവ്രവാദത്തിന്റെ വിത്ത് പാകിയെന്നും ഇന്നത്തെ കേന്ദ്രഭരണപ്രദേശത്തെക്കാൾ ജമ്മു കാശ്മീരിൽ തങ്ങൾ മെച്ചമായിരുന്നുവെന്ന്” ലഫ്റ്റനന്റ് ഗവർണർ കരുതിയെന്നും ഒരു യൂട്യൂബ് വീഡിയോയിൽ വാങ്‌ചുക്ക് കുറ്റപ്പെടുത്തി.

ലഡാക്കിലെ പരിസ്ഥിതിനാശം അടക്കമുള്ള പ്രശ്നങ്ങളിലേക്കു കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാനായി അഞ്ച് ദിവസം ഖർദുങ് ലാ ചുരത്തിൽ നിരാഹാരം വാങ്ചുക്ക് പ്രഖ്യാപിച്ചിരുന്നു. സമുദ്രനിരപ്പിൽനിന്നു 18380 അടി ഉയരെയാണ് ഖർദുങ് ലാ ചുരം സ്ഥിതി ചെയ്യുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജനുവരി 21ന്, ഖാർദുങ് ലായിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന ഒരു വീഡിയോ വാങ്‌ചുക്ക് യൂട്യൂബിൽ പോസ്റ്റ് ചെയ്തു. ഉത്തരധ്രുവത്തിനും ദക്ഷിണധ്രുവത്തിനും ശേഷം ലഡാക്കിനെയും ഹിമാലയത്തെയും “മൂന്നാം ധ്രുവം” എന്ന് വിശേഷിപ്പിച്ച്, ഈ പ്രദേശത്തിന്റെ പരിസ്ഥിതിയും തദ്ദേശീയരുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഭരണഘടനയുടെ ആറാം പട്ടികയിൽ പ്രദേശം ഉൾപ്പെടുത്തണമെന്ന ദീർഘകാല ആവശ്യം വാങ്ചുക്ക് ആവർത്തിച്ചു.

ആരാണ് സോനം വാങ്ചുക്ക്?

ലഡാക്കി എൻജിനീയറും പരിഷ്കർത്താവുമാണു സോനം വാങ്ചുക്ക്. 1987ൽ ശ്രീനഗറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ വാങ്ചുക്ക് ഫ്രാൻസിലെ ഗ്രെനോബിളിലെ ക്രേറ്റർ സ്കൂൾ ഓഫ് ആർക്കിടെക്ചറിൽ രണ്ട് വർഷം എർത്ത് ആർക്കിടെക്ചർ പഠിച്ചു. ബിരുദപഠനത്തിനു ശേഷം, 1988ൽ വാങ്ചുക്കും സഹോദരനും മറ്റ് അഞ്ച് പേരും ചേർന്ന് സ്റ്റുഡന്റ്‌സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്ക് (എസ് ഇ സി എം ഒ എൽ) ആരംഭിച്ചു. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന എസ് ഇ സി എം ഒ എൽ കാമ്പസ് അതിന്റെ സുസ്ഥിരപ്രവർത്തനങ്ങൾക്കു പേരുകേട്ടതാണ്.

ഇവയിലൊന്നാണ് ഐസ് സ്തൂപ. ശീതകാലത്ത് ജലം സംഭരിക്കുന്ന കോണാകൃതിയിലുള്ള ഈ ഐസ് പർവതങ്ങൾ, വേനൽക്കാലത്ത് ക്രമേണ ഉരുകി കാർഷിക ആവശ്യങ്ങൾക്കു വെള്ളം വിതരണം ചെയ്യുന്നു. 2009ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ‘3 ഇഡിയറ്റ്‌സിൽ’ ആമിർ ഖാൻ അവതരിപ്പിച്ച കഥാപാത്രത്തിനു പ്രചോദനമായത് വാങ്ചുക്കാണെന്ന് കരുതപ്പെടുന്നു. ഇത് അദ്ദേഹത്തിന്റെ പ്രവർത്തനത്തിനു കൂടുതൽ അംഗീകാരം നൽകി.

2018ൽ വാങ്ചുക്കിന് രമൺ മഗ്‌സസെ അവാർഡ് ലഭിച്ചു. ” ലഡാക്കി യുവാക്കളുടെ ജീവിത അവസരങ്ങൾ മെച്ചപ്പെടുത്തുന്ന വിദൂര വടക്കേ ഇന്ത്യയിലെ പഠന സമ്പ്രദായങ്ങളിലെ അദ്ദേഹത്തിന്റെ അതുല്യമായ വ്യവസ്ഥാപിതവും സഹകരണപരവും സാമൂഹ്യപ്രേരിതവുമായ പരിഷ്കരണവും പ്രാദേശിക സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ള അദ്ദേഹത്തിന്റെ ക്രിയാത്മക ഇടപെടലും… ലോകത്തിലെ ന്യൂനപക്ഷങ്ങൾക്ക് ഒരു മാതൃകയായി,” രമൺ മഗ്‌സസെ അവാർഡ് ഫൗണ്ടേഷൻ പറഞ്ഞു.

എന്തിനാണു സോനം വാങ്ചുക്ക് പ്രതിഷേധിക്കുന്നത്?

ഭരണഘടനയുടെ ആറാം പട്ടികയിൽ ലഡാക്കിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം വീണ്ടും വീണ്ടും ഉയർത്തുന്നതായി തന്റെ സമീപകാല വീഡിയോയിൽ വാങ്ചുക്ക് പറഞ്ഞു. 2020ന്റെ തുടക്കത്തിൽ കേന്ദ്ര മന്ത്രി അർജുൻ മുണ്ട തന്റെ കത്തിനോട് പ്രതികരിച്ചത് എങ്ങനെയെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നം മനസ്സിലാക്കിയെന്നും എന്നും ലഡാക്കിനെ ആറാം പട്ടിക പ്രദേശമായി പ്രഖ്യാപിക്കുന്നതിനുള്ള നിർദേശം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചതായി വാങ്ചുക്ക് പറഞ്ഞു.

“അതിനാൽ ലഡാക്ക് സംരക്ഷിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ടായി. എന്നാൽ ലഡാക്കിലെ എല്ലാ ജനങ്ങളുടെയും ഈ സന്തോഷം, മാസങ്ങൾ കടന്നുപോകുകയും ചർച്ചകളൊന്നും നടക്കാതിരിക്കുകയും ചെയ്തപ്പോൾ സങ്കടമായി മാറി,” വാങ്‌ചുക്ക് തന്റെ വീഡിയോയിൽ പറഞ്ഞു. ഇത് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനും മുൻ എംപി തുപ്‌സ്റ്റാൻ ഛേവാങ് ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നതിനും കാരണമായി. ആറാം പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി തുപ്‌സ്റ്റാൻ ലേ അപെക്സ് ബോഡി ഓഫ് പീപ്പിൾസ് മൂവ്‌മെന്റ് സൃഷ്ടിച്ചു. കാർഗിലിലെ സംഘടനകൾ ചേർന്ന് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ ഡി എ) രൂപീകരിച്ചു.

2020ൽ ലഡാക്ക് ഹിൽ കൗൺസിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ, ലഡാക്കി നേതാക്കൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ അന്ന് ചർച്ചയ്ക്ക് ആഭ്യന്തര മന്ത്രാലയം ഉറപ്പുനൽകിയതായി വാങ്ചുക്ക് ഈ വീഡിയോയിൽ അവകാശപ്പെട്ടു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെന്നപോലെ സംസ്ഥാന തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിലും ബി ജെ പി ആറാം പട്ടിക വിഷയം ഉൾപ്പെടുത്തി. എന്നാൽ ചർച്ചകൾ നടന്നില്ലെന്നു വാങ്ചുക്ക് പറഞ്ഞു.

“ഇവിടെയുള്ള എല്ലാ താഴ്‌വരകളിലും ഖനനം നടക്കണമെന്ന് ആഗ്രഹിക്കുന്ന വ്യാവസായിക ശക്തികളും ബിസിനസ് സ്ഥാപനങ്ങളും താഴെ തട്ടിലുള്ള ഉദ്യാഗസ്ഥരെ സ്വാധീനിച്ചിരിക്കാം” എന്ന് ലഡാക്കിലെ ജനങ്ങൾ കരുതുന്നതായി വാങ്ചുക്ക് പറഞ്ഞു. ടിബറ്റിൽ ചൈന സമാനമായ ഒരു “ചൂഷണം” നടത്തിയെന്ന് പറഞ്ഞ വാങ്ചുക്ക്, വർധിച്ചുവരുന്ന വ്യാവസായികവൽക്കരണത്തിൽ പർവതശിഖരങ്ങൾ ഉരുകുന്നതിനാൽ ജലക്ഷാമത്തിന്റെ പ്രശ്‌നങ്ങൾ ഉയർന്നുവരുമെന്നും ഗോത്രവർഗക്കാരുടെ ഉപജീവനത്തിനും നിലനിൽപ്പിനും ഭീഷണിയുണ്ടെന്നും ആശങ്കയറിച്ചു.

സൈനിക വീക്ഷണത്തിൽനിന്നു നോക്കിയാൽ ലഡാക്ക് ഒരു “സെൻസിറ്റീവ്” പ്രദേശമാണെന്നും ഇവിടെ സുരക്ഷ ആവശ്യമാണെന്നും വാങ്ചുക്ക് എടുത്തു പറഞ്ഞു. ഈ മാസം ആദ്യം, ഈ വിഷയത്തിൽ കേന്ദ്രം രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് ആവശ്യങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രധാന സംഘടനകൾ അറിയിച്ചിരുന്നു. വ്യക്തമായ ഉത്തരവിന്റെ അഭാവത്തിൽ കെഡിഎ, അപെക്സ് ബോഡി ലേ (എബിഎൽ) അംഗങ്ങൾ കേന്ദ്ര സമിതിയെ തള്ളി.

എന്താണ് ആറാം പട്ടിക?

ഭരണഘടനയുടെ 244-ാം അനുച്ഛേദം പ്രകാരമുള്ള ആറാം പട്ടിക, സ്വയംഭരണാധികാരമുള്ള ഭരണ പ്രദേശങ്ങൾ രൂപീകരിക്കുന്നതിന് സ്വയംഭരണ ജില്ലാ കൗൺസിലുകൾ (എ ഡി സി) സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്യുന്നു. ഒരു സംസ്ഥാനത്തിനുള്ളിലെ നിയമനിർമാണ, ജുഡീഷ്യൽ, ഭരണപരമായ കാര്യങ്ങളിൽ ഇവയ്ക്ക് ചില സ്വയംഭരണാധികാരമുണ്ട്.

അഞ്ച് വർഷത്തെ കാലാവധിയുള്ള എ‌ ഡി‌ സികളിൽ 30 അംഗങ്ങൾ വരെ ആവാം. ഭൂമി, വനം, ജലം, കൃഷി, ഗ്രാമ കൗൺസിലുകൾ, ആരോഗ്യം, ശുചിത്വം മുതലായവയുമായി ബന്ധപ്പെട്ട് നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാൻ എ ഡി സിയ്ക്ക് കഴിയും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ, മിസോറാം (മൂന്ന് കൗൺസിലുകൾ വീതം), ത്രിപുര (ഒരു കൗൺസിൽ) എന്നിവയ്ക്കാണ് ഇപ്പോൾ ഇത് ബാധകം.

വീട്ടുതടങ്കൽ സംബന്ധിച്ച് വാങ്ചുക്ക് പറയുന്നത് എന്തൊക്കെ?

ലേ ഭരണകൂടം തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും മോചനത്തിനായി കരാറിൽ ഒപ്പിടാൻ തന്നോട് ആവശ്യപ്പെടുകയാണെന്നും വാങ്ചുക്ക് പറഞ്ഞു. തന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ അവർ ചൂണ്ടിക്കാട്ടിയതായി അദ്ദേഹം അവകാശപ്പെട്ടു. നിരാഹാരം ഖാർദുങ് ലായിൽനിന്ന് ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ് ലഡാക്ക് (എച്ച് ഐ എ എൽ) എന്ന തന്റെ സ്കൂളിന്റെ കാമ്പസിലേക്കു മാറ്റാൻ അവർ ആവശ്യപ്പെട്ടു. “നിലവിൽ ലേ ജില്ലയുമായി ബന്ധപ്പെട്ട” ഏതെങ്കിലും പ്രവർത്തനങ്ങളിൽ അദ്ദേഹം അഭിപ്രായം പറയുകയോ പൊതു പ്രസ്താവനകൾ നടത്തുകയോ പ്രസംഗങ്ങൾ നടത്തുകയോ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ ചെയ്യാൻ പാടില്ലെന്നതും കരാർ നിബന്ധനകളിൽ ഉൾപ്പെടുന്നു.

“പ്രധാനമന്ത്രിയുടെ ശ്രദ്ധ ആകർഷിക്കുന്നതുവഴി നേതാക്കൾക്ക് അവരുടെ ആശങ്കകളും ആവശ്യങ്ങളും അദ്ദേഹത്തെ അറിയിക്കുകയായിരുന്നു ഉപവാസത്തിന്റെ ലക്ഷ്യമെന്ന്,” വാങ്ചുക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, വാങ്ചുക്കിന്റെ അവകാശവാദങ്ങൾ ലേ സീനിയർ പൊലീസ് സൂപ്രണ്ട് പി ഡി നിത്യ നിഷേധിച്ചു. വാങ്ചുക്ക് പ്രതിഷേധിക്കാൻ പോകുന്ന പ്രദേശത്തെ താഴ്ന്ന താപനില കണക്കിലെടുത്ത് “വാങ്ചുക്കിനും അനുയായികൾക്കും ഇത് ഉയർന്ന അപകടസാധ്യതയുള്ളതിനാലാണ്” ഭരണകൂടം പ്രതിഷേധിക്കാൻ അനുവദിക്കാത്തതെന്നു നിത്യ വാർത്താ ഏജൻസിയായ പി ടി ഐയോട് പറഞ്ഞു.

മറ്റൊരു വീഡിയോയിൽ, ലെഫ്റ്റനന്റ് ഗവർണറെയും കേന്ദ്രഭരണപ്രദേശ ഭരണകൂടത്തെയും രൂക്ഷമായി വിമർശിച്ച വാങ്ചുക്ക്, അവരുടെ പ്രവർത്തനങ്ങളെ “ബനാന റിപ്പബ്ലിക്”( വിദേശമൂലധനത്തെ ആശ്രയിച്ചുകഴിയുന്ന ചെറുരാജ്യം) എന്ന് വിശേഷിപ്പിച്ചു. സർക്കാർ ജോലികൾ പോലുള്ള കാര്യങ്ങളിൽ കഴിഞ്ഞ മൂന്നു വർഷത്തെ ഭരണപരാജയത്തെക്കുറിച്ചും വാങ്ചുക്ക് പറഞ്ഞു. “കുറച്ച് ഒഴിവുകൾ പുറത്തുവന്നത് പൊലീസിലേതായിരുന്നു. നിരവധി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടക്കുന്നതിനാൽ ആളുകളെ അടിച്ചമർത്താൻ,” അദ്ദേഹം പറഞ്ഞു.

വാങ്‌ചുക്ക് ഇനി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?

ആവശ്യമെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് വാങ്ചുക്ക് അറിയിച്ചു. ഇതൊരു പ്രതീകാത്മക പ്രതിഷേധം മാത്രമായിരുന്നു, പ്രതികരണമുണ്ടായില്ലെങ്കിൽ 10 ദിവസം, പിന്നീട് 15 ദിവസം, അങ്ങനെ അവസാന ശ്വാസം വരെ നിരാഹാര സമരം നടത്തുമെന്നും വാങ്ചുക്ക് പറഞ്ഞു.

“ലഡാക്കിന്റെ സ്വത്വവും സംസ്‌കാരവും സംരക്ഷിക്കുന്നതിൽ സർക്കാരിന്റെ പരാജയത്തിനെതിരെ” ജനുവരി 31ന് മുൻ എംപി തുപ്‌സ്താൻ ഛേവാങ് റാലി പ്രഖ്യാപിച്ചിരുന്നു. ഭൂമിയും ജോലിയും സംരക്ഷിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി അപെക്സ് ബോഡിയും കെ‌ ഡി‌ എയും സംയുക്തമായി ജനുവരി 15നു ജമ്മുവിൽ പ്രതിഷേധിച്ചിരുന്നു. ഫെബ്രുവരി മൂന്നാം വാരത്തിൽ ഡൽഹിയിലെ ജന്തർ മന്തറിലും അവർ സമാന പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Sonam wangchuck on fast why the ladakh based engineer is protesting

Best of Express