/indian-express-malayalam/media/media_files/uploads/2019/01/vande-bharath.jpg)
കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയില്‍ യാത്രാ പദ്ധതിയായ സില്‍വര്‍ ലൈനിനു കേന്ദ്ര റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിരിക്കുകയാണ്.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 532 കിലോമീറ്റര്‍ നീളുന്ന പദ്ധതിക്ക് അനുമതി ലഭിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനില്‍ കാസര്‍ഗോഡ് നിന്ന് കൊച്ചുവേളി വരെ ഇരട്ട റെയില്‍വേ പാതയാണു സ്ഥാപിക്കുന്നത്. 2024ല്‍ പദ്ധതി യാഥാര്‍ഥ്യമാവുമ്പോള്‍ കേരളത്തിന്റെ രണ്ടറ്റവുമായി ബന്ധിപ്പിക്കുന്ന യാത്രാ സമയം 12 മണിക്കൂറില്‍നിന്ന് നാലായി കുറയും.
പദ്ധതിയുടെ ആവശ്യകത എന്ത്?
ചെറിയ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ റോഡ്, റെയില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ കടുത്ത പ്രതിസന്ധിയാണു നിലനില്‍ക്കുന്നത്. നിലവിലുള്ള റോഡ് ശൃംഖലകള്‍ വളരെയധികം തിരക്കേറിയതാണ്. ഇതുകാരണം ഗതാഗതക്കുരുക്ക് പതിവാണ്. സംസ്ഥാനത്തെ 80 ശതമാനം ഗതാഗതവും 10 ശതമാനത്തില്‍ താഴെ റോഡുകളിലാണെന്നാണു വിദഗ്ധര്‍ തയാറാക്കിയ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യം കൂടുതല്‍ അപകടങ്ങള്‍ക്കും അത്യാഹിതങ്ങള്‍ക്കും കാരണമാകുന്നു. സംസ്ഥാനത്ത് 2018 ല്‍ മാത്രം റോഡപകടങ്ങളില്‍ മരിച്ചത് 4259 പേര്‍. 31,687 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു.
റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ റെയില്‍, ജല പാതകള്‍ വഴിയുള്ള വേഗത്തിലുള്ള ഗതാഗത സംവിധാനങ്ങളാണു വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ നിലവിലുള്ള റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ റോഡുകളേക്കാള്‍ മികച്ചതല്ല. സംസ്ഥാനത്ത് റെയില്‍വേ വൈദ്യുതീകരണം നടന്നിട്ടുണ്ടെങ്കിലും കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചിലയിടങ്ങളില്‍ പാത ഇരട്ടിപ്പിക്കുന്നത് ഇനിയും പൂര്‍ത്തിയായിട്ടില്ല.
നിലവിലെ റെയില്‍വേ ശൃംഖലയില്‍ ട്രെയിനുകളുടെ ബാഹുല്യമുള്ളതിനൊപ്പം ധാരാളം ലെവല്‍ ക്രോസുകളും വലിയ വളവുകളുമുള്ളതു തിരിച്ചടിയാണ്. ഇതുകാരണം സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് ട്രെയിനുകള്‍ക്കു പോലും മികച്ച ശരാശരി വേഗത കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. കാസര്‍ഗോഡ്- തിരുവനന്തപുരം 532 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഏറ്റവും വേഗതയേറിയ ട്രെയിന്‍ 12 മണിക്കൂറാണ് എടുക്കുന്നത്.
ഒരു പതിറ്റാണ്ട് മുമ്പ് രൂപകല്‍പ്പന ചെയ്തതാണു സില്‍വര്‍ ലൈന്‍ പദ്ധതി. സെമി അതിവേഗ ട്രെയിനുകള്‍ ഓടിച്ച് സംസ്ഥാനത്തെ പ്രധാന ജില്ലകളെയും പട്ടണങ്ങളെയും ബന്ധിപ്പിക്കാനുള്ള ആശയമാണിത്. പദ്ധതി സാമ്പത്തികമായി നഷ്ടമുണ്ടാക്കില്ലെന്നാണ് ഇതു സംബന്ധിച്ച വിവിധ ഗവേഷണ ഏജന്‍സികളുടെ പ്രാഥമിക സാധ്യതാ പഠനങ്ങളും സര്‍വേകളും ചൂണ്ടിക്കാണിക്കുന്നത്.
എന്താണ് സില്‍വര്‍ ലൈന്‍ പദ്ധതി?
കാസര്‍ഗോഡ് മുതല്‍ കൊച്ചുവേളി വരെ 532 കിലോമീറ്റര്‍ നീളുന്ന സെമി ഹൈ സ്പീഡ് റെയില്‍ ഇടനാഴിയാണു സില്‍വര്‍ ലൈന്‍. 56,443 കോടി രൂപയാണ് ഈ ഇരട്ടപ്പാതയ്ക്കു ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കാസര്‍ഗോഡ്-തിരുവനന്തപുരം യാത്രാസമയം നാല് മണിക്കൂറില്‍ താഴെയാകും. ട്രെയിനുകള്‍ക്കു പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും.
തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്നു മാറിയാണ് റെയില്‍ ഇടനാഴി നിര്‍മിക്കുക. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ നിലവിലുള്ള പാതയ്ക്കു സമാന്തരമായിരിക്കും ഇടനാഴി. ഓരോ 500 മീറ്ററിലും ക്രോസിങ് സൗകര്യമുണ്ടാകും.
14 ജില്ലകളില്‍ പതിനൊന്നിലൂടെയും ഇടനാഴി കടന്നുപോകും. കൊച്ചുവേളി കഴിഞ്ഞാല്‍ കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് സ്‌റ്റേഷനുകളാണു വിഭാവനം ചെയ്തിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളങ്ങളുമായി ഇടനാഴി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. എല്ലാം ശരിയായി നടക്കുന്നുവെങ്കില്‍, 2024 ഓടെ പദ്ധതി കമ്മിഷന്‍ ചെയ്യും.
പദ്ധതി നടപ്പാക്കുന്നത് ആര്? ധനസഹായം എവിടെനിന്ന്?
കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെയും കേരള സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കേരള റെയില്‍ വികസന കോര്‍പറേഷനാ(കെ-റെയില്‍)ണു പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി. ചെലവ് പങ്കിടുന്ന അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുക.
ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോപറേഷന്‍ ഏജന്‍സി (ജിക) പോലുള്ള വിദേശ ഫണ്ടിങ് ഏജന്‍സികളില്‍നിന്നുള്ള വായ്പ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. നിക്ഷേപ സമാഹരണത്തിനുള്ള ആസൂത്രണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.
പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനു കെ-റെയില്‍ ഉടന്‍ പ്രാരംഭ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ട്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) ഉടന്‍ കമ്മിഷന്‍ ചെയ്യും. ഇടനാഴി നിര്‍മാണത്തിലൂടെ 50,000 പേര്‍ക്കു പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കുറഞ്ഞത് 11000 പേര്‍ക്കു നേരിട്ടു തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.