അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ രാഷ്ട്രീയ കക്ഷി ആരംഭിക്കുന്നതിനുള്ള തീരുമാനത്തിൽനിന്ന് പിൻമാറുകയാണെന്നുള്ള സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ പ്രഖ്യാപനം വന്നത് ഡിസംബർ 29നാണ്. ആരോഗ്യപ്രശ്നങ്ങളും കോവിഡ് പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ആശങ്കകളും ചൂണ്ടിക്കാട്ടിയാണ് താൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചത്.
രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകളെ തുടർന്ന് ഏതാനും ദിവസം മുമ്പ് താരത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നത് ദൈവം തനിക്ക് നൽകിയ മുന്നറിയിപ്പായിട്ടാണ് ഞാൻ കാണുന്നതെന്ന് പാർട്ടി രൂപീകരണത്തിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിക്കവെ രജനീകാന്ത് പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് താൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാൽ തന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും 71കാരനായ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2021 ജനുവരിയിൽ രജനി പുതിയ പാർട്ടി ആരംഭിക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം. 2021 മേയിൽ നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാർട്ടി പ്രഖ്യാപനം തീരുമാനിച്ചിരുന്നത്. എന്നാൽ പാർട്ടി പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവേയാണ് പാർട്ടി രൂപീകരണ നീക്കത്തിൽ നിന്ന് പിൻമാറിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവന.
രജനീകാന്ത് അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏറ്റവും പുതിയ സിനിമയായ അണ്ണാത്തെയിലെ ഏതാനും ക്രൂ അംഗങ്ങൾക്ക് കോവിഡ് -19 സ്ഥിരീകരിക്കുകയും രജനീകാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ തീരുമാനം പുറത്ത് വന്നത്.
രാഷ്ട്രീയം ഉപേക്ഷിക്കാൻ കാരണം എന്താണ്?
കോവിഡ് പകർച്ചവ്യാധിയുട സാഹചര്യത്തിൽ രാഷ്ട്രീയപ്രവേശനം നടത്തിയാൽ അത് താരത്തിന്റെ ആരോഗ്യസ്ഥിതിയെ ബാധിക്കുമെന്ന എന്ന വസ്തുത അദ്ദേഹത്തിന്റെ ആരാധകരിൽ പലരും ശരിവയ്ക്കുന്നുണ്ട്. ബിജെപിയെ സംബന്ധിച്ച് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഒരു അനിവാര്യതയാണെന്നും വിലയിരുത്തപ്പെട്ടിരുന്നു. ദേശീയവാദ, ആത്മീയ കാഴ്ചപ്പാടുള്ള രജനിയുടെ രാഷ്ട്രീയ പ്രവേശം തമിഴ്നാട്ടിൽ ദ്രാവിഡ വിരുദ്ധ മുന്നണി കെട്ടിപ്പടുക്കുന്നതിന് ബിജെപിക്ക് അനിവാര്യമാണെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്.
തന്റെ ആരോഗ്യനിലയെയും കോവിഡ് -19 മഹാമാരിയും രാഷ്ട്രീയ പ്രവേശന തീരുമാനത്തിൽനിന്നുള്ള പിന്നോട്ടുപോക്കിന് കാരണമായി രജനി പറഞ്ഞിരുന്നു. താൻ കഴിക്കുന്ന രോഗപ്രതിരോധ മരുന്നുകളെക്കുറിച്ചടക്കം അദ്ദേഹം പ്രസ്താവനയിൽ പരാമർശിച്ചു.
എന്നാലും, 2017 ഡിസംബറിൽ താരം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സമയത്തും ഈ മാസം തുടക്കത്തിൽ പാർട്ടി രൂപീകരണം സംബന്ധിച്ച് പ്രഖ്യാപിച്ചപ്പോഴും രജനീകാന്തിന് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടായിരുന്നു.
കഴിഞ്ഞയാഴ്ച രക്തസമ്മർദ്ദത്തിൽ ഉണ്ടായ ചെറിയ ഏറ്റക്കുറച്ചിൽ താരത്തിന്റെ മനസ്സ് മാറ്റാൻ ഇടയാക്കിയിട്ടുണ്ടോ എന്നാണ് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിൻമാറുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഉയരുന്ന ചോദ്യം. എന്നാൽ ഡൽഹിയിലെ അധികാരകേന്ദ്രങ്ങളോട് വിലപേശാനുള്ള ഒരു തന്ത്രപരമായ നീക്കമായാണ് ഇതിനെ ചില പല വിമർശകരും സാമൂഹ്യമാധ്യമങ്ങളിലുള്ള നിരവധി പേരും ഈ പിന്മാറ്റത്തെ കാണുന്നത്.
ദേശീയ പാർട്ടിയുമായി തനിക്കുണ്ടായിരുന്ന ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാനാണ് രജനീകാന്ത് യഥാർത്ഥത്തിൽ ശ്രമിക്കുന്നതെന്നാണ് രജനീകാന്ത് ക്യാമ്പിലെ ആദ്യകാല ചർച്ചകളെക്കുറിച്ച് അറിയാവുന്ന ഒരാൾ പറഞ്ഞത്.
വാസ്തവത്തിൽ, രജനിയുടെ ആരോഗ്യത്തെക്കുറിച്ച് പുറത്തിറക്കിയ, അപ്പോളോ ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിൻ അസാധാരണമായിരുന്നു. കാരണം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ധാരാളം വിശദാംശങ്ങൾ അതിൽ വെളിപ്പെടുത്തിയിരുന്നു. “കോവിഡ് -19 ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കാൻ ഡോക്ടർമാർ അദ്ദേഹത്തെ ഉപദേശിച്ചു,” എന്ന് ബുള്ളറ്റിനിൽ പറയുന്നു.
“ഈ സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചു, ഭാഗ്യവശാൽ അദ്ദേഹത്തിന് അത് സാധിച്ചു,” എന്ന് രജനീകാന്തിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
അദ്ദേഹത്തിന്റെ പിൻമാറ്റം നിയമസഭാ തെരഞ്ഞെടുപ്പ് സാഹചര്യത്തെ എങ്ങനെ മാറ്റും?
രണ്ട് വലിയ ദ്രാവിഡ പാർട്ടികളുടെ വോട്ട് ബേസ് സർക്കാരിനെ തിരഞ്ഞെടുക്കുന്ന ഒരു സംസ്ഥാനത്ത്, രജനീകാന്തിന്റെ നിർദ്ദിഷ്ട രാഷ്ട്രീയ പദ്ധതികൾ ഒരു ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ചു. തിരഞ്ഞെടുപ്പ് രംഗത്തേക്ക് ചുവടുവച്ച നടൻ കമൽ ഹാസൻ, ഒബിസി-വണ്ണിയാർ പിന്തുണയുള്ള പാർട്ടിയായ പിഎംകെ, മുൻ കോൺഗ്രസ് നേതാവ് ജി കെ വാസൻ, ഡിഎംകെ മേധാവി എം കെ സ്റ്റാലിന്റെ ജ്യേഷ്ഠൻ എം കെ അഴഗിരി എന്നിവരുടെ പിന്തുണ രജനിയുടെ പാർട്ടിക്ക് ലഭിക്കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു.
രജനീകാന്തിന്റെ അഭാവത്തിൽ, വരുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് മുൻ തിരഞ്ഞെടുപ്പുകൾക്ക് സമാനമായിരരിക്കും. ഡിഎംകെ സഖ്യവും അണ്ണാ ഡിഎംകെ സഖ്യവും തമ്മിലുള്ള പോരാട്ടമായിരിക്കും.
എഐഡിഎംകെ വിമത നേതാവ് ടിടിവി ദിനകരൻ രൂപീകരിച്ച എഎംഎംകെ, സീമാൻ നേതാവായ നാം തമിഴർ കക്ഷി, കമൽ ഹാസന്റെ എംഎൻഎം തുടങ്ങിയ മറ്റു പാർട്ടികൾക്ക് 10 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞേക്കില്ല.
ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി രജനീകാന്ത് പിന്മാറുന്നത് ബിജെപിയുടെ പ്രതീക്ഷകളെ കുറച്ചുകൊണ്ടുവരും. എഐഎഡിഎംകെ സഖ്യത്തിന്റെ ഭാഗമായ ബിജെപിക്ക് മുന്നണിക്കകത്തെ വിലപേശൽ സാധ്യതകളും കുറയും.
രജനീകാന്ത് പ്രചാരണ രംഗത്തുണ്ടാവുമോ?
രാഷ്ട്രീയ പാർട്ടി രൂപീകരിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പിൽ ബിജെപിക്കായി രജനീകാന്ത് പ്രചാരണം നടത്തുമെന്നാണ് ആർഎസ്എസ് ക്യാമ്പും അദ്ദേഹത്തിന്റെ ചില ആരാധകരും പറയുന്നത്.
എന്നാൽ താരം അത് ചെയ്യില്ലെന്ന് രജനീകാന്തിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. “അദ്ദേഹത്തിന് വളരെയധികം ബാധ്യതകളുണ്ടായിരുന്നു. അതിനാൽ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇപ്പോൾ അദ്ദേഹം മനസ്സ് തുറന്നിരിക്കുന്നതിനാൽ, രാഷ്ട്രീയ സംഭവങ്ങളിൽ അദ്ദേഹം ഇടപെടില്ല എന്ന് മനസ്സിലാക്കാം. അദ്ദേഹം ഇപ്പോൾ വളരെ ശാന്തതയോടെയാണ്. രണ്ട് ഫിലിം പ്രോജക്റ്റുകൾക്കായി അദ്ദേഹം ഉടൻ കരാർ ഒപ്പിടാനിടയുണ്ട്,” അവർ പറഞ്ഞു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ രജനീകാന്തിന്റെ പ്രാധാന്യം എന്താണ്?
രജനീകാന്ത് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയോ രാഷ്ട്രീയ പ്രവർത്തനം നടത്തുകയോ ചെയ്തിട്ടില്ല. അദ്ദേഹം രൂപീകരിക്കാനിരുന്ന നിർദിഷ്ട രാഷ്ട്രീയ പാർട്ടി കടലാസിൽ മാത്രമുള്ള ഒരു സംഘടനയും ആയിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശന പദ്ധതി വൈകുകയും വ്യക്തത വരുത്തുന്നതിൽ ആശയക്കുഴപ്പം വരികയും ചെയ്തു.
ഒടുവിൽ അദ്ദേഹം തന്റെ രാഷ്ട്രീയ പദ്ധതികളിൽ നിന്ന് പിന്നോട്ട് പോവാൻ തീരുമാനിച്ചപ്പോൾ, അത് ഒരിക്കലും ജനിക്കാത്ത ഒരു രാഷ്ട്രീയ പാർട്ടിയെ ഉപേക്ഷിക്കുക എന്നത് മാത്രമായി മാറുകയും ചെയ്തു.