ന്യൂഡല്‍ഹി: ഒരു പക്ഷേ ഇത് നേരത്തേയായിരിക്കാം, എങ്കിലും അനവധി സംസ്ഥാനങ്ങളില്‍ കൊറോണവൈറസ് ബാധയുടെ രണ്ടാം തരംഗം അനുഭവപ്പെടുന്നുണ്ട്. കേരളം, ഹിമാചല്‍പ്രദേശ്, അസം, ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ അല്ലെങ്കില്‍ വളരെക്കുറച്ച് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യുന്നു. എന്നിരുന്നാലും, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ സംസ്ഥാനങ്ങളില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്.
ഒരു മാസത്തിലധികമായി ഗോവയില്‍ പുതിയ കേസുകള്‍ ഉണ്ടായില്ല. മാര്‍ച്ച് അവസാന വാരം രോഗം ബാധിച്ച ഏഴുപേരും സുഖം പ്രാപിച്ച് വീട്ടിലെത്തി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ എട്ട് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാവരും മറ്റ് സ്ഥലങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് തിരിച്ചെത്തിയവരാണ്. സമാനമായി, ഹിമാചല്‍ പ്രദേശില്‍ 41 പേര്‍ക്ക് ഈ മാസം ആദ്യ ആഴ്ചയില്‍ രോഗം ഭേദമായി. പക്ഷേ, കഴിഞ്ഞ ഒരാഴ്ചയില്‍ 34 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also: വയനാട്ടിൽ രോഗബാധിതർ കൂടാമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രത
കേരളത്തില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പൂര്‍ണമായും നിലച്ചില്ലെങ്കിലും ഒറ്റയക്കത്തിലേക്ക് കുറഞ്ഞിരുന്നു. വ്യാഴാഴ്ച സംസ്ഥാനത്ത് 26 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 30-ന് ശേഷം ഒറ്റദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമായിരുന്നു അത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 52 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കേരളത്തില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 576 ആയി ഉയര്‍ന്നു. ഇവിടേയും മറ്റു സ്ഥലങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ് സംഖ്യ ഉയര്‍ത്തുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെട്ടവരില്‍ 22 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന ചിലര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
അസമിലാകട്ടെ കഴിഞ്ഞ ഒരാഴ്ചയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ രോഗം ബാധിച്ച 45 പേരില്‍ പലരും സൗഖ്യം പ്രാപിച്ചിരുന്നു.
ആളുകള്‍ യാത്ര ചെയ്യുന്നതിനാല്‍ വരുംദിവസങ്ങളില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കാനാണ് സാധ്യത. ഒഡീഷ, ബീഹാര്‍, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണം ഈ സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തുന്ന തൊഴിലാളികളാണ്. അതിനാലാണ്, കൂടുതല്‍ ട്രെയിനുകള്‍ക്ക് അനുമതി നല്‍കാന്‍ അനവധി സംസ്ഥാനങ്ങള്‍ വിസമ്മതിക്കുന്നത്.
Read Also: കോവിഡിന്റെ മൂന്നാം ഘട്ടം കൂടുതൽ അപകടകരം, മരണം ഒഴിവാക്കുക മുഖ്യലക്ഷ്യം: ആരോഗ്യ മന്ത്രി
അതേസമയം, വെള്ളിയാഴ്ച, ഇന്ത്യ സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തില്‍ ചൈനയെ മറികടന്നു. ചൈനയില്‍ 84,649 കേസുകളാണുള്ളത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമില്ല. ഇന്തയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓരോ ദിവസവും 4000 കേസുകള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് ഒന്നിനാണ് ചൈനയില്‍ 80,000 കേസുകള്‍ കടന്നത്. പക്ഷേ, അതിനുശേഷം നാടകീയമായി കേസുകളുടെ എണ്ണം കുറഞ്ഞു. അപ്രതീക്ഷിതമായി നിലച്ചുവെന്ന് പറയാം. അതിനുശേഷം രണ്ടര മാസത്തിനിടെ ഏകദേശം 4,500 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി അവസാനം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കേസുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയില്‍ ആദ്യ കൊറോണവൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് ചൈന 80,000 കേസുകള്‍ കടന്ന് ഏറെക്കഴിഞ്ഞിട്ടാണ്.
വെള്ളിയാഴ്ച ഇന്ത്യയിലെ കേസുകളുടെ എണ്ണം 85,681 ആയി. അതില്‍, 31,000-ത്തോളം പേരില്‍ രോഗം ഭേദമായി. മരണമാകട്ടെ 2750 കഴിഞ്ഞു.
അതേസമയം, പഞ്ചാബില്‍ മൊത്തം കേസുകളുടെ എണ്ണം കുറഞ്ഞു. ലുധിയാനയില്‍ റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ 30 പേര്‍ക്ക് രോഗം ബാധിച്ചത് സംസ്ഥാനത്തിന്റെ പട്ടികയില്‍ നിന്നും കേന്ദ്ര പൂളിലേക്ക് മാറ്റിയത് കൊണ്ടാണിത്. വ്യാഴാഴ്ച വരെ 1935 കേസുകളാണ് പഞ്ചാബിന്റെ അക്കൗണ്ടിലുള്ളത്. ക്രമീകരണം നടത്തിയശേഷം വെള്ളിയാഴ്ച 1932 കേസുകളാണുള്ളത്. ഇതാദ്യമായിട്ടാണ് അത്തരമൊരു ക്രമീകരണത്തെ തുടര്‍ന്ന് ഒരു സംസ്ഥാനത്തിന്റെ മൊത്തം കണക്കില്‍ കുറവ് വന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമ്പിളുകള്‍ മഹാരാഷ്ട്രയില്‍ പരിശോധിച്ചിരുന്നതിനാല്‍ അവയും മഹാരാഷ്ട്രയുടെ പേരില്‍ കുറിച്ചിരുന്നു. അതും മറ്റു സംസ്ഥാനങ്ങളുടെ പേരിലേക്ക് മാറ്റിയെഴുതിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു.
Read in English: Coronavirus numbers explained: Signs of second wave as India overtakes China