കോവിഡ് -19 കാരണമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ പരിക്കുകളും അതിന്റെ സ്വഭാവവും ഇ-സിഗരറ്റ് വലിക്കുമ്പോഴുള്ള (വേപിംഗ് ) പ്രശ്നങ്ങൾക്ക് സമാനമെന്ന് പഠന ഫലം. സേജ് ഓപ്പൺ മെഡിക്കൽ കേസ് റിപ്പോർട്ടുകളിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ മൂന്ന് കൗമാരക്കാരിലെ രോഗാവസ്ഥയുമായി ബന്ധപ്പെട്ട കേസ് സ്റ്റഡിയാണ് വിശകലനം ചെയ്തിട്ടുള്ളത്. കോവിഡ് മഹാമാരിക്കാലത്ത് കാലിഫോർണിയ യൂണിവേഴ്സിറ്റി – ഡേവിസ് (യുസി ഡേവിസ്) ഹെൽത്തിൽ ശ്വസന പ്രശ്നങ്ങളുള്ളതായി വന്ന മൂന്ന് കൗമാരക്കാരുടെ ഒരു കേസ് സീരീസ് ആണ് ഇതിലുള്ളത്. അവർക്ക് കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും അവരുടെ ഇ സിഗരറ്റ് ഉപയോഗ ശീലം പ്രശ്നങ്ങളുണ്ടാക്കിയതായി പഠനത്തിൽ പറയുന്നു.

ഇ-സിഗരറ്റ്, അല്ലെങ്കിൽ വാപ്പിംഗ്, ഉൽപ്പന്ന ഉപയോഗവുമായി ബന്ധപ്പെട്ട ശ്വാസകോശ പരിക്കുകളെക്കുറിച്ച് പരാമർശിക്കാൻ ആരോഗ്യ പ്രവർത്തകർ ഇവാലി (EVALI) എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കുന്നു.

ഇവാലിയും കോവിഡും നിരവധി ലക്ഷണങ്ങളിൽ സമാനമാണെങ്കിലും വളരെ വ്യത്യസ്തമായ ചികിത്സാ രീതികളാണ് രണ്ടിനുമെന്ന് പഠനം തയ്യാറാക്കിയവർ ചൂണ്ടിക്കാട്ടുന്നു. ശിശുരോഗ വിദഗ്ദരുടെ മുന്നിൽ, വിശദീകരിക്കാനാകാത്ത ശ്വാസകോശ സംബന്ധമായ അസുഖവുമായി എത്തുന്ന രോഗികൾക്ക് ഇവാലി ആണോ എന്ന കാര്യം അന്വേഷിക്കേണ്ടതുണ്ടെന്നും അവർക്ക് പുകവലി / വാപിംഗ് ശീലമുണ്ടോ എന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും പഠനത്തിൽ ഊന്നിപ്പറയുന്നു.

പനി, ചുമ, ഓക്കാനം, വയറുവേദന, വയറിളക്കം എന്നിവയാണ് കോവിഡ് -19 നും ഇവാലിക്കുമുള്ള പൊതു ലക്ഷണങ്ങൾ. കോവിഡ് മഹാമാരി കാരണം ഇവാലി രോഗനിർണയം അവഗണിക്കപ്പെട്ടുപോവാൻ കൂടുതൽ സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു.

പഠനത്തിൽ പറയുന്ന കേസ് സീരീസിൽ, രോഗികൾ പനി, ഓക്കാനം, ചുമ എന്നീ രോഗലക്ഷണങ്ങൾ കാണിച്ചിരുന്നു. വേഗത്തിലുള്ള ഹൃദയമിടിപ്പ്, വേഗത്തിലുള്ള ശ്വസനം, രക്തത്തിൽ ഓക്സിജന്റെ അളവ് കുറവ് എന്നിവ അവർക്കുണ്ടായിരുന്നു. അവരുടെ പരിശോധനാ ഫലങ്ങൾ കോവിഡ് -19 ൽ സാധാരണയായി കാണപ്പെടുന്ന ഇൻഫ്ലമേഷന് സമാനമായിരുന്നു. പക്ഷേ അവരുടെ സാർസ് കോവി-2 പരിശോധന നെഗറ്റീവ് ആയി. അടുത്തിടെയുള്ള ഇ സിഗരറ്റ് വലിയുടെ വിവരങ്ങൾ രോഗികൾ പറഞ്ഞപ്പോൾ, ഡോക്ടർമാർക്ക് ഇവാലി രോഗ നിർണ്ണയത്തിനും കോർട്ടികോസ്റ്റീറോയിഡുകൾ ഉപയോഗിച്ച് അവരെ ചികിത്സിക്കാനും കഴിഞ്ഞു.

വാപ്പിംഗിൽ വന്ന വ്യതിയാനങ്ങൾ

ഇതേ ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ വാപ്പിങ്ങും ലഹരിവസ്തുക്കളുടെ ഉപയോഗവും കോവിഡ് മഹാമാരിയും തമ്മിലുള്ള മറ്റൊരു ബന്ധം എടുത്തുകാണിക്കുന്നു. മയോ ക്ലിനിക് ഗവേഷകർ നടത്തിയ സർവേയിൽ പകർച്ചവ്യാധി തുടങ്ങിയതിന് ശേഷം ചെറുപ്പക്കാർക്കിടയിൽ ലഹരി ഉപയോഗത്തിൽ മാറ്റം വരുന്നതായി കണ്ടെത്തി. കോവിഡ് വ്യാപന സമയത്ത് ഇ സിഗരറ്റ് ഉപയോഗവും മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും ഈ പഠനങ്ങളിൽ ഊന്നിപ്പറഞ്ഞു.

മയോ ക്ലിനിക് കേന്ദ്രങ്ങളിലെ ഒപി വിഭാഗങ്ങൾ സന്ദർശിച്ച രോഗികളുടെ വിവരങ്ങൾ വിശകലനം ചെയ്താണ് ഈ പഠനം. 1,018 രോഗികളുടെ വിവരങ്ങൾ ശേഖരിച്ചപ്പോൾ അതിൽ 542 പേർ പകർച്ചവ്യാധിയുടെ സമയത്ത് ഇ സിഗരറ്റ് ഉപയോഗിക്കുകയോ അല്ലെങ്കിൽ കഞ്ചാവ്, പുകയില, മദ്യം എന്നിവയിലേതെറങ്കിലും ഉപയോഗിക്കുകയോ ചെയ്തതായി റിപ്പോർട്ട് ചെയ്തു.

ഈ പഠനത്തിൽ നിരീക്ഷിച്ച മാറ്റങ്ങൾ ചുവടെ ചേർക്കുന്നു:

  • ഏകദേശം 70% ആളുകൾക്കിടയിൽ മദ്യപാനം വർദ്ധിച്ചു.
  • 44% ആളുകൾക്കിടയിൽ ഇ സിഗരറ്റ് ഉപയോഗം കുറഞ്ഞപ്പോൾ 27.9% ആളുകൾക്കിടയിൽ വർദ്ധിച്ചു.
  • പുകയില ഉൽ‌പന്ന ഉപയോഗം 47.3% ആളുകൾക്കിടയിൽ കുറഞ്ഞു. 24.1% ആളുകൾക്കിടയിൽ ഉപയോഗം വർദ്ധിപ്പിച്ചു.
  • ഇതിൽ 140 പേർ കഞ്ചാവ് ഉപയോഗത്തിൽ മാറ്റം വന്നതായി പറഞ്ഞു. ഇവരിൽ 39.2% പേർക്കിടയിൽ ഉപയോഗം വർദ്ധിച്ചു, 36% പേർക്കിടയിൽ കുറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook