scorecardresearch
Latest News

കാറുകളിൽ ആറ് എയർബാഗ് നിർബന്ധമായേക്കും- നിർദേശങ്ങൾ ഇങ്ങനെ

എം1 വിഭാഗം വാഹനങ്ങളിലാവും ഈ നിബന്ധനകൾ

കാറുകളിൽ ആറ് എയർബാഗ് നിർബന്ധമായേക്കും- നിർദേശങ്ങൾ ഇങ്ങനെ

എട്ട് യാത്രക്കാരെ കയറ്റുന്ന വാഹനങ്ങൾക്ക് കുറഞ്ഞത് ആറ് എയർബാഗുകളെങ്കിലും നിർബന്ധമാക്കാനുള്ള കരട് വിജ്ഞാപനത്തിന് സർക്കാർ അംഗീകാരം നൽകി.

“എട്ട് യാത്രക്കാരെ കയറ്റുന്ന മോട്ടോർ വാഹനങ്ങളിലെ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി, കുറഞ്ഞത് ആറ് എയർബാഗുകളെങ്കിലും നിർബന്ധമാക്കുന്നതിനുള്ള കരട് ജിഎസ്ആർ വിജ്ഞാപനത്തിന് ഇപ്പോൾ അംഗീകാരം നൽകിയിട്ടുണ്ട്,” റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വ്യാഴാഴ്ച (ജനുവരി 14) ട്വീറ്റ് ചെയ്തു. .

ഉത്തരവ് നടപ്പാക്കാനുള്ള നിർദ്ദിഷ്ട സമയക്രമം പരാമർശിച്ചിട്ടില്ല. എങ്കിലും കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ഇന്ത്യയിലെ എല്ലാ വാഹന നിർമ്മാതാക്കളോടും അവർ നിർമ്മിക്കുന്ന ഓരോ മോഡലിന്റെയും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ഭാഗങ്ങളായി കുറഞ്ഞത് ആറ് എയർബാഗുകളെങ്കിലും നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഈ ജനുവരിയിൽ എല്ലാ വാഹനങ്ങളിലും ഡ്യുവൽ എയർബാഗുകൾ (ഡ്രൈവർക്കും യാത്രക്കാർക്കും) നിർബന്ധമാക്കിയിരുന്നു. 2019 ജൂലൈ ഒന്ന് മുതൽ എല്ലാ യാത്രാ വാഹനങ്ങൾക്കും ഡ്രൈവർമാർക്കുള്ള എയർബാഗ് നിർബന്ധമാണ്.

ആറ് എയർബാഗുകൾ ഏതൊക്കെ വാഹനങ്ങളിൽ നിർബന്ധമാവും

മുൻഭാഗത്തെയും പിൻഭാഗത്തെയും കമ്പാർട്ട്‌മെന്റുകളിൽ ഇരിക്കുന്ന യാത്രക്കാർക്ക് “മുന്നിൽ നിന്നോ, വശത്തുനിന്നോ ഉള്ള കൂട്ടിയിടി”യുടെ ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, അധിക എയർബാഗുകൾക്കുള്ള നിർദ്ദേശം എം1′ വാഹന വിഭാഗത്തിൽ നിർബന്ധമാക്കണമെന്നാണ് നിർദേശം.

നിർദ്ദേശം അനുസരിച്ച്, രണ്ട് വശങ്ങളിലോ വശത്തോ ഉള്ള ടോർസോ എയർബാഗുകൾ, എല്ലാ ഔട്ട്‌ബോർഡ് യാത്രക്കാരെയും ഉൾക്കൊള്ളുന്ന രണ്ട് വശത്തെ കർട്ടൻ അല്ലെങ്കിൽ ട്യൂബ് എയർബാഗുകൾ എന്നിവയോടെ എയർബാഗുകൾ നിർബന്ധമാക്കും.

എന്താണ് ‘എം1’ വാഹനം?

ഗവൺമെന്റിന്റെ ഹോമോലോഗേഷൻ നിയമങ്ങൾ പ്രകാരം, വാഹനങ്ങളെ വിശാലമായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ‘കാറ്റഗറി എം’, യാത്രക്കാരെ കയറ്റാൻ ഉപയോഗിക്കുന്ന, കുറഞ്ഞത് നാല് ചക്രങ്ങളുള്ള മോട്ടോർ വാഹനങ്ങളെ ഉൾക്കൊള്ളുന്നു. കൂടാതെ ‘എം1’ എന്ന ഉപവിഭാഗം നിർവചിക്കുന്നത് “ഡ്രൈവർ സീറ്റിന് പുറമെ എട്ട് സീറ്റുകളിൽ കൂടാത്ത യാത്രക്കാരെ ഉൾക്കൊള്ളുന്ന ഒരു മോട്ടോർ വാഹനം” എന്നാണ്.

Also Read: എന്താണ് ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്?

സുസുക്കി ആൾട്ടോ അല്ലെങ്കിൽ ഹ്യുണ്ടായ് സാൻട്രോ പോലുള്ള എൻട്രി ലെവൽ ഹാച്ച്ബാക്കുകൾ മുതൽ ടൊയോട്ട ഇന്നോവ അല്ലെങ്കിൽ കിയ കാർണിവൽ പോലുള്ള മൾട്ടി-യൂട്ടിലിറ്റി വാഹനങ്ങൾ വരെയുള്ള ഇന്ത്യയിലെ റോഡുകളിലെ യാത്രാ വാഹനങ്ങളുടെ ഭൂരിഭാഗവും ഇതിൽ ഉൾപ്പെടുന്നു. ഈ വാഹനങ്ങൾ കൂടുതലും സ്വകാര്യ ഉപയോഗത്തിനാണ് ഉപയോഗിക്കുന്നത്.

എന്താണ് ഹോമോലോഗേഷൻ?

ഒരു പ്രത്യേക വാഹനം ഗതാഗതയോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രക്രിയയാണ് ഹോമോലോഗേഷൻ. കൂടാതെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതോ രാജ്യത്ത് നിർമ്മിച്ചതോ ആയ എല്ലാ വാഹനങ്ങൾക്കും സർക്കാർ നിശ്ചയിച്ചിട്ടുള്ള ചില നിർദ്ദിഷ്ട മാനദണ്ഡങ്ങളുമായി ഇത് പൊരുത്തപ്പെടുന്നു.

കേന്ദ്ര മോട്ടോർ വാഹന ചട്ടം അനുസരിച്ച് വാഹനം മലിനീകരണം, സുരക്ഷ, റോഡ് യോഗ്യത എന്നിവയുടെ കാര്യത്തിൽ വാഹനം ഇന്ത്യൻ വിപണിയുടെ ആവശ്യകതകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ നടത്തുന്നു.

വാഹനങ്ങൾക്ക് കൂടുതൽ എയർബാഗുകൾ ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

സ്റ്റിയറിംഗ് വീൽ, ഡാഷ്‌ബോർഡ്, മുൻവശത്തെ ഗ്ലാസ്, ഓട്ടോമൊബൈലിന്റെ മറ്റ് ഭാഗങ്ങൾ എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് തടയുന്നതിലൂടെ എയർബാഗുകൾ കൂട്ടിയിടികളുടെ ആഘാതം മയപ്പെടുത്തുന്നു.

എയർബാഗുകൾ അക്ഷരാർത്ഥത്തിൽ ജീവിതത്തിന്റെയും മരണത്തിന്റെയും ചോദ്യമാണ്. 1987 മുതൽ 2017 വരെ, യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ (എൻഎച്ച്ടിഎസ്എ) കണക്കാക്കിയത് മുൻവശത്തെ എയർബാഗുകൾ മാത്രം ആ രാജ്യത്ത് 50,457 ജീവൻ രക്ഷിച്ചു എന്നാണ്.

Also Read: ഒമിക്രോണ്‍: അറിയാം ഹോം കെയര്‍ മാനേജ്‌മെന്റ് കാര്യങ്ങള്‍

റോഡ് സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ റെക്കോർഡ് ലോകത്തിലെ ഏറ്റവും മോശം ഒന്നാണ്, കൂടാതെ സുരക്ഷാ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതിൽ ഇന്ത്യൻ കാറുകൾ പിറകിലാണ്.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന കാർ നിർമ്മാതാക്കൾ ഉൾപ്പെടെയുള്ളവർ മറ്റ് ആഗോള വിപണികളിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്ന കാർ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് പ്രത്യേകിച്ചും ശ്രദ്ധേയമാണ്. ആഗോള വിപണിയിൽ ഒരേ കാർ മോഡൽ വിൽക്കുന്ന കമ്പനികൾ ഇന്ത്യയിലെ വിലയ്ക്ക് പ്രാധാന്യം നൽകുന്ന വിപണിയിൽ അവതരിപ്പിക്കുമ്പോൾ വാഹനത്തിന്റെ ചില പ്രധാന സുരക്ഷാ സവിശേഷതകൾ വെട്ടിക്കുറയ്ക്കുന്നു.

നിർദിഷ്ട എയർബാഗ് നിർബന്ധം നടപ്പിലാക്കുന്നതിലെ വെല്ലുവിളികൾ എന്തായിരിക്കാം?

പ്രധാന വെല്ലുവിളികളിലൊന്ന് വിലനിർണ്ണയമായിരിക്കും. സ്റ്റാൻഡേർഡ് എന്ന നിലയിൽ കൂടുതൽ എയർബാഗുകൾ ഉൾപ്പെടുത്തുന്നതോടെ അനിവാര്യമായും വിപണിയുടെ ബജറ്റ് വിഭാഗത്തിലെ വാഹനങ്ങളുടെ അടക്കം വില വർദ്ധിക്കും.

ഒരു എൻട്രി ലെവൽ കാറിലെ ഫ്രണ്ടൽ എയർബാഗിന് സാധാരണയായി 5,000 മുതൽ 10,000 രൂപ വരെയാണ് വില. സൈഡ്, കർട്ടൻ എയർബാഗുകൾക്ക് ഇതിന്റെ ഇരട്ടിയിലധികം വില വരും. ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ മിക്ക കാർ നിർമ്മാതാക്കളും ടോപ്പ് എൻഡ് മോഡലുകളിലും 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വേരിയന്റുകളിലും മാത്രമേ അവ നൽകുന്നുള്ളൂ.

നിരവധി എൻട്രി-ലെവൽ മോഡലുകൾ ഇന്ത്യ പോലുള്ള വിപണികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ്. കൂടാതെ അധിക എയർബാഗുകൾ സ്ഥാപിക്കുന്നതിൽ ബോഡി ഷെല്ലിലും ഉൾഭാഗത്തെ കമ്പാർട്ട്‌മെന്റിലും മാറ്റങ്ങൾ വരുത്തുന്നത് ഉൾപ്പെടെ ഗണ്യമായ റീ-എൻജിനീയറിംഗ് ഉൾപ്പെടുമെന്നതാണ് നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടുന്ന മറ്റൊരു ആശങ്ക.

നിർമ്മാതാക്കൾ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രശ്നം സമയവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യൻ വാഹന വ്യവസായം നിലവിൽ കർശനമായ ബിഎസ്6 എമിഷൻ മാനദണ്ഡങ്ങളിലേക്ക് മാറുകയും പുതിയ കോർപ്പറേറ്റ് ശരാശരി ഇന്ധന സമ്പദ്‌വ്യവസ്ഥ അല്ലെങ്കിൽ സിഎഎഫ്ഇ മാനദണ്ഡങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു. ഇവ രണ്ടിനും ചിലവുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളുണ്ടെന്ന് വാഹന നിർമാതാക്കൾ പറയുന്നു.

അപ്പോൾ ഇവിടെ ഉന്നയിക്കുന്ന വാദം എന്താണ്?

നിർമ്മാതാക്കൾ വാദിക്കുന്നത് ഉപഭോക്താക്കൾക്ക് തങ്ങൾ നൽകുന്നതെന്തും ലഭിക്കുമെന്നും ബജറ്റ് വിഭാഗത്തിലെ വളരെ കുറച്ച് ഉപഭോക്താക്കൾ മാത്രമേ സുരക്ഷിതമായ കാറിനായി കൂടുതൽ പണം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുള്ളൂവെന്നുമാണ്.

Also Read: വൊഡാഫോൺ ഐഡിയയുടെ ഓഹരികൾ കേന്ദ്ര സർക്കാർ സ്വന്തമാക്കുമ്പോൾ; 35.8 ശതമാനം ഓഹരി പങ്കാളിത്ത് അർത്ഥമാക്കുന്നത്

മാരുതി സുസുക്കി ഇന്ത്യൻ കാർ വാങ്ങുന്നവരുടെ മുൻഗണനകൾ പരിശോധിച്ചപ്പോൾ അതിൽ എബിഎസ് (ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം), എയർബാഗുകൾ പോലുള്ള സുരക്ഷാ ഫീച്ചറുകൾ എട്ടാം സ്ഥാനത്താണ് വന്നത്. അതേസമയം എയർ കണ്ടീഷനിംഗ്, പവർ വിൻഡോകൾ, സെൻട്രൽ ലോക്കിംഗ് തുടങ്ങിയ വിസിലുകൾ വളരെ ഉയർന്ന സ്ഥാനങ്ങളിലുമായിരുന്നു.

വാഗൺ-ആറിന്റെ ടോപ്പ് വേരിയന്റിൽ ഡ്രൈവർ-സീറ്റ് എയർബാഗുകൾ വാഗ്ദാനം ചെയ്തിരുന്നതായി കാർ കമ്പനിയിലെ എക്സിക്യൂട്ടീവുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഉപഭോക്താക്കളിൽ താൽപ്പര്യക്കുറവ് കാരണം മോഡലിൽ നിന്ന് അത് പിന്നീട് പിൻവലിക്കേണ്ടി വന്നു.

എന്താണ് എതിർവാദം?

സുരക്ഷാ വിദഗ്ധർ വ്യത്യസ്തമായ അഭിപ്രായം പറയുന്നു. ട്വിൻ എയർബാഗുകൾ, എബിഎസ്, പിൻ വൈപ്പറുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ കാറിന്റെ വിലയിൽ 25,000 രൂപ വരെ കൂട്ടിച്ചേർക്കുമെന്ന് അവർ പറയുന്നു.

അവ നിർബന്ധമല്ലാത്തതിനാൽ മാത്രമാണ്, കാർ നിർമ്മാതാക്കൾ ഈ ഫീച്ചറുകൾ കാറുകളുടെ ടോപ്-എൻഡ് പതിപ്പുകളിൽ മാത്രം നൽകുകയും അവ മറ്റ് ഫീച്ചറുകൾക്കൊപ്പം കൂട്ടിച്ചേർക്കുകയും അതുവഴി വാഹനത്തിന് 1.20 ലക്ഷം രൂപയോ അതിൽ കൂടുതലോ വില വർധിപ്പിക്കുകയും ചെയ്യുന്നത്.

ഇത് ഫലത്തിൽ ചെയ്യുന്നത് ഇന്ത്യയിൽ കാർ വാങ്ങുന്നയാൾക്ക് ഈ അവശ്യ സുരക്ഷാ ഫീച്ചറുകളുള്ള ഒരു വേരിയന്റിനെ നഷ്ടപ്പെടുത്തുകയാണെന്നും അവർ പറയുന്നു.

ലോകത്തിലെ മറ്റിടങ്ങളിൽ എയർബാഗുകളുടെ നിയമങ്ങൾ എന്തൊക്കെയാണ്?

യുണൈറ്റഡ് സ്റ്റേറ്റ്സിൽ, എല്ലാ കാറുകളിലും ഫ്രണ്ട് എയർബാഗുകൾ നിയമപ്രകാരം ആവശ്യമാണ്.

എന്നാൽ മിക്ക കാർ നിർമ്മാതാക്കളും മോഡലിനെ ആശ്രയിച്ച് ആറ് മുതൽ 10 വരെ എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നു. പ്രാഥമികമായി ഗവൺമെന്റിന്റെ നാഷണൽ ഹൈവേ ട്രാഫിക് അഡ്മിനിസ്‌ട്രേഷൻ, സ്വകാര്യ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റി തുടങ്ങിയ ഏജൻസികളിൽ നിന്നുള്ള ക്രാഷ് ടെസ്റ്റ് ഫലങ്ങളിൽ ഉയർന്ന സ്കോർ നേടുന്നതിനാണിത്.

ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈഡ് ക്രാഷ് ടെസ്റ്റിൽ ഹെഡ്-പ്രൊട്ടക്റ്റിംഗ് സൈഡ് എയർബാഗുകൾ ഇല്ലാത്ത ഒരു വാഹനവും ഇതുവരെ ഉയർന്ന റേറ്റിംഗ് നേടിയിട്ടില്ല.

1989 ഏപ്രിൽ ഒന്നിന് ശേഷം നിർമ്മിക്കുന്ന കാറുകളിൽ ഡ്രൈവർക്കുള്ള നിഷ്ക്രിയ നിയന്ത്രണം, എയർബാഗ് അല്ലെങ്കിൽ സീറ്റ് ബെൽറ്റ് എന്നിവ സജ്ജീകരിക്കണമെന്ന് 1984-ൽ യുഎസ് ഗവൺമെന്റ് അതിന്റെ ഫെഡറൽ മോട്ടോർ വെഹിക്കിൾ സേഫ്റ്റി സ്റ്റാൻഡേർഡ് 208 (എഫ്എംവിഎസ്എസ് 208) ഭേദഗതി ചെയ്തിരുന്നു.

നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനാണ് എയർബാഗ് അവതരിപ്പിക്കുന്നത്. തുടർന്ന് 1997-ൽ പാസഞ്ചർ വാഹനങ്ങൾക്കും ലൈറ്റ് ട്രക്കുകൾക്കും ഇത് നിർബന്ധമാക്കി.

1998-ൽ, എഫ്എംവിഎസ്എസ് 208-ൽ ഇരട്ട ഫ്രണ്ട് എയർബാഗുകൾ വേണമെന്ന് ഭേദഗതി വരുത്തി. രണ്ടാം തലമുറ എയർബാഗുകൾ പിന്നീട് നിർബന്ധമാക്കി.

വടക്കേ അമേരിക്കയ്ക്ക് പുറത്തുള്ള ചില രാജ്യങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ മോട്ടോർ വെഹിക്കിൾ സേഫ്റ്റി സ്റ്റാൻഡേർഡുകൾക്ക് പകരം അന്താരാഷ്ട്രവൽക്കരിച്ച യൂറോപ്യൻ ഇസിഇ വാഹന, ഉപകരണ നിയന്ത്രണങ്ങൾ പാലിക്കുന്നു.

ഇസിഇ എയർബാഗുകൾ പൊതുവെ ചെറുതും യുഎസിൽ നൽകുന്ന എയർബാഗുകളേക്കാൾ ശക്തി കുറഞ്ഞതുമാണ്. കാരണം ഇസിഇ സ്പെസിഫിക്കേഷനുകൾ ബെൽറ്റഡ് ക്രാഷ് ടെസ്റ്റ് ഡമ്മികളെ അടിസ്ഥാനമാക്കിയുള്ളതാണ്.

യൂറോപ്പിൽ വിൽക്കുന്ന മിക്കവാറും എല്ലാ പുതിയ കാറുകളും ഫ്രണ്ട് ആൻഡ് സൈഡ് എയർബാഗുകൾ സഹിതമാണ് വരുന്നത്. യൂറോപ്യൻ യൂണിയനിലും യുണൈറ്റഡ് കിംഗ്ഡത്തിലും, പുതിയ കാറുകൾക്ക് എയർബാഗ് വേണമെന്നതിന് നേരിട്ട് നിയമപരമായ ആവശ്യമില്ല. പക്ഷേ, വീണ്ടും, മിക്ക വേരിയന്റുകളിലും കുറഞ്ഞത് 4-6 എയർബാഗുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രാഥമികമായി ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനും സുരക്ഷാ എണ്ണത്തിൽ ഉയർന്ന സ്കോർ നേടുന്നതിനുമാണ് അത്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Six airbags could be mandatory in your car soon heres why thats a great thing